![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/ml/thumb/7/7e/George_Floyd_Death.jpeg/640px-George_Floyd_Death.jpeg&w=640&q=50)
ജോർജ്ജ് ഫ്ലോയിഡിന്റെ കൊലപാതകം
From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ കറുത്തവർഗ്ഗകാരനായിരുന്ന ജോർജ്ജ് ഫ്ലോയ്ഡ്നെ വ്യാജ കറൻസി കൈവശം വച്ചെന്ന കുറ്റമാരോപിച്ച് പോലീസുകാർ കൊലപ്പെടുത്തിയ സംഭവമാണ് ജോർജ്ജ് ഫ്ലോയിഡിൻ്റെ കൊലപാതകം എന്ന പേരിൽ അറിയപ്പെടുന്നത്.[3][4][5] 2020 മെയ് 25 ന് അമേരിക്കൻ ഐക്യനാടുകളിലെ മിനസോട്ടയിലെ മിനിയാപോളിസ് നഗരത്തിൽ, വ്യവസായിക കേന്ദ്രത്തിനു തെക്ക് വശത്തുള്ള അയൽപ്രദേശമായ പൗഡർഹോൺ എന്ന സ്ഥലത്താണ് ജോർജ്ജ് ഫ്ലോയിഡിൻ്റെ കൊലപാതകം നടന്നത്. ഡെറെക് ഷോവിൻ എന്ന കുറ്റാരോപിതനായ പോലീസ് ഉദ്യോഗസ്ഥൻ ഏകദേശം 8 മിനിറ്റ് 46 സെക്കൻഡ് സമയം[note 1] ഫ്ലോയിഡിൻ്റെ കഴുത്തിൽ മുട്ടുകുത്തി ശ്വാസം മുട്ടിച്ചപ്പോഴാണ് മരണം സംഭവിച്ചത്.[7][8] ഇതിൽ 2 മിനിറ്റ് 53 സെക്കൻഡ് സമയം ഫ്ലോയിഡിൻ്റെ പ്രതികരണശേഷി നഷ്ടപ്പെട്ടിരുന്നു[9][10]. ഇദ്ദേഹത്തിൻ്റെ മുഖം റോഡിൽ ചേർന്നു കിടക്കുകയായിരുന്നു[11]. "എനിക്ക് ശ്വാസം മുട്ടുന്നേ" എന്ന് ജോർജ്ജ് ഫ്ലോയിഡ് പല തവണ യാചിച്ചിരുന്നു[12]. തോമസ് കെ. ലെയ്ൻ, ടൗ താവോ, ജെ. അലക്സാണ്ടർ കുവെംഗ് എന്നിവരാണ് കുറ്റാരോപിതരായ മറ്റു പോലീസ് ഉദ്യോഗസ്ഥർ. ഇവർ ചേർന്നാണ് ഫ്ലോയിഡിനെ അറസ്റ്റ് ചെയ്തത്.[13] ഫ്ലോയിഡ് പിടിയിൽനിന്നു രക്ഷപ്പെട്ടു പോകാതെ ലെയ്ൻ കാലുകൾ അമർത്തിപ്പിടിച്ചപ്പോൾ മറ്റൊരു പോലീസുകാരനായ കുവെങ് ഫ്ലോയിഡിനെ തടഞ്ഞുനിർത്തി, അതേസമയം താവോ സമീപത്ത് ഇതെല്ലാം നോക്കി നിന്നു[14]. ഷോവിനെയും കൊലപാതകത്തിൽ പരോക്ഷമായി പങ്കാളികളായ മറ്റ് മൂന്ന് ഉദ്യോഗസ്ഥരെയും പിറ്റേന്ന് ജോലിയിൽനിന്ന് പുറത്താക്കുകയും ചെയ്തു.[15]
![]() ഡാർനെല്ല ഫ്രേസിയർ എടുത്ത ജോർജ്ജ് ഫ്ലോയിഡിന്റെ കൊലപാതക വീഡിയോയിൽ നിന്നുള്ള ഒരു ഫ്രെയിം | |
തിയതി | മേയ് 25, 2020; 4 വർഷങ്ങൾക്ക് മുമ്പ് (2020-05-25) |
---|---|
സമയം | 8:01–9:25 pm (CDT)[1] |
സ്ഥലം | മിന്നീപോളിസ്, മിനസോട്ട, അമേരിക്കൻ ഐക്യനാടുകൾ |
നിർദ്ദേശാങ്കങ്ങൾ | 44.9343°N 93.2624°W / 44.9343; -93.2624 |
ചിത്രീകരിച്ചത് | ഡാർനെല്ല ഫ്രേസിയർ [2] |
Participants |
|
മരണങ്ങൾ | 1 (ജോർജ്ജ് ഫ്ലോയ്ഡ്) |
![]() സംഭവം നടന്ന മിന്നീപോളിസിന്റെ സ്ഥാനം.ഇത് ഹെന്നെപിൻ കൗണ്ടിയിലും മിനസോട്ട സംസ്ഥാനത്തുമാണ്. |
മിനസോട്ടയിലെ ഡൗൺ ടൗണിന് തെക്ക് അയൽപ്രദേശമായ പൗഡർഹോൺ എന്ന സ്ഥലത്ത് ഫ്ലോയിഡ് അറസ്റ്റുചെയ്യപ്പെടുന്നതിനിടെയാണ് സംഭവങ്ങളുടെ തുടക്കം.[16] ഇത് കാഴ്ചക്കാരുടെ സ്മാർട്ട്ഫോണുകളിൽ പകർത്തപ്പെട്ടിരുന്നു.[17] ഒരു പലചരക്കുകടയിലെ ജീവനക്കാരൻ, ഫ്ലോയിഡ് ഉപയോഗിക്കാൻ ശ്രമിച്ച 20 ഡോളർ ബിൽ വ്യാജമാണെന്ന സംശയം പ്രകടിപ്പിച്ചതിന് ശേഷമാണ് അറസ്റ്റ് എന്നാണ് പോലീസിൻ്റെ വാദം. വാഹനത്തിൽ നിന്ന് പുറത്തുകടക്കാൻ ഉത്തരവിട്ടതിനെ തുടർന്ന് ഫ്ലോയ്ഡ് ശാരീരികമായി പ്രതിരോധിച്ചുവെന്ന് പോലീസ് ആരോപിച്ചു. എന്നാൽ ലഭ്യമായ വീഡിയോ റെക്കോർഡിംഗുകൾക്ക് കടക വിരുദ്ധമായിരുന്നു ഈ ആരോപണങ്ങൾ.[18] ചെറുത്തപ്പോൾ നിലത്തുവീഴ്ത്തി ഡെറെക് ഷോവിൻ എന്ന പൊലീസുകാരൻ അദ്ദേഹത്തിൻ്റെ കഴുത്തിൽ കാൽമുട്ടമർത്തുകയായിരുന്നു.[19] അറസ്റ്റിൻ്റെ വീഡിയോ റെക്കോർഡിംഗുകളിൽ "എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല" എന്ന് ഫ്ലോയ്ഡ് ആവർത്തിച്ച് പറയുന്നത് കാണിക്കുന്നത് സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയും മാധ്യമങ്ങൾ ഇത് പ്രക്ഷേപണം നടത്തുകയും ചെയ്തു.[20][21] ഷോവിനെയും സംഭവത്തിൽ ഉൾപ്പെട്ട മറ്റ് മൂന്ന് പൊലീസുകാരെയും പിറ്റേ ദിവസംതന്നെ ജോലിയിൽനിന്ന് പുറത്താക്കി.[22]
മിന്നീപോളിസ് പോലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ അഭ്യർത്ഥന മാനിച്ച് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) സംഭവത്തെക്കുറിച്ച് ഒരു ഫെഡറൽ പൗരാവകാശ അന്വേഷണം നടത്തുമെന്നു പ്രഖ്യാപിച്ചു. മിനസോട്ട ബ്യൂറോ ഓഫ് ക്രിമിനൽ അപ്രെഹെൻഷനും (ബിസിഎ) ചട്ടങ്ങളുടെ ലംഘനത്തെക്കുറിച്ചും അന്വേഷിക്കുന്നു.[23] മെയ് 29-ന്, ഹെന്നേപിൻ കൗണ്ടി അറ്റോർണി മൈക്കൽ ഒ ഫ്രീമാൻ ഫ്ലോയിഡിൻ്റെ മരണത്തിൽ മൂന്നാം ഡിഗ്രി കൊലപാതകം, രണ്ടാം ഡിഗ്രി നരഹത്യ എന്നിവ ചുമത്തി ഷോവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഫ്ലോയിഡിൻ്റെ മരണത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെയും കുറ്റം ചുമത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഫ്രീമാൻ പറഞ്ഞു.[24][25]
മെയ് 26-ന്, ഫ്ലോയിഡിൻ്റെ മരണശേഷം, മിന്നീപോളിസ്-സെൻ്റ് പോൾ പ്രദേശത്ത് നടന്ന പ്രകടനങ്ങളും പ്രതിഷേധങ്ങളും തുടക്കത്തിൽ സമാധാനപരമായിരുന്നു. എന്നാൽ പ്രതിഷേധക്കാർ പരിസരത്തെ കെട്ടിടങ്ങളുടെ ജനാലകൾ തകർത്തതും രണ്ട് സ്റ്റോറുകൾക്ക് തീയിട്ടതും നിരവധി സ്റ്റോറുകൾ കൊള്ളയടിക്കുകയും കേടുപാടുകൾ വരുത്തുകയും ചെയ്തോടെ പ്രക്ഷോഭം പിന്നീട് അക്രമാസക്തമായി.[26] ഇതിനിടെ ചില പ്രകടനക്കാർ പൊലീസുമായി ഏറ്റുമുട്ടിയതോടെ പോലീസ് കണ്ണീർ വാതകവും റബ്ബർ ബുള്ളറ്റും പ്രയോഗിച്ചു.[27][28] പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഫ്ലോയ്ഡ് കഴുത്തിലെ ഞരമ്പുകളിൽ ഏറ്റ ആഘാതം കൊണ്ടോ അല്ലെങ്കിൽ ഹൃദയാഘാതം മൂലമോ ആകാം മരിച്ചതെന്ന സൂചനകളൊന്നുംതന്നെ കണ്ടെത്തിയില്ല, എന്നാൽ പോലീസ് പ്രതിബന്ധിച്ചു നിർത്തിയതും കൂടാതെ, കൊറോണറി ആർട്ടറി രോഗം, രക്താതിമർദ്ദം എന്നിവയുൾപ്പെടെയുള്ള ആരോഗ്യസ്ഥിതികൾ, ശരീരത്തിലെ ഏതെങ്കിലും ലഹരിവസ്തുക്കൾ, എന്നിവയുടെ സംയോജിത ഫലങ്ങളും അദ്ദേഹത്തിൻ്റെ മരണത്തിന് കാരണമായിരിക്കാം എന്നും പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.[29] ഫ്ലോയിഡിൻ്റെ കുടുംബം സ്വതന്ത്ര പോസ്റ്റ്മോർട്ടത്തിന് അഭ്യർത്ഥിച്ചതായി ഫ്ലോയിഡിൻ്റെ കുടുംബ അഭിഭാഷകർ അറിയിച്ചു.[30]
ഫ്ലോയിഡിൻ്റെ മരണത്തെ 2014 ലെ എറിക് ഗാർണറുടെ മരണവുമായി താരതമ്യപ്പെടുത്താവുന്നതാണ്. നിരായുധനായ കറുത്ത മനുഷ്യനായ ഗാർനർ, സ്റ്റാറ്റൻ ഐലൻഡിൽ അറസ്റ്റുചെയ്യുന്നതിനിടെ ന്യൂയോർക്ക് പോലീസ് ഉദ്യോഗസ്ഥൻ ചോക്ഹോൾഡിൽ (ശ്വാസം മുട്ടിക്കുന്ന വിധത്തിൽ ഒരാളുടെ കഴുത്ത് കൈകൊണ്ടു ചുറ്റിപ്പിടിക്കൽ) വച്ചതിന് ശേഷം "എനിക്ക് ശ്വസിക്കാൻ കഴിയില്ല" എന്ന് പതിനൊന്ന് തവണ ആവർത്തിച്ചിരുന്നു.[31]
ഷോവിൻ്റെ വിചാരണ 2021 മാർച്ച് 8 ന് ആരംഭിച്ച് 2021 ഏപ്രിൽ 20 ന് സമാപിച്ചു.[32] കൊലപാതകമടക്കം പ്രതിക്കെതിരെ ചുമത്തിയ മൂന്ന് കുറ്റങ്ങളും കോടതി ശെരിവെച്ചു.[33] മറ്റ് മൂന്ന് ഉദ്യോഗസ്ഥരുടെ വിചാരണ 2021 ഓഗസ്റ്റ് 23 ന് ആരംഭിക്കും.[32]