From Wikipedia, the free encyclopedia
ക്രിസ്തീയബൈബിളിന്റെ ഭാഗമായ പുതിയനിയമത്തിലെ സന്ദേശഗ്രന്ഥങ്ങളിൽ മൂന്നെണ്ണത്തിനു പൊതുവായുള്ള പേരാണ് അജപാലകർക്കുള്ള ലേഖനങ്ങൾ(Pastoral Epistles). ആദ്യകാലസഭയുടെ പ്രമുഖ നേതാവും പ്രേഷിതനുമായിരുന്ന പൗലോസ് അപ്പസ്തോലൻ തന്റെ യുവശിഷ്യന്മാരും പ്രാദേശികസഭകളുടെ നേതാക്കളുമായിരുന്ന തിമോത്തെയോസിനും തീത്തോസിനും എഴുതിയ കത്തുകളുടെ രൂപമാണ് ഈ രചനകൾക്ക്. തിമോത്തെയോസിനെഴുതിയ ഒന്നാമത്തേയും രണ്ടാമത്തേയും ലേഖനങ്ങളും തീത്തോസിനെഴുതിയ ഏക ലേഖനവും ആണിവ. ഇവയ്ക്ക് യഥാക്രമം, "1 തിമോത്തെയോസ്", "2 തിമോത്തെയോസ്", "തീത്തോസ്" എന്നീ ചുരുക്കപ്പേരുകളും ഉണ്ട്. ഈ മൂന്നു ലേഖനങ്ങൾ സാധാരണ ഒന്നിച്ചാണ് ചർച്ച ചെയ്യപ്പെടാറ്. അജപാലനസംബന്ധമായ വിഷയങ്ങൾ പരിഗണിക്കപ്പെടുന്നതു കൊണ്ടെന്നതിലപ്പുറും അജപാലകരെ(Pastors) ലക്ഷ്യമാക്കി എഴുതപ്പെട്ടവ എന്ന നിലയ്ക്കാണ് ഇവയ്ക്ക് "അജപാലകർക്കുള്ള ലേഖനങ്ങൾ" എന്ന പൊതുനാമം നൽകപ്പെട്ടിരിക്കുന്നത്. ക്രിസ്തീയജീവിതത്തേയും, വിശ്വാസസംഹിതയേയും, സഭാനേതൃത്വത്തേയും സംബന്ധിച്ച പ്രശ്നങ്ങൾ ഇവയിൽ പരിഗണിക്കപ്പെടുന്നു. ക്രിസ്തീയപാരമ്പര്യത്തിൽ പൗലോസ് അപ്പസ്തോലന്റെ രചനകളായി കരുതപ്പെട്ടിരുന്ന ഈ ലേഖനങ്ങളെ ഭൂരിപക്ഷം ആധുനിക ബൈബിൾ നിരൂപകന്മാരും അദ്ദേഹത്തിന്റെ കാലശേഷം എഴുതപ്പെട്ടവയായി വിലയിരുത്തുന്നു.[1][2]
ആരാധനാവിധികളേയും സഭാഘടനയേയും സംബന്ധിച്ചും, മൂപ്പന്മാർ ഡീക്കന്മാർ തുടങ്ങിയ അധികാരസ്ഥാനങ്ങളിലുള്ളവരുടെ ചുമതലകളെ കുറിച്ചുമുള്ള പ്രബോധനങ്ങളാണ് ലേഖനത്തിൽ മുഖ്യമായും ഉള്ളത്; വ്യാജപ്രബോധകന്മാർ പ്രചരിപ്പിച്ചേക്കാവുന്ന അബദ്ധങ്ങൾക്കിടയിൽ വിശ്വാസത്തിന്റെ വിശുദ്ധി കാത്തു സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും ലേഖകൻ പറയുന്നു. ലേഖനത്തിൽ പ്രകടമാകുന്ന ക്രമക്കുറവും അതിന്റെ ഖണ്ഡങ്ങൾ തമ്മിലുള്ള പൊരുത്തക്കേടും അയഞ്ഞ വിഷയപരിവർത്തന രീതിയും പരിഗണിച്ച്, ഇതിലെ ചില ഭാഗങ്ങൾ പിന്നീടു ചേർത്തവയാണെന്നു കരുതുന്നവരുണ്ട്. സമാപനഭാഗത്തെ(6:20) "അറിവ് എന്നു തെറ്റായി വിളിക്കപ്പെടുന്ന ആശയവൈരുദ്ധ്യങ്ങളെ"-ക്കുറിച്ചുള്ള പരാമർശം ഇതിനുദാഹരണമാണ്. അത് അപ്പസ്തോലികകാലത്തിനു ശേഷം ക്രി.വ. 2-ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സിനോപ്പിലെ മാർഷന്റെ പ്രബോധനത്തെ പരാമർശിക്കുന്നതായി കരുതപ്പെടുന്നു. ചില പൊരുത്തക്കേടുകൾ, പ്രതികളിലെ ഓരക്കുറിപ്പുകൾ(marginal notes) പിന്നീട് പാഠത്തിൽ എഴുതിച്ചേർക്കപ്പെട്ടതിന്റെ ഫലമാകാം.
ഈ ലേഖനത്തിൽ, പൗലോസ് എന്നവകാശപ്പെടുന്ന ലേഖകൻ, ഈ ലോകത്തിൽ നിന്നുള്ള തന്റെ "വേർപാടിന്റെ സമയം സമാഗതമായിരിക്കുന്നു"(4:6) എന്നു പറയുകയും തിമോത്തെയോസിനോട്, ശീതകാലത്തിനു മുൻപ് തന്റെയടുത്തേക്കു വരാനും മർക്കോസിനെ കൂടെ കൊണ്ടുവരാനും ആവശ്യപ്പെടുകയും ചെയ്യുന്നു. വ്യാജപ്രബോധങ്ങൾക്കു നടുവിൽ സ്ഥിരതയോടെയിരിക്കാനും പ്രതിസന്ധികളെ ക്ഷമയോടെ നേരിടാനും ഉത്തരവാദിത്തങ്ങൾ ആത്മാർത്ഥതയോടെ നിർവഹിക്കാനും, "ദൈവത്തിന്റേയും, ജീവിക്കുന്നവരേയും മരിച്ചവരേയും വിധിക്കാനിരിക്കുന്ന കിസ്തുയേശുവിന്റെയും സന്നിധിയിൽ, അവന്റെ ആഗമനത്തെയും രാജ്യത്തെയും ചൊല്ലി"(4:1) തിമോത്തെയോസിനെ ലേഖകൻ ചുമതലപ്പെടുത്തുന്നു.
ഹ്രസ്വമായ ഈ ലേഖനം ക്രീറ്റിലെ ക്രിസ്തീയ പ്രേഷിതൻ തീത്തോസിനെ സംബോധന ചെയ്യുന്നു. മൂന്നദ്ധ്യായങ്ങളാണ് ഇതിലുള്ളത്. ക്രിസ്തീയനേതൃത്വത്തിൽ ഉണ്ടായിരിക്കേണ്ട ഗുണങ്ങൾ ഇതിന്റെ ഒന്നാം അദ്ധ്യായത്തിൽ വിവരിക്കപ്പെടുന്നു. സഭയിലെ പ്രബോധനാധികാരശ്രേണിയുടെ മാതൃകയാണ് രണ്ടാം അദ്ധ്യായത്തിൽ. ദൈവത്തിന്റെ കൃപയോടു പ്രതികരിച്ചു നിർവഹിക്കേണ്ട ധാർമ്മികജീവിതത്തിന്റെ വിവരണമാണ് അവസാനാദ്ധ്യായത്തിൽ. ക്രീറ്റിലെ ഒരു എഴുത്തുകരൻ എപ്പിമെനിഡെസിന്റെ രചനയിൽ നിന്നുള്ള വിവാദപരമായ ഈ ഉദ്ധരണി ഒന്നാം അദ്ധ്യായത്തിലുണ്ട്: "ക്രീറ്റുകാർ എപ്പോഴും കള്ളം പറയുന്നവരാണ്, ദുഷ്ടജന്തുക്കളാണ്, അലസരും പെരുവയറന്മാരുമാണ്."(1:12)
ക്രിസ്തീയ പാരമ്പര്യം പൗലോസ് അപ്പസ്തോലന്റെ രചനയായി ചിത്രീകരിക്കുന്ന ഈ ലേഖനങ്ങളെ അദ്ദേഹത്തിന്റേതായി കണക്കാക്കുന്ന ബൈബിൾ പണ്ഡിതന്മാർ ഇന്നു വിരളമാണ്. പൗലോസ് അപ്പസ്തോലന്റെ പ്രേഷിതജീവിതത്തിന്റെ അറിയപ്പെടുന്ന സമയരേഖയിൽ ഇവയെ ഉൾക്കൊള്ളിക്കുക വയ്യ.[1] ഈ ലേഖങ്ങളുടെ ശൈലി പൗലോസിന്റേതായി സമ്മതിക്കപ്പെട്ടിട്ടുള്ള ലേഖനങ്ങളുടേതിൽ നിന്നു തീർത്തും ഭിന്നമാണ്. ഇവയിൽ നിഴലിക്കുന്ന ക്രിസ്തുശാസ്ത്രവും സഭാധികാരശ്രേണിയും അപ്പസ്തോലികകാലത്തിനു ശേഷം രൂപപ്പെട്ടതാണ്. ഈ ലേഖനങ്ങളുടെ കർതൃത്വത്തെക്കുറിച്ചുള്ള നാലു വീക്ഷണഗതികൾ പരിഗണിക്കുന്ന ഓക്സ്ഫോർഡ് ബൈബിൾ സഹകാരി, "..ഇവ തികച്ചും വ്യാജരചനകളും സോക്രട്ടീസിന്റെ പേരിൽ പിൽക്കാലത്തു പ്രചരിച്ചിരുന്ന വ്യാജസോക്രട്ടീസ് ലേഖനങ്ങളുമായി താരതമ്യപ്പെടുത്താവുന്നവയുമാണ്..." എന്ന നാലാമത്തെ വീക്ഷണഗതി ഭേദഗതികളോടെ സ്വീകരിക്കുന്നു.[1] ഈ നിലപാടിനോടു യോജിക്കുന്ന കേംബ്രിഡ്ജ് ബൈബിൾ സഹകാരി, "ഈ കത്തുകളിലെ പദാവലിയും ഇവയിൽ നിഴലിക്കുന്ന സഭാജീവിതവും പൗലോസിന്റെ രചനകളിൽ കാണുന്നതിൽ നിന്നു തീർത്തും ഭിന്നമായിരിക്കുകയാൽ, പൗലോസിന്റെ പേരിൽ എഴുതപ്പെട്ടവയെങ്കിലും ഇവ പൗലോസിന്റെ രചനകളല്ലെന്ന് ആധുനിക വായനക്കാർക്ക് ഉറപ്പു പറയാനാകും" എന്ന് നിരീക്ഷിക്കുന്നു.[2]
അതേസമയം, വ്യവസ്ഥാപിത ക്രിസ്തീയസഭകളുടെ പ്രബോധനം ഈ ലേഖനങ്ങളെ പൗലോസ് അപ്പസ്തോലന്റെ രചനകളായി കാണുന്നു. ഇതേക്കുറിച്ച് കത്തോലിക്കാ വിജ്ഞാനകോശം ഇങ്ങനെ നിരീക്ഷിക്കുന്നു: "സാർവലൗകികമായ പാരമ്പര്യത്തിൽ നിന്നും സഭയുടെ തെറ്റുപറ്റാത്ത പ്രബോധനത്തിൽ നിന്നും ഈ ലേഖനങ്ങൾ ദൈവപ്രേരിതങ്ങളാണെന്ന് കത്തോലിക്കർ അറിയുന്നു; പൗലോസിന്റെ രചനകളാണെന്ന അവകാശവാദം ഉൾക്കൊള്ളുന്ന ഈ ലേഖനങ്ങൾ അദ്ദേഹത്തിന്റേതെന്ന് അതിൽ നിന്നു തന്നെ സിദ്ധിക്കുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ ഇക്കാര്യത്തിൽ ആരും സംശയം ഉന്നയിച്ചിരുന്നില്ല; എന്നാൽ അക്കാലം തുടങ്ങി ജർമ്മൻകാരും മറ്റുമായ എഴുത്തുകാർ അവയെ നിശിതമായി ആക്രമിക്കാൻ തുടങ്ങി."[3] ഈ ലേഖനങ്ങൾ പൗലോസിന്റേതാണെന്നു സമ്മതിക്കാത്തവർ പോലും അവയെ ഒരേ വ്യക്തിയുടെ തൂലികയിൽ പിറന്നവയായി കണക്കാക്കുന്ന കാര്യവും ഇവയുടെ ആധികാരികതയിൽ വിശ്വസിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.[4]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.