റിവർസൈഡ് കൗണ്ടി
From Wikipedia, the free encyclopedia
റിവർസൈഡ് കൗണ്ടി, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ ആകെയുള്ള 58 കൗണ്ടികളിലൊന്നാണ്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് പ്രകാരം ഈ കൗണ്ടിയിലെ മൊത്തം ജനസംഖ്യ 2,189,641 ആണ്. ഈ കണക്കുകൾ പ്രകാരം ഇത് കാലിഫോർണിയ സംസ്ഥാനത്തെ കൌണ്ടികളിൽ ജനസംഖ്യാടിസ്ഥാനത്തിൽ നാലാം സ്ഥാനവും ഐക്യനാടുകളിലെ മൊത്തം കൌണ്ടികളിൽ പതിനൊന്നാം സ്ഥാനവുമാണ്. ഈ കൗണ്ടിയുടെ പേരു കൗണ്ടി ആസ്ഥാനമെന്ന സ്ഥാനം അലങ്കരിക്കുന്ന റിവർസൈഡ് നഗരത്തിന്റെ പേരിനെ ആസ്പദമാക്കിയാണ് നൽകപ്പെട്ടിരിക്കുന്നത്. ഈ കൌണ്ടി“ഇൻലാന്റ് എമ്പയർ”എന്നുകൂടി അറിയപ്പെടുന്ന റിവർസൈഡ്-സാൻ ബർനാർഡിനോ-ഒന്റാറിയോ, CA മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിൽ ഉൾപ്പെട്ടിരിക്കുന്നു. ലോസ് ഏഞ്ചലസ്-ലോംഗ് ബീച്ച്, CA കമ്പൈൻഡ് സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിലും ഈ കൌണ്ടി ഉൾപ്പെട്ടിട്ടുണ്ട്. റിവർസൈഡ് കൌണ്ടിയുടെ ചുറ്റുപാടും ഇന്റർസ്റ്റേറ്റ് 10, 15, 215 ഫ്രീവേ പാതകൾക്കു സമാന്തരവുമായി വിശാലമായ ഹൌസിംഗ് സൊസൈറ്റികളുടെ സമൂഹം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു.
ഏതാണ്ട ദീർഘചതുരാകൃതിയിൽ, 7,208 ചതുരശ്ര മൈൽ (18,670 ചതുരശ്രകിലോമീറ്റർ) വിസ്തൃതിയിൽ, തെക്കൻ കാലിഫോർണിയയിൽ ഗ്രേറ്റർ ലോസ് ആഞ്ചലസ് പ്രദേശത്തുനിന്നു തുടങ്ങി അരിസോണ അതിർത്തിയിലേക്കുവരെ ഈ കൌണ്ടി പരന്നുകിടക്കുന്നു.
ഭൂമിശാസ്ത്രപരമായി, ഈ കൌണ്ടിയുടെ മധ്യ കിഴക്കൻ ഭാഗങ്ങളിൽ ഭൂരിഭാഗം ഏതാണ്ട് മരുഭൂമികളാണെങ്കിലും പടിഞ്ഞാറൻ ഭാഗത്ത് മെഡിറ്ററേനിയൻ കാലാവസ്ഥയാണ് അനുഭവപ്പെടാറുള്ളത്. ജോഷ്വാ ട്രീ ദേശീയോദ്യാനത്തിൻറെ ഭൂരിഭാഗവും ഈ കൗണ്ടിയിൽ സ്ഥിതിചെയ്യുന്നു. പാം സ്പ്രിങ്സ്, പാം ഡെസേർട്ട്, ഇന്ത്യൻ വെൽസ്, ലാ ക്വിന്റാ, റാഞ്ചോ മിറേജ്, ഡെസേർട്ട് ഹോട്ട് സ്പ്രിംഗ്സ് എന്നീ റിസോർട്ട് നഗരങ്ങളെല്ലാംതന്നെ റിവർസൈഡ് കൗണ്ടിയിലെ കോചെല്ല താഴ്വരയിലാണ് സ്ഥിതിചെയ്യുന്നത്. താരതമ്യേന താങ്ങാനാവുന്ന താമസസൌകര്യങ്ങളും മറ്റും പ്രയോജനപ്പെടുത്തുന്നതിനായി ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് കഴിഞ്ഞ കാലങ്ങളിൽ ലോസ് ഏഞ്ചലസ് മേഖലയിലെ തൊഴിലാളികളുടെ ഭൂരിഭാഗവും ഈ കൗണ്ടിയിലേക്ക് താമസം മാറ്റിയിരിക്കുന്നു.
പ്രാദേശിക സമ്പദ്വ്യവസ്ഥയിലെ സമീപകാല മാറ്റങ്ങൾക്കു വിധേയമാകുന്നതിനു മുൻപായിത്തന്നെ ഈ കൌണ്ടി അയൽ കൌണ്ടിയായ സാൻ ബർണാർഡിനോയോടൊപ്പം സംസ്ഥാനത്തെ ഏറ്റവും വേഗത്തിൽ വികസനത്തിലേയക്കു കുതിക്കുന്ന പ്രദേശങ്ങളിലൊന്നായി മാറിയിരുന്നു. ഇതുകൂടാതെ, ചെറുതും എന്നാൽ കാര്യമായതുമായ ഒരു ജനസംഖ്യ സാൻ ഡിയേഗോ-ടിജുവാന മെട്രോപ്പോളിറ്റൻ പ്രദേശത്ത് നിന്ന് തെക്കുപടിഞ്ഞാറൻ റിവർസൈഡ് കൗണ്ടിയിലേക്ക് സ്ഥാനമാറ്റം നടത്തുന്നുമുണ്ടായിരുന്നു. 2000-നും 2007-നും ഇടയിൽ കൌണ്ടിയിലെ ടെമക്യൂള, മുറ്യേറ്റ തുടങ്ങിയ നഗരങ്ങളിൽ ജനസംഖ്യ 20% വർദ്ധിച്ചിരുന്നു. 1870 ൽ സാന്ത അനാ നദിയുമായി ബന്ധപ്പെടുത്തിയാണ് റിവർസൈഡ് കൗണ്ടിയുടെ നാമകരണം നടത്തപ്പെട്ടത്.