ജെയിംസ്ടൗൺ
From Wikipedia, the free encyclopedia
വെർജീനിയ കോളനിയിലെ ജെയിംസ്ടൗൺ [1] അമേരിക്കകളിലെ ആദ്യ ഇംഗ്ലീഷ് സ്ഥിര കുടിയേറ്റകേന്ദ്രമായിരുന്നു. പോവ്ഹാട്ടൻ (ജയിംസ്) നദിയുടെ കിഴക്കേ തീരത്ത്, ആധുനിക വില്യംസ്ബർഗ് നഗരത്തിന്റെ മദ്ധ്യത്തിന് 2.5 മൈൽ (4 കിലോമീറ്റർ) തെക്കുപടിഞ്ഞാറായാണ് ഇതു സ്ഥിതിചെയ്തിരുന്നത്. വില്യം കെൽസോ ജയിംസ്ടൌണിനേക്കുറിച്ച് എഴുതിയത് "ബ്രിട്ടീഷ് സാമ്രാജ്യം ആരംഭം കുറിച്ചത് ഇവിടെയാണ്" എന്നാണ്.[2] 1607, മെയ് 4 ന് - ഓൾഡ് ഡേറ്റ് (മേയ് 14, 1607 –ന്യൂ ഡേറ്റ്)[3] ലണ്ടനിലെ വിർജീനിയ കമ്പനി “ജയിംസ് ഫോർട്ട്” ആയിട്ടാണ് ഇതു സ്ഥാപിച്ചത്. 1610 ൽ ഹ്രസ്വമായി ഉപേക്ഷിക്കപ്പെട്ടതിനു ശേഷം ഇത് ഒരു സ്ഥിരകുടിയേറ്റകേന്ദ്രമായി കണക്കാക്കപ്പെട്ടു. റോണോക്ക് ദ്വീപിൽ 1585 ൽ സ്ഥാപിതമായ “ലോസ്റ്റ് കോളനി ഓഫ് റോണോക്ക്” ഉൾപ്പെടെ നിരവധി പരാജയപ്പെട്ട ശ്രമങ്ങൾക്കുശേഷമാണ് ഇതു നിലവിൽവന്നത്. 1616 മുതൽ 1699 വരെയുള്ള 83 വർഷക്കാലത്തോളം വെർജീനിയ കോളനിയുടെ തലസ്ഥാനമായിട്ടാണ് ജയിംസ്ടൌൺ പ്രവർത്തിച്ചിരുന്നത്.
ജയിംസ് ടൌൺ, വിർജീനിയ Jamestowne, Virginia | |
---|---|
Fort (1607); Town (1619) | |
പതിനേഴാം നൂറ്റാണ്ടിലെ ജെയിംസ്ടൗൺ പള്ളിയുടെ നശിച്ചുപോയ ഗോപുരം. പള്ളിയുടെ മദ്ധ്യഭാഗം യഥാർത്ഥ അടിത്തറക്കുമേൽ 1907 ൽ പുനർനിർമ്മിച്ചു . | |
Location in eastern Virginia | |
Coordinates: 37°12′33″N 76°46′39″W | |
Present country | United States |
State | Virginia |
Historic Country | Kingdom of England |
Colony | Colony of Virginia |
Established | May 14, 1607 |
Abandoned | briefly in 1610; again after 1699 |
സ്ഥാപകൻ | Virginia Company of London |
നാമഹേതു | James VI and I |
ഈ കുടിയേറ്റകേന്ദ്രം സ്ഥാപിക്കപ്പെട്ടത് പോവ്ഹാട്ടൻ കോൺഫെഡറസിയുടെ, പ്രത്യകിച്ച് പാസ്പാഹെഗ് ഗോത്രത്തിന്റെ ഭരണത്തിലുള്ള റ്റ്സെനാക്കോമ്മാക്കാഹ് എന്ന രാജ്യത്തിനുള്ളിലായിരുന്നു. തദ്ദേശവാസികൾ തുടക്കത്തിൽ കോളനിക്കാർക്ക് സ്വാഗതമരുളുകയും അവർക്ക് നിർണായക ഘട്ടങ്ങളിൽ ഭക്ഷ്യവസ്തുക്കളും പിന്തുണയും നൽകുകയും ചെയ്തിരുന്നു. തമ്മിലുള്ള ബന്ധം വഷളാകുകയും അടുത്ത മൂന്നു വർഷത്തിനുള്ളിൽ യുദ്ധത്തിലേയ്ക്കും പാസ്പാഹെഗുകളുടെ പൂർണ്ണമായ ഉന്മൂലനത്തിലേയ്ക്കും വഴിതെളിച്ചു. രോഗം, പട്ടിണി എന്നിവ മൂലം ജയിംസ്ടൌണിലെ മരണനിരക്ക് വളരെ കൂടുതലായിരുന്നു. 1609-10 കളിലെ “പട്ടിണിക്കാലം”[4] എന്നറിയപ്പെട്ടിരുന്ന കാലഘട്ടത്തിൽ ഏകദേശം 80 ശതമാനത്തിലധികം കോളനിസ്റ്റുകൾ അകാലചരമം പ്രാപിച്ചു.
വിർജീനിയ കമ്പനി 1608 ൽ അവരുടെ രണ്ടാം സാധനസാമഗ്രികൾ എത്തിക്കുന്ന പ്രക്രിയയിൽ എട്ട് പോളിഷ്,[5] [6] ജർമൻ കുടിയേറ്റക്കാരെക്കൂടി കൊണ്ടുവന്നു. ഇവരിൽ ചിലർ ചെറിയ ഒരു ഗ്ലാസ് ഫാക്ടറി നിർമിച്ചു. എന്നാൽ താമസിയാതെ ജർമൻകാരും മറ്റു ചിലരും കുടിയേറ്റ കേന്ദ്രത്തിലെ ആയുധങ്ങളും സാധനസാമഗ്രികളുമായി പോവ്ഹാട്ടൻ പക്ഷത്തേയ്ക്കു കൂറുമാറി.[7][8][9][10] രണ്ടാമത്തെ വിതരണത്തിൽ ആദ്യത്തെ രണ്ട് യൂറോപ്യൻ വനിതകളെയും കുടിയേറ്റകേന്ദ്രത്തിലേയ്ക്ക് കൊണ്ടുവന്നിരുന്നു.[11][12] 1619-ൽ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആദ്യ ആഫ്രിക്കക്കാർ ജയിംസ്ടൌണിലെത്തി - വെസ്റ്റീൻഡീസിൽനിന്നു പിടിച്ചെടുത്ത ഒരു പോർട്ടുഗീസ് അടിമക്കപ്പലിലെ ഏകദേശം 50 പുരുഷന്മാരും, സ്ത്രീകളും കുട്ടികളുമുൾപ്പെട്ട കപ്പൽ ജയിംസ്ടൌൺ മേഖലയിലേക്ക് കൊണ്ടു വന്നു. പുകയിലക്കൃഷി മേഖലയിൽ കൂലിത്തൊഴിലാളികളായാണ് അവർ ജോലി ചെയ്തിരുന്നത്. പക്ഷേ, കാലം മുന്നോട്ടുപോകവേ ക്രമേണ അവർ അടിമകളായി മാറി.[13] അടിമത്തത്തിന്റെ ആധുനിക നിർവചനം 1640-ൽ (ജോൺ പഞ്ച് ന്യായവിചാരണയിൽ) രൂപീകരിക്കപ്പെടുകയും 1660 ആയപ്പോഴേക്കും ഇത് പൂർണ്ണമായി വിർജീനിയയിൽ നടപ്പിലാക്കുകയും ചെയ്തു.[14]
ലണ്ടൻ കമ്പനിയുടെ ബർമുഡയിൽ സ്ഥാപിതമായ രണ്ടാം കുടിയേറ്റകേന്ദ്രം ഇംഗ്ലീഷ് പുതിയ ലോകത്തിലെ ഏറ്റവും പഴയ പട്ടണമെന്ന സ്ഥാനം അവകാശപ്പെടുന്നു, എന്തെന്നാൽ ബർമുഡയിലെ സെന്റ് ജോർജ് പട്ടണം1612 ൽത്തന്നെ ന്യൂ ലണ്ടൻ എന്നപേരിൽ ഔദ്യോഗികമായി സ്ഥാപിക്കപ്പെട്ടിരുന്നുവെങ്കിലും വിർജീനിയയിലെ ജയിംസ്ഫോർട്ട് 1619 വരെ ജെയിംസ്ടൗണായി പരിവർത്തനം ചെയ്യപ്പെട്ടിരുന്നില്ല, അതുകൂടാതെ അതിന് കാലത്തെ അതിജീവിക്കാൻ കഴിഞ്ഞതുമില്ല.[15] 1676-ൽ ബാകോൺസ് കലാപകാലത്ത് ജയിംസ്ടൌൺ മനഃപൂർവ്വം തീകത്തിച്ചു നശിപ്പിച്ചെങ്കിലും പെട്ടെന്നുതന്നെ പുനർനിർമ്മിക്കപ്പെട്ടു. 1699 ൽ തലസ്ഥാനം ജെയിംസ്ടൌണിൽനിന്ന് വിർജീനിയയിലെ ഇന്നത്തെ വില്യംസ്ബർഗിലേയ്ക്കു മാറ്റി സ്ഥാപിക്കുകയും അതിനുശേഷം ജയിംസ്ടൌൺ എന്ന കുടിയേറ്റകേന്ദ്രം വിസ്മൃതിയിലാവുകയും ഒരു പുരാവസ്തു സൈറ്റായി മാത്രം ഇക്കാലത്ത് നിലനിൽക്കുകയും ചെയ്യുന്നു.
ഇന്ന് ജയിംസ്ടൌൺ, വില്ല്യംസ്ബർഗ്, യോർക്ക്ടൌൺ എന്നിവയോടൊപ്പം കൊളോണിയൽ വെർജീനിയയിലെ ഹിസ്റ്റോറിക് ട്രയാംഗിളിൽ ഉൾപ്പെടുന്ന മൂന്ന് പ്രാഥമിക പൈതൃക സ്ഥാനങ്ങളിലൊന്നാണ്. ജയിംസ്ടൌൺ നാഷണൽ ഹിസ്റ്റോറിക് സൈറ്റിന്റെയും (കൊളോണിയൽ നാഷണൽ ഹിസ്റ്റോറിക് പാർക്കിന്റെ ഭാഗം), പ്രിസർവേഷൻ വിർജീനിയയുടെയും സംയുക്ത സഹകരണത്തോടെ പ്രവർത്തിക്കുന്ന ആർക്കിയോളജിക്കൽ സൈറ്റാണ് ജയിംസ്ടൌൺ ദ്വീപിൽ സ്ഥിതിചെയ്യുന്ന ചരിത്രപട്ടണമായ ജയിംസ്ടൗൺ.[16] ഒരു സജീവചരിത്ര, വ്യാഖ്യാനാത്മക സൈറ്റായ ജെയിംസ്ടൌൺ കുടിയേറ്റകേന്ദ്രം, കോമൺവെൽത്ത് ഓഫ് വിർജീനിയയിലെ ഒരു സംസ്ഥാന ഏജൻസിയായ ജയിംസ്ടൌൺ യോർക്ടൌൺ ഫൌണ്ടേഷനാണ് പ്രവർത്തിപ്പിക്കുന്നത്.