ഉത്തരാർദ്ധഖഗോളത്തിലെ ഒരു ചെറിയ നക്ഷത്രരാശിയാണ്‌ കിരീടമണ്ഡലം (Corona Borealis). ഇതിൽ α നക്ഷത്രം (ആൽഫക്ക അഥവാ ജെമ്മ) മാത്രമേ താരതമ്യേന പ്രകാശമുള്ളതായിട്ടുള്ളൂ. 48 രാശികളടങ്ങിയ ടോളമിയുടെ പട്ടികയിലും 88 രാശികളടങ്ങിയ ആധുനിക പട്ടികയിലും കിരീടമണ്ഡലം ഇടം പിടിച്ചിട്ടുണ്ട്. ഇതിലെ തിളക്കമുള്ള നക്ഷത്രങ്ങളെ കൂട്ടിച്ചേർത്താൽ അർദ്ധവൃത്താകാരം ലഭിക്കും. ഇതിന്റെ ലാറ്റിൻ നാമമായ കൊറോണ ബൊറിയാലിസ് എന്നതിനർത്ഥം വടക്കൻ കിരീടം എന്നാണ്. ഗ്രീക്ക് പുരാണങ്ങളിൽ ക്രീറ്റിലെ രാജകുമാരിയായ അരിയാഡ്നെക്ക് വീഞ്ഞിന്റെയും ഉർവ്വരതയുടെയും ദേവനായ ഡൈനീഷ്യസ് നൽകിയ കിരീടവുമായി ഈ രാശിയെ ബന്ധപ്പെടുത്തിയിട്ടുണ്ട്.മറ്റു ചില സംസ്കൃതികളിൽ ഇതിനെ പരുന്തിന്റെ കൂട്, കരടിയുടെ ഗുഹ, പുകക്കുഴൽ എന്നീ രൂപങ്ങളിലും അടയാളപ്പെടുത്തിയിട്ടുണ്ട്. ടോളമി ഇതിന്റെ തെക്കൻ പ്രതിരൂപമായാണ് ദക്ഷിണമകുടത്തെ കണക്കാക്കിയത്. രൂപത്തിലുള്ള സാമ്യതയാണ് ഇതിനു കാരണമായത്.

വസ്തുതകൾ
കിരീടമണ്ഡലം (Corona Borealis)
Thumb
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
കിരീടമണ്ഡലം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: CrB
Genitive: Coronae Borealis
ഖഗോളരേഖാംശം: 16 h
അവനമനം: +30°
വിസ്തീർണ്ണം: 179 ചതുരശ്ര ഡിഗ്രി.
 (73-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
6
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
24
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
3
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
1
സമീപ നക്ഷത്രങ്ങൾ: 0
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
α CrB (ആൽഫക്ക അഥവാ ജെമ്മ)
 (2.2m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
ρ CrB
 (56.81 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 0
ഉൽക്കവൃഷ്ടികൾ :
സമീപമുള്ള
നക്ഷത്രരാശികൾ:
അഭിജിത്ത് (Hercules)
അവ്വപുരുഷൻ (Boötes)
സർപ്പമണ്ഡലം (Serpens)
അക്ഷാംശം +90° നും 50° നും ഇടയിൽ ദൃശ്യമാണ്‌
ജൂലൈ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു
അടയ്ക്കുക

ഏറ്റവും തിളക്കമുള്ള നക്ഷത്രമായ ആൽഫാ കൊറോണാ ബൊറിയാലിന്റെ കാന്തിമാനം 2.2 ആണ്. ആർ കൊറോണാ ബൊറിയാലിസ് ഒരു മഞ്ഞ അതിഭീമൻ നക്ഷത്രമാണ്. ഒരു അപൂർവ്വ ഗ്രൂപ്പ് ആയ ആർ കൊറോണ ബൊറിയാലിസ് ചരങ്ങളിലെ ആദ്യമാതൃകയാണിത്.ഹൈഡ്രജന്റെ അളവ് വളരെ കുറഞ്ഞ ഈ വിഭാഗം നക്ഷത്രങ്ങൾ വെള്ളക്കുള്ളൻ നക്ഷത്രങ്ങൾ കൂടിച്ചേർന്ന് ഉണ്ടാവുന്നവയാണ് എന്നാണ് കരുതപ്പെടുന്നത്. ഇടക്കിടക്ക് പൊട്ടിത്തെറികളുണ്ടാവുന്ന ടി കൊറോണ ബൊറിയാലിസ് മറ്റൊരു അസാധാരണ ചരനക്ഷത്രമാണ്. സാധാരണ ഇതിന്റെ കാന്തിമാനം 10 ആണ്. എന്നാൽ അവസാനമായി സ്ഫോടനം നിരീക്ഷിക്കപ്പെട്ട 1946ൽ ഇതിന്റെ കാന്തിമാനം 2 വരെ എത്തിയിരുന്നു. ആറും അഞ്ചും നക്ഷത്രങ്ങളോടു കൂടിയ ബഹുനക്ഷത്രവ്യവസ്ഥകളാണ് എ ഡി എസ്‌ 9731ഉം സിഗ്മാ കൊറോണാ ബൊറിയാലിസും. ഇതിൽ വ്യാഴത്തിനു സമാനമായ ഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ആബേൽ‌ 2065 അതിസാന്ദ്രമായ ഒരു ഗ്യാലക്സി ക്ലസ്റ്റർ ആണ്. ഭൂമിയിൽ നിന്നും ഒരു ബില്യൻ പ്രകാശവർഷം അകലെ കിടക്കുന്ന ഇതിൽ നാനൂറിലേറെ അംഗങ്ങളുണ്ട്. കൊറോണ ബൊറേലിയസ് സൂപ്പർ ക്ലസ്റ്ററിലെ ഒരംഗമാണ് ആബേൽ 2065.

സവിശേഷതകൾ

179 ച.ഡിഗ്രി ആകാശസ്ഥലമാണ് കിരീടമണ്ഡലത്തിനുള്ളത്. 88 നക്ഷത്രരാശികളിൽ വലിപ്പം കൊണ്ട് 73-ാം സ്ഥാനമാണ് ഇതിനുള്ളത്.[1] വടക്കൻ ഖഗോളത്തിൽ സ്ഥിതിചെയ്യുന്ന ഈ രാശിയെ തെക്കെ അക്ഷാംശം 55 ഡിഗ്രിക്ക് വടക്കുള്ളവർക്കു മാത്രമേ കാണാൻ കഴിയൂ.[1] ഇതിന്റെ വടക്കു പടിഞ്ഞാറു ഭാഗത്ത് അവ്വപുരുഷനും തെക്കുഭാഗത്ത് സർപ്പമണ്ഡലവും കിഴക്ക് ജാസിയും സ്ഥിതി ചെയ്യുന്നു. "CrB" എന്ന ചുരുക്കപ്പേര് 1922ൽ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന അംഗീകരിച്ചു.[2] 1930ൽ ബൽജിയൻ ജ്യോതിശാസ്ത്രജ്ഞനായ യൂജിൻ ഡെൽപോർട്ട് എട്ടു വശങ്ങളോടു കൂടിയ ബഹുഭുജ രൂപത്തിൽ ഇതിന്റെ അതിർത്തി നിർണ്ണയുച്ചു.[3] ഖഗോളരേഖാംശം 15മ.16.0മി.നും 16മ.25.1മി.നും അവനമനം 39.71 ഡിഗ്രിക്കും 25.54 ഡിഗ്രിക്കും ഇടയിലാണ് കിരീടമണ്ഡലത്തിന്റെ സ്ഥാനം. ഇത് ദക്ഷിണഖഗോളത്തിൽ കാണുന്ന ദക്ഷിണകിരീടത്തിന്റെ പ്രതിരൂപമാണ്.[4]

നക്ഷത്രങ്ങൾ

തിളക്കം കൂടിയ ഏഴു നക്ഷത്രങ്ങൾ ചേർന്നാണ് കിരീടത്തിന്റെ ആകൃതി ഉണ്ടാക്കുന്നത്. ഇതിൽ ഏറ്റവും തിളക്കം കൂടിയ നക്ഷത്രം ആൽഫ കൊറോണ ബൊറിയാലിസ് ആണ്. തീറ്റ, ബീറ്റ, ഗാമ,ഡെൽറ്റ, എപ്സിലോൺ, ലോട്ട എന്നിവയാണു മറ്റു ആറു നക്ഷത്രങ്ങൾ. ജർമ്മൻ കാർട്ടോഗ്രാഫറായ ജൊഹാൻ ബെയർ 1603ൽ അദ്ദേഹം നിർമ്മിച്ച നക്ഷത്ര അറ്റ്‌ലസ് ആയ യൂറാനോമെട്രിയയിൽ 20 നക്ഷത്രങ്ങൾക്ക് ആൽഫ മുതൽ ഉപ്സിലോൺ വരെയുള്ള പേരുകൾ നൽകി. സീറ്റ കൊറോണ ബൊറിയാലിസ് ഒരു ഇരട്ട നക്ഷത്രമാണെന്ന് പിന്നീട് കണ്ടെത്തി. ഇവക്ക് സീറ്റ1, സീറ്റ2 എന്നിങ്ങനെ പേരുകൾ നൽകി. ന്യൂ കൊറോണ ബൊറിയാലിസ് ചേർന്നു കിടക്കുന്ന രണ്ടു നക്ഷത്രങ്ങളാണെന്ന് ജോൺ ഫ്ലാംസ്റ്റീഡ് കണ്ടെത്തി. ഇവയെ ന്യൂ1, ന്യൂ2 എന്ന് അടയാളപ്പെടുത്തി.[5] ചൈനീസ് ജ്യോതിശാസ്ത്രജ്ഞൻ പൈ കൊറോണ ബൊറിയാലിസ്, റോ കൊറോണ ബൊറിയാലിസ് എന്നിവയെ കൂടി ഉൾപ്പെടുത്തി ഒമ്പതു നക്ഷത്രൾ ഉപയോഗിച്ചാണ് ഈ ആസ്റ്ററിസം ഉണ്ടാക്കിയത്.[6] കിരീടമണ്ഡലത്തിലെ 37 നക്ഷത്രങ്ങൾ കാന്തിമാനം 6.5ഉം അതിനു മുകളിലും ഉള്ളവയാണ്.[1]

Thumb
നഗ്നനേത്രങ്ങൾ കൊണ്ട് ആകാശത്തു കാണുന്ന കിരീടമണ്ഡലം

ആൽഫ കൊറോണെ ബോറിയാലിസ് (ഔദ്യോഗികമായി ആൽ‌ഫെക്ക എന്ന് ഐ‌എ‌യു നാമകരണം ചെയ്തിട്ടുണ്ട്. ജെമ്മ എന്നും ഇത് അറിയപ്പെടുന്നുണ്ട്) നീല കലർന്ന വെള്ള നക്ഷത്രമായ ഇതിന്റെ കാന്തിമാനം 2.2 ആണ്. യഥാർത്ഥത്തിൽ ഇത് അൽഗോളിനെ പോലെ ഒരു ഗ്രഹണദ്വന്ദ്വനക്ഷത്രം ആണ്. 17.4 ദിവസങ്ങൾക്കിടയിൽ കാന്തിമാനത്തിൽ വരുന്ന മാറ്റെ 0.1 മാത്രമാണ്.[7] പ്രധാന നക്ഷത്രം സ്പെക്ട്രൽ തരം A0V ആയ മുഖ്യധാരാനക്ഷത്രം ആണ്. സൂര്യന്റെ 2.91 മടങ്ങ് പിണ്ഡവും 57 മടങ്ങ് തിളക്കവും ഇതിനുണ്ട്. കൂടാതെ 60 അസ്ട്രോണമിക്കൽ യൂണിറ്റ് വിസ്താരത്തിൽ കിടക്കുന്ന സർക്കംസ്റ്റെല്ലാർ ഡിസ്കും ഇതിനുണ്ട്.[8] സൂര്യനെക്കാൾ ചെറിയ രണ്ടാമത്തെ നക്ഷത്രം ഒരു മഞ്ഞ മുഖ്യധാരാനക്ഷത്രമാണ്. ഇതിന്റെ സ്പെക്ട്രൽ തരം G5V ആണ്.[9] ഭൂമിയിൽ നിന്നും ഏകദേശം 75 പ്രകാശവർഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.[10] സ്പെയ്സിലൂടെയുള്ള നക്ഷത്രങ്ങളുടെ ചലങ്ങളെ അടിസ്ഥാനമാക്കിയുള്ള ഗ്രൂപ്പുകളിൽ ഒന്നായ ഉർസാമേജർ മൂവിങ് ഉൾപ്പെടുന്ന നക്ഷത്രമാണ് ആൽഫെക്ക.[11]

നുസാക്കാൻ എന്നറിയപ്പെടുന്ന ബീറ്റ കൊറോറോണ ബൊറിയാലിസ് ഭൂമിയിൽ നിന്നും ഏകദേശം 112 പ്രകാശവർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്.[10] ഇതൊരു സ്പെക്ട്രോസ്കോപിക് ബൈനറിയാണ്. 10 ജ്യോതിർമാത്ര അകലത്തിൽ പരസ്പരം കറങ്ങുന്ന ഇവയുടെ ഒരു പരിക്രമണം പൂർത്തിയാക്കാൻ 10.5 വർഷമെടുക്കും.[12] ഇതിലെ തിളക്കം കൂടിയ നക്ഷത്രം അതിവേഗം ആന്ദോളനം ചെയ്തുകൊണ്ടിരിക്കുന്ന ഒരു എ പി നക്ഷത്രമാണ്. സ്പെക്ട്രൽ തരം A5V ആയ ഇതിന്റെ ഉപരിതല താപനില 7980 കെൽവിൻ ആണ്. 2.1 സൗരപിണ്ഡവും 2.6 സൗരആരവുമുള്ള ഈ നക്ഷത്രത്തിന് സൂര്യന്റെ 25.3 മടങ്ങ് തിളക്കമുണ്ട്. ചെറിയ നക്ഷത്രത്തിന്റെ സ്പെക്ട്രൽ തരം F2V ആണ്. 1.4 സൗരപിണ്ഡവും 1.56 സൗര ആരവുമുള്ള ഇതിന്റെ ഉപരിതല താപനില 6750 കെൽവിൻ ആണ്. സൂര്യന്റെ അഞ്ചു മടങ്ങോളം തിളക്കവും ഇതിനുണ്ട്.[13] നുസാക്കാന്റെ അടുത്തു തന്നെ തീറ്റ കൊറോണ ബൊറിയാലിസിനെയും കാണാം. ഒരു ദ്വന്ദനക്ഷത്രമായ ഇതിന്റെ കാന്തിമാനം 4.13 ആണ്. ഭൂമിയിൽ നിന്നും ഏകദേശം 380 പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം.[10] ഇതിലെ തിളക്കം കൂടിയ തീറ്റ കൊറോണ ബൊറിയാലിസ് എ നീല കലർന്ന വെള്ള നക്ഷത്രമാണ്. അതിവേഗം കറങ്ങിക്കൊണ്ടിരിക്കുന്ന ഇതിന്റെ കറക്കത്തിന്റെ വേഗത ഒരു സെക്കന്റിൽ 380 കി.മീറ്റർ ആണ്.[14]

ആൽഫ കൊറോണ ബൊറൊയാലിസിന് അടുത്ത് കിഴക്കുഭാഗത്തായി കാണുന്ന ഗാമ കൊറോണ ബൊറിയാലിസ് മറ്റൊരു ദ്വന്ദനക്ഷത്ര വ്യവസ്ഥയാണ്. 92.94 വർഷം എടുത്താണ് ഇവയുടെ ഒരു പരിക്രമണം പൂർത്തിയാവുന്നത്. സൂര്യനും നെപ്റ്റ്യൂണിനും തമ്മിലുള്ള അകലമുണ്ട് ഇവ രണ്ടിനുമിടയിൽ.[15] ഇതിൽ തിളക്കം കൂടിയത് ഒരു ഡെൽറ്റ സ്കൂട്ടി ചരനക്ഷത്രമാണ്.[16] ഇവ രണ്ടും മുഖ്യധാരാ നക്ഷത്രങ്ങളാണ്. സ്പെക്ടൽ തരം B9Vഉം A3Vഉം ആണ്.[17] ഭൂമിയിൽ നിന്നും ഏകദേശം 170 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ കാന്തിമാനം 4.06 ആണ്.[10] ഡെൽറ്റ കൊറോണ ബൊറിയാലിസ് ഒരു മഞ്ഞഭീമൻ നക്ഷത്രമാണ്. 2.4 സൗരപിണ്ഡവും 7.4 സൗരആരവുമുള്ള ഇതിന്റെ ഉപരിതല താപനില 5180 കെൽവിൻ ആണ്.[18] ഇതിന്റെ സ്പെക്ട്രം പഠനങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് ഇതിലെ ഹൈഡ്രജൻ ജ്വലനം അവസാനിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ്.[19]

സീറ്റ കൊറോണ ബൊറിയാലിസ് ഒരു ഇരട്ട നക്ഷത്രമാണ്. പ്രധാന നക്ഷത്രത്തിന്റെ കാന്തിമാനം 5.1ഉം രണ്ടാമത്തേതിന്റേത് 6ഉം ആണ്.[20] നു കൊറോണ ബൊറിയാലിസ് ഒരു ദൃശ്യ ഇരട്ടയാണ്. നു1 കൊറോണ ബൊറിയാലിസ് ഒരു ചുവപ്പു ഭീമൻ നക്ഷത്രമാണ്. ഭൂമിയിൽ നിന്നും 640 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ കാന്തിമാനം 5.2 ആണ്.[10][21] നു2 കൊറോണ ബൊറിയാലിസ് ഒരു ഓറഞ്ച് ഭീമനാണ്. കാന്തിമാനം 5.4 ഉള്ള ഈ നക്ഷത്രം ഭൂമിയിൽനിന്നും 590 പ്രകാശവർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്.[10][22] സിഗ്മ കൊറോണ ബൊറൊയാലിസ് ഒരു ബഹുനക്ഷത്രവ്യവസ്ഥയാണ്. ഒരു അമേച്ചർ ടെലിസ്കോപ് ഉപയോഗിച്ച് ഇവയെ വേർതിരിച്ചു കാണാനാവും.[7] വളരെ സങ്കീർണ്ണമായ ഈ വ്യവസ്ഥയിലെ സൂര്യസമാന പിണ്ഡമുള്ള രണ്ടു നക്ഷത്രങ്ങൾ 1.14 ദിവസം കൊണ്ട് ഒരു രദക്ഷിണം പൂർത്തിയാക്കുന്നു.സൂര്യസമാനമായ മൂന്നാമത്തെ നക്ഷത്രം 726 വർഷം കൊ‌ണ്ട് ഇവയെ ചുറ്റി വരുന്നു. നാലാമത്തേയും അഞ്ചാമത്തേയും നക്ഷത്രങ്ങൾ ചേർന്ന ദ്വന്ദനക്ഷത്ര വ്യവസ്ഥ 14,000 ജ്യോതിർമാത്ര അകലെ കൂടെയാണ് ഈ മൂന്നു നക്ഷത്രങ്ങളെ ചുറ്റിക്കറങ്ങുന്നത്.[23] എ ഡി എസ്‌ 9731 മറ്റൊരു ബഹുനക്ഷത്ര വ്യവസ്ഥയാണ്. ആറു നക്ഷത്രങ്ങളുളള ഇതിലെ രണ്ടെണ്ണം സ്പെക്ട്രോസ്കോപിക് ദ്വന്ദങ്ങളുമാണ്.[24]

ശ്രദ്ധേയമായ രണ്ട് [[ചരനക്ഷത്രം}ചരനക്ഷത്രങ്ങളുണ്ട്]] കിരീടമണ്ഡലത്തിൽ.[25] ടി കൊറോണ ബൊറിയാലിസ് ഒരു കാറ്റാക്ലിസ്മിക് ചരനക്ഷത്രമാണ്. ബ്ലെയ്സ് സ്റ്റാർ എന്നും ഇതറിയപ്പെടുന്നു.[26] സാധാരണയായി 10.2നും 9.9നും ഇടയിലാണ് ഇതിന്റെ കാന്തിമാനം. എന്നാൽ ഇതിലെ ആണവ ചെയിൻ റിയാക്ഷൻ വർദ്ധിച്ചു വന്ന് ഒരു സ്ഫോടനത്തിലേക്കെത്തുമ്പോൾ ഇതിന്റെ കാന്തിമാനം രണ്ടിലേക്കെത്തും. പിക്സിഡിസ്, യു സ്കോർപ്പി തുടങ്ങിയ പ്രത്യാവർത്തി നോവകളുടെ കൂട്ടത്തിൽ വരുന്നതാണ് ടി കൊറോണ ബൊറിയാലിസും. 1886ലാണ് ഇതിലെ സ്ഫോടനം നിരീക്ഷിച്ചത് ആദ്യമായി രേഖപ്പെടുത്തിയത്. രണ്ടാമത് 1946 ഫെബ്രുവരിയിലും. ടി കൊറോണ ബൊറിയാലിസ് ഒരു ദ്വന്ദനക്ഷത്രമാണ്. ഇതിലെ പ്രധാന നക്ഷത്രം ചുവപ്പു ഭീമനും രണ്ടാമത്തേത് വെള്ളക്കുള്ളനും ആണ്. ഇവ പരസ്പരം ഒരു പ്രദക്ഷിണം പൂർത്തിയാക്കാൻ ഏകദേശം 8 മാസം എടുക്കും.[27] ആർ കൊറോണ ബൊറിയാലിസ് ഒരു മഞ്ഞ അതിഭീമൻ ചരനക്ഷത്രമാണ്. ആർ കൊറിയോണിസ് ചരങ്ങളുടെ ആദ്യമാതൃകയായ ഈ നക്ഷത്രം ഭൂമിയിൽ നിന്നും 7000 പ്രകാശവർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഇതിന്റെ ഏറ്റവും കൂടിയ കാന്തിമാനം 6ഉം കുറഞ്ഞത് 15ഉം ആണ്. ഈ ഒരു ചക്രം പൂർത്തിയാവാൻ ഏതാനും മാസങ്ങൾ തന്നെയെടുക്കും.[28] ഇതിനു ചുറ്റും 2000 ജ്യോതിർമാത്ര വരെ പരന്നു കിടക്കുന്ന പോടിപടലങ്ങൾ ഉണ്ട് എന്നാണ് ഹബിൾ ബഹിരാകാശ ദൂരദർശിനി എടുത്ത ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നത്.[29]

Thumb
കിരീടമണ്ഡലം

360 ദിവസങ്ങൾ കൊണ്ട് 5.8ൽ നിന്ന് 14.1ലേക്കും തിരിച്ചും കാന്തിമാനം മാറിക്കൊണ്ടിരിക്കുന്ന എസ്‌ കൊറോണ ബൊറിയാലിസ് ആണ് മറ്റൊരു ചരനക്ഷത്രം.[30] ഭൂമിയിൽ നിന്ന് 1946 പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം. സൂര്യനേക്കാൾ 16643 മടങ്ങ് തിളക്കമുള്ള ഇതിന്റെ ഉപരിതല താപനില 3033 കെൽവിൻ ആണ്.[31] ആകാശത്തു കാണുന്ന കടുംചുവപ്പു നക്ഷത്രങ്ങളിൽ ഒന്നാണ് വി കൊറോണ ബൊറിയാലിസ്.,[25] സൂര്യന്റെ 102,831 മടങ്ങ് തിളക്കമുള്ള ഈ നക്ഷത്രത്തിന്റെ ഉപരിതല താപനില 2877 കെൽവിൻ ആണ്. ഇതിന്റെ സ്ഥാനം ഭൂമിയിൽ നിന്നും 8810 പ്രകാശവർഷം അകലെയാണ്.[31] ഏറ്റവും കൂടിയ കാന്തിമാനം 6.9ഉം കുറഞ്ഞ കാന്തിമാനം 12.6ഉം ആണ്. 357 ദിവസങ്ങളാണ് ഇതിനെടുക്കുന്നത്.[32] ഈ നക്ഷത്രത്തെ കാണാൻ കഴിയുക കിരീടമണ്ഡലം, ജാസി, അവ്വപുരുഷൻ എന്നിവയുടെ അതിരുകൾ കൂടിച്ചേരുന്ന ഭാഗത്താണ്.[25] ടൗ കൊറോണ ബൊറിയാലിസിന് വടക്കു-കിഴക്കു ഭാഗത്തായി കാണുന്ന ഡബ്ലിയൂ കൊറോണ ബൊറിയാലിസിന്റെ ഏറ്റവും കൂടിയ കാന്തിമാനം 7.8ഉം കുറഞ്ഞത് 14.3ഉം ആണ്. ഇതിനെടുക്കുന്നത് 238 ദിവസങ്ങളാണ്.[33] മറ്റൊരു ചുവപ്പു ഭീമൻ നക്ഷത്രമായ ആർ ആർ കൊറോണ ബൊറിയാലിസ് ഒരു അർദ്ധചരനക്ഷത്രമാണ്. 60.8 ദിവസം കൊണ്ട് 7.3നും 8.2നും ഇടയിൽ ഇതിന്റെ കാന്തിമാനം മാറിക്കൊണ്ടിരിക്കും.[34] ആർ എസ് കൊറോണ ബൊറിയാലിസും ഒരു ചുവപ്പു ഭീമൻ അർദ്ധചരനക്ഷത്രമാണ്. ഇതിന്റെ കാന്തിമാനം 332 ദിവസം കൊണ്ട് 8.7നും 11.6നും ഇടയിൽ മാറിക്കൊണ്ടിരിക്കും.[35] ഇതിന് ഒരു വർഷം കൊണ്ട് 50 മില്ലി ആർക്ക് സെക്കന്റ് സ്ഥാനമാറ്റം ഉണ്ടാവുന്നുണ്ട്.[36] യു കൊറോണ ബൊറിയാലിസ് അൽഗോൾ ടൈപ്പ് ഗ്രഹണദ്വന്ദ നക്ഷത്രമാണ്. ഇതിന്റെ കാന്തിമാനം 3.45 ദിവസത്തിനിടയിൽ 7.66നും 8.79നും ഇടയിൽ മാറിക്കൊണ്ടിരിക്കുന്നു.

ടി വൈ കൊറോണ ബൊറിയാലിസ് സ്പന്ദിച്ചുകൊണ്ടിരിക്കുന്ന ഒരു വെള്ളക്കുള്ളനാണ്. സൂര്യന്റെ 70% പിണ്ഡമുണ്ടെങ്കിലും വ്യാസം സൂര്യന്റെ 1.1% മാത്രമേ ഉള്ളു.[37] 1990ൽ കണ്ടെത്തിയ യു ഡബ്ലിയു കൊറോണ ബൊറിയാലിസ് പിണ്ഡം കുറഞ്ഞ എക്സ്-റേ ദ്വന്ദമാണ്. ഇതിലെ ഒരു നക്ഷത്രം സൂര്യനേക്കാൾ പിണ്ഡം കുറഞ്ഞതും മറ്റേത് ഒരു ന്യൂട്രോൺ നക്ഷത്രവുമാണ്.[38]

സൗരയൂഥേതര ഗ്രഹവ്യവസ്ഥകൾ

എപ്സിലോൺ കൊറോണ ബൊറിയാലിസിന്റെ വർണ്ണരാജി പഠനത്തിൽ നിന്നും കിട്ടിയ വിവരങ്ങൾ വിശകലനം ചെയ്തപ്പോൾ അതിന് വ്യാഴത്തിന്റെ 6.7 മടങ്ങ് പിണ്ഡമുള്ള ഒരു ഗ്രഹമുണ്ടെന്ന് കണ്ടെത്തി. നക്ഷത്രത്തിൽ നിന്നും 1.3 ജ്യോതിർമാത്ര അകലെയുള്ള ഗ്രഹത്തിന് ഒരു പരിക്രമണം പൂർത്തിയാക്കുന്നതിന് 418 ദിവസം ആവശ്യമാണ്.[39] സ്പെക്ട്രൽ തരം K2III ആയ ഈ നക്ഷത്രത്തിന് സൂര്യന്റെ 1.7 മടങ്ങ് പിണ്ഡവും 21 മടങ്ങ് ആരവും 151 മടങ്ങ് തിളക്കവുമുണ്ട്.[40] മറ്റൊരു ഗ്രഹം കണ്ടെത്തിയിട്ടുള്ളത് കാപ്പ കൊറോണ ബൊറിയാലിസിനാണ്. സ്പെക്ട്രൽ തരം K1IV ആയ ഈ നക്ഷത്രത്തിന് സൂര്യന്റെ രണ്ടു മടങ്ങ് പിണ്ഡമുണ്ട്.[8] 3.4 വർഷം കൊണ്ട് ഒരു പരിക്രമണം പൂർത്തിയാക്കുന്ന ഒരു ഗ്രഹമാണ് ഇതിനുള്ളത്.[41] വ്യാഴത്തിന്റെ 2.5 മടങ്ങ് പിണ്ഡമാണ് ഇതിന് കണക്കാക്കിയിട്ടുള്ളത്. ഒമിക്രോൺ കൊറോണ ബൊറിയാലിസിന് വ്യാഴത്തിനേക്കാൾ പിണ്ഡം കുറഞ്ഞ (0.83 MJ) ഗ്രഹമുണ്ട്. 187 ദിവസം കൊണ്ടാണ് ഇത് ഒരു പരിക്രമണം പൂർത്തീകരിക്കുന്നത്.[41] HD 145457 എന്ന ഓറഞ്ച് ഭീമനും സ്വന്തമായി ഒരു ഗ്രഹമുണ്ട്. വ്യാഴത്തിന്റെ 2.9 മടങ്ങ് പിണ്ഡമുള്ള ഇതിനെ കണ്ടെത്തിയത് 2010ലാണ്. 176 ദിവസം കൊണ്ടാണ് ഒരു പരിക്രമണം പൂർത്തിയാക്കുന്നത്.[42] കാന്തിമാനം 11 ഉള്ള ഒരു മഞ്ഞ മുഖ്യധാരാ നക്ഷത്രമാണ് എക്സ് ഒ-1. ഭൂമിയിൽ നിന്നും 560 പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം.,[43] 2006ൽ എക്സ് ഒ ദൂരദർശിനി ഉപയോഗിച്ച് ഇതിന് ഒരു ഗ്രഹത്തെ (എക്സ് ഒ-1എ) കണ്ടെത്തി. മൂന്നു ദിവസം കൊണ്ട് നക്ഷത്രത്തെ ഒരു പ്രാവശ്യം ചുറ്റുന്ന ഈ ഗ്രഹത്തിന് ഏകദേശം വ്യാഴത്തിന്റെ വലിപ്പം തന്നെയാണുള്ളത്.[44] 1977ൽ റേഡിയൽ വെലോസിറ്റി സങ്കേതം ഉപയോഗിച്ച് റോ കൊറോണ ബൊറിയാലിസിന് വ്യാഴത്തിന്റെ വലിപ്പമുള്ള ഒരു ഗ്രഹമുണ്ടെന്ന് കണ്ടെത്തി. സ്പെക്ട്രൽ തരം G0V ആയ ഒരു മുഖ്യധാരാ നക്ഷത്രമാണ് റോ കൊറോണ ബൊറിയാലിസ്.[45] ഭൂമിയിൽ നിന്നും ഏകദേശം 57 പ്രകാശവർഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.[46]

വിദൂരാകാശ വസ്തുക്കൾ

Thumb
ആബേൽ 2142 ഗാലക്സി ക്ലസ്റ്ററിന്റെ എക്സ്-റേ ഇമേജ്

അമേച്വർ ദൂരദർശിനികൾ ഉപയോഗിച്ചു തന്നെ കാണാനാവുന്ന ഏതാനും താരാപഥങ്ങൾ കിരീടമണ്ഡലത്തിലുണ്ട്.[47] അടുത്തടുത്തായി കാണപ്പെടുന്ന രണ്ടു താരാപഥങ്ങളാണ് എൻ ജി സി 6085, 6086 എന്നിവ.[48] വളരെ ഉയർന്ന തോതിൽ എക്സ് റേ ഉത്സർജ്ജനം നടക്കുന്ന ഗ്യാലക്സി ക്ലസ്റ്റർ ആണ് ആബേൽ 2142. ഇതിന്റെ വ്യാസം 60 ലക്ഷം പ്രകാശവർഷമാണ്. രണ്ടു ഇതിൽ നിന്നും പുറത്തു വരുന്ന എക്സ് റേ വികിരണങ്ങൾ കാണിക്കുന്നത് രണ്ടു ഗാലക്സികൾ തമ്മിൽ സംയോജിച്ചു കൊണ്ടിരിക്കുന്ന പ്രകൃയ അവിടെ നടന്നു കൊണ്ടിരിക്കുന്നു എന്നാണ്. ഇതിന്റെ ചുവപ്പുനീക്കത്തിന്റെ തോത് 0.0909 ആണ്. ഇതിനർത്ഥം ഈ ഗാലക്സി നമ്മളിൽ 27,250 km/s വേഗത്തിൽ അകന്നു കൊണ്ടിരിക്കുന്നു എന്നാണ്. ഭൂമിയിൽ നിന്ന് 12 ലക്ഷം പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ കാന്തിമാനം 16 ആണ്.[49] ഈ രാശിയിലെ മറ്റൊരു ഗാലക്സി ക്ലസ്റ്ററാണ് RX J1532.9+3021. ഭൂമിയിൽ നിന്നും ഏകദേശം 390 കോടി പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം.[50] ഈ ക്ലസ്റ്ററിന്റെ നടുവിൽ വലിയൊരു എലിപ്റ്റിക്കൽ ഗാലക്സിയും അതിന്റെ നടുവിൽ വളരെ കൂടിയ പിണ്ഡമുള്ള തമോഗർത്തവും കണ്ടെത്തിയിട്ടുണ്ട്.[50] നാനൂറിലേറെ താരാപഥങ്ങളടങ്ങിയിട്ടുള്ള ഒരു ഗാലക്സി ക്ലസ്റ്ററാണ് ആബേൽ 2065. ഭൂമിയിൽ നിന്നും ഒരു കോടിയിലേറെ പ്രകാശവർഷം അകലെയാണ് ഇത് കിടക്കുന്നത്.[26] ആബേൽ 2061, ആബേൽ 2067, ആബേൽ 2079, ആബേൽ 2089, ആബേൽ 2092 എന്നീ ഗാലക്സി ക്ലസ്റ്ററുകൾ ചേർന്നാണ് കൊറോണ ബൊറിയാലിസ് സൂപ്പർ ക്ലസ്റ്റർ രൂപം കൊള്ളുന്നത്.[51] മറ്റൊരു ഗാലക്സി ക്ലസ്റ്റർ ആയ ആബേൽ 2162 ഹെർക്കുലീസ് സൂപ്പർ ക്ലസ്റ്ററിന്റെ ഭാഗമാണ്..[52]

ഐതിഹ്യം

Thumb
ജാസിയും കിരീടമണ്ഡലവും യുറാനിയയുടെ കണ്ണാടിയിലെ ചിത്രീകരണം.

ഗ്രീക്ക് ഇതിഹാസത്തിൽ ഡൈനീഷ്യസ്, ക്രീറ്റിലെ രാജാവായ മിനോസിന്റെ മകൾ അരിയാഡ്നിക്കു നൽകിയ കിരീടവുമായാണ് കിരീടമണ്ഡലത്തെ ബന്ധപ്പെടുത്തിയിട്ടുള്ളത്. ഡയണീഷ്യസുമായുള്ള വിവാഹത്തിൽ അരിയാഡ്നി ഈ കിരീടമായിരുന്നു ധരിച്ചിരുന്നത്. വിവാഹദിനത്തിന്റെ ഓർമ്മക്കു വേണ്ടി ഡയണീഷ്യസ് ഈ കിരീടം ആകാശത്തു പ്രതിഷ്ഠിക്കുകയാണുണ്ടായത്.[26] മറ്റൊരു കഥയിൽ ഡയണീഷ്യസ് നൽകിയ ഈ കിരീടം ക്രീറ്റിലെ ഭീകരജീവിയായ മിനോടോറിനെ കൊല്ലുന്നതിനു വേണ്ടി ക്രീറ്റിലെത്തിയ തിസ്യൂസിന് അരിയാഡ്നി നൽകിയെന്നും മിനോടോറിനെ കൊന്നതിനു ശേഷം ഈ കിരീടത്തിൽ നിന്നും പുറത്തു വന്ന വെളിച്ചം ഉപയോഗിച്ചാണ് ലാബ്രിന്തിൽ തിസ്യൂസ് പുറത്തു വന്നത് എന്നു പറയുന്നു. അതിനു ശേഷം ഡയണീഷ്യസ് ഈ കിരീടം ആകാശത്തു വെച്ചു എന്നും പറയുന്നു.

അറബികൾ ഇതിനെ അൽഫെക്ക എന്നു വിളിച്ചു. ഈ വാക്കിനർത്ഥം ചിതറിയത്, പൊട്ടിയത് എന്നൊക്കെയാണ്. അകന്നു കിടക്കുന്ന രത്നക്കല്ലുകളുള്ള ഒരു മാലയായാണ് അവർ കിരീടമണ്ഡലത്തെ ചിത്രീകരിച്ചത്. ഒരു അറബ് ഗോത്രമായ ബുഡോയിനുകൾ ഇതിനെ ഒരു തകർന്ന പാത്രത്തോടാണ് ഉപമിച്ചത്.[53] പാവങ്ങളുടെ തകർന്ന പാത്രം എന്നർത്ഥമുള്ള കാസ്അറ്റ് അൽ മസാക്കിൻ (قصعة المساكين) എന്ന പേരാണ് നൽകിയത്.[54]

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.