1890-കളിലെ കുടിയേറ്റം From Wikipedia, the free encyclopedia
ക്ലോണ്ടിക് ഗോൾഡ് റഷ്[n 1] എന്നറിയപ്പെടുന്നത് 1896-നും 1899-നും ഇടയ്ക്കുള്ള കാലഘട്ടത്തിൽ വടക്കുപടിഞ്ഞാറൻ കാനഡയിലെ യൂക്കോണിലുള്ള ക്ലോണ്ടിക് മേഖലയിലേയ്ക്കുള്ള ഏകദേശം 100,000 പേരോളം വരുന്ന ഖനിജാന്വേഷകരുടെ ദേശാന്തരഗമനമാണ്. 1896 ഓഗസ്റ്റ് 16-ന് പ്രാദേശിക ഖനിത്തൊഴിലാളികൾ അവിടെ സ്വർണ്ണനിക്ഷേപം കണ്ടെത്തുകയും ഈ വാർത്ത തൊട്ടുടുത്ത വർഷം സിയാറ്റിൽ, സാൻ ഫ്രാൻസിസ്കോ എന്നിവിടങ്ങളിൽ കാട്ടുതീപോലെ പടർന്നുപിടിക്കുകയും ഇവിടേയ്ക്ക് ഖനിജാന്വേഷകരുടെ തള്ളിക്കയറ്റത്തിനു കാരണമായിത്തീരുകയും ചെയ്തു. ഗോൾഡ് റഷിന്റെ ഫലമായി ചിലർ സമ്പന്നരായിത്തീരുകയും ഭൂരിഭാഗംപേരുടേയും പ്രയത്നം വൃഥാവിലാകുകയും ചെയ്തു. ഫോട്ടോഗ്രാഫുകൾ, പുസ്തകങ്ങൾ, സിനിമകൾ, കലാശിൽപങ്ങൾ എന്നിവയിലൂടെ ഈ സംഭവം അനശ്വരമായിത്തീർന്നു.
ക്ലോണ്ടിക് ഗോൾഡ് റഷ് | |
---|---|
Other names | Alaska Gold Rush, Yukon Gold Rush |
Centre | Dawson City at Klondike River, Yukon, Canada |
Duration | 1896–99 (stampede: 1897–98) |
Discovery | August 16, 1896, Bonanza Creek |
Discoverers | George Carmack and Skookum Jim |
Prospectors | 100,000 of whom 30,000 arrived |
Routes | Dyea/Skagway route and others |
Legacy | The Call of the Wild, The Gold Rush |
സ്വർണപ്പാടങ്ങളിലേയ്ക്ക് എത്തുന്നതിനായി കൂടുതൽ ആളുകളും ആശ്രയിച്ചത് തെക്കുകിഴക്കൻ അലാസ്കയിലെ ഡൈയ, സ്കാഗ്വേ തുടങ്ങിയ തുറമുഖങ്ങളിലൂടെയുള്ള നാവികയാത്രയായിരുന്നു. ഇവിടെനിന്ന്, ക്ലോണ്ടിക് ഖനിജാന്വേഷകർ ചിൽക്കൂട്ട് അല്ലെങ്കിൽ വൈറ്റ് പാസ് വഴിത്താരകളിലൂടെ യൂക്കോൺ നദിയിലേയ്ക്കും തുടർന്നു ജലയാത്രനടത്തി ക്ലോണ്ടിക്കിലെത്തുകയുമായിരുന്നു ചെയ്തിരുന്നത്. പട്ടിണിയെ പ്രതിരോധിക്കുവാൻ ഓരോരുത്തരും കനേഡിയൻ അധികാരികൾ വിതരണം ചെയ്തിരുന്ന ഒരു വർഷത്തേയ്ക്കുള്ള ഭക്ഷ്യധാന്യങ്ങൾ കരസ്ഥമാക്കി കൊണ്ടുവരേണ്ട ആവശ്യകതയുണ്ടായിരുന്നു. എല്ലാറ്റിനുമുപരി അവരുടെ ഉപകരണങ്ങളുടെ ഭാരം മാത്രം ഏകദേശം ഒരു ടണ്ണിനടുത്തുവരുമായിരുന്നു. ഈ ഉപകരണങ്ങൾ ഘട്ടം ഘട്ടമായുള്ള പ്രവർത്തനത്തിലൂടെ സ്വയം കൊണ്ടുപോകേണ്ടിയിരുന്നു. പർവതപ്രദേശങ്ങളും തണുത്ത കാലാവസ്ഥയും പ്രതിസന്ധികൾ സൃഷ്ടിച്ചതോടെ, അവിടെ എത്തിച്ചേരണമെന്നുദ്ദേശിച്ചു പുറപ്പെട്ടവർക്ക് 1898-ലെ വേനൽക്കാലം വരെയും അവിടെ എത്തിച്ചേരാൻ സാധിച്ചിരുന്നില്ല. അതിനകം എത്തിച്ചേർന്നവർക്കുതന്നെ വളരെ കുറച്ച് അവസരങ്ങൾ മാത്രമേ കണ്ടെത്തുവാൻ സാധിച്ചുള്ളു, പലരും നിരാശരായി മടങ്ങിപ്പോകുകയും ചെയ്തു.
അയിരുകൾ അവിടവിടെയായി വ്യാപിച്ചുകിടന്നതിനാലും ജലത്തിന്റെ ഖരാങ്കത്തിനു താഴെ ഊഷ്മാവിലുള്ള മണ്ണായതിനാലും ഖനനം കടുത്ത വെല്ലുവിളി ഉയർത്തുകയും മന്ദഗതിയിലാക്കുകയും ചെയ്തു. തത്ഫലമായി, ചില ഖനിത്തൊഴിലാളികൾ ഭൂമിയുടെ അവകാശം വാങ്ങാനും വിൽക്കുവാനും തീരുമാനിച്ച് വൻ നിക്ഷേപങ്ങൾ നടത്തുകയും മറ്റുള്ളവരെ ജോലി ചെയ്യാൻ അനുവദിക്കുകയും ചെയ്തു. ഖനിജാന്വേഷകരെ ഉൾക്കൊള്ളാനായി, ഇവിടേയക്കുള്ള പാതയിലുടനീളം പട്ടണങ്ങൾ ഉദിച്ചുയരുകയും ഒടുവിൽ ക്ലോണ്ടിക്കിന്റേയും യൂകോൺ നദിയുടെയും സംഗമസ്ഥാനത്ത് ഡാവ്സൺ പട്ടണം സ്ഥാപിതമാകുന്നതിലേയ്ക്കു കാര്യങ്ങൾ എത്തുകയും ചെയ്തു. 1896-ലെ 500-മാത്രം ജനസംഖ്യയുണ്ടായിരുന്ന ഈ പട്ടണം 1898 ആയപ്പോഴേയ്ക്കും ഏകദേശം 30,000 ത്തോളം ആളുകൾ താമസിക്കുന്ന വലിയ പട്ടണമായി മാറി. മരങ്ങളാൽ നിർമ്മിക്കപ്പെട്ട വീടുകൾ, പട്ടണത്തിന്റെ ഒറ്റപ്പെട്ട നിലനിൽപ്പ്, ശുചിത്വമില്ലായ്മ തുടങ്ങിയവയാൽ ഇവിടെ തീപ്പിടുത്തം, ഉയർന്ന വില, പകർച്ചവ്യാധികൾ എന്നിവയാൽ ആളുകൾ കഷ്ടപ്പെട്ടിരുന്നു. ഇതുകൂടാതെ, അതിസമ്പന്നരായ ഖനിജാന്വഷകർ ചൂതാട്ടം നടത്തുകയും സലൂണുകളിൽ മദ്യപാനം നടത്തി അമിതവ്യയം ചെയ്തിരുന്നു. മറുവശത്ത് തദ്ദേശീയ ഹാൻ ജനത ഈ കൂട്ടപ്പാച്ചിലിന്റെ അനന്തരഫലമായി ക്ലേശങ്ങൾ അനുഭവിക്കുകയും കൂട്ടപ്പാച്ചിലുകാർക്കു വഴിയൊരുക്കുവാനായി റിസർവിലേക്കു പിന്തള്ളപ്പെടുകയും അനേകർ മരിച്ചുവീഴുകയും ചെയ്തു.
1898 മുതൽ, ക്ലോണ്ടിക്കിലേയ്ക്കു സഞ്ചരിക്കുവാൻ അനേകം ആളുകൾക്കു പ്രചോദനം നൽകിയ പത്രങ്ങൾക്ക് പിന്നീട് അതിൽ താത്പര്യം നഷ്ടപ്പെട്ടു. 1899-ലെ വേനൽക്കാലത്ത്, പടിഞ്ഞാറൻ അലാസ്കയിലെ നോമിനു ചുറ്റുപാടുമായി സ്വർണ്ണം കണ്ടെത്തിയിരുന്നു. ധാരാളം ഖനിജാന്വേഷകർ പുതിയ സ്വർണ്ണപ്പാടങ്ങളിലെത്തുന്നതിനായി ക്ലോണ്ടെക് ഉപേക്ഷിച്ചതടോെ ഗോൾഡ് റഷിന് അന്ത്യംകുറിച്ചു. കുതിച്ചുയർന്ന പട്ടണങ്ങൾ ക്രമേണ ക്ഷയിക്കുകയും ഡാവ്സൺ പട്ടണത്തിലെ ജനസംഖ്യയിൽ ഇടിവു സംഭവിക്കുകയും ചെയ്തു. എന്നിരുന്നാലും സ്വർണ്ണ ഖനന പ്രവർത്തനങ്ങൾ 1903 വരെ നീണ്ടുനിന്നു. വലിയ ഉപകരണങ്ങൾ പ്രദേശത്തേയ്ക്ക് എത്തിച്ചതോടെ ഉൽപ്പാദനം ഉൽപ്പാദനം ഉയർന്നു. പിന്നീട് അന്നുമുതൽ ക്ലോണ്ടിക്കിൽ ഖനനം ഇടിവിട്ടു നടന്നിരുന്നു. ഇന്ന് ഈ ഖനന പാരമ്പര്യം വിനോദസഞ്ചാരികളെ ഈ മേഖലയിലേക്ക് ആകർഷിക്കുകയും പ്രദേശത്തിന്റെ അഭിവൃദ്ധിക്കു സഹായകമാവുകയും ചെയ്യുന്നു.
വടക്കുപടിഞ്ഞാറൻ അമേരിക്കയിലെ തദ്ദേശീയ ജനത ഇവിടേയ്ക്കുള്ള യൂറോപ്യൻ വ്യാപനത്തിനു മുൻപുതന്നെ ചെമ്പു കട്ടികൾ വ്യാപാരം ചെയ്തിരുന്നു. ഈ മേഖലയിൽ സ്വർണ്ണത്തിന്റെ സാന്നിദ്ധ്യമുണ്ടെന്ന് ഭൂരിഭാഗം ഗോത്രക്കാർക്കും അറിയാമായിരുന്നുവെങ്കിലും ഈ ലോഹത്തിന്റെ മൂല്ല്യത്തെക്കുറിച്ച് അവർക്ക് ഗ്രാഹ്യമുണ്ടായിരുന്നില്ല. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ യൂക്കോണിൽ പര്യവേക്ഷണം നടത്തിയിരുന്ന റഷ്യക്കാരും ഹഡ്സൺസ് ബേ കമ്പനിയുമൊക്കെ സ്വർണത്തിന്റെ കിംവദന്തികൾ അവഗണിക്കുകയും പെട്ടെന്നു ലാഭമുണ്ടാക്കാവുന്ന രോമ വ്യവസായത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.[1][n 2]
പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ, അമേരിക്കക്കാരായ ധാതുദ്രവ്യഖനനസാദ്ധ്യത തേടുന്നവർ ഈ പ്രദേശത്തേക്ക് വ്യാപിക്കുവാൻ തുടങ്ങി. തദ്ദേശീയ ട്ലിൻഗിറ്റ്, ടാഗ്ഷ് ഗോത്രങ്ങളുമായി ആദ്യകാല ഖനിജാന്വേഷകർ ഇടപാടുകൾ നടത്തുകയും ചിൽകൂട്ട്, വൈറ്റ് പാസ് എന്നീ പ്രധാന വഴിത്താരകൾ തുറക്കുകയും 1870 നും 1890 നും ഇടയിൽ യൂക്കോൺ താഴ്വരയിലെത്തുകയും ചെയ്തു. ഇവിടെ അവർ യുകോൺ, ക്ലോണ്ടെക് നദിയോരങ്ങളിലായി ജീവിച്ചിരുന്ന അർദ്ധ-നാടോടികളും വേട്ടക്കാരും മീൻപിടുത്തക്കാരുമായ ഹാൻ ജനങ്ങളുമായി കണ്ടുമുട്ടി. ഈ മേഖലയിലെ സ്വർണനിക്ഷേപത്തിന്റെ വ്യാപ്തിയെപ്പറ്റി ഹാൻ ജനങ്ങൾക്ക് കൃത്യമായ ധാരണയുണ്ടായിരുന്നില്ല.
1883 ൽ എഡ് ഷീഫെലിൻ എന്നയാൾ യൂക്കോൺ നദിയോരത്ത് സ്വർണ്ണനിക്ഷേപം കണ്ടെത്തുകയും 1886 ൽ ഫോർട്ടിമൈൽ നദിവരെ നടത്തിയ പര്യവേക്ഷണത്തിൽ ഗണ്യമായ അളവിലുള്ള സ്വർണ്ണ നിക്ഷേപം കണ്ടുപിടിക്കുകയും ഫോർട്ടിമൈൽ പട്ടണം സ്ഥാപിക്കുകയും ചെയ്തു. ഇതേ വർഷം തന്നെ ക്ലോണ്ടിക് നദിക്കരയിൽ സ്വർണ്ണം കണ്ടെത്തിയിരുന്നുവെങ്കിലും ചെറിയ അളവുകളിലായിരുന്നതിനാൽ, യാതൊരു അവകാശവാദവും നടത്തപ്പെട്ടില്ല. 1880-കളുടെ അവസാനകാലത്ത് യുക്കോൺ താഴ്വരയിലൂടനീളം നൂറുകണക്കിന് ഖനിത്തൊഴിലാളികൾ ചെറിയ മൈനിംഗ് ക്യാമ്പുകളിൽ ഹാൻ ജനതയുമായി വ്യാപാരം ചെയ്തുംമറ്റും പ്രവർത്തിച്ചിരുന്നു. അലാസ്കൻ ഭാഗത്തെ അതിർത്തിയിലുള്ള സർക്കിൾ സിറ്റിയെന്ന തടികൊണ്ടുള്ള പട്ടണം 1893 ൽ യൂക്കോൺ നദീതീരത്തു സ്ഥാപിതമായി. മൂന്നു വർഷത്തിനുള്ളിൽ അത് " പാരിസ്ഓഫ് അലാസ്കാ" എന്ന അപരനാമത്തിൽ 1,200 താമസക്കാർ, സൽക്കാര ശാലകൾ, സംഗീതനാടക ശാലകൾ, സ്കൂളുകൾ, ലൈബ്രറികൾ എന്നിവയോടെ വളർന്നു. പ്രശസ്തമായതോടെ 1896-ൽ ചിക്കാഗോ ഡെയിലി റിക്കോർഡിലെ ഒരു ലേഖകൻ ഇവിടം സന്ദർശിക്കാൻ എത്തിയിരുന്നു. വർഷാവസാനത്തോടെക്ലോണ്ടിക്ക് നദിയുടെ ഉപരി ഭാഗത്ത് വലിയ സ്വർണ്ണനിക്ഷേപം കണ്ടെത്തിയതോടെ ഇത് ഒരു പ്രേതനഗരമായി മാറി.
1896 ഓഗസ്റ്റ് 16-ന് ഒരു അമേരിക്കൻ ഖനിജാന്വേഷകനായിരുന്ന ജോർജ്ജു കാർമാക്ക്, അദ്ദേഹത്തിന്റെ ടാഗീഷ് വംശജയായ ഭാര്യ കേറ്റ് കാർമാക്ക് (ഷാവ് ട്ലാ), അവരുടെ സഹോദരൻ സ്കൂകു (കെയ്ഷ്), അവരുടെ അനന്തരവൻ ഡാവ്സൺ ചാർലി (കാ ഗൂക്സ്) എന്നിവർ ക്ലോണ്ടിക് നദിയുടെ തെക്കുഭാഗത്തുകൂടി ഒരു യാത്ര നടത്തിയിരുന്നു. കാനഡാ സ്വദേശിയായ ഒരു ഖനിജാന്വേഷകന്റെ നിർദ്ദേശത്തെ തുടർന്ന് അവർ ആദ്യം ബൊനാൻസാ ക്രീക്കിലും പിന്നീട് ക്ലോണ്ടിക് നദിയുടെ പോഷകനദികളിലൊന്നായ റാബിറ്റ് ക്രീക്കിലും സ്വർണ്ണം തിരഞ്ഞു. ജോർജ് കാർമാക്ക്, സ്കൂകും ജിം എന്നിവരിൽ ആരാണു സ്വർണ്ണം കണ്ടെത്തിയതെന്ന കാര്യം വ്യക്തമല്ല. എന്നാൽ ജോർജ് കാർമാക്കിനെ ഔദ്യോഗികമായി സ്വർണ്ണം കണ്ടെത്തിയ ആൾ എന്ന നിലയിൽ മുന്നോട്ടുവരുന്നതിനെ ഈ സംഘം അംഗീകരിച്ചു. കാരണം, ഖനന അധികാരികൾ തദ്ദേശീയനായ ഒരു വ്യക്തിയുടെ അവകാശവാദം അംഗീകരിക്കുന്നതിൽ താത്പര്യപ്പെടുകയില്ലെന്ന അവർ ഭയന്നിരുന്നു.
ഏത് സാഹചര്യത്തിലും വലിയ അളവിൽ നദിയിലുടനീളം സ്വർണ്ണനിക്ഷേപം ഉണ്ടായിരുന്നു. നദിയോരത്ത് ഉടമയ്ക്കു പിന്നീട് നിയമപരമായി ഖനനം ചെയ്യാവുന്ന തരത്തിൽ കാർമക്ക് നാലു ഖനനാവകാശ പ്രദേശങ്ങൾ അളന്നു. ഇതിൽ രണ്ടെണ്ണം തനിക്കും (ഒന്ന് സ്വാഭാവിക അവകാശം, രണ്ടാമത്തേത് സ്വർണ്ണം കണ്ടെത്തിയതിന്റെ പ്രതിഫലം) ഒരുഭാഗം ജിമ്മിനും ചാർലിക്കും ഉൾപ്പെടെയുള്ള ഖനനാവകാശമായിരുന്നു ഇത്. പിറ്റേന്നുതന്നെ അവകാശവാദം ഫോർട്ടിമൈൽ നദീമുഖത്തുള്ള പോലീസ് പോസ്റ്റിൽ രജിസ്റ്റർ ചെയ്തു. യൂകോൺ നദീതടത്തിലെ മറ്റു ഖനന ക്യാമ്പുകളിലേക്ക് ഈ വാർത്ത അതിവേഗം പ്രചരിച്ചു.
ആഗസ്റ്റ് അവസാനത്തോടെ ബൊനാൻസാ ക്രീക്ക് മുഴുവനായും ഖനനക്കാർ അവകാശവാദമുന്നയിക്കുകയായിരുന്നു. പിന്നീട് ഒരു ഖനിജാന്വേഷകൻ ബൊനാൻസാ ക്രീക്കിന്റെ പോഷക അരുവിയായ എൽഡോറാഡോ ക്രീക്കിലേയ്ക്കു മുന്നേറ്റം നടത്തി. അവിടെ അദ്ദേഹം സ്വർണ്ണത്തിന്റെ പുതിയ ഉറവിടങ്ങൾ കണ്ടെത്തുകയും അത് ബൊനാൻസയിൽ ഉണ്ടായിരുന്നതിനേക്കാൾ പതിന്മടങ്ങായിരുന്നുവെന്നു തെളിയിക്കപ്പെട്ടു. ഖനിക്കാർക്കിടയിലും ഊഹക്കച്ചവടക്കാർക്കിടയിലുമായി ഖനാനാവകാശങ്ങളുടെ മതിപ്പുവിലയ്ക്ക് വില്പനയാരംഭിച്ചിരുന്നു. ക്രിസ്തുമസ്സിന് തൊട്ടുമുമ്പ്, സ്വർണത്തിന്റെ വാർത്ത സർക്കിൾ സിറ്റിയിലെത്തി. ശൈത്യകാലത്തംവകവയ്ക്കാതെ ധാരാളം ഖനിജാന്വേഷകർ ഉടനടി സർക്കിൾ സിറ്റി വിടുകയും ഏറ്റവും മികച്ച ഖനനാവകാശം നേടിയെടുക്കുവാൻ ഉടനെ ക്ലോണ്ടെക്കിലെത്തുവാനുള്ള അഭിവാഞ്ജയോടെ നായ്ക്കൾ വലിക്കുന്ന ഹിമശകലത്തിലേറി ക്ലോണ്ടെക്കിലേയ്ക്കു യാത്രതിരിച്ചു. പുറംലോകത്തുനിന്നുള്ള കൂടുതലാളുകളും അപ്പോഴും വാർത്തകളെക്കുറിച്ച് അജ്ഞരായിരുന്നു. എന്നിരുന്നാലും കനേഡിയൻ ഉദ്യോഗസ്ഥർ ഒട്ടവയിലെ അവരുടെ മേലധികാരികൾക്ക് ഈ കണ്ടെത്തലിനെക്കുറിച്ചും ഖനിജാന്വേഷകരുടെ പ്രവാഹത്തെക്കുറിച്ചും ഒരു സന്ദേശം അയയ്ക്കാൻ ശ്രദ്ധിച്ചിരുന്നുവെങ്കിലും സർക്കാർ അത് കാര്യമായി ശ്രദ്ധിച്ചില്ല. ശീതകാലം നദിയിലൂടെയുള്ള ഗതാഗതത്തെ തടയുകയും 1897 ജൂൺ മാസത്തിനുശേഷം പുതുതായി ഖനനം ചെയ്ത സ്വർണ്ണനിക്ഷേപങ്ങളും കണ്ടുപിടിത്തങ്ങളുടെ പൂർണ്ണ കഥയുമായി ആദ്യ ബോട്ടുകൾ കടന്നുപോയി.
ക്ലോണ്ടിക് കൂട്ടപ്പാച്ചിലിൽ ഒരു ലക്ഷത്തോളം ആളുകൾ ക്ലോണ്ടെക് സ്വർണ്ണപ്പാടങ്ങളിലേയ്ക്ക് എത്തിച്ചേരാൻ ശ്രമിച്ചതായി കണക്കുകൂട്ടപ്പെടുന്നു, ഇതിൽ 30,000 മുതൽ 40,000 വരെ പേർക്കു മാത്രമേ ഈ ഉദ്യമത്തിൽ വിജയിക്കുവാൻ സാധിച്ചുള്ളു. 1897 ലെ വേനൽക്കാലം മുതൽ 1898 ലെ വേനൽക്കാലം വരെ ക്ലോണ്ടിക് സ്വർണ്ണവേട്ട അതിന്റെ പാരമ്യതയിൽ നിൽക്കുന്ന കാലമായിരുന്നു. സാൻ ഫ്രാൻസിസ്കോയിൽ 1897 ജൂലൈ 15 നാണ് അത് ആരംഭിച്ചത്. പിന്നീട് രണ്ടു ദിവസത്തിനുശേഷം സിയാറ്റിലിൽ ആരംഭിച്ചു. എക്സെൽഷ്യർ, പോർട്ട്ലാൻഡ് എന്നീ കപ്പലുകളിൽ വലിയ അളവിലുള്ള സ്വർണ്ണവുമായി ആദ്യകാല ഖനിജാന്വേഷകരുടെ ആദ്യസംഘം ക്ലോണ്ടിക്കിൽനിന്നു മടങ്ങിയെത്തിയതിനുശേഷമായിരുന്നു ഇത്. കൊണ്ടുവന്നിരുന്നു. ഈ കപ്പലുകളാൽ മൊത്തം 1,139,000 ഡോളർ (2010 ലെ 1000 മില്യൺ ഡോളറിൻറെ വിലയ്ക്ക് തുല്യമായ) സ്വർണ്ണ ഈ കപ്പലുകളിൽ കൊണ്ടുവന്നതായി പ്രസ് റിപ്പോർട്ടുകൾ രേഖപ്പെടുത്തുന്നു. ഖനിജാന്വേഷകരുടെ കുടിയേറ്റം എഴുത്തുകാരിലും ഛായാഗ്രഹകരുടേയും ഇടയിൽ വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
പെട്ടെന്നുള്ള ഈ ബഹുജന പ്രതികരണത്തിനു പിന്നിൽ പല ഘടകങ്ങളുമുണ്ട്. സാമ്പത്തികമായി, 1890 കളിൽ രാജ്യം സാമ്പത്തിക മാന്ദ്യങ്ങളുടെയും ബാങ്ക് പരാജയങ്ങളുടേയും പരമ്പരകളുടെ ഉത്തുംഗത്തിൽ നിൽക്കുമ്പോഴാണ് ഈ വാർത്ത അമേരിക്കയിൽ എത്തിച്ചേർന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടടുത്ത് കടലാസ് കറൻസിയുടെ മൂല്യത്തിനുമേൽ സ്വർണം അതിവേഗം പിടിമുറുക്കി. 1893 ലെ സംഭ്രാന്തിയ്ക്കും 1896 ലെ സംഭ്രാന്തിയ്ക്കും ഇതു കാരണമായിത്തീരുകയും തൊഴിലില്ലായ്മ സാമ്പത്തിക അനിശ്ചിതത്വം എന്നിവ സൃഷ്ടിക്കുകയും ചെയ്തു. വികസിത രാജ്യങ്ങളിൽ സ്വർണ്ണത്തിന് വലിയൊരു പരിഹാരമില്ലാത്ത ആവശ്യമുണ്ടായിരുന്നു, ക്ലോണ്ടിക്കിലെ കണ്ടുപിടിത്തം ഈ ആവശ്യം നിറവേറ്റുന്നതിനു പര്യാപ്തമായിരുന്നു. വ്യക്തികൾക്ക് ഈ മേഖലയിൽനിന്ന് ഉയർന്ന വേതനം അല്ലെങ്കിൽ സാമ്പത്തിക സുരക്ഷ വാഗ്ദാനം ചെയ്യപ്പെട്ടു.
ഖനിജാന്വേഷകരിൽ അനേകം രാജ്യങ്ങളിൽ നിന്നുള്ളവരുണ്ടായിരുന്നുവെങ്കിലും 60% മുതൽ 80% വരെയുള്ളവർ അമേരിക്കക്കാർ അല്ലെങ്കിൽ അമേരിക്കയിലേയ്ക്കു അടുത്തകാലത്തു കുടിയേറിയവരും ആയിരുന്നു. കൂടുതൽപേരും ഖനന വ്യവസായത്തിൽ യാതൊരു പരിചയവുമില്ലാത്ത ക്ലർക്കു്, സെയിൽസ്മാൻ വിഭാഗത്തിലുള്ളവരായിരുന്നു. ഗോൾഡ് റഷിൽ പങ്കു ചേരുന്നതിനായി ഓഫീസുകളിൽ ജീവനക്കാരുടെ കൂട്ട രാജി വെല്ലുവിളി ഉയർത്തി. സിയാറ്റിലിൽ മേയർ, പന്ത്രണ്ട് പോലീസുകാർ, നഗരത്തിലെ തെരുവു കാർ ഡ്രൈവർമാരുടെ ഒരു വലിയ ശതമാനം എന്നിവർ ഇതിൽ ഉൾപ്പെടുന്നു.
കൂട്ടപ്പായലുകാർക്കിടയിൽ ചില പ്രശസ്തരുമുണ്ടായിരുന്നു: വാഷിങ്ടണിലെ മുൻ ഗവർണറായിരുന്ന ജോൺ മക്ഗ്രോവിനൊപ്പം പ്രമുഖ അഭിഭാഷകനും കായികതാരവുമായിരുന്ന എ. ബാല്ലിയട്ടും ഈ കൂട്ടപ്പാച്ചിലിൽ പങ്കാളിയായിരുന്നു. ആഫ്രക്കയിൽനിന്നുള്ള ഫ്രെഡറിക്ക് ബർഹാം എന്ന അറിയപ്പെടുന്ന അമേരിക്കാരൻ സ്കൗട്ടും പര്യവേക്ഷകനും ഇതിലേയ്ക്ക് എത്തിയെങ്കിലും രണ്ടാം ബോയർ യുദ്ധത്തിൽ പങ്കെടുക്കാൻ തിരിച്ചു വിളിക്കപ്പെട്ടു. ഗോൾഡ് റഷ് രേഖപ്പെടുത്തിയവരിൽ സ്വീഡനിൽ ജനിച്ച ഫോട്ടോഗ്രാഫർ എറിക് ഹെഗ്ഗ്, ചിൽകൂട്ട് പാസിലെ ജനപ്രീതിയാർജ്ജിച്ച ചില ചിത്രങ്ങളെടുത്തിരുന്നു. അതുപോലെ ലേഖകനായിരുന്ന തപ്പൻ അട്നി ഈ വിരണ്ടോട്ടത്തിന്റെ ആദ്യചരിത്രം എഴുതി. പിന്നീട് പ്രശസ്ത അമേരിക്കൻ സാഹിത്യകാരനായിത്തീർന്ന ജാക്ക് ലണ്ടൻ, സ്വർണം തേടിയിറങ്ങിയെങ്കിലും ഈക്കാലത്ത് ഖനിജാന്വേഷകർക്കുവേണ്ടി ജോലി ചെയ്തു പണം സ്വരൂപിച്ചു.
സിയാറ്റിൽ, സാൻ ഫ്രാൻസിസ്കോ നഗരങ്ങൾതമ്മിൽ വ്യവസായത്തിനായി തീക്ഷ്ണമായ മത്സരമുണ്ടാകുകയും വ്യവസായങ്ങളുടെ സിംഹഭാഗവും കയ്യടക്കുന്നതിൽ സിയാറ്റിൽ വിജയിക്കുകയും ചെയ്തു. ഗോൾഡ് റഷിൽ ആദ്യം പങ്കെടുത്തവരിലെ പ്രമുഖരിലൊരാളും സിയാറ്റിലെ മേയറുമായിരുന്ന വില്ല്യം ഡി. വുഡ് തൽസ്ഥാനം രാജിവയ്ക്കുകയും ക്ലോണ്ടിക്കിലേയ്ക്കു ഖനിജാന്വേഷകരെ എത്തിക്കുന്ന ഒരു കമ്പനി രൂപീകരിക്കുകയും ചെയ്തു. ഗോൾഡ് റഷിനെക്കുറിച്ചുള്ള പ്രശസ്തി ബ്രാൻഡഡ് ചരക്കുകളെ മാർക്കറ്റിലെത്തിച്ചു. ക്ലോണ്ടിക്കെയിലേയ്ക്കു സഞ്ചിക്കുന്നവർക്കുള്ള ഉപകരണങ്ങൾ, ഖനനം തുടങ്ങിയ വിഷയങ്ങളിലുള്ള ഉപദേശം സംരംഭത്തിന് ആവശ്യമായ മൂലധനം എന്നിവ പ്രതിപാദിക്കുന്ന ഗൈഡ് ബുക്കുകൾ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. അക്കാലത്തെ പത്രങ്ങൾ ഈ പ്രതിഭാസത്തെ "ക്ലോണ്ടിസിറ്റീസ്" എന്നു വിശേഷിപ്പിച്ചിരുന്നു.
ക്ലോണ്ടിക്കിലേയ്ക്ക് എത്തിച്ചേരാൻ യൂക്കോൺ നദിയിലൂടെ മാത്രമാണു സാധിച്ചിരുന്നത്. വേനൽക്കാലത്ത് യുകോൺ ഡെൽറ്റയിൽ നിന്ന് വൈറ്റ്ഹോർസ് എന്ന ഒരു ബിന്ദു വരെ ക്ലോണ്ടികിനു ഉപരിഭാഗത്തുകൂടി നദിയിലെ ബോട്ടുകൾക്കു സഞ്ചരിക്കുവാൻ സാധിച്ചിരുന്നു. ഭൂമിശാസ്ത്രപരമായ സ്ഥാനവും കാലാവസ്ഥയും കാരണം പൊതുവേ ഗതാഗതം പ്രയാസകരമായിരുന്നു. പർവതപ്രദേശങ്ങളായ ഈ മേഖലയിലെ, നദികൾ കടന്നുപോകാൻ കഴിയാത്തത്ര ദുർഘടങ്ങളാണ്. ഹ്രസ്വമായ വേനൽക്കാലം ചൂടുള്ളതായിരിക്കാം; ഒക്ടോബർ മുതൽ ജൂൺ വരെ നീളുന്ന തണുപ്പുകാലത്ത് താപനില -50 ° C (-58 ° F) വരെ താഴാറുണ്ട്.
യാത്രക്കാർക്ക് അവരുടെ സാധനങ്ങൾ എത്തിക്കുവാൻ വിവിധ മാർഗ്ഗങ്ങൾ ഉണ്ടായിരുന്നു. ചിലർ നായ്ക്കളേയും കുതിരകളെയും കോവർകഴുത അല്ലെങ്കിൽ കാളകളെ ഒപ്പം കൊണ്ടുവന്നിരുന്നു. എന്നാൽ മറ്റുചിലർ പുറത്തു ചുമന്നുകൊണ്ടുവരുകയോ കൈകൊണ്ടു വലിക്കാവുന്ന ഹിമശകളങ്ങൾ ഉപയോഗിക്കുകയോ ചെയ്തിരുന്നു. 1897 ൽ വിരണ്ടോട്ടം ആരംഭിച്ചതിനു ശേഷം, കനേഡിയൻ അധികാരികൾ യുകോൺ പ്രദേശത്ത് പ്രവേശിക്കുന്നതിനുള്ള നിയമങ്ങൾ കൊണ്ടുവരുകയും ചെയ്തു. ഇവിടെ പ്രവേശിക്കുന്നവർ ഒരു വർഷത്തെ ഉപയോഗത്തിനുള്ള ഭക്ഷ്യവസ്തുക്കൾ കൈവശം വയ്ക്കേണ്ടാതാണെന്നു ഈ നിയമം അനുശാസിച്ചു. സാധാരണയായി ഇത് 1,150 പൗണ്ട് (520 കിലോഗ്രാം ഭാരം) ആയിരുന്നു. ഇതേസമയം ക്യാമ്പിംഗ് ഉപകരണങ്ങൾ, പണിയായുധങ്ങൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവകൂടി ഉൾപ്പെടുത്തിയാൽ ഒരു സാധാരണ ക്ലോണ്ടിക് യാത്രക്കാരൻ ഒരു ടൺ ഭാരത്തിനു മുകളിൽ എത്തിക്കുകയായിരുന്നു ചെയ്തിരുന്നത്. പ്രാഥമികായി ആവശ്യമുള്ള മൃഗങ്ങളുടെ വില ഉയർന്നുവന്നു; Dyea ൽ മോശം ഗുണനിലവാരമുള്ള കുതിരകളെ പോലും അക്കാലത്ത് 700 ഡോളറിനു (ഇന്നത്തെ19,000 ഡോളർ) വിൽക്കാനോ അല്ലെങ്കിൽ ഒരു ദിവസം $ 40 ($ 1,100) വാടകയ്ക്കെടുക്കാനാകമായിരുന്നുള്ളൂ.
സിയാറ്റിലിൽനിന്നോ അല്ലെങ്കിൽ സാൻ ഫ്രാൻസിസ്കോയിൽ നിന്നോ ഖനിജാന്വേഷകർക്ക് കടൽമാർഗ്ഗം അലാസ്ക തുറമുഖങ്ങളിലേക്ക് യാത്ര ചെയ്യാൻ സാധിക്കുമായിരുന്നു. തീരത്തിലേയ്ക്കു നയിക്കുന്ന വഴി ഇപ്പോൾ ഇൻസൈഡ് പാസേജ് എന്ന് വിളിക്കപ്പെടുന്നു. ഇത് ഡൈയ, സ്കാഗ്വേ എന്നിവിടങ്ങളിലെ തുറമുഖങ്ങളിലേക്കും വഴിത്താരകൾക്കു സമീപസ്ഥമായ തുറമുഖങ്ങളിലേക്കു നയിച്ചിരുന്നു. പെട്ടെന്നുണ്ടായ വർദ്ധിച്ച ആവശ്യകത, പഴയ പാഡിൽ വീലറുകളും, മത്സ്യബന്ധന ബോട്ടുകളും ബാർജുകളും, കൽക്കരിപ്പൊടി നിറഞ്ഞ കൽക്കരി കപ്പലുകളും വ്യാപകമായി സർവ്വീസ് നടത്തുവാൻ കാരണമായി. ഇവയിൽ പലതും അമിതഭാരത്താൽ മുങ്ങിപ്പോകുകയും ചെയ്തിരുന്നു.
ക്ലോണ്ടിക്കിലേക്ക് മുഴുവൻ ദൂര ജലയാത്ര നടത്തുവാനും സാധിക്കുമായിരുന്നു, സിയാറ്റിലിൽനിന്നു ആരംഭിക്കുന്ന ഈ യാത്ര വടക്കൻ ശാന്തസമുദ്രത്തിനു കുറുകേകൂടി അലാസ്കൻ തീരത്തേയ്ക്കുള്ളതായിരുന്നു. യൂക്കോൺ അഴിമുഖത്തു സ്ഥിതിചെയ്യുന്ന സെന്റ് മൈക്കേളിലെത്തുന്ന ഖനിജാന്വേഷകരെ ബാക്കി ദൂരം താണ്ടുന്നതിനായി പിന്നീട് ഒരു ബോട്ടുമാർഗ്ഗം ഡൌസണിലേയ്ക്കു നയിക്കുന്ന നദിയുടെ ഉപരിഭാഗത്ത് എത്തിക്കുന്നു. ഇതു പലപ്പോഴും സെയിന്റ് മൈക്കിളിനു സമീപം അധിവസിക്കുന്ന തദ്ദേശീയ കൊയുക്കോൺ ജനങ്ങളിലെ ഏതെങ്കിലുമൊരാളെ വഴികാട്ടിയാക്കിക്കൊണ്ടായിരിക്കും. സമ്പന്നരുടെ പാത എന്നറിയപ്പെടുന്ന ഈ മുഴുവൻ ദൂര ജലപാത ചെലവേറിയതും ഏകദേശം 4,700 മൈൽ (7,600 കി.മീ) ദുരമുള്ളതുമായിരുന്നു. ഈ പാതയുടെ ആകർഷണം വേഗതയും, ഭൂതല യാത്ര ഒഴിവാക്കാമെന്നുമുള്ളതായിരുന്നു. കൂട്ടയോട്ടത്തിന്റെ തുടക്കത്തിൽ $ 150 ($ 4,050) വരെ ഒരു ടിക്കറ്റിനു വാങ്ങിയിരുന്നു. എന്നാൽ 1897-98 കാലഘട്ടത്തിൽ ഇത് $ 1,000 ($ 27,000) എന്ന നിരക്കിൽ നിജപ്പെടുത്തിയിരുന്നു.
1897 ൽ 1,800 യാത്രിക്കാർ ഈ വഴിക്കു സഞ്ചരിക്കുവാൻ ശ്രമിച്ചുവെങ്കിലും ഒക്ടോബർ മാസത്തിൽ ഈ പ്രദേശം ഹിമവർഷത്താൽ മൂടിയതോടെ ഭൂരിഭാഗവും നദീതീരത്ത് കുടുങ്ങിപ്പോയി. ശീതകാലത്തിനുമുമ്പ് 43 പേർക്കു മാത്രമാണ് ക്ലോണ്ടിക്കിൽ വിജയകരമായി എത്തിച്ചേരാനായത്. അവരിൽ 35 പേർ മടങ്ങിപ്പോകുകയും, സമയത്ത് ഉദ്ദിഷ്ടസ്ഥാനത്ത് എത്തിച്ചേരാനുള്ള വ്യഗ്രതയിൽ തങ്ങലുടെ ഉപകരണങ്ങൾ വഴിയിൽ ഉപേക്ഷിക്കുകയും ചെയ്തു. ബാക്കിയുള്ളവരിലെ ഭൂരിപക്ഷവും ഹിമപാതത്താൽ ഉറഞ്ഞുപോയ നദിയോരത്തുടനീളമുള്ള ഒറ്റപ്പെട്ട ആവാസകേന്ദ്രങ്ങളിലും ക്യാമ്പുകളിലും അതികഠിനമായ തണുപ്പുള്ള ചുറ്റുപാടുകളിൽ കുടുങ്ങിപ്പോയതായിരുന്നു.
ഭൂരിപക്ഷം ഖനിജാന്വേഷകരും ഉൾനാടൻ പാസേജിന്റെ സീമയിൽ സ്ഥിതിചെയ്യുന്നതും സ്വാഭാവിക തടാകമായ ലിൻതടാകത്തിന്റെ തലപ്പത്തുള്ള രണ്ടു തെക്കുകിഴക്കൻ അലാസ്കൻ പട്ടണങ്ങളായ ഡൈയ, സ്കാഗ്വേ എന്നിവിടങ്ങളിൽ വന്നിറങ്ങുകയും അവിടെനിന്ന് ഏകദേശം 30 മൈലുകൾ (48 കിലോമീറ്റർ) മലനിരകളിലൂടെ സഞ്ചരിച്ച് കാനഡയുടെ യൂക്കോൺ ടെറിട്ടറിയിൽ എത്തിച്ചേരുകയും പിന്നീട് നിമ്നഭാഗത്തെ നദീശൃംഖല താണ്ടി ക്ലോണ്ടിക്കിലേയ്ക്ക് എത്തുകയായിരുന്നു പതിവ്. പാതയോരങ്ങളിൽ ഖനിജാന്വേഷകർക്ക് ഭക്ഷണം കഴിക്കുവാനും ഉറങ്ങുവാനുമുള്ള കൂടാരങ്ങൾ സ്ഥാപിക്കപ്പെട്ടിരുന്നു. തിരക്കിന്റെ തുടക്കത്തിൽ സിയാറ്റിൽ നിന്നും ഡൈയ തുറമുഖത്തേക്ക് ടിക്കറ്റുവില ഒരു ക്യാബിന് $ 40 ($ 1,100) ആയിരുന്നു. എന്നിരുന്നാലും അധികമൂല്യമുള്ള $ 100 ($ 2,700) ന്റെ ടിക്കറ്റുകളും താമസംവിനാ വിറ്റുതീരുകയും ചെയ്തിരുന്നു. സ്റ്റീംഷിപ്പ് കമ്പനികൾ നിരക്കുകൾ ദിവസേന വർദ്ധിപ്പിക്കുകയെന്ന സൌകര്യം കണക്കാക്കി നിരക്കുകൾ മുൻകൂർ പ്രഖ്യാപിക്കുന്നതിൽ വൈമനസ്യം കാണിച്ചിരുന്നു.
സ്കാഗ്വേയിൽ ഇറങ്ങിയവർ വൈറ്റ്പാസിലേയ്ക്കുള്ള വഴിക്ക് എത്തുന്നതിനായി ബെന്നെറ്റ് തടാകം മുറിച്ചുകടക്കേണ്ടതുണ്ടായിരുന്നു. വഴിത്താര സൌമ്യമായി ആരംഭിക്കുന്നതെങ്കിലും മുന്നേറുന്നതോടെ അനേകം മലനിരകളിലെ രണ്ട് അടിവരെ മാത്രമുള്ള (0.61 മീറ്റർ) ഇടുങ്ങിയ വഴികളും ഉരുളൻ കല്ലുകളും മൂർച്ചയുള്ള പാറക്കൂട്ടങ്ങളുമുള്ള വിശാലമായ ഭാഗങ്ങളും പിന്നിടേണ്ടതുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ കുതിരകൾ വലിയ അളവിൽ ചത്തുവീഴുകയും ഈ പഥത്തിന് ഡഡ് ഹോഴ്സ് ട്രെയിൽ എന്ന അനൗപചാരിക നാമം ലഭിക്കുകയും ചെയ്തു. യാത്രക്കാരുടെ ആധിക്യവും തണുത്ത കാലാവസ്ഥയും ഈ നടത്താര മറികടക്കുവാൻ ബുദ്ധിമുട്ടുള്ളതായത്തീരുകയും 1897 അവസാനം ഒരരിയിപ്പുണ്ടാകുന്നതുവരെ സ്കോഗ്വേയിൽ 5000 ത്തോളം പേരെ കുടുങ്ങിയ നിലയിൽ ഈ വഴിത്താര അടച്ചുപൂട്ടുകയും ചെയ്തു.
പകരമായി വാഗണുകൾക്ക് അനുയോജ്യമായ ഒരു ടോൾ റോഡ് അന്തിമമായി നിർമ്മിക്കപ്പെടുകയും ഇത് തണുപ്പേറിയ കാലാവസ്ഥ ചെളിനിറഞ്ഞ നിലം ഉറഞ്ഞു പോകുവാനാരംഭിച്ചതോടെ വൈറ്റ് പാസ് വീണ്ടും തുറക്കാൻ അനുവദിക്കപ്പെടുകയും ഖനിജാന്വേഷകർ കാനഡയിലേയ്ക്കു പ്രവേശനം ആരംഭിക്കുകയും ചെയ്തു. ഈ സമയത്ത് പാതയിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്ന ഉപകരണങ്ങളും സാധനങ്ങളും ഘട്ടം ഘട്ടമായി മുന്നോട്ടുനീക്കി. പലരും തങ്ങളുടെ വീട്ടുപകരണങ്ങൾ ഒരു പുരുഷന്റെ പിന്നിൽ വഹിക്കാനാവുംവിധം 65 കിലോഗ്രാം (29 കിലോ) പാക്കേജായി വിഭജിക്കുകയോ അല്ലെങ്കിൽ ഭാരം കൂടിയവ കൈകൊണ്ടു പിടിക്കാൻ കഴിയുന്നവിധം ഹിമശകടങ്ങളിൽ ബന്ധിച്ച് വലിച്ചുകൊണ്ടുപോകുവാനും ആരംഭിച്ചിരുന്നു. ചുമടുകൾ മുന്നോട്ട് കൊണ്ടു പോകുന്നതിനും കൂടുതൽ സാധനങ്ങൾ പിന്നിലേയ്ക്കു നടന്നു നീക്കിക്കൊണ്ടുവരുന്നതിനുമായി ഒരു ഭാരവാഹകന് മുപ്പത് റൗണ്ട് ട്രിപ്പുകളെങ്കിലും വേണമായിരുന്നു, ഏതാണ്ട് 2500 മൈലിനു തുല്യമായ (4,000 കിലോമീറ്ററോളം) ദൂരം താണ്ടിയാൽ മാത്രമേ നടത്താരയുടെ അവസാനം വരെ അവരുടെ എല്ലാ സാധനങ്ങളും എത്തിക്കുവാൻ സാധിക്കുമായിരുന്നുള്ളു. ഒരു വലിയ ഹിമശകടം ഉപയോഗിച്ചുകൊണ്ട് ശക്തനായ ഒരാൾക്ക് 1,000 മൈൽ (1,600 കിലോമീറ്റർ) ദൂരം ഏകദേശം 90 ദിവസങ്ങൾക്കൊണ്ടു പിന്നിട്ടു വേണമായിരുന്നു ബെന്നെറ്റ് തടാകത്തിൽ എത്തിച്ചേരാൻ.
സ്കാഗ്വേയുടെ അയൽ പട്ടണമായ ഡൈയയിൽ എത്തിച്ചേർന്നവർ ചിൽക്കൂട്ട് വഴിത്താരയിലൂടെ സഞ്ചരിച്ച് യൂക്കോൺ നദിയുടെ ഉത്ഭവസ്ഥാനത്തുള്ളതും ബെന്നെറ്റ് തടാകത്തിലേക്കൊഴുകുന്നതുമായ ലിൻഡെമാൻ തടാകത്തിലെത്തിച്ചേരാനായി ഇവിടെയുള്ള ചുരം മറികടന്നിരുന്നു. വൈറ്റ് പാസിനേക്കാൾ ഉയരം കൂടിയതായിരുന്നു ചിൽക്കൂട്ട് വഴിത്താരയെങ്കിലും ഈ ചുരമായിരുന്നു ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെട്ടത് (ഗോൾഡ് റഷ് കാലത്ത് ഇതുവഴി 22,000 പേർ കടന്നുപോയിരുന്നു). ക്യാമ്പുകൾ വഴി കടന്നുപോയിരുന്ന വഴിത്താര പ്രധാന കയറ്റത്തിന് തൊട്ടുമുമ്പായി ഉയർന്നതും പരന്നതും മൃഗങ്ങൾക്ക് കയറാൻ കഴിയാത്തത്ര കുത്തനെയുള്ളതുമായ ഒരു പ്രതലത്തിലെത്തുന്നു. സ്കെയിൽസ് എന്നറിയപ്പെട്ടിരുന്ന ഈ സ്ഥാനത്താണ് യാത്രക്കാർ ഔദ്യോഗികമായി കാനഡയിൽ എത്തുന്നതിന് മുൻപ് സാധനങ്ങൾ തൂക്കി നോക്കിയിരുന്നത്. തണുപ്പ്, ചെങ്കുത്തായ കയറ്റം, ഉപകരണങ്ങളുടെ ഭാരം എന്നിവ കയറ്റം ഏറ്റവും ദുഷ്കരമാകുന്നതിനു കാരണമായിരുന്നു. 1000 അടി (300 മീ) ഉയരത്തിലേയ്ക്കു കയറാൻ ഏകദേശം ഒരു ദിവസമെടുത്തിരുന്നു.
വൈറ്റ് പാസ് വഴിത്താരയിൽ സാധനങ്ങൾ ചെറിയ പാക്കേജുകളായി വിഭജിച്ച് ഒന്നിലധികംപേർ കൈമാറി കൊണ്ടുപോകേണ്ടതുണ്ടായിരുന്നു. പണം വാങ്ങി സാധനങ്ങൾ ചെറിയ കെട്ടുകളാക്കി വിഭജിച്ചു തയ്യാറാക്കുന്നവർ പാതയിലൂടനീളം തമ്പടിച്ചിരുന്നു. എന്നാൽ ഒരോ പൌണ്ടിനും (0.45 കിലോഗ്രാം) പിന്നീടുള്ള ഘട്ടങ്ങളിൽ $ 1 ($ 27) വരെ ചാർജ് ചെയ്യപ്പെട്ടരുന്നു. ഇവരിൽ പലരും തദ്ദേശവാസികളായിരുന്ന ട്ലിങ്കിറ്റ് അല്ലെങ്കിൽ ടാഗിഷുകളെന്ന് അപൂർവ്വമായി പരാമർശിക്കപ്പെടുന്നവരായിരുന്നു. മലനിരകളിൽ ഹിമപ്രവാഹം സാധാരണമായിരുന്നു, 1898 ഏപ്രിൽ 3-ന് ചിൽകുട്ട് പാസിലൂടെ സഞ്ചരിച്ച 60 ലധികം ആളുകൾ മരിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്.
ശീതകാലം മുന്നേറിക്കൊണ്ടിരിക്കവേ സംരംഭകൾ പരിഹാരങ്ങൾ നിർദ്ദേശിക്കാൻ തുടങ്ങി. ദൈനംദിന ഫീസ് പ്രകാരം ചിനൂക്ക് പാസിലെ മഞ്ഞിൽ പടവുകൾ വെട്ടിയിരുന്നു. 1,500 പടികൾവരെയുള്ള ഈ പടിക്കെട്ടുകൾ "ഗോൾഡൻ സ്റ്റെപ്പുകൾ" എന്നറിയപ്പെട്ടിരുന്നു.1897 ഡിസംബർ ആയപ്പോഴേയ്ക്കും ആർച്ചി ബേൺസ് എന്നയാൾ ചിൽക്കൂട്ട് പാസിന്റെ അന്തിമ ഭാഗങ്ങൾവരെ ഒരു ട്രാം പാത നിർമ്മിച്ചിരുന്നു. താഴെയുള്ള ഒരു കുതിരയുടെ സഹായത്താൽ തിരിയുന്ന ചക്രം മുകളിലേയ്ക്കും പിന്നിലേയ്ക്കുമുള്ള കയർ വലിച്ചു നീക്കിയിരുന്നു. കയറിനാൽ വലിച്ചുകയറ്റപ്പെടുന്ന സ്ലെഡ്ജിൽ ചരക്കുകൾ കയറ്റിയിരുന്നു. ഇതിനേപ്പിന്തുടർന്ന് അഞ്ച് ട്രാം പാതകൾക്കൂടി ഉടൻ നിലവിൽവന്നു. ഇതിലൊന്ന് ഒരു ആവി എൻജിനാൽ പ്രവർത്തിക്കുന്നതും ഒരോ പൗണ്ടിനും (0.45 കിലോ) 8 മുതൽ 30 സെന്റുകൾ ($ 2 മുതൽ $8 ഡോളർ വരെ) ചാർജ് ചെയ്തിരുന്നതുമായിരുന്നു. 1898 ലെ വസന്തകാലത്ത് 9 ടൺ ചരക്കുകൾ ഒരു മണിക്കൂർകൊണ്ട് ഉയരത്തിലെത്തിക്കുവാൻ സാധിക്കുന്ന വായുമാർഗ്ഗമുള്ള ഒരു ട്രാം പാത നിർമ്മിക്കപ്പെട്ടു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.