സംഗീതത്തിന്റെ ശബ്ദം പുറപ്പെടുവിപ്പിക്കുവാൻ ഉണ്ടാക്കുന്ന ഉപകരണത്തെ സംഗീതോപകരണം അഥവാ വാദ്യം എന്നു വിളിക്കുന്നു. തത്ത്വത്തിൽ സംഗീതാത്മകമായ ശബ്ദം പുറപ്പെടുവിക്കുന്ന എന്തിനെയും സംഗീതോപകരണം എന്ന് വിളിക്കാം. മനുഷ്യസംസ്കാരം ആവിർഭവിച്ച് തുടങ്ങിയ കാലം മുതലേ സംഗീതോപകരണങ്ങളുടെ ഉപയോഗവും തുടങ്ങിയിരുന്നു. ഓർഗാനോളജി എന്നാണ് സംഗീതോപകരണത്തെ കുറിച്ചുള്ള പഠനത്തെ വിളിക്കുന്നത്.

പുരാതന ഓടക്കുഴലുകൾ 37000 വർഷങ്ങൾക്കു മുൻപുതന്നെ ഉണ്ടെന്നാണ് ചരിത്രം സൂചിപ്പിക്കുന്നതെങ്കിലും സംഗീതോപകരണങ്ങളുടെ ഉപയോഗം 67000 വർഷങ്ങൾക്കു മുൻപുതന്നെ ഉള്ളതായി കണക്കാക്കുന്നു. എന്നാൽ ഇതിൻറെ ആരംഭം എന്നാണെന്ന് കൃത്യമായി കണക്കാക്കാൻ പറ്റില്ലെന്നാണ് ചരിത്രകാരന്മാർ പറയുന്നത്

ഭാരതീയസംഗീതശാസ്ത്രപ്രകാരം വാദ്യങ്ങളെ നാലായി തരം തിരിച്ചിരിക്കുന്നു:

തതം വീണാധികം വാദ്യ-
മാനദ്ധം മുരജാദികം
വംശാദികന്തു സുഷിരം
കാംസ്യതാളാദികം ഘനം.

തന്ത്രിവാദ്യങ്ങൾ

സ്വരവിസ്താരത്തിനു് അനുയോജ്യമായ വീണ, തംബുരു, മൻഡോലിൻ, സിതാർ, വയലിൻ തുടങ്ങിയവയാണു് തതവാദ്യങ്ങൾ (Strings).

അവനദ്ധവാദ്യങ്ങൾ

തോൽ കൊണ്ട് മുഖം വലിച്ചുകെട്ടിയിട്ടുള്ള മുരശ്, മദ്ദളം, മൃദംഗം, മിഴാവ്, ചെണ്ട, തകിൽ, ഇടക്ക, തബല തുടങ്ങിയവയെല്ലാം ആനദ്ധവാദ്യങ്ങൾ (Percussion) എന്ന ഗണത്തിൽ പെടുന്നു. ഇവ തുകൽവാദ്യം എന്ന പേരിലും അറിയപ്പെടുന്നു.

സുഷിരവാദ്യങ്ങൾ

ക്രമമായി വിന്യാസം ചെയ്ത ദ്വാരങ്ങളിലൂടെ വായു കടത്തിവിട്ട് ശബ്ദമുണ്ടാക്കുന്ന ഓടക്കുഴൽ, നാഗസ്വരം (നാദസ്വരം), ശംഖ്, കൊമ്പ്, കുഴൽ, ഷെഹ്‌നായ്, മകുടി, ഓർഗാൻ തുടങ്ങിയവയെല്ലാം സുഷിരവാദ്യങ്ങളാണു് (Wind).

ഘനവാദ്യങ്ങൾ

ലോഹത്തകിടുകൾ കമ്പനം ചെയ്തു് സംഗീതത്തിനു വേണ്ടി ശബ്ദം ചേർക്കുന്ന ചേങ്ങല, ഇലത്താളം, മണി, ഘടം എന്നിവയെല്ലാം ഘനവാദ്യങ്ങൾ എന്ന ഗണത്തിൽ പെടുന്നു.

തതം, ആനദ്ധം, സുഷിരം, ഘനം എന്നീ നാലു വാദ്യവിശേഷങ്ങളേയും ഒരുമിച്ചു വിളിക്കുന്ന പേരാണു് വാദ്യചതുഷ്ടയം.

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.