From Wikipedia, the free encyclopedia
ഇറ്റലിയുടെ ലിബിയൻ അധിനിവേശത്തിനെതിരെ ഇരുപത് വർഷത്തോളം സമരം ചെയ്ത ധീരനായ സൂഫി പോരാളിയും, രക്തസാക്ഷിയുമാണ് ഉമർ മുഖ്താർ (1862-1931).ലിബിയയിലെ കിഴക്കൻ ബർഖ യുടെ ഭാഗമായ തബറുക്കിനടുത്തുള്ള ജാൻസൂളർ എന്ന കൊച്ചു ഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ ജനനം.നിഫ വർഗ്ഗത്തിൽ പെട്ടയാളാണ് ഉമർ മുഖ്താർ.1912 മുതൽ ഇറ്റലിയുടെ കടന്നാക്രമണത്തിനെതിരെ ജനങ്ങളെ സംഘടിപ്പിച്ചു പോരാട്ടം നടത്തിവന്ന അദ്ദേഹത്തെ നീണ്ട ഇരുപതു വർഷത്തിനൊടുവിൽ 1931 ൽ ഇറ്റാലിയൻ സൈന്യം പിടികൂടി തൂക്കി കൊല്ലുകയായിരുന്നു.
ഉമർ മുഖ്താറിന് പതിനാറ് വയസ്സായപ്പോൾ അദ്ദേഹത്തിന്റെ പിതാവ് മരണപ്പെട്ടു.പിന്നീട് അദ്ദേഹത്തെ സംരക്ഷിച്ചത് സൂഫി സന്യാസിയായ ഹുസൈൻ അൽ ഖറനൈനിയായിരുന്നു. പ്രാഥമിക പഠനങ്ങൾക്ക് ശേഷം ഖുർആൻ, ഹദീസ് , ഫിഖ്ഹ് , തസ്സവുഫ് എന്നിവകളിൽ പ്രാവീണ്യം നേടാനായി ജഹ്ബൂബിലെ സനൂസി ദർഗ്ഗ ദർസിൽ (കലാലയത്തിൽ) ഉപരിപഠനത്തിനായി ചേരുകയും എട്ട് വർഷം നീണ്ട് നിന്ന പഠനം പൂർത്തിയാക്കി സനൂസി ത്വരീഖത്ത് സ്വീകരിച്ചു ആധ്യാത്മിക മേഖലയിലേക്ക് ശ്രദ്ധ പതിപ്പിക്കുകയും ചെയ്തു. ഇക്കാലയളവിൽ ഖുർആൻ അദ്ധ്യാപകനായും, ഇമാം ആയും ഉമർ മുഖ്താർ സേവനമനുഷ്ഠിച്ചിരുന്നു. സാമൂഹിക സേവന രംഗങ്ങളിലും, സനൂസി സൂഫി പാതയിലും പ്രസിദ്ധൻ ആയിരുന്നു അദ്ദേഹം.[1] 1895 ഇൽ സനൂസി ഖലീഫ (ആചാര്യ പ്രമുഖ്) മുഹമ്മദ് അൽ മഹ്ദിയോടൊപ്പം നടത്തിയ ദേശാടനങ്ങൾക്ക് ശേഷം മഹ്ദി ചാന്ദിലെ 'ഐൻ കൽക്ക്' സൂഫി ആശ്രമത്തിൻറെ അധികാരിയായി ഉമർ മുഖ്താറിനെ നിയമിച്ചു. ഐൻ കൽക്കിലെ സൂഫി മഠത്തിന്റെ ഉത്തരവാദിത്തം കൈയാളുന്ന സമയത്താണ് പോരാട്ടങ്ങളുമായി ഉമർ മുഖ്താർ ബന്ധം സ്ഥാപിക്കുന്നത്.[2] ആഫ്രിക്കയിലെ ഫ്രഞ്ച് അധിനിവേശത്തിനെതിരെ ഇസ്ലാമിക മിഷനറികളായി ആഫ്രിക്കയിൽ പ്രവർത്തിച്ചിരുന്ന സൂഫികൾ തുടക്കമിട്ട സായുധ വിപ്ലവത്തിലേക്ക് തൻറെ മുരീദുമാരെ അയച്ചു നൽകിയായിരുന്നു മുഖ്താറിൻറെ ആദ്യ ഇടപെടൽ. മധ്യ ആഫ്രിക്കയിൽ ഫ്രാൻസ് നിലയുറപ്പിക്കുന്നത് തങ്ങളുടെ അതിരുകളിലും,പ്രവർത്തനങ്ങളിലും പ്രതിസന്ധി സൃഷ്ടിക്കുമെന്ന സനൂസി സൂഫി സന്യാസികളുടെ ആശങ്കയാണ് സനൂസി-ഫ്രാൻസ് യുദ്ധത്തിന് പിറകിലെന്നു കരുതപ്പെടുന്നു. മഹ്ദിയുടെ നിര്യാണത്തിനു ശേഷം ആചാര്യ പ്രമുഖായ് സ്ഥാനമേറ്റെടുത്ത അഹ്മദ് ശരീഫ് അൽ സനൂസിയുടെ കാലത്താണ് സനൂസി സൂഫികളിലെ മുഖ്യ സ്ഥാനത്തേക്ക് ഉമർ ഉയർന്നു വരുന്നത്. അഹ്മദ് ശരീഫ് ഉമർ മുഖ്താറിനെ ഐൻ കൽക്കിയിലെ ആശ്രമത്തിൽ നിന്നും തിരികെ വിളിപ്പിക്കുകയും സംഘർഷ ബാധിത പ്രദേശമായ ബർഖയിലെ ആശ്രമങ്ങളുടെ മശായിഖ് (മുഖ്യ ഗുരു) ആയി നിയമനം നൽകുകയും ചെയ്തു.[3] പിന്നീട് ഈ പ്രദേശം കേന്ദ്രീകരിച്ചാണ് ഇറ്റാലിയൻ അധിനിവേശത്തിനെതിരെ ഉമർ മുഖ്താർ പടയൊരുക്കം ആരംഭിച്ചത്.
1911 ലെ ഇറ്റലി-തുർക്കി യുദ്ധസമയത്ത് ഇറ്റലിയുടെ ഒരു വ്യോമ വിഭാഗം അഡ്മിറൽ ല്യൂജി ഫറാവെല്ലിയുടെ നേതൃത്വത്തിൽ ലിബിയൻ തീരത്ത് എത്തുകയും (അന്ന് ലിബിയ ഒട്ടോമൻ തുർക്കികകളുടെ നിയന്ത്രണത്തിലാണ്) എല്ലാ ലിബിയക്കാരും ഇറ്റലിക്ക് കീഴടങ്ങണമെന്നും അല്ലെങ്കിൽ ട്രിപ്പോളി നഗരം നശിപ്പിക്കുമെന്നും മുന്നറിയിപ്പു നല്കി. കീഴടങ്ങുന്നതിന് പകരം ലിബിയക്കാരെല്ലാം പലായനം ചെയ്യുകയാണുണ്ടായത്. മൂന്നു ദിവസം ശക്തമായി ബോംബാക്രമണം നടത്തിയ ഇറ്റാലിയൻ സൈന്യം ട്രിപ്പോളിക്കാരെല്ലാം ഇറ്റലിയോട് കൂറുണ്ടായിരിക്കണമെന്ന് പ്രഖ്യാപിച്ചു. ഇത് ഇറ്റാലിയൻ സാമ്രാജ്യത്വശക്തികളും ഉമർ മുഖ്താറിന്റെ നേതൃത്വത്തിലുള്ള ലിബിയൻ പോരാളികളും തമ്മിലുള്ള നീണ്ട യുദ്ധത്തിനു കാരണമാവുകയായിരുന്നു.
ഖുർആൻ അദ്ധ്യാപകൻ എന്നതോടൊപ്പം തന്നെ ഉമർ മുഖ്താർ മരുഭൂമിയിലെ യുദ്ധതന്ത്രത്തിൽ നൈപുണ്യമുള്ള ആളുമായിരുന്നു. ലിബിയയുടെ ഭൂമിശാസ്ത്ര ഘടന നന്നായി അറിയുമായിരുന്ന ഉമർ മുഖ്താറിന് തന്റെ ഈ അറിവ് ഇറ്റാലിയൻ സൈന്യത്തിനെതിരെ യുദ്ധം ചെയ്യുന്നതിൽ മുതൽക്കൂട്ടായി.ഇറ്റാലിയൻ സൈന്യത്തിനാണങ്കിൽ മരുഭൂമിയിലെ യുദ്ധരീതികളൊന്നും വലിയ വശമുണ്ടായിരുന്നുമില്ല.ഉമർ മുഖ്താറിന്റെ ചെറുതെങ്കിലും ശക്തരായ പടയാളികൾ ഇറ്റാലിയൻ സൈന്യത്തിനെതിരെ ആവർത്തിച്ചാവർത്തിച്ച് ആക്രമണം നടത്തിവന്നു. ഇറ്റാലിയൻ പടയെ ആക്രമിക്കുക മാത്രമല്ല തന്ത്രപരമായി അവരുടെ വാർത്താവിനിമയ സംവിധാനം, വൈദ്യുതി, വെള്ളം എന്നിവ വിഛേദിക്കുകയും ചെയ്തു. ഉമർ മുഖ്താറിന്റെ ഗറില്ലാ യുദ്ധമുറ ഇറ്റാലിയൻ സൈന്യത്തെ അമ്പരപ്പിക്കുക തന്നെ ചെയ്തു..
1923 ഇൽ സനൂസി സേന അധിപനായിരുന്ന ഇദ്രീസ് അൽ സനൂസി യുടെ വിയോഗത്തിന് ശേഷം സനൂസി ഗറില്ലാ സംഘംങ്ങളുടെ മുഖ്യ സേനാധിപനായി ഉമർ മുഖ്താർ തിരഞ്ഞെടുക്കപ്പെട്ടു. 1924 ൽ ഇറ്റാലിയൻ ഗവർണ്ണർ ഏണെസ്റ്റോ ബോംബെല്ലി ജബൽ അഖ്തർ മലനിരകളിൽ രൂപവത്കരിച്ച ഗറില്ലാവിരുദ്ധ സൈന്യം ലിബിയൻ പോരാളികള്ക്ക് കടുത്ത നാശം വരുത്തിവച്ചു. മുഖ്താർ ഉടനെ തന്റെ പുതിയ തന്ത്രങ്ങൾ മെനഞ്ഞ് ഈജിപ്തിന്റെ സഹായത്താൽ തിരിച്ചടിക്കാൻ തുടങ്ങി. റഹീബയിലെ പോരാട്ടത്തിൽ ഉമർ മുഖ്താർ ഇറ്റാലിയൻ പടയെ ഞെട്ടിപ്പിച്ചു. ഇറ്റാലിയൻ സൈന്യം നിരന്തരം വേട്ടയാടികൊണ്ടിരുന്ന സെൻസൂയിറ്റ് വിഭാഗങ്ങളെ 1927-1928 കാലഘട്ടത്തിൽ മുഖ്താർ പുന:സംഘടിപ്പിക്കുകയുണ്ടായി. ഇറ്റാലിയൻ ഗവർണ്ണറായിരുന്ന ജനറൽ തറുസ്സിക്ക് പോലും ഉമർ മുഖ്താറിന്റെ അസാധാരണമായ സ്ഥിരോത്സാഹത്തെയും ഇച്ഛാശക്തിയെയും അംഗീകരിക്കേണ്ടി വന്നു.
മുഖ്താറിനെതിരെയുള്ള ശക്ത്മായ പോരാട്ടം പരാജയമായപ്പോൾ ബെനിറ്റോ മുസ്സോളിനിയ്ടെയും എമിലോ ഡി ബോണയുടെയും ആശിർവാദത്താൽ ഇറ്റാലിയൻ സൈനിക ജനറൽ പുതിയൊരു തന്ത്രം രൂപവത്കരിച്ചു.ജിബലിലുള്ള പതിനായിരത്തോളം വരുന്ന ജനങ്ങളെ തീരപ്രദേശത്തുള്ള കോൺസണ്ട്രേഷൻ ക്യാമ്പിലേക്ക് മാറ്റും ;ലിബിയൻ -ഈജിപ്ഷ്യൻ അതിര്ത്തിയായ ഗിയറാബുബ് അടയ്ക്കും . ഇതായിരുന്നു ആ തന്ത്രം.ഇതിലൂടെ പോരളികൾക്കുള്ള വിദേശ സഹായവും സ്വദേശികളുടെ പിന്തുണയും തടയാൻ കഴിയും എന്ന് ഇറ്റാലിയൻ അധികാരികൾ തിരിച്ചറിഞു.ഇത് ശരിക്കും ഫലിച്ചു എന്ന് വേണം മനസ്സിലാക്കാൻ.എങ്കിലും ഉമർ മുഖ്താർ കടുത്ത പ്രയാസങ്ങളിലും ഇറ്റാലിയൻ സൈന്യത്തിനെതിരെ പോരാടി.1931 സെപ്റ്റംബർ 11 ന് ഒളിച്ചിരുന്ന സൈനികർ സൊനറ്റക്ക് അടുത്തുവെച്ച് ഉമർ മുഖ്താറിനെ പിടികൂടി.
മുഖ്താറിന്റെ അവസാനത്തെ എതിരാളിയായിരുന്ന ഇറ്റാലിയൻ ജനറൽ റുഡോള്ഫ് ഗ്രസിയനി നൽകുന്ന ഈ വിവരണം മുക്താറിനോടുള്ള ബഹുമാനം ഒട്ടും കുറയാത്തതാണ്:
“ | പൗരുഷനായ ഒത്ത നീളമുള്ള വെളുത്ത മുടിയോടുകൂടിയ താടിയും മീശയുമുള്ള ഉമർ, മതപരമായി നല്ല വിവരമുള്ളയാളും ബുദ്ധികൂർമ്മതയും ഊർജ്ജസ്വലതയും പ്രകടിപ്പിച്ച വ്യക്തിയുമായിരുന്നു.നിസ്സ്വാർഥനായ അദ്ദേഹം വിട്ടുവീഴ്ച്ചക്കൊരുക്കമല്ലാത്ത ആളുമായിരുന്നു.സെൻസൂയിറ്റ് സൂഫികളിലെ ഏറ്റവും പ്രമുഖനായ വ്യക്തിയായിരുന്നെങ്കിലും മതഭക്തനായ ഒരു ദരിദ്രനായിരുന്നു മുഖ്താർ. | ” |
1931 സെപ്റ്റംബർ 11 ന് ഉമർ മുഖ്താർ യുദ്ധത്തിൽ പരിക്കേല്പ്പിക്കപെടുകയും സൈന്യത്തിന്റെ പിടിയിലാവുകയും ചെയ്യുകയാണ്.ഒരു സമ്മാനം നേടിയെടുത്ത പ്രതീതിയായിരുന്നു ഇറ്റാലിയൻ സൈന്യത്തിന് മുഖ്താറിനെ പിടികൂടൽ.മുഖ്താറിന്റെ മനോധൈര്യം ജയിലിലെ മറ്റു ആളുകളെ അമ്പരപ്പിച്ചു.തന്നെ ചോദ്യം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുന്നവരുടെ കണ്ണുകളിലേക്ക് നോക്കി ഖുർആൻ ഉരുവിടുകയായിരുന്നു ഉമർ മുഖ്താർ എന്ന് അദ്ദേഹത്തെ ചോദ്യംചെയ്തവർ പിന്നീട് സമ്മതിക്കുകയുണ്ടായി.വെറും മൂന്ന് ദിവസത്തിനുള്ളിൽ അദ്ദേഹത്തെ വിചാരണ ചെയ്ത് കുറ്റപ്രത്രം സമർപ്പിക്കുകയും പരസ്യമായി തൂക്കിലേറ്റൂകയുമാണുണ്ടായത്.മാപ്പപേക്ഷിച്ചാൽ വധ ശിക്ഷ ഒഴിവാക്കി പുറം രാജ്യത്തേക്ക് അയക്കാം എന്ന സന്ധി നീട്ടിയ ഇറ്റാലിയൻ പട്ടാള മേധാവികളോട്
“ | ഞങ്ങൾ കീഴടങ്ങില്ല, ഒന്നുകിൽ വിജയം, അല്ലെങ്കിൽ രക്തസാക്ഷിത്വം . ഇതിവിടെ അവസാനിക്കുമെന്ന് നിങ്ങൾ കരുതണ്ട, നിങ്ങളോട് പോരാടാനെൻറെ അടുത്ത തലമുറ വരും, അവർക്ക് ശേഷം അതിൻറെയടുത്ത തലമുറ, അതിനു ശേഷം അതിനടുത്ത തലമുറ | ” |
എന്ന മറുപടിയാണ് അദ്ദേഹം നൽകിയത്. പണ്ഡിതന്മാരും ചരിത്രകാരന്മാരും അദ്ദേഹത്തിന്റെ വിചാരണ മാന്യവും നിഷ്പക്ഷവുമാണോ എന്നകാര്യത്തിൽ സംശയാലുക്കളാണ്[4]. അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്ന് തൂക്കിലേറ്റുന്നവർ ചോദിച്ചപ്പോൾ അദ്ദേഹം ഖുർആനിലെ ഈ വചനം ഉരുവിട്ടു:"നമ്മളെല്ലാം ദൈവത്തിൽനിന്ന്;ദൈവത്തിലേക്കു തന്നെ നമ്മുടെ മടക്കവും". ഇറ്റാലിയൻ കോടതിയുടെ നിർദ്ദേശത്തോടെയും ലിബിയൻ സ്വാതന്ത്ര്യസമരം ഇതോടുകൂടി അന്ത്യംവരിക്കുമെന്ന ഇറ്റാലിയൻ സൈന്യത്തിന്റെ പ്രതീക്ഷയോടെയും 1931 സെപ്റ്റംബർ 16 ന് സെല്ലുഖൻ കോൺസണ്ട്രേഷൻ ക്യാമ്പിലെ തന്റെ അനുയായികൾക്ക് മുമ്പിൽ ഉമർ മുഖ്താർ തൂക്കിലേറ്റപ്പെട്ടു[5].അദ്ദേഹത്തെ തൂക്കിലേറ്റാനായി കയർ കഴുത്തിൽ കുരുക്കാൻ വന്ന ഇറ്റാലിയൻ ഉദ്യോഗസ്ഥനോട് മുഖ്താർ പറഞ്ഞത് :
ഞാൻ നിന്നെക്കാൾ കൂടുതൽ കാലം ജീവിക്കും
എന്നായിരുന്നു. വാക്കുകൾ അർത്ഥവത്തായെന്ന പോൽ അദ്ദേഹത്തിൻറെ ഓർമ്മകൾ തലമുറകൾ കൈമാറി ഇന്നും നിലനിൽക്കുന്നു.
.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.