ഒരു ബ്രിട്ടീഷ് ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായിരുന്നു സർ ആൽഫ്രെഡ് ജോസഫ് ഹിച്ച്‌കോക്ക്. ചലച്ചിത്രത്തിലെ സസ്പെൻസ്, ത്രില്ലർ ജനുസ്സുകളിൽ ഇദ്ദേഹം പല പുതിയ രീതികളും ആവിഷ്കരിച്ചു.

വസ്തുതകൾ ആൽഫ്രെഡ് ഹിച്ച്‌കോക്ക്, ജനനം ...
ആൽഫ്രെഡ് ഹിച്ച്‌കോക്ക്
Thumb
ജനനം
ആൽഫ്രെഡ് ജോസഫ് ഹിച്ച്‌കോക്ക്
അന്ത്യ വിശ്രമംPacific Ocean
മറ്റ് പേരുകൾഹിച്ച്‌
ദ മാസ്റ്റർ ഓഫ് സസ്പെൻസ്
സജീവ കാലം1921–1976
ജീവിതപങ്കാളി(കൾ)അൽമ റെവിൽ (1926-1980)
പുരസ്കാരങ്ങൾNYFCC Award for Best Director
1938 The Lady Vanishes
NBR Award for Best Director
1969 Topaz
AFI Life Achievement Award
1979 Lifetime Achievement
അടയ്ക്കുക

ജന്മരാജ്യമായ യുണൈറ്റഡ് കിങ്ഡത്തിലെ ചലച്ചിത്ര മേഖലയിൽ -നിശ്ശബ്ദ ചിത്രങ്ങളിലും ശബ്ദ ചിത്രങ്ങളിലും- മികച്ച രീതയിൽ പ്രവർത്തിച്ചശേഷം ഇദ്ദേഹം 1956ൽ ഹോളിവുഡിലേക്ക് മാറി. ബ്രിട്ടീഷ് പൗരത്വം നിലനിർത്തിക്കൊണ്ട് ഇദ്ദേഹം ഒരു അമേരിക്കൻ പൗരനായി.

നിശ്ശബ്ദ ചിത്രങ്ങളിൽ തുടങ്ങി ശബ്ദ ചിത്രങ്ങളുടെ കണ്ടുപിടിത്തത്തിലൂടെ കടന്നുപോയി കളർ ചിത്രങ്ങൾ വരെയെത്തി നിൽക്കുന്ന 60 വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ ഇദ്ദേഹം അൻ‍പതിലധികം ചലച്ചിത്രങ്ങൾ സം‌വിധാനം ചെയ്തു.

കാൻ, വെനീസ് തുടങ്ങിയ പ്രമുഖ ചലച്ചിത്രമേളകളിലും അക്കാദമി പുരസ്കാരങ്ങൾക്കും നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, ലോകസിനിമയിൽ അദ്ദേഹത്തിനു സമശീർഷരായ മറ്റു സംവിധായകരെ അപേക്ഷിച്ച് വളരെക്കുറച്ചു മാത്രം പുരസ്കാരങ്ങളേ ഹിച്ച്കോക്കിനു ലഭിച്ചിട്ടുള്ളൂ. എങ്കിലും ഹിച്ച്കോക്കിന്റെ സിനിമകൾ വലിയ വാണിജ്യവിജയങ്ങളായിരുന്നു.[1] അഭിനേതാക്കളുടെ പേരിൽ സിനിമ വിപണനം ചെയ്തിരുന്ന ഹോളിവുഡ് സമ്പ്രദായത്തിൽ, വലിയൊരു മാറ്റമുണ്ടാക്കിയത് ഹിച്ച്കോക്കിന്റെ സിനിമകളായിരുന്നു. 1950-കളോടെ സം‌വിധായകനായ ഹിച്ച്കോക്കിന്റെ പേരിൽ അദ്ദേഹത്തിന്റെ സിനിമകൾ വിപണനം ചെയ്യപ്പെടുകയും, സിനിമയുടെ പരസ്യത്തിനായുള്ള പോസ്റ്ററിൽ അദ്ദേഹത്തിന്റെ മുഖം പ്രത്യക്ഷപ്പെടുകയും ചെയ്തു.[2]
എക്കാലത്തേയും ഏറ്റവും പ്രശസ്തരായ ചലച്ചിത്ര സംവിധായകരിലൊരാളായി ഇദ്ദേഹം ഇന്നും തുടരുന്നു.

പ്രശസ്തി

കഥാഗതി നിയന്ത്രിക്കുന്നതിലുള്ള വൈഭവവും ഉദ്വേഗഭരിതമായ നിമിഷങ്ങൾ സമ്മാനിക്കുന്നതിലുള്ള അനിതരസാധാരണമായ പാടവവും അദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തി[3]. ഭീതിയിലും ഭ്രമാത്മക കല്പനയിലും ഊന്നിയവയാണ്‌ ഈ ചിത്രങ്ങൾ. അസാധാരണവും അപരിചിതവുമായ സാഹചര്യങ്ങളിലികപ്പെട്ടു പോകുന്ന സാധാരണ മനുഷ്യരുടെ കഥകൾ പലപ്പോഴും ഹിച്ച്‌കോക്ക് വിഷയമാക്കിയിട്ടുണ്ട്.
1922ൽ യുണൈറ്റഡ് കിങ്ഡത്തിൽ വെച്ച് ഹിച്ച്‌കോക്ക് സംവിധാന മേഖലയിലേക്ക് തിരിഞ്ഞു. 1939 മുതൽ അദ്ദേഹം അമേരിക്കൻ ഐക്യനാടുകളിലാണ്‌ പ്രവർത്തിച്ചത്.
പലപ്പോഴായി നാമനിർ‍ദ്ദേശം ചെയ്യപ്പെട്ടുവെങ്കിലും, റെബേക്ക എന്ന ഒറ്റ ചിത്രത്തിനു മാത്രമാണ്‌ മികച്ച ചലച്ചിത്രത്തിനുളള അക്കാദമി പുരസ്കാരം നേടാനായത്[4]. 1967ൽ ഇർവിങ്ങ് ജി. താൽബെർഗ് സ്മാരക പുരസ്കാരം ഹിച്ച്‌കോക്കിനു നൽകപ്പെട്ടു[5].

ജീവിതം

ഓഗസ്റ്റ് 13,1899ന്‌, ലെയ്റ്റൺസ്റ്റോൺ,ലണ്ടനിൽ വെച്ച് വില്യം ഹിച്ച്‌കോക്കിന്റെയും എമ്മാ ജെയ്ൻ ഹിച്ച്‌കോക്കിന്റെയും രണ്ടാമത്തെ മകനായി, മൂന്നു മക്കളിൽ ഇളയവനായി ഹിച്ച്‌കോക്ക് ജനിച്ചു. ഐറിഷ് പാരമ്പര്യമുള്ള റോമൻ കത്തോലിക്കാ കുടുംബമായിരുന്നു അത്.
ചെറുപ്പകാലത്ത്, പെരുമാറ്റദൂഷ്യം മൂലം പത്തു മിനിറ്റ് നേരത്തേക്ക് ജയിലിൽ പിടിച്ചിടുക എന്ന കുറിപ്പുമായി ഹിച്ച്‌കോക്കിനെ പിതാവ് പോലീസ് സ്റ്റേഷനിലേക്കയക്കുകയുണ്ടായിട്ടുണ്ട്[6]. ചെയ്യാത്ത കുറ്റത്തിനു ശിക്ഷിക്കപ്പെടുന്നതും, മോശമായ പെരുമാറ്റം നേരിടേണ്ടി വരുന്നതുമായ സംഭവങ്ങൾ പില്ക്കാലത്ത് അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ പ്രതിഫലിച്ചിട്ടുണ്ട്.
പലപ്പോഴും, പ്രത്യേകിച്ച് വികൃതി കാണിക്കുമ്പോൾ, അമ്മ ഹിച്ച്‌കോക്കിനെ മണിക്കൂറുകളോളം തന്റെ കട്ടിൽച്ചുവട്ടിൽ നിർത്തുമായിരുന്നു. ഈ അനുഭവങ്ങൾ സൈക്കോ എന്ന ചിത്രത്തിലെ നോർമൻ ബേറ്റ്സ് എന്ന കഥാപാത്രത്തിന്റെ രൂപവത്കരണത്തെ സ്വാധീനിച്ചു.
പതിനാലാം വയസ്സിൽ ഹിച്ച്‌കോക്കിന്റെ പിതാവ് അന്തരിച്ചു. ആ വർഷം തന്നെ അദ്ദേഹം സ്റ്റാംഫഡ് ഹില്ലിലെ സെന്റ് ഇഗ്നേഷ്യസ് കോളേജ് വിട്ട് പോപ്ലറിലെ ലണ്ടൻ കൗണ്ടി കൗൺസിൽ സ്കൂൾ ഓഫ് എഞ്ചിനീയറിങ്ങ് ആൻഡ് നാവിഗേഷനിൽ ചേർന്നു[7].

ബ്രിട്ടനിലെ പ്രവർ‍ത്തനകാലം

ഗ്രഹാം കട്ട്സുമൊത്തുള്ള പ്രവർത്തനം ഹിച്ച്‌കോക്കിനെ 1924ൽ ജർമനിയിലെത്തിച്ചു. എഫ്.ഡബ്ലു.മർണോവിനെ അടുത്തു നിരീക്ഷിക്കാൻ അവസരം ലഭിച്ച ഹിച്ച്‌കോക്ക്, അദ്ദേഹത്തിന്റെ ശൈലിയിൽ ആകൃഷ്ടനായി. ഫ്രാൻസ്വാ ത്രൂഫോ നടത്തിയ അഭിമുഖത്തിൽ, ഫ്രിറ്റ്സ് ലാങ്ങിന്റെ ഡെസ്റ്റിനി (1921) എന്ന ചലച്ചിത്രം തന്നെ സ്വാധീനിച്ചിട്ടുള്ളതായി ഹിച്ച്‌കോക്ക് വെളിപ്പെടുത്തി.
1925ൽ ഗെയിൻസ്ബറോ പിക്ചേഴ്സിലെ[8] മൈക്കേൽ ബാൽക്കൺ[9] ഹിച്ച്‌കോക്കിനു തന്റെ ആദ്യ ചലച്ചിത്രം സംവിധാനം ചെയ്യാനുള്ള അവസരം നൽകി. ദ പ്ലെഷർ ഗാർഡൻ [10] എന്ന ഈ ചിത്രം ജർമനിയിലെ യു എഫ് എ സ്റ്റുഡിയോസിലാണു നിർമ്മിച്ചത്. എന്നാൽ ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടത് അദ്ദേഹത്തിന്റെ ഭാവിക്കു മേൽ നിഴൽ വീഴ്ത്തി[11]. 1926ൽ, ത്രില്ലർ വിഭാഗത്തിൽ പെട്ട തന്റെ ആദ്യ ചിത്രമായ ദ ലോഡ്ജർ: എ സ്റ്റോറി ഓഫ് ദ ലണ്ടൻ ഫോഗ് [12] സംവിധാനം ചെയ്തു കൊണ്ട് ഹിച്ച്‌കോക്ക് തിരിച്ചുവരവ് നടത്തി. ജനുവരി 1927ൽ യുണൈറ്റഡ് കിങ്ഡത്തിൽ പ്രദർശിപ്പിച്ച ഈ ചിത്രം സാമ്പത്തിക വിജയവും നിരൂപക പ്രശംസയും നേടി. ഈ വിജയത്തോടെ ഹിച്ച്‌കോക്ക് മാദ്ധ്യമശ്രദ്ധയാകർഷിക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങി. ഡിസംബർ 2,1926ൽ തന്റെ അസിസ്റ്റന്റ് ഡയറക്ടറായ അൽമ റെവിലിനെ ബ്റോംപ്റ്റൺ ഒറേറ്ററിയിൽ വെച്ച് വിവാഹം ചെയ്തു. ഹിച്ച്‌കോക്ക് ദമ്പതികൾക്ക് പട്റീഷ്യ എന്ന മകൾ 1928ൽ ജനിച്ചു. അൽമ പിൽക്കാലത്ത് ഹിച്ച്‌കോക്കിന്റെ ഏറ്റവും അടുത്ത സഹായിയും ആയിത്തീർന്നു.
1929ൽ ബ്ലാക്ക് മെയിൽ [13] എന്ന പത്താമത്തെ ചിത്രത്തിന്റെ പണിപ്പുരയിലേക്ക് അദ്ദേഹം കടന്നു. ചിത്രത്തിന്റെ ജോലികൾ പുരോഗമിക്കവേ, യുകെ യിലെ ആദ്യ ശബ്ദ ചിത്രങ്ങളിലൊന്നാക്കി ഇതിനെ മാറ്റാൻ സ്റ്റുഡിയോ തീരുമാനമെടുത്തു. ക്ലൈമാക്സ് രംഗങ്ങൾ ബ്രിട്ടീഷ് മ്യൂസിയത്തിലെ ഡോമിൽ ചിത്രീകരിക്കുക വഴി, ഉദ്വേഗജനകമായ രംഗങ്ങൾ പ്രശസ്ത സ്ഥലങ്ങളുടെ പശ്ചാത്തലത്തിൽ ചിത്രീകരിക്കുന്ന ഹിച്ച്‌കോക്ക് സങ്കേതത്തിനു തുടക്കം കുറിക്കപ്പെട്ടു.
1933ൽ ഗോമണ്ട്-ബ്രിട്ടീഷ് പിക്ചർ കോർപ്പറേഷനു[14] വേണ്ടി മൈക്കേൽ ബാൽക്കണുമൊത്ത് വീണ്ടും സഹകരിച്ചു. കമ്പനിക്കു വേണ്ടിയുള്ള ആദ്യ ചിത്രമായ ദ മാൻ ഹു ന്യൂ റ്റൂ മച്ച് (1934)[15] ഒരു വിജയമായിരുന്നു. രണ്ടാമത്തെ ചിത്രമായ ദ 39 സ്റ്റെപ്സ് [16] ഹിച്ച്‌കോക്കിന്റെ ആദ്യ കാല ചിത്രങ്ങളിലെ ഏറ്റവും മികച്ചവയിലൊന്നായി കണക്കാക്കപ്പെടുന്നു. മക്ഗഫിൻ എന്ന കഥാസങ്കേതം ആദ്യമായി ഈ ചിത്രത്തിൽ ഉപയോഗിച്ചു. കഥാഗതി പൂർണ്ണമായും ഒരു ഘടകത്തിൽ ആശ്രയിച്ചു നിൽക്കുന്ന പ്രതീതി ഉളവാക്കുമെങ്കിലും, ആത്യന്തികമായി ഒരു സ്വാധീനവും ഈ ഘടകം കഥയിൽ ചെലുത്തുന്നില്ലെന്ന് വെളിപ്പെടുത്തുകയും ചെയ്യുന്നു.
ഹിച്ച്‌കോക്കിന്റെ തുടർ‍ന്നുള്ള പ്രധാന വിജയം 1938ൽ പുറത്തിറങ്ങിയ ദ ലേഡി വാനിഷസ് [17] എന്ന ചിത്രമായിരുന്നു. ചടുലമായി കഥ പറഞ്ഞ ഈ ചിത്രം വാൻഡ്രിക എന്ന സാങ്കല്പിക രാജ്യത്തിലെ ട്രെയിനിൽ വെച്ച് കാണാതാകുന്ന ഇംഗ്ലീഷ് വൃദ്ധയെക്കുറിച്ചുള്ളതായിരുന്നു.
1938നോടടുപ്പിച്ച്, "അഭിനേതാക്കൾ കാലിക്കൂട്ടങ്ങളാണ്‌"[18] എന്ന പ്രശസ്ത പരാമർശം ഹിച്ച്‌കോക്ക് നടത്തുകയുണ്ടായി. ചലച്ചിത്രങ്ങളോട് പുച്ഛമായിരുന്ന നാടക അഭിനേതാക്കളെ ഓർത്ത് 1920കളുടെ അവസാനത്തിലാണ്‌ ഈ പരാമർശം നടത്തിയതെന്ന് അദ്ദേഹം പറയുകയുണ്ടായി. എന്നാൽ പ്രസ്തുത പരാമർശം ദ ലേഡി വാനിഷസ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയ്ക്കു തന്നെയായിരുന്നു എന്ന് മൈക്കേൽ റെഡ്ഗ്രേവ് വെളിപ്പെടുത്തി. ഈ വാചകം പില്ക്കാലത്ത് ഒരു തമാശക്ക് വഴി വെക്കുകയും ചെയ്തു. 1941ൽ മിസ്റ്റർ അൻഡ് മിസിസ്സ് സ്മിത്ത് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടക്ക്, ഇതിലെ അഭിനേതാക്കളായ ലൊംബാർഡ്,റോബർട്ട് മോണ്ട്ഗോമെറി,ജീൻ റെയ്മണ്ട് തുടങ്ങിയവുരുടെ പേരിട്ട കുറെ പശുക്കളെ കരോൾ ലൊംബാർഡ് കൊണ്ടു വരികയുണ്ടായി.[19]
1930കളുടെ അവസാനത്തോടെ ഹിച്ച്‌കോക്ക് തന്റെ കഴിവുകളുടെ ഔന്നത്യങ്ങളിലെത്തിയിരുന്നു. മാർച്ച് 1939ൽ ആരംഭിക്കുന്ന ഏഴ് വർഷത്തെ കരാർ ഡേവിഡ് ഒ.സെൽസ്നിക്കുമായി ഒപ്പു വെച്ച ശേഷം ഹിച്ച്‌കോക്കും കുടുംബവും അമേരിക്കൻ ഐക്യനാടുകളിലേക്കു മാറി.

ഹോളിവുഡ്

ഉദ്വേഗജനകമായ രംഗങ്ങൾ ഇതിനോടകം ഹിച്ച്‌കോക്ക് ചിത്രങ്ങളുടെ പ്രത്യേകതയായിക്കഴിഞ്ഞിരുന്നു. സെൽസ്നിക്കുമൊത്തുള്ള പ്രവർ‍ത്തനം സൗകര്യങ്ങളുടെ അപര്യാപ്തത മൂലം ബുദ്ധിമുട്ടായിത്തീർന്നു. മിക്കപ്പോഴും സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന സെൽസ്നിക്ക്, ക്രിയാത്മക സ്വാതന്ത്ര്യത്തിലുള്ള ഇടപെടൽ വഴി ഹിച്ച്‌കോക്കിന്റെ അപ്രീതിക്കു കാരണമായി. കൂടുതൽ വലിയ സ്റ്റുഡിയോകൾക്ക് സെൽസ്നിക്ക് ഹിച്ച്‌കോക്കിനെ "വാടകയ്ക്ക്" കൊടുക്കേണ്ടതായി വന്നു. ഇംഗ്ലണ്ടിൽ നേരിടേണ്ടി വന്ന സാമ്പത്തിക ബുദ്ധിമുട്ടുകളുമായി തട്ടിച്ചു നോക്കുമ്പോൾ അമേരിക്കൻ സ്റ്റുഡിയോകളിലുള്ള വിപുലമായ സൗകര്യങ്ങൾ ഹിച്ച്‌കോക്കിനെ ആകർഷിച്ചു. എങ്കിലും ജന്മനാടിനോടുള്ള സ്നേഹം മൂലം, യുണൈറ്റഡ് കിങ്ഡം പശ്ചാത്തലമായി വരുന്ന നിരവധി അമേരിക്കൻ ചിത്രങ്ങൾ അദ്ദേഹം സൃഷ്ടിച്ചു.
അദ്ദേഹത്തിന്റെ ആദ്യ അമേരിക്കൻ ചിത്രമായ റെബേക്ക 1940ൽ പുറത്തിറങ്ങി. അമേരിക്കൻ ചിത്രമെങ്കിലും കഥയുടെ പശ്ചാത്തലം ഇംഗ്ലണ്ട് ആയിരുന്നു. ഇംഗ്ലീഷ് എഴുത്തുകാരനായ ഡാഫൻ ഡു മൊറിയറുടെ ഒരു നോവൽ ആസ്പദമാക്കി നിർമ്മിച്ച ഈ ചിത്രത്തിൽ സർ ലോറൻസ് ഒലിവിയർ, ജോൻ ഫൊണ്ടൈൻ തുടങ്ങിയവർ അഭിനയിച്ചു. 1940ലെ മികച്ച ചിത്രത്തിനുള്ള അക്കാഡമി അവാർഡ് റെബേക്ക നേടുകയും ചെയ്തു. പക്ഷെ നിർമ്മാതാവെന്ന നിലയിൽ പുരസ്കാരത്തിന്‌ അർഹനായത് സെൽസ്നിക്കായിരുന്നു. മികച്ച സംവിധായകനുള്ള പുരസ്കാരം ഹിച്ച്‌കോക്കിനു നേടിക്കൊടുക്കുവാൻ ചിത്രത്തിനായില്ല.

കലാരംഗം

ഗ്രന്ഥസൂചിക

കൂടുതൽ വായനയ്ക്ക്

പുറത്തേയ്ക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.