മലയാളിയായ ഒരു പരിസ്ഥിതി പ്രവർത്തകൻ From Wikipedia, the free encyclopedia
പ്രകൃതിയുടെ ശ്വാസകോശങ്ങൾ എന്നറിയപ്പെടുന്ന കണ്ടൽ വനങ്ങൾ സംരക്ഷിക്കുകയും, അവ നശിപ്പിച്ചാലുള്ള ഭവിഷത്തുകളെപ്പറ്റി ബോധവൽക്കരണം നടത്തുകയും ചെയ്തിരുന്ന മലയാളിയായ ഒരു പരിസ്ഥിതി പ്രവർത്തകൻ ആയിരുന്നു പൊക്കുടൻ. പൂർണ്ണനാമം കല്ലേൻ പൊക്കുടൻ. (ജനനം: 1937 മരണം:2015 സെപ്റ്റംബർ 27) യുനെസ്കോയുടെ പാരിസ്ഥിതികപ്രവർത്തന വിഭാഗം കണ്ടൽക്കാടുകളുടെ സംരക്ഷണത്തിൽ പൊക്കുടന്റെ സംഭാവനകൾ പരാമർശിച്ചിട്ടുണ്ട്. കേരളത്തിലെ പരിസ്ഥിതി പ്രവർത്തനത്തിനു തുടക്കം കുറിച്ചവരിൽ പ്രധാനിയാണ് കല്ലേൻ പൊക്കുടൻ.
കണ്ണൂർ ജില്ലയിലെ ഏഴോം പഞ്ചായത്തിലെ എടക്കീൽതറയിൽ1937 ൽ പിറന്നു. പതിനെട്ടാം വയസ്സിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. ഏഴോം കർഷകത്തൊഴിലാളി സമരത്തിലും കേരള ഭൂപരിഷ്കരണ നിയമത്തിന്റെ ഭാഗമായുള്ള നിരവധി കേസുകളിലും പ്രതിയാക്കപ്പെട്ടു. ഏഴോം കർഷകത്തൊഴിലാളി സമരം(1968-69) സംഘർഷത്തിൽ കലാശിച്ച് ജന്മിയുടെ സഹായികളിലൊരാൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ചു.
പിന്നീട് സജീവരാഷ്ട്രീയം ഉപേക്ഷിച്ച് എൺപതുകളുടെ അവസാനത്തിൽ പരിസ്ഥിതി പ്രവർത്തനത്തിൽ ശ്രദ്ധയൂന്നി. കണ്ടൽ മരങ്ങൾ വച്ച് പിടിപ്പിച്ച് ലോകശ്രദ്ധതന്നെ നേടി. പൊക്കുടന്റെ ആത്മകഥയായ 'കണ്ടൽക്കാടുകൾക്കിടയിൽ എന്റെ ജീവിതം' എന്ന പുസ്തകത്തിലെ ഒരു ഭാഗം ആറാം ക്ലാസിലെ മലയാളപാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിരുന്നു.
ആദിവാസി-ദളിതുകൾക്കെതിരെ നടക്കുന്ന ചൂഷണങ്ങൾ തുറന്നുകാട്ടിക്കൊണ്ട് 2013ൽ പുറത്തിറങ്ങിയ പാപ്പിലിയോ ബുദ്ധ എന്ന സിനിമയിൽ കരിയൻ എന്ന കഥാപാത്രം ചെയ്തു.[1] ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് 2015ൽ അന്തരിച്ചു.[2].
ജനന സമയത്ത് പൊക്കിൾ കൊടി വീർത്തിരുന്നതാണ് ഈ പേരിനുകാരണം എന്ന് പൊക്കുടൻ തന്നെ വിശദീകരിക്കുന്നു. അക്കാലത്ത് സവർണഹിന്ദുക്കൾക്കിടുന്ന പേരുകൾ പുലയർക്ക് ഉപയോഗിക്കാൻ പാടില്ലായിരുന്നു.
1937 -ൽ കണ്ണൂർ ജില്ലയിലെ ഏഴോം പഞ്ചായത്തിലെ എടക്കീൽതറയിൽ, അരിങ്ങളേയൻ ഗോവിന്ദൻ പറോട്ടിയുടേയും കല്ലേൻ വെള്ളച്ചിയുടേയും മൂന്നാമത്തെ മകനായി ജനിച്ചു. അന്നത്തെ സമൂഹത്തിൽ തീർത്തും അവഗണിക്കപ്പെട്ടിരുന്ന പുലയ സമുദായത്തിൽ ജനിച്ചതിനാലും വിദ്യാഭ്യാസ സൗകര്യങ്ങൾ കുറവായതിനാലും രണ്ടാം ക്ലാസ്സുവരെ മാത്രമേ പഠിക്കാനായുള്ളൂ. ഏഴോം മൂലയിലെ ഹരിജൻ വെൽഫേർ സ്കൂളിൽ നിന്നും രണ്ടാം ക്ലാസ്സിൽ പഠനമുപേക്ഷിച്ച് ജന്മിയുടെ കീഴിൽ കൃഷിപ്പണിക്ക് പോയിത്തുടങ്ങി. അതുതന്നെ ബ്രിട്ടീഷുകാർ നിർബന്ധപൂർവ്വം അക്കാലത്തെ കുട്ടികളെ പഠിപ്പിച്ചതുമൂലമായിരുന്നു. അദ്ദേഹത്തിന്റെ അച്ഛൻ മമ്മത് എന്ന ജന്മിയുടെ പണിക്കാരനായിരുന്നു. ചപ്പൻ എന്നാണ് അച്ഛനെ വിളിച്ചിരുന്നത്. മമ്മത് മുതലാളിയുടെ പാടത്തെ ഒറ്റമുറിയുള്ള ചാളയിലായിരുന്നു പൊക്കുടനും കുടുംബവും താമസിച്ചിരുന്നത്. മഴക്കാലത്ത് വെള്ളം ചോരുന്നതും വെള്ളപ്പൊക്കമുണ്ടായാൽ വെള്ളം കേറുന്നതുമായതായിരുന്നു ആ വീട്. അടിമപ്പണിക്കാരായിരുന്ന പുലയർക്ക് മറ്റു അവകാശങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. ചെറുപ്പത്തിലേ പൊക്കുടൻ മമ്മത് മുതലാളിയുടെ വാല്യക്കാരനായി. വളർന്നതോടെ മുതിർന്ന അടിമക്കു ലഭിക്കുന്ന ശമ്പളത്തോടെ ജോലിയിൽ ഏർപ്പെട്ടു. അടിമപ്പണിക്കാരനായത് കൊണ്ട് അവർക്ക് പ്രത്യേകമായ ആഗ്രഹങ്ങളോ അവകാശങ്ങളോ ഉണ്ടാകാൻ പാടില്ലായിരുന്നു. കൃഷിപ്പണിക്കു കരാർ ഉറപ്പിക്കൽ ആയിരുന്നു പതിവ്. ആനയും വല്ലിയും എന്നാണ് ഇതിനെ പറയുക.
ഒരു വർഷത്തേക്കായിരുന്നു കരാർ. പുരകെട്ടി മേയലും കരാറിൽ ഉൾപ്പെടുന്നു. പത്തു പന്ത്രണ്ടു വയസാകുമ്പോൾ തന്നെ ഈ അടിമപ്പണിയുടെ കരാർ ഉറപ്പിക്കും. പൊക്കുടന് ആദ്യകാലങ്ങളിൽ ഇരുനാഴി നെല്ലാണ് കൂലിയായി കിട്ടിയിരുന്നത്. കല്യാണം കഴിയുന്നത് വരെ എല്ലാവർക്കും ഇത് തന്നെയായിരിക്കും കൂലി. കല്യാണപ്പിറ്റെന്ന് മുതൽ രണ്ടു സേർ നെല്ല് കിട്ടും. കല്യാണം കഴിച്ചാൽ മാത്രമേ ഇത് കിട്ടു. കല്യാണത്തോടു കൂടി വാല്യക്കാരന്റെ ശമ്പളം പൂർത്തിയായി.
കെ സുധാകരൻ വനം മന്ത്രി ആയിരുന്നകാലത്ത് മാൻഗ്രോവ് ഫോറസ്റ്റ് ഗാർഡായി കല്ലേൻ പൊക്കുടനെ നിയമിക്കുകയുണ്ടായി. മൂന്ന് മാസം മാത്രമേ ആ ജോലിയിൽ തുടർന്നുള്ളൂ.
സഹധർമ്മിണി: മീനാക്ഷി പൈതലേൻ
മക്കൾ: പുഷ്പലത, ആനന്ദൻ (അദ്ധ്യാപകൻ) , പുഷ്പവല്ലി, രേഖ, രഘുനാഥൻ, ശ്രീജിത്ത് എന്നിവരാണ് മക്കൾ.
പതിനെട്ടാം വയസ്സിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. പാർട്ടി പിളർന്നപ്പോൾ സി.പി.എ.(എം.) ന്റെ പ്രവർത്തകനായി. കർഷക സമരങ്ങളിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിക്കേണ്ടിവന്നു. കൃഷിക്കാർക്ക് വേണ്ടി എ.കെ. ഗോപാലൻ ഡൽഹിയിൽ ജയിൽ നിറക്കൽ സമരം നടത്തുന്നതിന്റെ ഭാഗമായുള്ള സമരത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ച് കണ്ണൂർ സെൻട്രൽ ജയിലിൽ 15 ദിവസം കിടന്നു.. 1968-69-ലെ ഏഴോം കർഷകത്തൊഴിലാളി സമരം സംഘർഷാവസ്ഥയിലെത്തിയപ്പോൾ ജന്മിമാരുടെ ഒരു വാടകഗുണ്ട മരിച്ച സംഭവത്തിൽ പ്രതിയായി റിമാന്റിലും പിന്നീട് ഒളിവിലും കഴിയേണ്ടിവന്നു. [3] പിന്നീട് സജീവരാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിന്നു. ചിറക്കൽ പുലയാ മിഷൻ വരുന്നതോടെ പുലയർക്കിടയിൽ ക്രിസ്തുമതത്തിനു സ്വാധീനമുണ്ടായി. അവർ ഒന്നടങ്കം ക്രിസ്തുമതം സ്വീകരിക്കുകയുണ്ടായി. ഒരു മതത്തിന്റെ പേരിലുള്ള നുകം മറ്റൊരു മതത്തിന്റെ പേരിൽ വച്ചുകെട്ടിയാൽ പ്രശ്നങ്ങൾ തീരില്ല, എന്നു പറഞ്ഞ് പൊക്കുടൻ ക്രിസ്തുമതം സ്വീകരിക്കാൻ തയ്യാറായില്ല.
2015 സെപ്റ്റംബർ 27ന് അന്തരിച്ചു.[4] ശ്വാസകോശ സംബന്ധമായ രോഗത്തേത്തുടർന്ന് കണ്ണൂർ ചെറുകുന്ന് മിഷൻ ആസ്പത്രിയിലായിരുന്നു അന്ത്യം[5]. ആശുപത്രിയിലായിരുന്ന സമയത്ത് പ്രഖ്യാപിച്ച കണ്ണൂർ സർവ്വകലാശാലയുടെ ആചാര്യ പുരസ്കാരം സ്വീകരിക്കാൻ യാത്ര ചെയ്തതിനെത്തുടർന്ന് ആരോഗ്യസ്ഥിതി വഷളാകുകയായിരുന്നു.
സ്കൂളിലേക്ക് പോകുന്ന കുട്ടികൾ പാടത്തിന്റെ വശങ്ങളിലുള്ള വഴിയിലൂടെ സഞ്ചരിക്കുമ്പോൾ കാറ്റ് ശക്തിയായി വീശുന്നതു കൊണ്ട് ബുദ്ധിമുട്ടിയിരുന്നു. മാത്രവുമല്ല മഴക്കാലത്ത് പുഴയിലെ തിരകൾ ശക്തികൂടി വരമ്പിലിടിച്ച് ഈ വഴി തകരുന്നതും പതിവായിരുന്നു. ഇതിന് ഒരു പരിഹാരമെന്ന തരത്തിലാണ് പൊക്കുടൻ ആദ്യമായി കണ്ടൽചെടികൾ വച്ചുപിടിപ്പിക്കാൻ തുടങ്ങിയത്. [6]ചെടികൾ വളർന്നു വന്നതോടെ അതൊരു പുതിയ കാഴ്ചയായിത്തീർന്നു.
അഞ്ഞൂറു കണ്ടൽച്ചെടി നട്ടാണു പൊക്കുടൻ പരിസ്ഥിതിപ്രവർത്തനം തുടങ്ങിയത്. 1989ൽ പഴയങ്ങാടി– മുട്ടുകണ്ടി ബണ്ടിന്റെ കരയിലായിരുന്നു തുടക്കം. കത്തുന്ന വെയിലിൽ അലഞ്ഞുനടന്നു കണ്ടൽ വിത്തുകൾ ശേഖരിക്കും. ബണ്ടിനരികിൽ കൊണ്ടുവന്നു നടും പിന്നെയുള്ള ദിവസങ്ങളിൽ പലവട്ടം ഇതുവഴി നടക്കും. മുളച്ചുപൊന്തുന്ന ചെടികളിൽ ഒരെണ്ണം ചാഞ്ഞാലോ ചരിഞ്ഞാലോ ഉടൻ അതു നേരെയാക്കാൻ മുണ്ടുംകുത്തി പുഴയിലിറങ്ങും. മുന്നു നാലു വർഷം കൊണ്ടു ഈ ചെടികൾ വളർന്നുതുടങ്ങി. ചെടികളുടെ എണ്ണം ആയിരത്തിലും പതിനായിരത്തിലുമെത്തി.. കണ്ടൽ വളരുന്നതിനൊപ്പം പൊക്കുടന്റെ പേരും വളർന്നു. കേരളത്തിൽ ഒരു ലക്ഷത്തോളം കണ്ടൽത്തൈകളാണു പൊക്കുടൻ നട്ടത്. കണ്ടലിനെക്കുറിച്ചറിയാൻ വിദേശരാജ്യങ്ങളിൽ നിന്നുപോലും പരിസ്ഥിതിപ്രവർത്തകരും ഗവേഷകരും പൊക്കുടനെത്തേടിവന്നു. പൊക്കുടനെത്തേടി ഒട്ടേറെ പുരസ്കാരങ്ങളുമെത്തി. കണ്ടൽക്കാടുകൾ നശിപ്പിക്കുന്നവർക്കെതിരെയും പൊക്കുടൻ രംഗത്തിറങ്ങി. പറശിനിക്കടവിൽ കണ്ടൽക്കാടു വെട്ടി സിപിഎം പാർക്കു നിർമ്മിക്കാനൊരുങ്ങിയപ്പോൾ എതിർത്തു.[6]
സംസ്ഥാനത്തുടനീളമുള്ള സ്കൂളുകളിലും കണ്ടൽസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു ക്ലാസെടുക്കാൻ പ്രായാധിക്യം വകവയ്ക്കാതെ അദ്ദേഹം ഓടിയെത്തി. കുട്ടികളുടെ നേതൃത്വത്തിൽ പല പ്രദേശങ്ങളിലും കണ്ടൽ സംരക്ഷണ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചതു പൊക്കുടനാണ്.കണ്ടലുകളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ വളരാൻ അനുവദിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.[7]
ഏഴോം പഞ്ചായത്തിൽ 500 ഏക്കർ സ്ഥലത്ത് കണ്ടൽ വനങ്ങൾ വെച്ചു പിടിപ്പിച്ചിട്ടുണ്ട്. കണ്ടൽ ചെടികൾ വെട്ടിനശിപ്പിക്കുന്നതിൽ പോലും രാഷ്ട്രീയമുണ്ടായിരുന്ന ജില്ലയിൽ കണ്ടൽ വെട്ടുന്നവർക്കു കടുത്ത ശിക്ഷ ഉറപ്പു വരുത്തുന്ന കോടതി വിധി സമ്പാദിക്കാനും പൊക്കുടന്റെ നേതൃത്വത്തിൽ പരിസ്ഥിതി പ്രവർത്തകർക്കു കഴിഞ്ഞു.[8]
യൂഗോസ്ലാവ്യ,ജർമ്മനി,ഹംഗറി,ശ്രീലങ്ക,നേപ്പാൾ എന്നിവിടങ്ങളിലും ഇന്ത്യയിലെ പല സർവ്വകലാശാലകളിലും പൊക്കുടന്റെ കണ്ടൽക്കാടുകളെപ്പറ്റി ഗവേഷണപ്രബന്ധങ്ങൾ ഉണ്ടായിട്ടുണ്ട്/
കല്ലേൻ പോക്കൂടന്റെ നിർദ്ദേശപ്രകാരം കേന്ദ്ര വനം വകുപ്പ് പഠനം നടത്തുകയും നിരങ്ങിന്റെ മാട് എന്ന പ്രദേശം കേന്ദ്ര റിസർവ് കണ്ടൽ പാർക്ക് ആക്കാനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
അറുപതതോളം ചെറുതും വലുതുമായ പുരസ്കാരങ്ങൾ ലഭിച്ചു. അതിൽ പ്രധാനപ്പെട്ടവ താഴെ പറയുന്നവയാണ്.
കണ്ടലുകളെക്കുറിച്ചു പഠിക്കാൻ സ്കൂളെന്ന സ്വപ്നം ബാക്കിവച്ചാണു കല്ലേൻ പൊക്കുടൻ അന്തരിച്ചത്.നൂറുകണക്കിന് സർക്കാർ-സർക്കാരിതര പരിസ്ഥിതി സംഘടനകൾ സംസ്ഥാനത്തും രാജ്യത്തും പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇവരാരും ഇത്തരം സംരംഭങ്ങൾ ആരംഭിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് കണ്ടൽ പഠന ഗവേഷണ സ്കൂൾ ആരംഭിക്കാൻ പൊക്കുടൻ തീരുമാനിച്ചത്.[16] സ്വന്തം പേരിലുള്ള ഭൂമിയിൽ നിന്നു രണ്ടര സെന്റ് പൊക്കുടൻ സ്കൂളിനായി നൽകി. പഴയങ്ങാടിക്കടുത്ത മുട്ടുകണ്ടിയിലുള്ള പൊക്കുടന്റെ വീട്ടുമുറ്റത്തു പണി പൂർത്തിയാവാത്തൊരു കെട്ടിടമുണ്ട്. കുടുംബാംഗങ്ങളുടെ നേതൃത്വത്തിലുള്ള ട്രസ്റ്റിനെ നടത്തിപ്പു ചുമതലയും ഏൽപ്പിച്ചു. പൊക്കുടന്റെ പഴയ വീടിരുന്ന തറയിലാണ് വരാന്തയും രണ്ടുമുറികളുമുള്ള സ്കൂൾ കെട്ടിടം പണി തുടങ്ങിയത്. പരിസ്ഥിതി പ്രവർത്തകർക്കും വിദ്യാർഥികൾക്കുമെല്ലാം സൗജന്യമായി ക്ലാസുകൾ നൽകുമെന്നും പൊക്കുടൻ പറഞ്ഞിരുന്നു.
മരിക്കും മുമ്പ് മാൻഗ്രോവ് ട്രീ ട്രസ്റ്റ് എന്ന പേരിൽ ഒരു ട്രസ്റ്റ് ഉണ്ടാക്കിയിരുന്നു. മൂത്തമകനും പയ്യാമ്പലം ഗവ. സ്കൂൾ അധ്യാപകനുമായ ആനന്ദൻ മാഷാണ് ട്രസ്റ്റിന്റെ സെക്രട്ടറി.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.