ദേവന്മാരുടെ ശില്പിയും ആചാര്യനുമായ ഋഷിയാണ് ഭൗവ്വനവിശ്വകർമ്മാവ്. ഋഗ്വേദം പത്താം മണ്ഡലത്തിലെ 81,82 സൂക്തങ്ങളായ വിശ്വകർമ്മസൂക്തത്തിന്റെ ഋഷിയാണ് ഇദ്ദേഹം. ഇദ്ദേഹം ത്വഷ്ടാവ് എന്നാണ് ആദ്യം അറിയപ്പെട്ടിരുന്നത്.[1] പരമാത്മാവിനെ വിശ്വകർമ്മരൂപത്തിൽ ദർശിച്ച് ഋഷി ആയതിനാൽ പിൽക്കാല ഗ്രന്ഥങ്ങളിൽ വിശ്വകർമ്മാവ് എന്ന് അറിയപ്പെടുന്നു. ചില പുരാണങ്ങളിൽ ഇദ്ദേഹത്തെ ത്വഷ്ടാവ് എന്നും ചിലതിൽ വിശ്വകർമ്മാവ് എന്നും വിളിക്കുന്നു. എന്നാൽ ത്വഷ്ടാവ് എന്ന് പേരുള്ള മറ്റു ആചാര്യന്മാർ കൂടെ ഉണ്ട്. മഹാഭാരതത്തിൽ ഭൗമനൻ എന്നും ഇദ്ദേഹത്തിന് പേരുണ്ട്- (ഭൗമനൻ/ഭൗവ്വനൻ)[2]. ദേവന്മാരുടെ ശില്പിയും(ദേവശില്പി) ആചാര്യനുമായ ഈ വിശ്വകർമ്മാവാണ് ദേവന്മാരുടെ ആയുധങ്ങളും രഥങ്ങളും എല്ലാം നിർമ്മിക്കുന്നത്.[3]വരുണ സഭയും[4] യമസഭയും[5] നിർമ്മിച്ചത് ഇദ്ദേഹമാണ്.ഇദ്ദേഹം ഇന്ദ്രസഭയിലെ അംഗമാണ്[6].

ഇദ്ദേഹത്തിന് നാല് പുത്രന്മാരാണുള്ളത്. അജൈകപാദ്, അഹിർബുധ്ന്യൻ, ത്വഷ്ടാവും പിന്നെ രുദ്രനും[7]. വിവസ്വാന്റെ ഭാര്യയായ സംജ്ഞ ഇദ്ദേഹത്തിന്റെ പുത്രിയാണ്. മറ്റു രണ്ടു പുത്രിമാരായ ബർഹിഷ്മതിയും സുരൂപയും സ്വായംഭൂവമനുവിന്റെ പുത്രനായ പ്രിയവ്രതന്റെ ഭാര്യമാരാണ്.ചാക്ഷുഷ മനു ഇദ്ദേഹത്തിന്റെ പുത്രനാണെന്ന് ഭാഗവത പുരാണം സ്കന്ധം 6ൽ പറയുന്നു.[8] സേതു നിർമ്മാതാവായ നളൻ ഈ വിശ്വകർമ്മാവിന്റെ പുത്രനാണ് - അയം സൗമ്യ നാളോ നാമ തനുജോ വിശ്വകർമ്മണഃ - വാൽമീകി രാമായണം[9]. എന്നാൽ ഇദ്ദേഹത്തിന് ത്വഷ്ടാവ് എന്നും പേരുള്ളതിനാലായിരിക്കാം മഹാഭാരതത്തിൽ ത്വഷ്ടാവായ വിശ്വകർമ്മാവിന്റെ പുത്രൻ എന്നാണ് പറയുന്നത്[10].

ഇദ്ദേഹം പണ്ട് ബ്രഹ്‌മാവർത്തം ഭരിച്ചിരുന്ന രാജാവായിരുന്നു. ദശാശ്വമേധ കർത്താവും സർവ്വമേധ കർത്താവുമായ ഇദ്ദേഹം ഭൂമി മുഴുവൻ ഗുരുവായ കശ്യപമഹർഷിക്ക് ദാനം ചെയ്തു.[11]

ജനനം

"ബൃഹസ്പതിക്ക് ഭഗിനീ വരസ്ത്രീ ബ്രഹ്മവാദിനി

യോഗസംഗത്തിനാൽ ചുറ്റീ ലോകമാകവേയായവൾ

പ്രഭാസനെന്നുള്ളെട്ടാമൻ വസുവിൻ ഭാര്യയാണവൾ

മഹാനാം വിശ്വകർമ്മാവ് മഹാശില്പി പ്രജാപതി

സുരലോകപ്പെരുന്തച്ചൻ പരം ശില്പപ്രവർത്തകൻ

അവനല്ലോ ഭൂഷണങ്ങൾ മുറ്റുമെല്ലാം ചമച്ചവൻ

ദേവകൾക്ക് വിമാനങ്ങൾ കേവലം തീർത്തതായവൻ

മഹാനവന്റെ ശില്പത്തെയുപജീവിപ്പു മർത്യരും

പൂജിപ്പൂ വിശ്വകർമ്മാവാം പൂജ്യനവ്യയനെപ്പരം"

(മഹാഭാരതം,സംഭവപർവ്വം-ദക്ഷന്റെ വംശപരമ്പര)[12]

ബൃഹസ്പതിയുടെ സഹോദരിയാണ് വരസ്ത്രീ. ബ്രഹ്മവാദിനിയായ അവൾ യോഗസംഗം കൊണ്ട് ലോകത്തെയാകെ ചുറ്റി. പ്രഭാസൻ എന്ന് പേരുള്ള ഏട്ടാമത്തെ വസുവിന്റെ ഭാര്യയാണവൾ. അവളുടെ മകൻ ആണ് ദേവശില്പിയായ വിശ്വകർമ്മാവ്.

ശില്പി പ്രജാപതിയായ അവൻ സുരലോകത്തിലെ പെരുന്തച്ചനാണ്. അവനാണ് സർവ്വ ശില്പവേലകളും ഭൂഷണങ്ങളും ചമക്കുന്നത്. ദേവകൾക്ക് വിമാനങ്ങളും മറ്റും ഇദ്ദേഹമാണ് നിർമ്മിക്കുന്നത്. ഭൂമിയിൽ വിശ്വകർമ്മാവിനെ പൂജിച്ച് മർത്യരും ഉപജീവിക്കുന്നു.

സംജ്ഞയും സൂര്യദേവനും

ദേവശില്പിയായ വിശ്വകർമ്മാവിന്റെ പുത്രിയും സൂര്യഭഗവാന്റെ പത്നിയുമാണ് സംജ്ഞ. സൂര്യന് പത്‌നിയായ സംജ്ഞയിൽ മനു(വൈവസ്വത), യമൻ, യമി എന്നിങ്ങനെ ആദ്യം മൂന്നുമക്കൾ ജനിക്കുകയുണ്ടായി. പിന്നെ സൂര്യന്റെ ചൂട് സഹിക്കാനാവാതെ അവൾ തന്റെ ഛായയെ തന്റെ വേഷത്തിൽ സൂര്യന്റെ അടുത്തേയ്ക്കയച്ചിട്ട് സംജ്ഞ അവിടെനിന്നും അകന്നുപോയി. ഈ ആൾമാറ്റം സൂര്യൻ അറിഞ്ഞില്ല. ഛായയിൽ സൂര്യന് സന്താനങ്ങളുണ്ടായി. അവരാണ് ശനി, മനു(സാവർണി), തപതി. പിന്നീട് ഒരവസരത്തിൽ മക്കൾക്കും സൂര്യനും മനസ്സിലാവുന്നു കൂടെയുള്ളത് സംജ്ഞ അല്ലെന്ന്‌.തന്റെ ദിവ്യദൃഷ്ടികൊണ്ട് സംജ്ഞയെ കണ്ടെത്തിയ സൂര്യദേവൻ അവളുടെ അടുത്തേക്ക് പോയി. അവൾ ഒരു പെൺകുതിരയുടെ രൂപം ധരിക്കുകയും സൂര്യ ഭഗവാൻ അത് പോലെ ഒരാണ്കുതിരയായി അവളോടൊപ്പം ചേരുകയും ചെയ്യുന്നു. അതിൽ പിന്നീട് അവൾക്ക് വേറെ മൂന്നു മക്കൾ ഉണ്ടായി. അശ്വിനീദേവന്മാർ,രേവന്തൻ. പിന്നെ അവൾ സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയി. കാര്യങ്ങൾ മനസിലാക്കിയ ദേവശില്പി സൂര്യദേവന്റെ തേജസ് എട്ടിൽ ഒന്ന് കടഞ്ഞെടുത്തു. ആ തേജസ്സ് കൊണ്ട് അദ്ദേഹം വിഷ്ണുചക്രം , ത്രിശൂലം , കുബേരന്റെ ആയുധം, മുരുകന്റെ വേൽ എന്നിവ നിർമ്മിച്ചു.[13]

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.