From Wikipedia, the free encyclopedia
ക്രിസ്തീയബൈബിളിൽ പുതിയനിയമത്തിലെ രണ്ടാമത്തെ പുസ്തകമാണ് മർക്കോസ് എഴുതിയ സുവിശേഷം. യേശുവിന്റെ ജീവിതത്തിന്റെ ഈ കാനോനികാഖ്യാനം മൂന്നു സമാന്തരസുവിശേഷങ്ങളിൽ ഒന്നാണ്. ക്രി.വ. 70-നടുത്തെങ്ങോ ഇതിന്റെ രചന നടന്നതായി കരുതപ്പെടുന്നു.[1] ആധുനിക പണ്ഡിതന്മാർ മിക്കവരും "മർക്കോസിന്റെ മൂപ്പ്" (Marcan Priority) എന്ന നിലപാടു പിന്തുടർന്ന്, ഇതിനെ ആദ്യത്തെ കാനോനിക സുവിശേഷമായി കണക്കാക്കുന്നു.[2]എങ്കിലും പുരാതനകാലങ്ങളിൽ മത്തായിയുടെ സുവിശേഷം ഉൾപ്പെടെയുള്ള പൂർവരചനകളുടെ സംഗ്രഹമായി കരുതപ്പെട്ടിരുന്നതിനാൽ കാനോനിക സുവിശേഷങ്ങളിൽ രണ്ടാമത്തേതായാണ് മിക്കവാറും ബൈബിൾ സംഹിതകളിൽ ഇതിന്റെ സ്ഥാനം. നാലു കാനോനിക സുവിശേഷങ്ങളിൽ ഏറ്റവും ചെറുത് ഇതാണ്.
സ്നാപകയോഹന്നാനിൽ നിന്നുള്ള ജ്ഞാനസ്നാനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള നസ്രത്തിലെ യേശുവിന്റെ ദൗത്യകഥയാണ് ഇതിന്റെ ഉള്ളടക്കം. യേശുവിന്റെ ജീവിതത്തിൽ, ഗലീലായിൽ നിന്നു യെരുശലേമിലേക്കുള്ള യാത്രയും കുരിശുമരണവും ഉൾപ്പെടുന്ന അവസാനത്തെ ആഴ്ചയിലെ സംഭവങ്ങൾക്ക്(11 മുതൽ 16 വരെ അദ്ധ്യായങ്ങൾ) ഇതു കൂടുതൽ പ്രാധാന്യം കല്പിക്കുന്നു. ഇതിലെ ചടുലമായ ആഖ്യാനത്തിൽ യേശു കർമ്മധീരനും,[1] രോഗങ്ങളിലും ദുഷ്ടാരൂപികളിൽ നിന്നും മുക്തി നൽകുന്നവനും അത്ഭുതപ്രവർത്തകനും ആയി പ്രത്യക്ഷപ്പെടുന്നു. ഈ സുവിശേഷകന്റെ മുഖ്യപ്രമേയങ്ങളിലൊന്ന് മിശിഹാരഹസ്യമാണ് (Messianic Secret).[3]ഇതിലെ യേശു, താൻ മുക്തി നൽകുന്ന പിശാചുബാധിതരോട് അവരുടെ മുക്തിയുടെ കഥ ഗോപ്യമായി വയ്ക്കാൻ ആവശ്യപ്പെട്ടും, അന്യാപദേശങ്ങലിലൂടെ മാത്രം സംസാരിച്ചും തന്റെ "മിശിഹാവസ്ഥ" രഹസ്യമാക്കി വയ്ക്കുന്നു.[3] ശിഷ്യന്മാർക്ക് യേശുവിന്റെ അത്ഭുതപ്രവൃത്തികളുടെ രഹസ്യം പിടികിട്ടുന്നില്ല.[1]
മറ്റു മൂന്നു കാനോനിക സുവിശേഷങ്ങളുടേയും എന്ന പോലെ ഇതിന്റേയും കർതൃത്വം അജ്ഞാതമായിരിക്കുന്നു. എങ്കിലും ആദ്യകാല ക്രിസ്തീയപാർമ്പര്യം ഇതിനെ യേശുശിഷ്യനായ പത്രോസിന്റെ സ്മരണകളെ ആശ്രയിച്ചുള്ള "യോഹന്നൻ മർക്കോസിന്റെ" (John Mark) രചനയായി ചിത്രീകരിച്ചു.[4] ഈ സുവിശേഷത്തെ മർക്കോസും അദ്ദേഹം വഴി പത്രോസും ആയി ബന്ധിപ്പിക്കുന്ന പരമ്പരാഗതമായ ഈ കർതൃത്വകഥ അടിസ്ഥാനപരമായി ശരിയാണെന്നു കരുതുന്ന പണ്ഡിതന്മാർ ഇപ്പോഴുമുണ്ടെങ്കിലും,[5] അതിനെ സംശയിക്കുന്നവരാണ് ഏറെപ്പേരും.[6] എന്നാൽ ഈ കഥയെ സംശയിക്കുന്നവർ പോലും ഈ സുവിശേഷത്തിന്റെ പ്രാഥമികതയെ അംഗീകരിക്കുകയും യേശുവിന്റെ ജീവിതകഥയുടെ സ്രോതസ്സുകളിൽ ഒന്നെന്നെ നിലയിൽ അതിനുള്ള പ്രാധാന്യം സമ്മതിക്കുകയും ചെയ്യുന്നു.[7] യേശുവിന്റെ ദൗത്യത്തെക്കുറിച്ചുള്ള മൗലികശ്രോതസ്സാണ് മർക്കോസിന്റെ സുവിശേഷം.[8]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.