പോളികാർപ്പ്
From Wikipedia, the free encyclopedia
രണ്ടാം നൂറ്റാണ്ടിൽ ഏഷ്യാമൈനറിലെ സ്മിർണയിൽ മെത്രാനായിരുന്ന സഭാപിതാവാണ് പോളികാർപ്പ് (ജനനം: ക്രി.വ. 69; മരണം 155) (പുരാതന ഗ്രീക്ക്: Πολύκαρπος)[1]. പോളികാർപ്പിന്റെ രക്തസാക്ഷിത്വകഥ അനുസരിച്ച്, അദ്ദേഹത്തെ ബന്ധനസ്ഥനാക്കി ജീവനോടെ ദഹിപ്പിക്കാൻ ശ്രമിക്കുകയും അഗ്നി അദ്ദേഹത്തെ സ്പർശിക്കാതിരുന്നപ്പോൾ കുന്തംകൊണ്ടു കുത്തിക്കൊല്ലുകയുമാണ് ചെയ്തത്.[2] റോമൻ കത്തോലിക്കാ സഭ, പൌരസ്ത്യ ഓർത്തഡോക്സ് സഭ, കിഴക്കൻ ഓർത്തഡോക്സ് സഭ, ആംഗ്ലിക്കൻ സഭകൾ, ലൂഥറൻ സഭകൾ എന്നിവ അദ്ദേഹത്തെ ഒരു വിശുദ്ധനായി കണക്കാക്കുന്നു.
വി. പോളികാർപ്പ് | |
---|---|
രക്തസാക്ഷി, സ്മിർണയിലെ മെത്രാൻ | |
ജനനം | ക്രി.വ. 69 |
മരണം | ക്രി.വ. 155 സ്മിർണ |
വണങ്ങുന്നത് | റോമൻ കത്തോലിക്കാ സഭ, പൌരസ്ത്യ കത്തോലിക്കാ സഭകൾ, പൌരസ്ത്യ ഓർത്തഡോക്സ് സഭ, കിഴക്കൻ ഓർത്തഡോക്സ് സഭ, ആംഗ്ലിക്കൻ സഭ, ലൂഥറൻ സഭ |
ഓർമ്മത്തിരുന്നാൾ | ഫെബ്രുവരി 23 (മുൻപ് ജനുവരി 26) |
പ്രതീകം/ചിഹ്നം | പാലിയം ധരിച്ച്, "ഫിലിപ്പിയർക്കുള്ള അദ്ദേഹത്തിന്റെ കത്തിനെ" സൂചിപ്പിക്കുന്ന പുസ്തകം കൈയിൽ പിടിച്ച്. |
മദ്ധ്യസ്ഥം | ചെവിവേദന, അതിസാരം എന്നിവയ്ക്കെതിരെ |
അപ്പോസ്തലനായ യോഹന്നാന്റെ ശിഷ്യനായിരുന്നു പോളികാർപ്പെന്നു കരുതപ്പെടുന്നു.[3] റോമിലെ ക്ലമൻറ്, അന്ത്യോഖ്യായിലെ ഇഗ്നേഷ്യസ് എന്നിവർക്കൊപ്പം ക്രിസ്തീയസഭയിലെ മൂന്നു പ്രമുഖ അപ്പസ്തോലികസഭാപിതാക്കന്മാരിൽ ഒരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നു. പോളികാർപ്പിന്റെ രചനകളിൽ ഇന്നു ലഭ്യമായുള്ളത് ഫിലിപ്പിയർക്കുള്ള പോളികാർപ്പിന്റെ കത്താണ്. ഈ കൃതിയുടെ ഏറ്റവും പുരാതനമായ സാക്ഷ്യം ഇരണേവൂസ് രേഖപ്പെടുത്തിയിട്ടുള്ളതാണ്.