ശിലായുഗം
From Wikipedia, the free encyclopedia
ചരിത്രാതീതകാലത്തെ ഒരു ബൃഹത്തായ കാലഘട്ടമാണ് ശിലായുഗം എന്ന് പൊതുവായി അറിയപ്പെടുന്നത്. ഈ കാലഘട്ടത്തില്‍ മനുഷ്യന് കല്ല് അഥവാ ശില കൊണ്ടുണ്ടാക്കിയ ആയുധങ്ങളും മറ്റും ഉപയോഗിച്ചിരുന്നതിനാലാണ് ശിലായുഗം എന്ന പേര് വന്നത്. ഇംഗ്ലീഷില്‍ Stone Age.
ആദിമ മാനവചരിത്രത്തെ പൊതുവെ ശിലായുഗം ലോഹയുഗം എന്നിങ്ങനെ രണ്ടായി തരം തിരിക്കാം . എഴുത്തു വിദ്യ കണ്ടുപിടിക്കുന്നതിനു മുൻപുള്ള കാലമെന്നർത്ഥത്തിലാണ് ഇത്. ഉൽപത്തി മുതൽ ഇന്നേ വരേയുള്ളതിന്റെ 95 ശതമാനവും ശിലായുഗമാണ്. ബി.സി. 5000 വരെ ഈ കാലഘട്ടം നീണ്ടു നിന്നു എന്ന് അനുമാനിക്കപ്പെടുന്നു. അതായത് 5000 വരെ മനുഷ്യന് എഴുത്തു വിദ്യ വശമില്ലായിരുന്നു. അതിനു ശേഷമുള്ള ചരിത്രം ശിലാ രേഖകളെ ആസ്പദമാക്കി മെനഞ്ഞെടുക്കാൻ ശാസ്ത്രജ്ഞന്മാർക്ക് കഴിഞ്ഞിട്ടുണ്ട്.
ശിലായുഗം തന്നെ പ്രാചീന ശിലായുഗം മധ്യ ശിലായുഗം നവീനയുഗം എന്നും രണ്ടു ഘട്ടങ്ങളാക്കിയിട്ടുണ്ട്. ഇത് ലോഹം കൊണ്ടുള്ള ആയുധത്തിന്റെ ആവിർഭാവം അടിസ്ഥാനമാക്കി ചരിത്ര പഠനത്തിന്റെ എളുപ്പത്തിനായി മാത്രമാണ് ചെയ്തിരിക്കുന്നത്.
മനുഷ്യന്റെ ആദ്യത്തെ വാസസ്ഥലം വടക്കേ അർദ്ധഭൂഖണ്ഡമാണെന്നു വിശ്വസിച്ചിരുന്നു. ഈ ഭാഗം ദീർഘകാലത്തോളം ഹിമനിരകളാൽ മൂടപ്പെട്ടുകിടന്നിരുന്നു. ഇടക്കിടക്ക് മഞ്ഞുരുകുകയും സസ്യങ്ങൾക്കും ജീവികൾക്കും ജീവിക്കാനുള്ള കാലാവസ്ഥ സൃഷ്ടിക്കപ്പെടുകയും ചെയ്തിരുന്നു. വീണ്ടും നീണ്ടകാലത്തേക്ക് മഞ്ഞ് പെയ്തു ജീവജാലങ്ങൾക്ക് ജീവിക്കാൻ തടസ്സം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇത്തരം നാല് ഹിമനദീയ കാലങ്ങൾ(Glacial Ages) ഉണ്ടായിരുന്നത്രെ. ആദ്യത്തെ ഹിമനദീയ കാലം പത്തു ലക്ഷം കൊല്ലങ്ങൾക്കു മുൻപും രണ്ടാമത്തേത് ഏഴു ലക്ഷം കൊല്ലങ്ങൾക്കു മുൻപും അവസാനത്തേത് ഒരു ലക്ഷം കൊല്ലങ്ങൾക്കു മുൻപുമാണ് ഉണ്ടായിട്ടുള്ളത്. ഒരു ഹിമനദീയ കാലം കഴിഞ്ഞു കാലാവസ്ഥ തെളിയുമ്പോൾ സസ്യങ്ങളും മൃഗങ്ങളും വളർന്ന് വികാസം പ്രാപിക്കുന്നു. അപ്പോഴേക്കും അടുത്ത ഹിമനദിയുടെ കാലമായി. എന്നാൽ മനുഷ്യൻ അവന്റെ സവിശേഷ ബുദ്ധി ഉപയോഗിച്ച് ഹിമനദീയ കാലങ്ങളെ അതിജീവിച്ചു.
അവൻ ഗുഹകളിലും മറ്റും കൂട്ടമായി താമസിച്ചു, വേട്ടയാടി മൃഗങ്ങളെ കൊന്ന് ആദ്യം പച്ചമാംസമായും പിന്നീട് തീ കണ്ടു പിടിച്ച ശേഷം ചുട്ടും തിന്നു തുടങ്ങി. പാറകളുടേയും മരങ്ങളുടേയും ഭാഗങ്ങൾ ഉപയോഗിച്ച് മൂർച്ചയുള്ള ആയുധങ്ങൾ ഉണ്ടാക്കി. മരത്തൊലി ഇലകൾ എന്നിവ ഉപയോഗിച്ച് വസ്ത്രങ്ങൾ ഉണ്ടാക്കി.