From Wikipedia, the free encyclopedia
ഒരു രാഷ്ട്രത്തിലെ ജനങ്ങളുടെയിടയിൽ രൂപപ്പെടുന്ന രാജ്യത്തോടുള്ള കൂറ്, ഐകമത്യബോധം എന്നീ സ്വഭാവഗുണങ്ങൾ ഒരുമിച്ചു ചേരുന്ന സവിശേഷ വൈകാരികാവസ്ഥയാണ് ദേശീയത അഥവാ ദേശീയബോധം. രാജ്യത്തിലെ ജനതയുടെ അതിവിശിഷ്ടമായ ഒരു മനോവികാരമായി ദേശീയബോധത്തെ അഥവാ ദേശീയതയെ കണക്കാക്കാം. ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമേ ഒരു രാഷ്ട്രത്തിൽ ദേശീയബോധം ഉടലെടുക്കാറുള്ളൂ. ഒരു രാഷ്ട്രത്തിലെ ജനങ്ങളെല്ലാം ഒരേ ഭാഷ സംസാരിക്കുന്നവരാണെങ്കിൽ അവരുടെ ഇടയിൽ സ്വാഭാവികമായും ഐകമത്യബോധം ഉണ്ടാകുന്നു. ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമനി തുടങ്ങിയ രാഷ്ട്രങ്ങളിൽ ദേശീയബോധം വളരുവാനുള്ള കാരണം അവരുടെ ഭാഷയാണ്. അതുപോലെതന്നെ ഒരു രാഷ്ട്രത്തിലെ ജനങ്ങളെല്ലാം ഒരേ വംശത്തിൽ പ്പെട്ടവരാണെങ്കിലും അവരുടെയിടയിൽ ദേശീയബോധം വളരുന്നു. യഹൂദ വംശജർ താമസിക്കുന്ന ഇസ്രയേലിൽ ശക്തമായ ദേശീയബോധം വളരുവാനുള്ള കാരണം ഇതാണ്. രാഷ്ട്രത്തിലെ ജനങ്ങൾക്ക് പൊതുവായ ഒരു മതമുണ്ടെങ്കിൽ അതും ദേശീയബോധത്തിന്റെ വളർച്ചയ്ക്ക് സഹായകമാണ്. ഇസ്ലാമിക രാഷ്ട്രങ്ങളിൽ ദേശീയബോധം വളരുവാൻ ഇസ്ലാമിക മതവിശ്വാസം സഹായിച്ചിട്ടുണ്ട്. 16-ആം ശ.-ത്തിൽ യൂറോപ്പിൽ വികസിച്ചുവന്ന ദേശീയബോധവും ഏറെക്കുറെ ക്രൈസ്തവ മതത്തെ ആശ്രയിച്ചുള്ളതായിരുന്നു. പൊതുവായ മതമോ ഭാഷയോ വംശപാരമ്പര്യമോ ഇല്ലാത്ത രാഷ്ട്രങ്ങളിലും ഒരു പൊതു സാംസ്കാരിക പാരമ്പര്യം ഉണ്ടെങ്കിൽ ദേശീയബോധം വളരും. ജനങ്ങളുടെയിടയിൽ പൊതുവായ രാഷ്ട്രീയലക്ഷ്യം ഉണ്ടെങ്കിലും അവിടെ ദേശീയബോധം ഉടലെടുക്കും. വിഭിന്ന വർഗക്കാരും വിവിധ മതക്കാരും വിവിധ ഭാഷക്കാരും നിവസിക്കുന്ന സ്വിറ്റ്സർലൻഡ്, ഇന്ത്യ തുടങ്ങിയ രാഷ്ട്രങ്ങളിലും ശക്തമായ ദേശീയബോധം നിലവിലുണ്ട്. പൊതുവായ സാംസ്കാരിക പാരമ്പര്യമാണ് ഇതിനു സഹായിച്ചത്. ബ്രിട്ടിഷ് മേധാവിത്വത്തിനെതിരെ രാഷ്ട്രീയസ്വാതന്ത്ര്യം നേടുക എന്ന പൊതുലക്ഷ്യം ഇന്ത്യയിലെ ദേശീയബോധത്തിന്റെ വളർച്ചയെ ഉത്തേജിപ്പിച്ചു. ഭൂമിശാസ്ത്രവും ദേശീയബോധം ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. സമുദ്രജലത്താൽ ചുറ്റപ്പെട്ട ദ്വീപുകൾ, പർവതങ്ങളാൽ വേർതിരിക്കപ്പെട്ട പ്രദേശങ്ങൾ എന്നിവിടങ്ങളിലെല്ലാം ദേശീയബോധം സ്വാഭാവികമായി വികസിക്കും. ഒരു രാഷ്ട്രം അതിവേഗത്തിലുള്ള സാമ്പത്തിക പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുമ്പോൾ അവിടെ ദേശീയബോധം വളരുക സ്വാഭാവികമാണ്. ആധുനിക ജപ്പാൻ തന്നെ ഉദാഹരണം. ഈവിധം നിരവധി ഘടകങ്ങൾ ഒരു രാഷ്ട്രത്തിലെ ജനങ്ങളുടെ ദേശീയബോധത്തിന് ഉപോദ്ഘടകമായി വർത്തിക്കുന്നു. ഇവയിൽ ഒന്നോ രണ്ടോ ഘടകങ്ങളാവും മിക്കപ്പോഴും പ്രധാനം. ദേശീയബോധത്താൽ സംയോജിപ്പിക്കപ്പെടുന്ന ഒരു രാഷ്ട്രത്തെ 'ദേശീയരാഷ്ട്രം' (Nation) എന്നു വിളിക്കാം. ദേശീയരാഷ്ട്രം എന്നറിയപ്പെടാനാണ് ആധുനികകാലത്തെ എല്ലാ രാഷ്ട്രങ്ങളും ആഗ്രഹിക്കുന്നത്. ആധുനികകാലത്തെ ചരിത്രത്തിന്റെ ഗതി നിർണയിക്കുന്ന കാര്യത്തിൽ ദേശീയബോധം വളരെയധികം സ്വാധീനം ചെലുത്തുന്നു. പല രാഷ്ട്രങ്ങളുടെയും സാമ്പത്തികവും സൈനികവും ആയ പുരോഗതിയിൽ ദേശീയബോധം നിർണായകമായ പ്രേരണ ചെലുത്തിയിട്ടുണ്ട്. ദേശീയബോധത്താൽ പ്രേരിതമായ രാഷ്ട്രങ്ങൾ തമ്മിൽ ക്രിയാത്മകമായ മത്സരങ്ങളിൽ ഏർപ്പെടുക പതിവാണ്. ചിലപ്പോഴൊക്കെ ഇത്തരം മത്സരങ്ങൾ യുദ്ധത്തിൽ കലാശിക്കുന്നു. 15-ആം ശ.-ത്തിനു ശേഷം ലോകത്തിലുണ്ടായ പല ചരിത്രസംഭവങ്ങൾക്കും വഴിതെളിച്ചത് ദേശീയബോധത്തിന്റെ വളർച്ചയായിരുന്നു.
രാഷ്ട്രജീവികളായ മനുഷ്യരിൽ രൂഢമൂലമായിട്ടുള്ള ദേശീയബോധം ആരംഭിച്ചത് എന്നുമുതലാണെന്ന് കൃത്യമായി നിർണയിക്കുവാൻ ബുദ്ധിമുട്ടുണ്ട്. ആദ്യകാലത്തെ രാഷ്ട്രങ്ങൾ അധികവും ഭരിച്ചിരുന്നത് രാജാക്കന്മാരാണ്. ഇത്തരം രാഷ്ട്രങ്ങളിൽ നിലനിന്ന രാജഭക്തിയും ദേശഭക്തിയും ആയിരുന്നു ദേശീയബോധം ആയി മാറിയത്. ജനാധിപത്യം നിലനിന്ന ഗ്രീസിലെ നഗര രാഷ്ട്രങ്ങളിലും ജനങ്ങളുടെ ദേശീയബോധം വളരെ ശ്ലാഘനീയമായിരുന്നു. രാഷ്ട്രത്തിന്റെ ഭരണപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തുകൊണ്ട് രാഷ്ട്രത്തിനുവേണ്ടി ത്യാഗങ്ങൾ സഹിക്കുകയെന്നത് വലിയൊരു ബഹുമതിയായാണ് പുരാതന ഗ്രീക്കുകാർ കരുതിയിരുന്നത്. പ്രകൃതിപരമായ അതിർത്തികളാൽ ചുറ്റപ്പെട്ട ഓരോ നഗര രാഷ്ട്രത്തിലും പൗരന്മാരെല്ലാം ഒരേ കുടുംബത്തിലെ അംഗങ്ങൾ എന്നവിധം സ്നേഹത്തിലും സൗഹാർദത്തിലും കഴിഞ്ഞിരുന്നു. എന്നാൽ അലക്സാണ്ടർ ചക്രവർത്തി മാസിഡോണിയൻ സാമ്രാജ്യം സ്ഥാപിച്ചപ്പോൾ ഗ്രീസിലെ ദേശീയബോധം അപ്രത്യക്ഷമായി. പുരാതന റോമാസാമ്രാജ്യത്തിലും ആരംഭകാലത്ത് ദേശീയബോധം നിലനിന്നിരുന്നു. ഇക്കാലത്ത് മറ്റു പല രാഷ്ട്രങ്ങളിലും ദേശീയബോധം ഉണ്ടായിരുന്നതായി മനസ്സിലാക്കാം. പ്യൂണിക്ക് യുദ്ധകാലങ്ങളിൽ കാർത്തേജിലെ ജനങ്ങളുടെ മനോവീര്യം ഉത്തേജിപ്പിച്ചത് അവരുടെ ദേശീയബോധം ആയിരുന്നു. പുരാതനകാലത്ത് പലസ്തീനിലെ യഹൂദരുടെയിടയിലും ദേശീയബോധം ശക്തമായിരുന്നു.
ആധുനിക രീതിയിലുള്ള ദേശീയബോധം യൂറോപ്പിൽ വളർന്നുതുടങ്ങിയത് 15-ആം ശ. മുതൽ ആണെന്നു പറയാം. ദേശീയബോധത്തിന്റെ അഭാവമായിരുന്നു 5-ആം ശ.-ത്തിൽ പശ്ചിമ റോമാസാമ്രാജ്യത്തിന്റെ അധഃപതനത്തിനു കാരണം. മധ്യകാലഘട്ടത്തിൽ നിലനിന്ന ഫ്യൂഡൽ സംവിധാനത്തിലും ദേശീയബോധം വളരെ ദുർബലമായിരുന്നു. ഇക്കാലത്ത് മാർപാപ്പയ്ക്ക് യൂറോപ്യൻ രംഗത്ത് അമിതമായ സ്വാധീനം ലഭിച്ചു. സ്വന്തം രാജ്യത്തോടുള്ളതിനെക്കാൾ കൂടുതൽ സ്നേഹം ഇക്കാലത്ത് ജനങ്ങൾ മാർപാപ്പയോടു കാണിച്ചിരുന്നു. ഇക്കാലത്ത് കിഴക്കൻ യൂറോപ്പിൽ പ്രബലമായിരുന്ന പരിശുദ്ധ റോമാസാമ്രാജ്യം (പൗരസ്ത്യ റോമാസാമ്രാജ്യം) തങ്ങളുടെ കീഴിലുള്ള സാമന്തരാജാക്കന്മാരെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നയം സ്വീകരിച്ചു. അങ്ങനെ ഫ്യൂഡൽ പ്രഭുക്കന്മാരുടെയും മാർപാപ്പയുടെയും പരിശുദ്ധ റോമാചക്രവർത്തിമാരുടെയും സ്വാധീനം കാരണം 15-ആം ശ. വരെയുള്ള യൂറോപ്യൻ ദേശീയത വളരെ ശുഷ്കമായിരുന്നു. 15-ആം ശ.-ത്തിൽ യൂറോപ്പിൽ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ രംഗങ്ങളിലുണ്ടായ വ്യതിയാനങ്ങളുടെ ഫലമായി അവിടെ ആധുനിക രീതിയിലുള്ള ദേശീയബോധം വളർന്നു. ശക്തരായ രാജാക്കന്മാരുടെ കീഴിൽ ദേശീയ രാഷ്ട്രങ്ങൾ ഉടലെടുത്തത് ഇക്കാലത്തായിരുന്നു. ഫ്യൂഡൽ പ്രഭുക്കന്മാരെ തകർത്തുകൊണ്ട് രംഗപ്രവേശം ചെയ്ത ഇത്തരം രാജാക്കന്മാരുടെ പിന്നിൽ ജനങ്ങൾ അണിനിരന്നു. ഭൂമിശാസ്ത്രപരമായി വേർതിരിക്കപ്പെട്ടിരുന്ന ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലായിരുന്നു ഈ പ്രവണത ഏറ്റവും കൂടുതലായി കണ്ടത്. ഇംഗ്ലണ്ടിലെ ട്യൂഡർ വംശജരായ രാജാക്കന്മാർ കത്തോലിക്കാ സഭയ്ക്കും പൗരസ്ത്യ റോമാസാമ്രാജ്യത്തിനും വെല്ലുവിളിയായി മാറി. ഫ്രാൻസ്, സ്പെയിൻ, പോർച്ചുഗൽ, റഷ്യ, പോളണ്ട് തുടങ്ങിയ രാഷ്ട്രങ്ങളും കാലക്രമത്തിൽ ദേശീയ രാഷ്ട്രങ്ങളായി. 15-ആം ശ.-ത്തിലാരംഭിച്ച നവോത്ഥാന പ്രസ്ഥാനവും പരോക്ഷമാംവിധം ദേശീയബോധത്തിന്റെ വളർച്ചയെ സഹായിച്ചു.
മതത്തിന്റെ ബന്ധനങ്ങളിൽനിന്നു മോചനം നേടിക്കൊണ്ട് വ്യക്തിസ്വാതന്ത്ര്യത്തിനു മുൻഗണന നല്കാം എന്ന ചിന്താഗതി നവോത്ഥാനകാലത്ത് യൂറോപ്യന്മാരുടെ ഇടയിലുണ്ടായി. മതത്തിന്റെ സ്വാധീനത്തിൽനിന്ന് മോചനം നേടുന്നതിനുള്ള എളുപ്പവഴി കൂടുതൽ ദേശഭക്തരായി മാറുക എന്നതാണ് എന്ന് അവർ അനുഭവത്തിൽനിന്നു പഠിച്ചു. 16-ആം ശ.-ത്തിലുണ്ടായ പ്രൊട്ടസ്റ്റന്റ് മതനവീകരണത്തിന്റെ ഫലമായി ഇംഗ്ലണ്ട്, സ്വിറ്റ്സർലൻഡ്, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ ദേശീയതലത്തിലുള്ള ക്രൈസ്തവ സഭകൾ ആരംഭിച്ചു. ഇംഗ്ലണ്ടിൽ ആംഗ്ലിക്കൻ സഭയും സ്കോട്ട്ലൻഡിൽ പ്രിസ്ബിറ്റീരിയൻ സഭയും ജർമനിയിൽ ലൂഥറൻ സഭയും അവിടത്തെ ജനങ്ങളുടെ ദേശീയബോധം വളരാൻ സഹായിച്ചു.
16-ഉം 17-ഉം ശ.-ങ്ങളിൽ ഉണ്ടായ പുതിയ ഭൂവിഭാഗങ്ങളുടെ കണ്ടുപിടിത്തവും ദേശീയതയുടെ വളർച്ചയ്ക്കു സഹായകരമായിത്തീർന്നു. കൂടുതൽ കോളനികൾ സ്ഥാപിക്കുന്തോറും രാജ്യത്തിന്റെ പ്രശസ്തിയും വർധിക്കുമെന്നതായിരുന്നു ഇക്കാലത്തെ ധാരണ. ഇതിന്റെ ഫലമായി യൂറോപ്പിലെ വൻശക്തികൾ തമ്മിലുള്ള സംഘട്ടനങ്ങളും സർവസാധാരണമായിത്തീർന്നു. പ്രശസ്തിയുടെയും ദുരഭിമാനത്തിന്റെയും പേരിലുണ്ടായ ഇത്തരം സംഘട്ടനങ്ങളിൽ ഓരോ രാജ്യത്തിലെയും ജനങ്ങൾ തങ്ങളുടെ ഭരണാധികാരികൾക്ക് നിർലോഭമായ സഹായ സഹകരണങ്ങൾ നല്കി. അധിനിവേശരംഗത്ത് ഇംഗ്ലീഷുകാർ മേൽക്കോയ്മ നേടിയതിനുള്ള പ്രധാന കാരണം ഇംഗ്ലീഷ് ജനതയുടെ ഒറ്റക്കെട്ടായുള്ള ഉറച്ച നിലപാടായിരുന്നു. യൂറോപ്പിലെ പ്രാദേശിക ഭാഷകളുടെ വളർച്ചയും യൂറോപ്യൻ ദേശീയതയെ സഹായിച്ചു. മധ്യകാലഘട്ടങ്ങളിൽ ലാറ്റിൻ ആയിരുന്നു യൂറോപ്പിലെ പണ്ഡിതഭാഷ. എന്നാൽ ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ തുടങ്ങിയ പ്രാദേശിക ഭാഷകളും നവോത്ഥാനകാലത്ത് അഭിവൃദ്ധി പ്രാപിച്ചു. അതോടുകൂടി ഭാഷയുടെ പേരിലുള്ള ദേശീയ ചിന്താഗതിയും ദേശീയബോധത്തിന്റെ വളർച്ചയെ സഹായിച്ചു.
യൂറോപ്യൻ ദേശീയബോധത്തിന്റെ വളർച്ചയെ സഹായിച്ച ഏറ്റവും പ്രധാന സംഭവമായിരുന്നു ഫ്രഞ്ച് വിപ്ലവം. ആധുനിക ദേശീയബോധത്തിന്റെ ആരംഭം ഫ്രഞ്ച് വിപ്ലവം മുതലാണെന്നു വിശ്വസിക്കപ്പെടുന്നു. ഒരു പൗരന്റെ ഏറ്റവും പ്രധാന ഗുണങ്ങളാണ് പിതൃരാജ്യത്തോടുള്ള സ്നേഹവും ഐകമത്യബോധവും എന്ന് റൂസ്സോ പ്രഖ്യാപിച്ചു. ദേശീയബോധത്തെ പ്രോത്സാഹിപ്പിക്കുന്ന പല നടപടികളും ഫ്രഞ്ച് വിപ്ലവനേതാക്കൾ കൈക്കൊണ്ടു. സ്വന്തം രാജ്യത്തോടും ദേശീയ പതാകയോടും ആദരവ് പ്രകടിപ്പിക്കണമെന്ന് വിപ്ലവനേതാക്കൾ പഠിപ്പിച്ചു. ദേശഭക്തി ജ്വലിപ്പിക്കത്തക്ക വിധത്തിലുള്ള ദേശീയഗാനവും അവർ രചിച്ചു. ദേശീയതയുടെ അടിസ്ഥാനത്തിൽ യൂറോപ്യൻ രാജ്യങ്ങളെ പുനർനിർണയിക്കണമെന്ന വാദഗതി യൂറോപ്പിൽ വളർന്നത് ഫ്രഞ്ച് വിപ്ലവത്തിന്റെ ഫലമായിട്ടായിരുന്നു. നെപ്പോളിയൻ ഫ്രാൻസിലെ അധികാരം പിടിച്ചെടുത്തതോടുകൂടി യൂറോപ്യൻ ദേശീയതയുടെ പുരോഗതി ഒരു പുതിയ ഘട്ടത്തിലേക്കു പ്രവേശിച്ചു. ഫ്രഞ്ച് ജനതയിൽ ആവേശകരമായ ദേശീയബോധം ഉണർത്തുന്ന കാര്യത്തിൽ പരിപൂർണ വിജയമാണ് നെപ്പോളിയൻ കൈവരിച്ചത്. നെപ്പോളിയൻ നേടിയ സൈനിക വിജയങ്ങളുടെ പ്രധാന കാരണം ഫ്രഞ്ച് ജനതയുടെ ദേശീയബോധം ആയിരുന്നുവെന്നതിൽ സംശയമില്ല. നെപ്പോളിയന്റെ സ്വേച്ഛാധിപത്യം മറ്റു യൂറോപ്യൻ രാജ്യങ്ങളിലും ദേശീയത വളരുവാൻ കാരണമായിത്തീർന്നു. 18-ാം ശ.- ത്തിന്റെ അവസാനമായപ്പോഴേക്കും യൂറോപ്യൻ രാജ്യങ്ങൾ ഒന്നൊന്നായി ഫ്രഞ്ചുകാരുടെ മേൽക്കോയ്മ സ്വീകരിക്കുവാൻ നിർബന്ധിതരായിത്തീർന്നു. തങ്ങളുടെ മേൽ അടിച്ചേല്പിക്കപ്പെട്ട ഈ വിദേശീയാധിപത്യം അവർക്ക് ദുസ്സഹമായ ഒരു അപമാനമായിത്തീർന്നു. ഈ അപമാനബോധം നെപ്പോളിയനാൽ കീഴടക്കപ്പെട്ട രാജ്യങ്ങളിലെ ജനങ്ങളിൽ കടുത്ത ദേശീയബോധം ഉളവാക്കി. അതിന്റെ ഒരു ബഹിർഗമനമായിരുന്നു 1815-ലെ വാട്ടർലൂ യുദ്ധത്തിലും അതിനെത്തുടർന്നുണ്ടായ വിയന്നാ സമ്മേളനത്തിലും ദൃശ്യമായത്.
19-ാം ശ.-ത്തിൽ യൂറോപ്യൻ ദേശീയബോധം അനന്യസാധാരണമായ പുരോഗതി കൈവരിച്ചു. യൂറോപ്യൻ രാഷ്ട്രങ്ങളിൽ വൻകിട വ്യവസായങ്ങൾ അഭിവൃദ്ധി പ്രാപിച്ച കാലമായിരുന്നു അത്. ഈ ഘട്ടത്തിൽ ഉദാര ആശയങ്ങളും (liberalism)ജനാധിപത്യ സിദ്ധാന്തങ്ങളും ഇവിടെ പ്രചരിച്ചു. ഏഷ്യയിലും ആഫ്രിക്കയിലും യൂറോപ്യൻ രാഷ്ട്രങ്ങളുടെ സാമ്രാജ്യ വികസനവും ഇക്കാലത്ത് ത്വരിതമായിത്തീർന്നു. 19-ാം ശ.-ത്തിൽ പ്രബലമായിത്തീർന്ന ഉദാരദേശീയബോധത്തിന്റെ (liberal nationalism) പ്രത്യേകതകൾ ദേശസ്നേഹവും സ്വന്തം രാജ്യത്തോടുള്ള വിധേയത്വവും ആയിരുന്നു. അതോടൊപ്പംതന്നെ ഭരണാധികാരികൾ ജനങ്ങളുടെ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും അങ്ങേയറ്റം ബഹുമാനിക്കണമെന്നും ഉദാര ദേശീയബോധം ആവശ്യപ്പെട്ടിരുന്നു. ഇംഗ്ലണ്ടിലെ ജെറമി ബെന്താം, ഗ്ലാഡ്സ്റ്റൺ, ഇറ്റലിയിലെ ഗാരിബാൾഡി, മസ്സീനി,കവൂർ പ്രഭു, ഫ്രാൻസിലെ വിക്റ്റർ യൂഗോ തുടങ്ങിയവർ പ്രചരിപ്പിച്ച സിദ്ധാന്തങ്ങൾ അനുസരിച്ച് ജനങ്ങൾക്ക് പരമാവധി സുഖസന്തോഷങ്ങൾ പ്രദാനം ചെയ്യുകയാണ് ഗവണ്മെന്റിന്റെ ലക്ഷ്യം എന്നു വന്നു. 19-ാം ശ.-ത്തിൽ യൂറോപ്പിൽ പ്രചരിച്ച കാല്പനിക പ്രസ്ഥാനവും (Romanticism) ദേശീയതയുടെ വളർച്ചയെ സഹായിച്ചു. തങ്ങളുടെ രാജ്യത്തിന്റെ മാഹാത്മ്യങ്ങൾ വർണിച്ചുകൊണ്ട് രാജ്യത്തിന്റെ പ്രശസ്തിയെ വർധിപ്പിക്കുകയെന്നതായിരുന്നു കാല്പനിക സാഹിത്യകാരന്മാരുടെ ശ്രമം. സ്വന്തം രാജ്യത്തിന്റെ മഹത്ത്വം മനസ്സിലാക്കിയതോടെ ജനങ്ങൾ കൂടുതൽ ദേശഭക്തരായിത്തീർന്നു. കടുത്ത സ്വേച്ഛാധിപത്യ പ്രവണതകളെ കാല്പനിക പ്രസ്ഥാനം എതിർത്തു. ദേശീയബോധത്താൽ പ്രേരിതമായ അനേകം സംഭവങ്ങൾ 19-ാം ശ.-ത്തിൽ യൂറോപ്പിലുണ്ടായി.
വളർന്നുവരുന്ന ദേശീയപ്രസ്ഥാനത്തെ അടിച്ചമർത്തുവാൻ ആസ്റ്റ്രിയയിലെ മെറ്റോർണിക്റ്റ് തുടങ്ങിയ യാഥാസ്ഥിതികർ നടത്തിയ ശ്രമം വിജയിച്ചില്ല. 1830-ൽ യൂറോപ്പിൽ പടർന്നുപിടിച്ച വിപ്ലവങ്ങളെ പ്രേരിപ്പിച്ചത് ഉദാര ദേശീയബോധം ആയിരുന്നു. ഹോളണ്ടിന്റെ ആധിപത്യത്തിൽ കഴിഞ്ഞിരുന്ന ബെൽജിയം 1839-ൽ ഒരു സമരത്തിലൂടെ അവരുടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. റഷ്യയുടെ ആധിപത്യത്തിൽനിന്നു മോചനം നേടുവാൻ പോളണ്ടിൽ സമരമുണ്ടായി. ആസ്റ്റ്രിയയുടെ ആധിപത്യത്തിലായിരുന്ന മാഗിയാർ വംശജരും സ്ലാവ് വർഗക്കാരും ദേശീയസമരങ്ങൾ ആരംഭിച്ചു. ഏഴ് സ്വതന്ത്ര രാഷ്ട്രങ്ങളായി പിരിഞ്ഞുകിടന്ന ഇറ്റാലിയൻ പ്രദേശങ്ങളെ ഒരൊറ്റ രാഷ്ട്രമായി സംഘടിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും ഇക്കാലത്തു നടന്നു. തുർക്കിക്കെതിരെ വിമോചനസമരം നടത്തിക്കൊണ്ട് ഗ്രീസ് ഒരു സ്വതന്ത്ര രാഷ്ട്രമായിത്തീർന്നു.
1848-ൽ യൂറോപ്പിൽ സാർവത്രികമായി പടർന്നുപിടിച്ച വിപ്ലവങ്ങളും ദേശീയബോധത്തിന്റെ പ്രേരണയാൽ ആയിരുന്നു. ആസ്റ്റ്രിയയിൽനിന്ന് മെറ്റോർണിക്റ്റ് സ്ഥാനഭ്രഷ്ടനായി. ഫ്രാൻസിൽ 1848-ൽ ഉണ്ടായ വിപ്ലവത്തോടെ ആ രാഷ്ട്രം ഒരു റിപ്പബ്ലിക്ക് ആയി മാറി. ദേശീയ രാഷ്ട്രങ്ങളായി മാറണമെന്ന ജർമൻകാരുടെയും ഇറ്റലിക്കാരുടെയും ആഗ്രഹത്തിന് ശക്തി വർധിച്ചു. ഗാരിബാൾഡി, മസ്സീനി, കവൂർ പ്രഭു എന്നിവരുടെ ശ്രമഫലമായി ഇറ്റലി ഒരൊറ്റ രാഷ്ട്രമായി മാറി. 1871-ൽബിസ്മാർക്കിന്റെ ശ്രമഫലമായി ജർമനി ഒറ്റ രാഷ്ട്രമായിത്തീർന്നു. തെക്കുകിഴക്കേ യൂറോപ്പിൽ തുർക്കിക്കെതിരെ ബാൾക്കൻ വംശജർ സ്വാതന്ത്ര്യസമരം ശക്തിപ്പെടുത്തി. കിഴക്കൻ യൂറോപ്പിലെ റുമേനിയ, സെർബിയ തുടങ്ങിയ പ്രദേശങ്ങളെല്ലാം സ്വതന്ത്ര രാഷ്ട്രങ്ങളായി മാറി.
19-ാം ശ.-ത്തിന്റെ അവസാനത്തോടുകൂടി അതിശക്തമായിത്തീർന്ന യൂറോപ്യൻ ദേശീയബോധം 20-ാം ശ.-ത്തിന്റെ ആരംഭത്തിൽ അതികഠിനമായ ഒരു പ്രതിസന്ധിയെ നേരിട്ടു. ത്രിസഖ്യം, ത്രിസൗഹാർദം എന്നീ പേരുകളിൽ യൂറോപ്യൻ രാഷ്ട്രങ്ങൾ രണ്ട് ചേരികളായി പിരിഞ്ഞു. അതോടുകൂടി യൂറോപ്യൻ ദേശീയബോധം അപകടകരമായ ഒരു ഘട്ടത്തിലേക്കു നീങ്ങി. അതിന്റെ ഫലമാണ് ഒന്നാം ലോകയുദ്ധം. ഈ യുദ്ധത്തിൽ ഇംഗ്ലണ്ടിന്റെ നേതൃത്വത്തിലുള്ള സഖ്യകക്ഷി ജർമനിയുടെ മേൽ വിജയം നേടി. യുദ്ധാനന്തരം വിവിധ ദേശീയ ജനവിഭാഗങ്ങളെ അംഗീകരിച്ചുകൊണ്ട് പല പുതിയ രാജ്യങ്ങളും യൂറോപ്പിൽ നിലവിൽവന്നു. യൂറോപ്യൻ ദേശീയബോധത്തിനേറ്റ ഏറ്റവും വലിയ വിപത്തായിരുന്നു രണ്ടാം ലോകയുദ്ധം. യൂറോപ്പിനെ മുഴുവൻ തന്റെ നിയന്ത്രണത്തിൻ കീഴിൽ കൊണ്ടുവരുവാൻ ഹിറ്റ്ലർ നടത്തിയ ശ്രമങ്ങൾ യൂറോപ്യൻ ദേശീയവാദികളെ അമ്പരപ്പിച്ചു. രണ്ടാം ലോകയുദ്ധത്തിൽ ഹിറ്റ്ലർ പരാജയപ്പെട്ടുവെങ്കിലും പശ്ചിമയൂറോപ്പിൽ അമേരിക്കൻ ഐക്യനാടുകളും പൂർവയൂറോപ്പിൽ സോവിയറ്റ് യൂണിയനും തങ്ങളുടെ പിടി മുറുക്കി. ഒന്നായിരുന്ന ജർമനി ആദ്യം നാലായും പിന്നീട് രണ്ടായും വിഭജിക്കപ്പെട്ടു. സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം കിഴക്കൻ യൂറോപ്പിൽ ദേശീയബോധം ശക്തി പ്രാപിച്ചു. രണ്ടായിക്കഴിഞ്ഞിരുന്ന ജർമനികൾ വീണ്ടും ഒന്നായിത്തീർന്നതുൾപ്പെടെ യൂറോപ്യൻ ദേശീയതയ്ക്ക് അനുയോജ്യമായ സാഹചര്യങ്ങളാണ് പിന്നീട് യൂറോപ്പിൽ നിലവിൽ വന്നത്.
ദേശീയബോധം തീരെ ഇല്ലാതിരുന്ന അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ മധ്യ അമേരിക്കയിലെ പല പുരാതന സംസ്കാരങ്ങളെയും നശിപ്പിച്ചുകൊണ്ട് സ്പെയിൻ, പോർച്ചുഗൽ, ഇംഗ്ലണ്ട്, ഫ്രാൻസ് എന്നീ രാഷ്ട്രങ്ങൾ അധിനിവേശ വാഴ്ച ആരംഭിച്ചു. എന്നാൽ പതിനെട്ടാം ശതകത്തിന്റെ ആരംഭത്തിൽ ഇവിടെയും ദേശീയബോധത്തിന്റെ ആവിർഭാവമുണ്ടായി. വടക്കേ അമേരിക്കയിൽ ഇംഗ്ലീഷുകാരുടെ ആധിപത്യത്തിലായിരുന്ന പതിമൂന്ന് കോളനികളിലായിരുന്നു ആദ്യം ദേശീയബോധം ഉടലെടുത്തത്. ഇവിടങ്ങളിൽ ദേശീയബോധം ശക്തി പ്രാപിച്ചു. വളർച്ച പ്രാപിച്ച അമേരിക്കൻ ദേശീയപ്രസ്ഥാനത്തിന്റെ ഏറ്റവും പ്രധാന ഘട്ടമായിരുന്നു ഈ പതിമൂന്ന് കോളനികളുടെ സ്വാതന്ത്ര്യപ്രഖ്യാപനവും അതോടൊപ്പം നടന്ന അമേരിക്കൻ സ്വാതന്ത്ര്യസമരവും. അമേരിക്കയിലെ ധീരദേശാഭിമാനികൾ അവരുടെ നേതാവായ ജോർജ് വാഷിങ്ടന്റെ നേതൃത്വത്തിൽ സംഘടിച്ച് ഇംഗ്ലീഷുകാർ ക്കെതിരെ പടപൊരുതി. ഈ യുദ്ധത്തിൽ സാമ്രാജ്യശക്തികളായ ബ്രിട്ടീഷുകാർ പരാജയപ്പെട്ടതിനുള്ള പ്രധാന കാരണം അമേരിക്കൻ കോളനി വാസികളുടെ സംഘടനാശക്തിയും ദേശീയബോധവും ആയിരുന്നു. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം അമേരിക്കൻ ഐക്യനാടുകൾ കൈവരിച്ച വികസനത്തിന് കാരണമായിത്തീർന്നതും ജനങ്ങളുടെ ദേശീയബോധംതന്നെ ആയിരുന്നു.
ദേശീയ പ്രസ്ഥാനത്തിൽ അമേരിക്കൻ ഐക്യനാടുകൾ കാണിച്ചുകൊടുത്ത മാതൃക പില്ക്കാലത്ത് മറ്റ് അമേരിക്കൻ കോളനികളും പിന്തുടർന്നു. മെക്സിക്കൊ, അർജന്റീന, ബ്രസീൽ, ചിലി, പെറു തുടങ്ങിയ വിസ്തൃത പ്രദേശങ്ങൾ ഇക്കാലത്ത് സ്പെയിൻ, പോർച്ചുഗൽ എന്നീ യൂറോപ്യൻ ശക്തികളുടെ നിയന്ത്രണത്തിലായിരുന്നു. ലാറ്റിൻ അമേരിക്കൻ കോളനികൾ എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശങ്ങൾ യൂറോപ്യന്മാർക്കെതിരെ സംഘടിച്ചു. 1810-നുശേഷം തെക്കൻ അമേരിക്കൻ ദേശീയവാദികൾ സൈമൺ ബൊളിവർ, സാൻ മാർട്ടിൻ തുടങ്ങിയ നേതാക്കളുടെ കീഴിൽ സംഘടിച്ച് യൂറോപ്യന്മാർക്കെതിരെ സ്വാതന്ത്ര്യസമരം ആരംഭിച്ചു. 1822-ാമാണ്ടോടുകൂടി ഈ കോളനികളെല്ലാം സ്വതന്ത്രരാഷ്ട്രങ്ങളായി മാറി. അമേരിക്കൻ കോളനികളെ വീണ്ടും തങ്ങളുടെ അധീനതയിൽ കൊണ്ടുവരാൻ യൂറോപ്യൻ ശക്തികൾ ശ്രമിച്ചു. എന്നാൽ ഈ സമയം അമേരിക്കൻ ഐക്യനാട്ടിലെ പ്രസിഡന്റായിരുന്ന മൺറോ ഈ ശ്രമത്തെ വിഫലമാക്കി. 1823-ൽ അദ്ദേഹം പ്രഖ്യാപിച്ച 'മൺറോ സിദ്ധാന്തം' യൂറോപ്യൻ സാമ്രാജ്യ വികസനത്തിനെതിരെ ശക്തമായ ഒരു പ്രതിരോധമെന്നവണ്ണം പ്രവർത്തിച്ചു.
പത്തൊൻപതാം ശതകത്തിന്റെ മധ്യത്തോടുകൂടി അമേരിക്കൻ ദേശീയബോധം ഉഗ്രമായ ഒരു അഗ്നിപരീക്ഷണത്തെ നേരിട്ടു. 1860-ൽ അമേരിക്കൻ ഐക്യനാടുകളിലുണ്ടായ ആഭ്യന്തര സമരമായിരുന്നു അത്. നീഗ്രോ വംശജരുടെ അടിമത്തത്തെച്ചൊല്ലി തെക്കൻ സംസ്ഥാനങ്ങളും വടക്കൻ സംസ്ഥാനങ്ങളും ആരംഭിച്ച ഈ ആഭ്യന്തരസമരം അമേരിക്കൻ ദേശീയബോധത്തിനെതിരായ വലിയ വെല്ലുവിളിയായിരുന്നു. എങ്കിലും മഹാനായ അബ്രഹാം ലിങ്കന്റെ നേതൃത്വത്തിൽ അമേരിക്കൻ ജനത ഈ കടുത്ത പരീക്ഷണത്തെ അതിജീവിച്ചു. ആഭ്യന്തരസമരത്തിനുശേഷം അമേരിക്കൻ രാഷ്ട്രങ്ങൾ ബാഹ്യലോകവുമായി അധികം ബന്ധപ്പെടാതെ തങ്ങളുടെ ആഭ്യന്തര അഭിവൃദ്ധിക്കായി ശ്രമിച്ചുകൊണ്ടിരുന്നു. എങ്കിലും ഒന്നാം ലോകയുദ്ധകാലത്ത് അപ്രതീക്ഷിതമാംവിധം അമേരിക്കൻ ഐക്യനാടുകൾക്ക് യുദ്ധത്തിൽ ചേരേണ്ടിവന്നു.
രണ്ടാം ലോകയുദ്ധകാലത്ത് പേൾ തുറമുഖത്തെ ജപ്പാൻ ആക്രമിച്ചതോടുകൂടി അമേരിക്കൻ ഐക്യനാടുകൾ നേരിട്ട വലിയ ഭീഷണി അവിടെ ശക്തമായ ദേശീയബോധം വളരാൻ കാരണമായിത്തീർന്നു. രണ്ടാം ലോകയുദ്ധത്തിനുശേഷം അമേരിക്കൻ ഐക്യനാടുകൾ മറ്റുരാഷ്ട്രങ്ങളോട് പത്യേകിച്ച് തെക്കേ അമേരിക്കൻ രാജ്യങ്ങളോടു കാണിച്ച ആധിപത്യ മനോഭാവം അവിടങ്ങളിൽ പ്രതിരോധം വളർന്നുവരാനിടയാക്കി. ഫിഡൽ കാസ്റ്റ്രോയുടെ നേതൃത്വത്തിൽ ക്യൂബയിലെ ജനങ്ങൾ നടത്തിയ ശ്രമങ്ങൾ ഇതിനുദാഹരണമാണ്.
ജപ്പാൻ ഒഴികെയുള്ള ഏഷ്യൻരാജ്യങ്ങളിൽ 19-ാം ശ. വരെ ദേശീയബോധം ദുർബലമായിരുന്നു. തത്ഫലമായി ഇന്ത്യ ഉൾ പ്പെടെ മിക്ക ഏഷ്യൻ രാഷ്ട്രങ്ങളുടെയുംമേൽ യൂറോപ്യൻ ആധിപത്യം അടിച്ചേല്പിക്കപ്പെട്ടു. അവയിൽ ദേശീയബോധം ഉടലെടുത്ത പ്രധാന രാജ്യം ഇന്ത്യയായിരുന്നു (നോ: ഇന്ത്യ). 19-ാം ശ.-ത്തിൽ ഉണ്ടായ സാംസ്കാരിക-സാമൂഹിക നവോത്ഥാനമാണ് ഇന്ത്യയെ അതിലേക്കു നയിച്ചത്. ദേശീയഐക്യം, രാഷ്ട്രീയസ്വാതന്ത്ര്യം, അവസരസമത്വം, സാമൂഹ്യനീതി തുടങ്ങിയ പുരോഗമനാശയങ്ങളോട് ജനങ്ങൾ ആഭിമുഖ്യമുള്ളവരായിത്തീർന്നു. യുക്ത്യധിഷ്ഠിതവും ശാസ്ത്രീയവുമായ ചിന്ത രാജ്യത്ത് ഉയർന്നുവന്നു. സാമൂഹിക-ആധ്യാത്മിക നവോത്ഥാന പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾ, വർത്തമാനപത്രങ്ങളുടെയും ആനുകാലികങ്ങളുടെയും വളർച്ച, ബ്രിട്ടിഷ് ഭരണത്തിന്റെ ഫലങ്ങൾ(നന്മയും തിന്മയും), വനിതാസമുദ്ധാരണ പ്രസ്ഥാനങ്ങൾ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആവിർഭാവം, അരവിന്ദഘോഷും ബാലഗംഗാധര തിലകനും വിപിൻ ചന്ദ്രപാലും മറ്റും തുടങ്ങിവച്ച രാഷ്ട്രീയാദർശങ്ങൾ എന്നിവ ഇന്ത്യയിൽ ദേശീയബോധത്തിന്റെ വളർച്ചയ്ക്ക് പ്രേരകഘടകങ്ങളായിത്തീർന്നു. അതോടുകൂടി ഐകമത്യബോധവും ഭാരതീയരാണെന്ന ധാരണയും ഇന്ത്യക്കാരിൽ പ്രബലമായി. 20-ാം ശ.-ത്തിന്റെ ആരംഭമായപ്പോഴേക്കും ഇന്ത്യൻ ദേശീയത സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അഭിവാഞ്ഛയായി മാറി. മഹാത്മാഗാന്ധിയുടെയും മറ്റും നേതൃത്വത്തിൽ അതിനുവേണ്ടിയുള്ള സമരങ്ങൾ നടന്നു. ഇന്ത്യയിലുണ്ടായ ഈ പരിവർത്തനം ഏഷ്യയിലെ മറ്റു രാഷ്ട്രങ്ങളിലും ദേശീയബോധം വളരുവാൻ സഹായിച്ചു. ഡോക്ടർ സൺ യാത് സെന്നിന്റെ നേതൃത്വത്തിൽ ചൈനയിലും ദേശീയബോധം ശക്തമായി. ഇരുപതാം ശതകത്തിന്റെ ആരംഭമായപ്പോഴേക്കും ഏഷ്യൻ ദേശീയബോധം വളരെ ശക്തമായിത്തീർന്നു. 1904-ൽ ജപ്പാൻ റഷ്യയെ തോല്പിച്ചത് ഏഷ്യൻ ദേശീയവാദികൾക്ക് വലിയ പ്രചോദനം നല്കി. ജപ്പാൻ കൈവരിച്ച ഈ മഹത്തായ വിജയം ഏഷ്യയ്ക്ക് യൂറോപ്പിന്റെമേലുണ്ടായ വിജയമായി വ്യാഖ്യാനിക്കപ്പെട്ടു.
ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചപ്പോൾ ഏഷ്യൻ ദേശീയത കൂടുതൽ ശക്തമായിത്തീർന്നു. യുദ്ധത്തിൽ കോളനിവാസികളുടെ സഹായം ലഭിക്കുന്നതിനുവേണ്ടി യുദ്ധാനന്തരം കോളനികളിൽ സ്വയം നിർണയാവകാശം ഏർപ്പെടുത്തുന്നതാണെന്ന് സഖ്യകക്ഷികൾ പ്രഖ്യാപിച്ചു. എന്നാൽ ഒന്നാം ലോകയുദ്ധത്തിനുശേഷം യൂറോപ്യൻ ശക്തികൾ അടവു മാറ്റി. അധിനിവേശ പ്രദേശങ്ങൾക്ക് സ്വാതന്ത്ര്യം നല്കുവാൻ യൂറോപ്യൻ രാഷ്ട്രങ്ങൾ വിസമ്മതിച്ചു. നൈരാശ്യവും അമർഷവും ഏഷ്യൻ ദേശീയബോധം ആളിക്കത്തിച്ചു. രണ്ടാം ലോകയുദ്ധം തുടങ്ങിയപ്പോഴേക്കും ഏഷ്യൻ കോളനികളിൽ സ്വാതന്ത്ര്യസമരപ്രസ്ഥാനം പ്രതിരോധ്യമായിക്കഴിഞ്ഞിരുന്നു. രണ്ടാം ലോകയുദ്ധത്തിൽ സഖ്യകക്ഷികൾ ജയിച്ചുവെങ്കിലും അവരുടെ ശക്തി ഗണ്യമാംവിധം കുറഞ്ഞിരുന്നു. ഒടുവിൽ കോളനികൾക്ക് സ്വാതന്ത്ര്യം നല്കുവാൻ യൂറോപ്യൻ ശക്തികൾ നിർബന്ധിതരായിത്തീർന്നു. 1947 ആഗ. മാസത്തിൽ ഇന്ത്യ സ്വാതന്ത്ര്യം കൈവരിച്ചു. തുടർന്ന് ഏഷ്യയിലെ മറ്റു രാഷ്ട്രങ്ങളും സ്വതന്ത്രമായിത്തീർന്നു.
പൊതുവേ താമസിച്ചായിരുന്നു ആഫ്രിക്കൻ ദേശീയബോധം ഉണർന്നത്. അധിനിവേശ വാഴ്ചയുടെ ഫലമായി വർണവിവേചനം തുടങ്ങിയ നിരവധി പരാധീനതകൾക്ക് ആഫ്രിക്കൻ ജനത വിധേയരായിത്തീർന്നു. കോളനിവാഴ്ചയിലൂടെ ആഫ്രിക്കൻ ജനത അനുഭവിച്ച കടുത്ത യാതനകളായിരുന്നു ആഫ്രിക്കൻ ദേശീയതയുടെ വളർച്ചയ്ക്കു കാരണം. ഏഷ്യയിലെ സ്വാതന്ത്ര്യസമരങ്ങളും ആഫ്രിക്കക്കാർക്കു മാർഗദർശകങ്ങളായിരുന്നു. ദക്ഷിണാഫ്രിക്കയിലെ വർണവിവേചനത്തിന് എതിരെ ഉണ്ടായ സമരങ്ങൾക്ക് നേതൃത്വം നല്കിയത് മഹാത്മാഗാന്ധി ആയിരുന്നു എന്ന വസ്തുത ശ്രദ്ധേയമാണ്. രണ്ടാം ലോകയുദ്ധത്തിനുശേഷം ഏഷ്യൻ രാഷ്ട്രങ്ങൾ ഒന്നൊന്നായി സ്വാതന്ത്ര്യം പ്രാപിച്ചുതുടങ്ങിയപ്പോൾ ആഫ്രിക്കയിലെ ദേശീയബോധം കൂടുതൽ ശക്തമായിത്തീർന്നു. ഇറ്റലിക്കാരുടെ അധീനതയിൽനിന്ന് എത്യോപ്യ സ്വാതന്ത്ര്യം നേടിയത് ആഫ്രിക്കൻ ദേശീയവാദികൾക്ക് വലിയ പ്രോത്സാഹനമായി. 1956-ൽ സൂയസ്സ് കനാൽ ദേശസാത്കരിക്കുമ്പോൾ ഈജിപ്തിലെ പ്രസിഡന്റ് നാസ്സർ നേടിയ വിജയവും ആഫ്രിക്കൻ ദേശീയതയെ ഏറെ സഹായിച്ചു. ഘാന, നൈജീരിയ, ഉഗാണ്ട, അൾജീരിയ, കോങ്ഗൊ, റൊഡേഷ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ ആഫ്രിക്കൻ രാഷ്ട്രങ്ങളെല്ലാം ഇതോടെ സ്വതന്ത്ര ദേശീയ റിപ്പബ്ലിക്കുകൾ ആയി മാറി.
ദേശീയബോധത്തിന്റെ വളർച്ച എല്ലാ രാഷ്ട്രങ്ങളിലും തുടക്കത്തിൽ ജനങ്ങളുടെ ക്ഷേമത്തിലും ഐശ്വര്യത്തിലുമാണ് കലാശിച്ചിരുന്നത്. എന്നാൽ പില്ക്കാലത്ത് പലപ്പോഴും ദേശീയബോധം അപകടകാരി ആയിത്തീർന്നിട്ടുണ്ട്. ഇതിനെ അക്രമാസക്ത ദേശീയത എന്നു വിളിക്കുന്നു. ചരിത്രത്തിൽ ഇത് സംഭവിച്ചപ്പോഴെല്ലാം യുദ്ധങ്ങളും ഉണ്ടായിട്ടുണ്ട്.
20-ാം ശ.-ത്തിൽ അക്രമാസക്ത ദേശീയബോധം മുളയെടുത്തത് ജർമനിയിലായിരുന്നു. ഈ ചിന്താഗതിയെ പ്രോത്സാഹിപ്പിക്കത്തക്ക സിദ്ധാന്തങ്ങൾ മുമ്പ് നീഷേ, ഹെഗൽ, കാന്റ് തുടങ്ങിയ ചിന്തകർ പ്രോത്സാഹിപ്പിച്ചിരുന്നു. കൈസർ വില്യം രണ്ടാമൻ നല്കിയ പ്രചോദനത്തിന്റെ ഫലമായി ഒന്നാം ലോകയുദ്ധമുണ്ടായി. ഈ യുദ്ധത്തിൽ ജർമനി പരാജയപ്പെട്ടുവെങ്കിലും ഹിറ്റ്ലർ അധികാരത്തിൽ വന്നതോടുകൂടി ജർമനിയിലെ അക്രമാസക്ത ദേശീയത കൂടുതൽ ശക്തമായിത്തീർന്നു. ഇക്കാലത്ത് ഇറ്റലിയിലും ജപ്പാനിലും അക്രമാസക്ത ദേശീയബോധം ശക്തിയാർജിച്ചു. അതിന്റെ പരിണതഫലമായിരുന്നു അത്യന്തം വിനാശകരമായ രണ്ടാം ലോകയുദ്ധം. ഈ ലോകയുദ്ധം അവസാനിച്ചതോടുകൂടി ജർമനി, ജപ്പാൻ, ഇറ്റലി എന്നീ രാഷ്ട്രങ്ങളിലെ അക്രമാസക്ത ദേശീയബോധം അപ്രത്യക്ഷമായി.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ദേശീയത എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.