From Wikipedia, the free encyclopedia
ചെസ്സിന്റെ ചരിത്രത്തിന് 1500 വർഷത്തോളം കാലപ്പഴക്കമുണ്ട്. എ.ഡി. ആറാം നൂറ്റാണ്ടിനു മുമ്പ്, ചെസ്സിന്റെ പൂർവ്വികനായ ആദ്യരൂപം ഭാരതത്തിൽ ഉടലെടുത്തുവെന്ന് കരുതുന്നു. പീന്നിട് ഈ കളി ഭാരതത്തിൽ നിന്ന്, പേർഷ്യയിലേക്ക് വ്യാപിക്കുകയായിരുന്നു. പേർഷ്യ അറബ് അധീനതയിലായപ്പോൾ മുസ്ലിം ലോകം ഈ കളി കിഴക്കൻ യൂറോപ്പിലേക്ക് വ്യാപിപ്പിച്ചു. പതിനഞ്ചാം നൂറ്റാണ്ടിൽ, യൂറോപ്പിലാണ് ഇന്നത്തെ തരത്തിലുള്ള ചെസ്സ് ആവിർഭവിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ആധുനിക ചെസ്സ് മത്സരങ്ങൾ കളിക്കാൻ തുടങ്ങുകയും 1886 ൽ പ്രഥമ ലോകചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടിൽ, ചെസ്സ് തത്ത്വങ്ങൾക്ക് വിപ്ലവകരമായ മാറ്റങ്ങൾ കണ്ടുതുടങ്ങി. അതേ കാലഘട്ടത്തിൽ, ലോക ചെസ്സ് ഫെഡറേഷൻ (ഫിഡെ) രൂപം കൊള്ളുകയും ചെയ്തു. ചെസ്സ് അപഗ്രഥനത്തിന് സഹായകരമായുള്ള കമ്പ്യൂട്ടറുകളുടെ വരവ്, ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ചെസ്സിന്റെ വികാസത്തിനു നിദാനമായി. 1970 കളിലാണ് ആദ്യ കമ്പ്യൂട്ടർ ചെസ്സ് ഗെയിം പ്രോഗ്രാം വിപണിയിലെത്തിയത്. 1990 കളുടെ മധ്യത്തിൽ, ഓൺലൈൻ ഗെയിമുകൾ രംഗത്തിറങ്ങി.
പ്രാചീനഭാരതത്തിലെ ഗുപ്തസാമ്രാജ്യത്തിൽ, ആറാം നൂറ്റാണ്ടോടെയാണ് ചെസ്സിന്റെ പൂർവ്വികരൂപമായ ചതുരംഗം ഉത്ഭവിച്ചത് എന്നു കരുതപ്പെടുന്നു.[2][3][4][5] ചതുരംഗം - (സേനയുടെ) നാലുഭാഗങ്ങൾ : കാലാൾപ്പട, കുതിരപ്പട, ആനപ്പട, രഥങ്ങൾ എന്നിവ കരുക്കളാക്കുകയും പീന്നിട്, ആധുനിക ചെസ്സിലെ പോൺ (കാലാൾ), നൈറ്റ് (കുതിര), ബിഷപ്പ് (ആന), റൂക്ക് (രഥം) എന്നിവയായി രൂപാന്തരം പ്രാപിക്കുകയും ചെയ്തു.[6]ചെസ്സ് ചരിത്രകാരന്മാരായ ഗെർഹാർദ് ജോസ്ടെൻ, ഇസാക്ക് ലിൻടെർ എന്നിവരുടെ അഭിപ്രായപ്രകാരം പ്രാചീന അഫ്ഗാനിസ്ഥാനിലെ കുശാനസാമ്രാജ്യത്തിലാണ് ചെസ്സിന്റെ പ്രാചീനരൂപം ആരംഭം കുറിച്ചതെന്നും കരുതുന്നവരുണ്ട്.[7][8]
ഇന്ത്യയിൽ നിന്ന് പേർഷ്യയിലേക്ക് ചെസ്സ് വ്യാപിക്കുകയും പേർഷ്യൻ ആഭിജാത്യം വിളിച്ചോതുന്നതരത്തിൽ അതു് രാജകീയ വിദ്യാഭ്യാസത്തിന്റെ ഭാഗമാകുകയും ചെയ്തു.[9] എ.ഡി. 600 വർഷത്തോടെ നിലവിൽ വന്ന സസാനിയൻ സാമ്രാജ്യത്തിന്റെ കാലഘട്ടത്തിൽ ചത്രങ് എന്ന പേരിൽ അറിയപ്പെടുകയും പീന്നിട്, അറബ് മുസ്ലികൾക്ക് ച, ങ എന്നീ തദ്ദേശഭാഷാ ശബ്ദങ്ങൾ ഇല്ലാത്തതിനാൽ[10] കാലക്രമേണ ഷത്രഞ്ജ് എന്ന പേരിലേക്ക് രൂപാന്തരം പ്രാപിക്കുകയും നിയമങ്ങളിൽ കൂടുതൽ മാറ്റം സംഭവിക്കുകയും ചെയ്തു. ഏതിരാളിയുടെ രാജാവ് ആക്രമിക്കപെടുമ്പോൾ "ഷാഹ്!" (Shāh) (പേർഷ്യനിൽ "രാജാവ്") എന്നും ഏതിരാളിയുടെ രാജാവിന് ആക്രമണത്തിൽ നിന്ന് രക്ഷപെടാൻ കഴിയാത്ത അവസ്ഥയിൽ "ഷാഹ് മറ്റ്!" (Shāh Māt!) (പേർഷ്യനിൽ "രാജാവ് നിസ്സഹായ അവസ്ഥയിൽ" - ചെക്ക്മേറ്റ് കാണുക) എന്നും കളിക്കാർ വിളിക്കാനും തുടങ്ങി. ചെസ്സിൽ, ഇത്തരം പ്രയോഗങ്ങളൊക്കെ നിലനിൽക്കുകയും മറ്റുദേശങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു.
പേർഷ്യയിലെ ഇസ്ലാമിക അധിനിവേശത്തിനുശേഷം, മുസ്ലീം ലോകം കളിയുടെ വ്യാപനം ഏറ്റെടുക്കുകയും കരുക്കളിലെ പേർഷ്യൻ നാമങ്ങൾ വലിയയൊരളവിൽ നിലനിർത്തുകയും ചെയ്തു. വടക്കേ ആഫ്രിക്കയിലെ മൂറുകൾ പേർഷ്യനിലെ "ഷത്രഞ്ജ്" (shatranj) എന്നതിനെ "shaṭerej" ആക്കി മാറ്റി. പീന്നിട് സ്പാനിഷിൽ acedrex, axedrez, ajedrez എന്നിങ്ങനെയും, പോർച്ചുഗീസിൽ xadrez എന്നും, ഗ്രീക്കിൽ zatrikion എന്നും അറിയപ്പെടാൻ തുടങ്ങി. എന്നാൽ, യൂറോപ്പിലെ മറ്റു ഭാഗങ്ങളിലെല്ലാം പ്രചാരത്തിലായത് പേർഷ്യനിലെ ഷാഹ് (shāh - രാജാവ്) ആണ്. അങ്ങനെ, ലാറ്റിനിൽ ludus scacchorum അഥവാ scacc(h)i എന്നും, ഇറ്റാലിയനിൽ scacchi എന്നും, കറ്റാലനിൽ escacs എന്നും ഫ്രഞ്ചിൽ échecs (പഴയ ഫ്രഞ്ചിൽ eschecs) എന്നും, ഡച്ചിൽ schaken എന്നും, ജർമ്മനിൽ Schach എന്നും, പോളിഷിൽ szachy എന്നും, ലാത്വിയനിൽ šahs എന്നും, ഡാനിഷിൽ skak എന്നും, നോർവിജീയനിൽ sjakk എന്നും,, സ്വീഡീഷിൽ schack എന്നും, ഫിന്നിഷിൽ šakki എന്നും, തെക്കൻ സ്ലാവിക് ഭാഷകളിൽ šah എന്നും, ഹംഗറിയനിൽ sakk എന്നും, റൊമാനിയനിൽ şah എന്നും പേരുകൾ വന്നു. ഇങ്ങനെ പേരു മാറ്റം വരാനായി രണ്ടു കാരണങ്ങളാണ് പൊതുവെ ചൂണ്ടി കാണിയ്ക്കപ്പെടുന്നത്:
പേർഷ്യനിലെ "ഷത്രഞ്ജ്" (shatranj) എന്നതിൽ നിന്ന്, മംഗോളിയർ ഈ കളിയെ shatar എന്നും, ഏത്യാപ്യക്കാർ senterej എന്നും വിളിയ്ക്കപ്പെട്ടു.
മദ്ധ്യപൂർവ്വേഷ്യയിൽ നിന്ന് നേരിട്ടുതന്നെ ചെസ്സ് റഷ്യയിലെത്തുകയും റഷ്യനിൽ шахматы (shakhmaty, അർത്ഥം "ചെക്ക്മേറ്റുകൾ", ബഹുവചനം മാത്രമുള്ള ഒരു പദം) എന്ന് അറിയപ്പെടാൻ തുടങ്ങി.
ഒമ്പതാം നൂറ്റാണ്ടിന്റെ ആദ്യം തന്നെ, ചുരുങ്ങിയത് 3 വഴിമാർഗ്ഗങ്ങളിലൂടെയെങ്കിലും പടിഞ്ഞാറൻ യൂറോപ്പിലേയ്ക്കും റഷ്യയിലേയ്ക്കും കളിയുടെ വ്യാപനം എത്തപ്പെടുകയും, ആയിരമാണ്ടായതോടുകൂടി യൂറോപ്പ് മുഴുവൻ ചെസ്സ് വ്യാപിയ്ക്കുകയും ചെയ്തു[11]. പത്താം നൂറ്റാണ്ടിൽ, മൂറുകൾ ഈ കളിയെ ഐബീരിയൻ ഉപഭൂഖണ്ഡത്തിലേയ്ക്കു വ്യാപിപ്പിച്ചുവെന്ന്, പതിമൂന്നാം നൂറ്റാണ്ടിൽ രചിയ്ക്കപ്പെട്ട Libro de los juegos (ഷത്രഞ്ജ്, ബാക് ഗാമോൺ, ഡൈസ് എന്നിവയെപറ്റിയുള്ള ഗ്രന്ഥം) എന്ന പുരാതനഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നുണ്ട്. ചെസ്സ് ലോകം മുഴുവൻ വ്യാപിക്കുകയും പലവിധത്തിലുള്ള വകഭേദങ്ങളും രൂപമെടുക്കാൻ തുടങ്ങുകയും ചെയ്തു.[12] ബുദ്ധമതസ്ഥരായ തീർത്ഥാടകരും പട്ടുപാതയിലെ വ്യാപ്യാരികളും മറ്റുള്ളവരും ഈ കളിയെ ഏഷ്യയുടെ കിഴക്കൻ ദേശങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുകയും കള്ളിയിൽ കളിയ്ക്കുന്നതിനു പകരം രേഖകൾ ഖണ്ഡിക്കുന്ന ബിന്ദുവിൽ കരുക്കൾ വച്ചു കളിക്കുകയെന്നു തുടങ്ങിയ മാറ്റങ്ങൾ അവിടങ്ങളിൽ സംഭവിക്കുകയും ചെയ്തു.[12][13] ചതുരംഗം യൂറോപ്പിലെത്തിയത് പേർഷ്യയിലൂടെ ബൈസന്റൈൻ സാമ്രാജ്യം, അറേബ്യൻ സാമ്രാജ്യം എന്നിവയിലൂടെയാണ്.[14] വടക്കേ ആഫ്രിക്ക, സിസിലി, ഐബീരിയ എന്നിവിടങ്ങളിലേക്ക് മുസ്ലിങ്ങളാണ് പത്താം നൂറ്റാണ്ടോടെ കളിയെത്തിച്ചത്.[12]
യൂറോപ്പിൽ വെച്ച് കളിയ്ക്ക് മികച്ച പുരോഗതി കൈവരിച്ചു. പതിനഞ്ചാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ, കളിയ്ക്ക് നിരവധി പ്രതിബന്ധങ്ങളെ തരണം ചെയ്യേണ്ടി വന്നെങ്കിലും ക്രിസ്ത്യൻ മിഷണറിന്മാർ ആധുനിക ചെസ്സിനെ പരുവപ്പെടുത്താനുള്ള ഉദ്യമം ഏറ്റെടുത്തു.[15] ആധുനിക കാലഘട്ടത്തിന്റെ പിറവിയോടെ വിശ്വസീനമായ അവലംബ സൃഷ്ടികൾ,[16] മത്സരബുദ്ധിയോടെയുള്ള ചെസ്സ് ടൂർണമെന്റുകൾ,[17] ത്രസിപ്പിക്കുന്ന നൂനതമായ വകഭേദങ്ങൾ എന്നിവയുടെയെല്ലാം ആവിർഭാവം പ്രകടമായി. ഈ ഘടകങ്ങളെല്ലാം ചെസ്സിന്റെ ജനപ്രീതിയ്ക്ക് കാരണമായി.[17] പീന്നീട് വന്ന വിശ്വസനീയമായ സമയ നിയന്ത്രണ സംവിധാനങ്ങൾ (1861-ൽ പ്രചാരത്തിലായി), ഫലപ്രദമായ നിയമങ്ങൾ,[17] പ്രതിഭാശാലികളായ കളിക്കാർ[18] എന്നിവയെല്ലാം ചെസ്സിന്റെ വളർച്ചയ്ക്ക് ആക്കം കൂട്ടി.
ആറാം നൂറ്റാണ്ടോടെ, ഭാരതത്തിലാണ് ആധുനികചെസ്സിന്റെ പൂർവികരൂപമായി കരുതുന്ന ചതുരംഗം രൂപം കൊണ്ടത്. വ്യത്യസ്ത കരുക്കൾക്ക് വ്യത്യസ്ത ശക്തി (ചെക്കർസിലും ഗോയിലും ഇങ്ങനെയല്ല), ഒരു കരുവിന്റെ നിലയെ മാത്രം ആശ്രയിച്ചിരിക്കുന്ന ജയം (ആധുനികചെസ്സിലെ രാജാവിനെ പോലെ) എന്നീ പ്രത്യേകതകളോടെയുള്ള എല്ലാ ചെസ്സ് വകഭേദങ്ങളുടെയും ആദ്യകളിരൂപവും ഇതുതന്നെയാണ്.[12] കുപ്രസിദ്ധമായ ഗോതമ്പുമണികളും ചെസ്സ് കളവുമെന്ന പ്രശ്നത്തിൽ വളരെ ഗണിതാത്മകമായി തന്നെ ചെസ്സ്കളത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. പൂജ്യം കണ്ടെത്തിയ ഭാരതീയ ഗണിതശാസ്ത്രപ്രബുദ്ധതതന്നെയാണ് ഭാരതീയ ചെസ്സിന്റെയും അതു കളിക്കുന്ന കളത്തിന്റെയും സൃഷ്ടിയ്ക്ക് നിദാനമായതെന്ന് പൊതുവെ കരുതപ്പെടുന്നു.[10] പുരാവസ്തുശാസ്ത്രപരമായ കണ്ടെത്തലുകൾ പ്രകാരം, ചതുരംഗത്തിലെ കരുക്കളെല്ലാം വന്നത് നൂറോ, അതിലധികമോ കള്ളികളിൽ കളിക്കുന്ന, ഏതോ അകന്ന ബന്ധമുള്ള ബോർഡ് കളിയിൽ നിന്നാണ്.[12] സിന്ധു നദീതടസംസ്കാര പ്രദേശങ്ങളായിരുന്ന (2600–1500 ബി.സി.ഇ.) മോഹൻജൊ ദാരോയിലെയും ഹരപ്പയിലെയും ശേഷിപ്പുകൾ, ചെസ്സിനു സമാനമായ ഒരു ബോർഡ് കളി ഉണ്ടായിരുന്നുവെന്നതിന്റെ സൂചന നൽകുന്നു. [19]
അഷ്ടപദ (സംസ്കൃതത്തിൽ എട്ടു കാലടികളോടെയുള്ളത്, അതായത് 8x8 രീതിയിൽ കള്ളികളുള്ള ഒരു ബോർഡ്) എന്ന പലകയിൽ കളിക്കുന്ന രീതിയിലായിരുന്നു ചതുരംഗം രൂപകല്പന ചെയ്തിരുന്നത്. ചതുരംഗത്തിനു മുമ്പേ തന്നെ, ബാക് ഗാമോൺ പോലെയുള്ള ഒരു തരം ഡൈസ് കളികൾക്കായി (ദക്ഷിണേന്ത്യയിൽ പ്രചാരത്തിലുള്ള, വശത്തിന്റെ മദ്ധ്യത്തിൽനിന്ന് കളി തുടങ്ങുകയും പീന്നിട് കളം ചുറ്റി കൊണ്ട് മദ്ധ്യത്തിൽ എത്തുന്ന കവടികളി പോലെയുള്ള കളിയായിരിക്കാം)[20]അഷ്ടപദ ഉപയോഗിച്ചിരുന്നതായി അനുമാനിക്കുന്നു. ചെക്കർ രീതിയിലല്ലാത്ത, 8x8 രീതിയിലുള്ള അഷ്ടപദയാണ് ചതുരംഗം കളിക്കാനായി ഉപയോഗിച്ചിരുന്ന പ്രധാന കളിക്കളം.[21] മറ്റു കളങ്ങളായിരുന്ന 10x10 രീതിയിലുള്ള ദശപദ, 9x9 രീതിയിലുള്ള സതുരംഗം എന്നിവയും ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്നു.[21] ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന പരമ്പരാഗതമായ ചെസ്സ്ബോർഡുകളിലെല്ലാം a1 a4 a5 a8 d1 d4 d5 d8 e1 e4 e5 e8 h1 h4 h5 h8 എന്നീ കള്ളികളിലെല്ലാം X അടയാളങ്ങളുണ്ടായിരുന്നു. ചതുരംഗം കണ്ടുപിടിക്കുന്നതിനു മുമ്പേ, അഷ്ടപദയിൽ കളിച്ചിരുന്ന, കവടികളി പോലെയുള്ള ചില ഡൈസ് കളികളിൽ, X അടയാളമുള്ള കള്ളികളെല്ലാം വെട്ടൽ ഒഴിവാക്കപ്പെട്ടിരുന്ന "സുരക്ഷിതകേന്ദ്രങ്ങൾ" (കവടികളിയിൽ "അമ്പലം") ആയിരുന്നു.[20]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.