ഇന്ത്യൻ സ്വാതന്ത്യ സമരം From Wikipedia, the free encyclopedia
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ പ്രധാന സമരമാർഗ്ഗമായിരുന്നു നിസ്സഹകരണ പ്രസ്ഥാനം.[1] 1920 ൽ തുടങ്ങി 1922 വരെ നീണ്ടു നിന്ന ഈ പ്രസ്ഥാനം നയിച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പിന്തുണയോടെ മഹാത്മാ ഗാന്ധിയാണ്. അഹിംസ മാർഗ്ഗത്തിൽ ബ്രിട്ടീഷ് നിയമങ്ങൾക്കെതിരെ സമരം ചെയ്യുകയായിരുന്നു ഇതിന്റെ ലക്ഷ്യം. സമരക്കാർ ബ്രിട്ടീഷ് ഉല്പന്നങ്ങൾ ഉപേക്ഷിച്ചു, സ്വദേശി കൈത്തറി വസ്ത്രങ്ങളും, ഉല്പന്നങ്ങളും ഉപയോഗിച്ചു, മദ്യ വില്പന ശാലകളും മറ്റും ഉപരോധിച്ചു. മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ അന്നുവരെ നടന്നിട്ടില്ലാത്തത്ര വലിയ റാലിയും സമ്മേളനങ്ങളും സംഘടിപ്പിച്ചു.
ഇന്ത്യൻ പരമ്പരാഗത ഉൽപ്പനങ്ങളെ നശിപ്പിച്ച്, പകരം ബ്രിട്ടീഷ് നിർമ്മിത ഉൽപന്നങ്ങൾ വാങ്ങാൻ ഇന്ത്യക്കാരെ നിർബന്ധിക്കുന്നതിനെതിരേ കൂടിയായിരുന്നു ഈ സമരം. കൊളോണിയൽ സാമ്പത്തിക, അധികാര ഘടനയെതന്നെ വെല്ലുവിളിക്കുകയായിരുന്നു നിസ്സഹകരണപ്രസ്ഥാനം കൊണ്ട് ഗാന്ധിജി ഉദ്ദേശിച്ചിരുന്നത്. അതുവരെ ഇന്ത്യൻ സമരങ്ങളെ നിസ്സാരമായി അവഗണിച്ചിരുന്ന ബ്രിട്ടീഷ് നേതൃത്വത്തിന് നിസ്സഹകരണപ്രസ്ഥാനത്തെ കണ്ടില്ല എന്നു നടിക്കാനാവുമായിരുന്നില്ല.
ബ്രിട്ടീഷുകാരെക്കൊണ്ട് തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുവാനായി സമാനരീതിയിലുള്ള സമരമുറകൾ ഗാന്ധിജി, ദക്ഷിണാഫ്രിക്കയിലും, ഇന്ത്യയിൽ തന്നെയും നടത്തിയിട്ടുണ്ട്. 1917-18 ൽ ദക്ഷിണാഫ്രിക്കയിലും, ബീഹാറിലെ ചമ്പാരനിലുമാണ് ഗാന്ധിജി ഇത്തരം പ്രതിഷേധപരിപാടികൾ നടത്തിയത്. രാജേന്ദ്ര പ്രസാദ്, ജവഹർലാൽ നെഹ്രു എന്നീ പുതു തലമുറ നേതാക്കൾക്കൊപ്പം ഗാന്ധിജിയുടെ അടുത്ത അനുയായിയായിരുന്ന സർദ്ദാർ വല്ലഭായ് പട്ടേലാണ് നിസ്സഹകരണപ്രക്ഷോഭം മുന്നിൽ നിന്നു നയിച്ചത്. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നേതാക്കളോടാണ് ഗാന്ധിജി ആദ്യം നിസ്സഹകരണപ്രസ്ഥാനത്തെക്കുറിച്ച് പറഞ്ഞത്, എന്നാൽ ഖിലാഫത്ത് പ്രസ്ഥാനം പരാജയപ്പെട്ടതോടെ, ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരേയുള്ള സമരം ജയിക്കാൻ ഏക മാർഗ്ഗം നിസ്സഹകരണ സമരമാണെന്നു മനസ്സിലാക്കിയ കോൺഗ്രസ്സ് ഈ സമരം ഏറ്റെടുക്കുകയായിരുന്നു.
ചൗരിചൗരാ സംഭവത്തെത്തുടർന്ന് നിരാശനായ ഗാന്ധിജി നിസ്സഹകരണപ്രസ്ഥാനം പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു. തന്റെ അപക്വമായ ആവേശം മൂലമാണ് ഗവണ്മെന്റിനെതിരെതിരെ കലാപം നടത്താൻ ജനങ്ങളെ പ്രേരിപ്പിച്ചതെന്ന് ഗാന്ധിജി വിചാരിച്ചു. അഞ്ചു ദിവസത്തെ നിരാഹാരത്തെത്തുടർന്ന് ഏതാണ്ട് വിജയത്തിന്റെ അരികിലായിരുന്ന നിസ്സഹകരണ സമരം പിൻവലിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു..[2]
റൗലക്റ്റ് നിയമത്തിനും ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്കെതിരെയുള്ള പ്രതിഷേധം എന്ന നിലയ്ക്കാണ് നിസ്സഹകരണ പ്രസ്ഥാനം തുടങ്ങിയത്. ഖിലാഫത്ത് പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിനു വേണ്ടി അതിന്റെ നേതാക്കളോട് നിസ്സഹകരണം പോലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കാൻ ഗാന്ധിജി ഉപദേശിക്കുകയുണ്ടായി. ഖിലാഫത്ത് പ്രസ്ഥാനം, വിജയിക്കാതിരുന്നതോടുകൂടി, സ്വരാജ് എന്ന ലക്ഷ്യത്തിലേക്ക് നിസ്സഹകരണപ്രസ്ഥാനം മാത്രമാണ് യഥാർത്ഥ മാർഗ്ഗമെന്ന് മനസ്സിലാക്കിയ കോൺഗ്രസ്സ് നേതൃത്വം ആ സമരമുറ ഏറ്റെടുക്കുകയായിരുന്നു. നിസ്സഹകരണം അതിന്റെ പൂർണ്ണ അർത്ഥത്തിൽ നടപ്പിലാക്കുകയാണെങ്കിൽ ഒരു വർഷത്തിനകം പൂർണ്ണ സ്വരാജ് എന്നതായിരുന്നു ഗാന്ധിജി നൽകിയ വാഗ്ദാനം.
നിസ്സഹകരണ പ്രസ്ഥാനം ഒരു യാഥാർത്ഥ്യമാവുന്നതിനുവേണ്ടി കോൺഗ്രസ്സിൽ പിന്തുണ നേടിയെടുക്കണമെന്ന് ഗാന്ധിക്ക് അറിയാമായിരുന്നു. ഖിലാഫത്ത് പ്രസ്ഥാനവും, അതേ പോലെ ഹണ്ടർ കമ്മിറ്റി റിപ്പോർട്ടും, ബ്രിട്ടീഷുകാർക്കെതിരേയുള്ള ആയുധമായി ഗാന്ധിജി കോൺഗ്രസ്സിൽ അവതരിപ്പിച്ചു. 1920 മേയ് 30 ന് ബനാറസ്സിൽ വെച്ചു കൂടിയ എ.ഐ.സി.സി. നിസ്സഹകരണപ്രസ്ഥാനത്തെക്കുറിച്ചുള്ള റിപ്പോർട്ട് ചർച്ചക്കെടുക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും, കമ്മിറ്റി അതിനു വിസമ്മതിക്കുകയായിരുന്നു. എന്നാൽ നിസ്സഹകരണപ്രസ്ഥാനത്തിന്റെ ഗുണദോഷവശങ്ങളെക്കുറിച്ചു ചർച്ചചെയ്യാൻ കൽക്കട്ടയിൽ ഒരു പ്രത്യേക സമ്മേളനം വിളിക്കാൻ എ.ഐ.സി.സി തീരുമാനിച്ചു.
ബാല ഗംഗാധര തിലകൻ, ആനി ബസന്റ്, ബിപിൻ ചന്ദ്രപാൽ, മുഹമ്മദലി ജിന്ന, തുടങ്ങിയ കോൺഗ്രസ്സിലെ മുതിർന്ന നേതാക്കൾ ഗാന്ധിജിയുടെ ഈ ആശയത്തെ എതിർത്തു.[3] സ്വാതന്ത്ര്യം നേടാനുള്ള ഇന്ത്യയുടെ ശ്രമത്തെ ഇത്തരം സമരമുറ പിന്നോട്ടടിക്കുമെന്ന് അവർ ചൂണ്ടിക്കാണിച്ചു. എന്നാൽ കോൺഗ്രസ്സിലെ പുതിയ തലമുറ ഗാന്ധിജിക്കു പിന്നിൽ അണിനിരന്നു. രാജേന്ദ്ര പ്രസാദ്, ജവഹർലാൽ നെഹ്രു എന്നിവർ ഗാന്ധിജിയെ പിന്തുണച്ചു. കോൺഗ്രസ്സ് പിന്നീട് അവരുടെ മാർഗ്ഗമായി ഇത് അംഗീകരിച്ചു. മുസ്ലീം ലീഗ് നേതാക്കളും തങ്ങളുടെ പിന്തുണ ഗാന്ധിജിയുടെ ഈ പുതിയ സമരമാർഗ്ഗത്തിനു പ്രഖ്യാപിച്ചു.
റൗളറ്റ് നിയമത്തിനെതിരേ ഒരു സമരം ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനത്തിനു തുടക്കം കുറിച്ചത്. വ്യവസായസ്ഥാപനങ്ങളും, ഓഫീസുകളും അടഞ്ഞു കിടന്നു. ഇന്ത്യാക്കാർ ബ്രിട്ടീഷുകാരുടെ മേൽനോട്ടത്തിലുള്ള വിദ്യാലയങ്ങളിൽ നിന്നും കുട്ടികളെ പിൻവലിച്ചു. സൈനികരോടും, പോലീസുകാരോടും, അഭിഭാഷകരോടും, കൂടാതെ, ബ്രിട്ടീഷുകാരുടെ കീഴിൽ ജോലി ചെയ്യുന്ന എല്ലാവരോടും ജോലി ബഹിഷ്കരിക്കാൻ ഗാന്ധിജി ആഹ്വാനം ചെയ്തു. ബ്രിട്ടനിൽ നിർമ്മിച്ച തുണിത്തരങ്ങളും, പൊതു ഗതാഗത സംവിധാനവും ബഹിഷ്കരിച്ചു.
ബ്രിട്ടീഷുകാർ പുതിയ സമരമാർഗ്ഗത്തിനു മുന്നിൽ പകച്ചു നിന്നു. നിസ്സഹകരണപ്രസ്ഥാനം ഇന്ത്യൻ ജനതയുടെ ഒരു ആവേശമായി മാറുകയായിരുന്നു.[4] കർഷക-തൊഴിലാളി വർഗ്ഗത്തെ നിസ്സഹകരണപ്രസ്ഥാനം വളരെ ഗാഢമായി തന്നെ സ്വാധീനിക്കുകയുണ്ടായി. കൃഷിക്കാരുടെ ഇടയിൽ പ്രവർത്തിക്കുന്നതിനു, അവരുടെ ഇടയിൽ സ്വാധീനം ചെലുത്തുന്നതിനുമുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ നാഗ്പൂർ കോൺഗ്രസ്സ് പാസ്സാക്കിയിരുന്നു. പ്രസ്ഥാനത്തിന്റെ പുരോഗതിക്ക് ആക്കം കൂട്ടാനായി നികുതിനിഷേധം പോലുള്ള കാര്യങ്ങൾ നടപ്പിലാക്കാൻ എ.ഐ.സി.സി അതിന്റെ പ്രദേശ് കമ്മിറ്റികൾക്ക് നിർദ്ദേശം നൽകി. ഇതിന്റെ സ്വാധീനമെന്നോണം, ആന്ധ്രപ്രദേശിലെ ചിറാലയിലുള്ള കർഷകർ മുനിസിപ്പൽ നികുതി നൽകാൻ വിസമ്മതിച്ചു. മിഡ്നാപ്പൂരിലെ കൃഷിക്കാർ യൂണിയൻ ബോർഡ് നികുതികൾ അടക്കാൻ വിസമ്മതിച്ചു.[5] അവധിലെ കർഷർ നികുതി നൽകാൻ വിസമ്മതിച്ചു..ചോർന്നുപോയ ഒരു ജനത പെട്ടെന്ന് എണീറ്റു നിവർന്നുനിന്നു തലയുയർത്തിപ്പിടിച്ചു രാജ്യവ്യാപകമായ ഒരു സംയുക്തസമരത്തിൽ പങ്കെടുത്തു എന്നാണ് ജവാഹർലാൽ നെഹ്രു ഈ സമരത്തെക്കുറിച്ച് പറഞ്ഞത്.
സി.ആർ. ദാസ്, രാജഗോപാലാചാരി, ലാലാ ലജ്പത് റായ്, മദൻ മോഹൻ മാളവ്യ, മോത്തിലാൽ നെഹ്രു തുടങ്ങിയ പ്രഗൽഭരായ അഭിഭാഷകർ തങ്ങളുടെ ജോലി ഉപേക്ഷിച്ച് സമരത്തെ ശക്തിപ്പെടുത്താനായി സമൂഹമധ്യത്തിലേക്കിറങ്ങി. സർദാർ വല്ലഭായ് പട്ടേൽ തന്റെ വക്കീൽക്കുപ്പായം അഴിച്ചുവെച്ച്, മൂന്നുലക്ഷത്തിലധികം സന്നദ്ധപ്രവർത്തകരെ സമരത്തിന്റെ ഭാഗമാക്കി. പട്ടേലിന്റെ ഊർജ്ജസ്വലമായ നേതൃത്വം കൊണ്ട് പ്രസ്ഥാനത്തിലേക്ക് പതിനഞ്ചു ലക്ഷം രൂപയിലധികം സമാഹരിക്കുവാനും കഴിഞ്ഞു. അഹമ്മദാബാദിൽ ബ്രിട്ടീഷ് ഉൽപ്പന്നങ്ങൾ അഗ്നിക്കിരയാക്കുന്നതിൽ നേതൃത്വം നൽകിയതും പട്ടേലായിരുന്നു.[6]
നിസ്സഹകരണസമരം വിജയത്തിലേക്കടുക്കുന്ന സമയത്തായിരുന്നു ചൗരി ചൗരാ സംഭവം നടക്കുന്നത്. 1922 ഫെബ്രുവരി 5-ന് ഉത്തർപ്രദേശിലെ ചൗരി ചൗരായിൽ വച്ച് നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന ഒരു ജാഥയിൽ പങ്കെടുത്ത ആളുകൾക്കെതിരെ പൊലീസ് വെടിവെക്കുകയും തുടർന്ന് ജനക്കൂട്ടം പോലീസ് സ്റ്റേഷൻ ആക്രമിച്ച് തീയിടുകയും ചെയ്ത സംഭവമാണ് ചൗരി ചൗരാ സംഭവം.[7] ഈ സംഭവത്തിൽ മൂന്ന് സിവിലിയന്മാരും 22 പോലീസുകാരും കൊല്ലപ്പെട്ടു.
താൻ നേതൃത്വം കൊടുക്കുന്ന സമരം അഹിംസ എന്ന അതിന്റെ ലക്ഷ്യത്തിൽ നിന്നും അകന്നു പോയി എന്നു മനസ്സിലാക്കിയ ഗാന്ധിജി ഏറെ നിരാശനായി. അക്രമം നിറുത്തിവെക്കാൻ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. തന്റെ അപക്വമായ ആവേശം മൂലമാണ് ഗവണ്മെന്റിനെതിരെതിരെ കലാപം നടത്താൻ ജനങ്ങളെ പ്രേരിപ്പിച്ചതെന്ന് ഗാന്ധിജി വിചാരിച്ചു. കുറച്ചു ദിവസത്തെ നിരാഹാരത്തിനുശേഷം നിസ്സഹകരണസമരം പിൻവലിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. അങ്ങനെ വിജയത്തോടടുത്തു നിന്ന നിസ്സഹകരണപ്രസ്ഥാന പ്രവർത്തനങ്ങൾ 1922 ഫെബ്രുവരി 12-ഓടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ദേശീയതലത്തിൽ നിർത്തിവെച്ചു..
1922 മാർച്ച് 10 ന് ഗാന്ധിജിയെ അറസ്റ്റ് ചെയ്തു. പത്രത്തിൽ രാജ്യദ്രോഹപരമായ ലേഖനങ്ങൾ എഴുതിയതിന് [൧] അദ്ദേഹത്തെ ആറു വർഷത്തെ ജയിൽ ശിക്ഷക്കു വിധിച്ചു.[8] അപ്രതീക്ഷിതമായി നിസ്സഹകരണ സമരം പിൻവലിക്കുക എന്ന തീരുമാനമെടുത്തതോടെ, ഗാന്ധിജിക്കു പിന്നിൽ അണി നിരന്നിരുന്ന പല മുതിർന്ന നേതാക്കളും സ്വാതന്ത്ര്യത്തിലേക്ക് ഗാന്ധിജിയിലൂടെയല്ലാത്ത മറ്റു മാർഗ്ഗങ്ങൾ അന്വേഷിക്കാൻ തുടങ്ങി. മോത്തിലാൽ നെഹ്രുവും, സി.ആർ.ദാസും ചേർന്ന് സ്വരാജ് എന്ന പാർട്ടിക്കു രൂപം കൊടുത്തു. ഒറ്റപ്പെട്ട അക്രമസംഭവങ്ങളുണ്ടായി എന്നതുകൊണ്ടു മാത്രം നിസ്സഹകരണപ്രസ്ഥാനം പിൻവലിക്കരുതായിരുന്നു എന്ന അഭിപ്രായം വച്ചു പുലർത്തിയവരായിരുന്നു കോൺഗ്രസ്സിൽ ഭൂരിഭാഗവും.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.