From Wikipedia, the free encyclopedia
ഗ്രീസിന്റെ തലസ്ഥാനനഗരമാണ് ഏതൻസ്(/ˈæθɪnz/;[2] Modern Greek: Αθήνα , Athína, IPA: [aˈθina], Katharevousa: Ἀθῆναι, Athine, Ancient Greek: Ἀθῆναι, Athēnai ). 1896-ൽ ഏതൻസിലാണ് ആധുനിക ഒളിംപിക്സ് തുടങ്ങിയത്.[3] 39 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ നഗരത്തിൽ 745,514 ആളുകൾ വസിക്കുന്നു. 3,400 വർഷത്തെ ചരിത്രമുള്ള ഈ നഗരം, 1834 മുതൽ ഗ്രീസിന്റെ തലസ്ഥാനനഗരമാണിത്.
ഏതൻസ് Αθήνα | |
---|---|
Country | Greece |
Administrative region | Attica |
Districts | 7 |
• Mayor | Nikitas Kaklamanis (ND; since January 1 2007) |
• City | 38.964 ച.കി.മീ.(15.044 ച മൈ) |
• മെട്രോ | 411.717 ച.കി.മീ.(158.965 ച മൈ) |
ഉയരത്തിലുള്ള സ്ഥലം | 338 മീ(1,109 അടി) |
താഴ്ന്ന സ്ഥലം | 70 മീ(230 അടി) |
(2001)[1] | |
• City | 7,45,514 |
• ജനസാന്ദ്രത | 19,000/ച.കി.മീ.(50,000/ച മൈ) |
• മെട്രോപ്രദേശം | 31,92,606 |
• മെട്രോ സാന്ദ്രത | 7,800/ച.കി.മീ.(20,000/ച മൈ) |
സമയമേഖല | UTC+2 (EET) |
• Summer (DST) | UTC+3 (EEST) |
Postal code | 10x xx, 11x xx, 120 xx |
Area code(s) | 21 |
Vehicle registration | Yxx, Zxx, Ixx (excluding INx) |
വെബ്സൈറ്റ് | www.cityofathens.gr |
നഗരത്തിന്റെ ഭൂപ്രകൃതി പൊതുവേ നിമ്നോന്നതമാണ്. തെ. പടിഞ്ഞാറേക്കു ക്രമേണ ചരിഞ്ഞ് സാരോണിക് ഉൾക്കടലിൽ ലയിക്കുന്ന അറ്റിക്കാ സമതലത്തെ ചൂഴ്ന്ന്, കി. ഹൈമറ്റസ് (1028 മീ.), വ. കി. പെന്റെലിക്കസ് (1110 മീ.), വ. പ. പാർനസസ് (1415 മീ.), പ. ഈഗാലിയോസ് (468 മീ.) എന്നിങ്ങനെ മലനിരകൾ കാണുന്നു. സമതലത്തിനു മധ്യഭാഗത്തുകൂടി വ. കി.-തെ. പ. ദിശയിൽ നീളുന്ന ടർകോവ്നി കുന്നുകൾ ഏതൻസിന്റെ പ്രാന്തത്തിലുള്ള ലൈക്കബെറ്റസ് മല (340 മീ.)യായി പരിണമിക്കുന്നു. ടർകോവ്നിയുടെ ഇരുപുറവുമായുള്ള സെഫീസസ്, ഇലീസസ് എന്നീ നദികൾ ഏതൻസ് നഗരത്തെ തഴുകിയൊഴുകുന്ന നീർച്ചാലുകളായി പരിണമിക്കുന്നു. പഴയ നഗരത്തിലെ കോട്ടകൊത്തളങ്ങളും പ്രധാന വാസ്തുശില്പങ്ങളുമൊക്കെത്തന്നെ ഉയർന്ന ഭാഗങ്ങളിലാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്.
കാലാവസ്ഥ സമീകൃതവും ആരോഗ്യകരവുമാണ്; ശ.ശ. ചൂട് 17.3 ഡിഗ്രീ സെൽഷ്യസ് ആണ്. പ്രകൃതിദത്തമായിത്തന്നെ സംരക്ഷിതമായ സ്ഥാനവും ഫലഭൂയിഷ്ഠമായ പശ്ചപ്രദേശവും (Hinterland) ഏതൻസിന്റെ വളർച്ചയ്ക്കു സഹായകമായി. അറ്റിക്കാസമതലത്തിൽ ധാന്യങ്ങൾ, ഒലിവ്, മുന്തിരി തുടങ്ങിയവ സമൃദ്ധമായി വളരുന്നു. ആടുമാടുവളർത്തലിനുപറ്റിയ മേച്ചിൽപ്പുറങ്ങളും ധാരാളമായുണ്ട്. നാലു പുറവുമുള്ള മലകൾ ഒന്നാംതരം വാസ്തുശിലകളുടെ കലവറകളാണ്; വെണ്ണക്കല്ലും, നീലച്ഛവി കലർന്ന പ്രത്യേകയിനം മാർബിളും, ചാരനിറത്തിലുള്ള മനോഹരവും ബലവത്തുമായ ചുണ്ണാമ്പുകല്ലും മറ്റിനം ശിലകളും ഇക്കൂട്ടത്തിൽ പ്പെടുന്നു. പാത്രങ്ങളും ഉപകരണങ്ങളും നിർമ്മിക്കുന്നതിനുള്ള ഒന്നാംതരം കളിമണ്ണും ഈ പ്രദേശത്ത് സുലഭമാണ്. സമതലത്തിനു ചുറ്റുമുള്ള മലകൾക്കിടയിൽ ധാരാളം പാതകളുണ്ടെങ്കിലും, അപ്രതീക്ഷിതമായ ആക്രമണത്തെ നേരിടേണ്ട പരിതഃസ്ഥിതിയല്ല നഗരത്തിനുള്ളത്. സമുദ്രതീരത്തുനിന്നും ഉള്ളിലേക്കു മാറി സ്ഥിതിചെയ്തിരുന്നതിനാൽ കടലാക്രമണത്തിനുള്ള സാധ്യതകളും കുറവായിരുന്നു. അതോടൊപ്പംതന്നെ പിറീയസ്, സിസിയ, മ്യൂണിക്ക എന്നീ പ്രകൃതിദത്തമായ തുറമുഖങ്ങളുടെ സാമീപ്യം കടൽ മാർഗ്ഗമുളള വാണിജ്യങ്ങൾക്കും, നാവികബലം വർധിപ്പിക്കുന്നതിനും സൗകര്യം നല്കിയിരുന്നുതാനും. ഇക്കാരണങ്ങളാൽ പ്രാചീന ഗ്രീസിലെ ശക്തികേന്ദ്രമായി വളരുവാൻ ഏതൻസിനു കഴിഞ്ഞു. ജലദൌർലഭ്യം മാത്രമാണ് നഗരത്തിന്റെ പുരോഗതിക്കു തടസ്സമായിരുന്നത്. പുരാതനകാലത്ത് കിണറുകൾ കുഴിച്ചും, മഴവെള്ളം ചിറകെട്ടി നിർത്തിയും ആവശ്യങ്ങൾ നിവർത്തിച്ചുപോന്നു. റോമൻ അധിനിവേശക്കാലത്ത് അക്വിഡക്റ്റുകൾ നിർമിച്ച് ഈ പ്രശ്നം പരിഹരിക്കപ്പെട്ടു. ആധുനിക ഏതൻസിലെ ആവശ്യത്തിന് മാരത്തോൺ ജലസംഭരണിയിൽ നിന്നാണ് വെള്ളം കൊണ്ടുവരുന്നത്.
ബി.സി. 4-ാം ശ.-ത്തിൽ ദിയോദോറസ് ആണ് ഏതൻസിനെപ്പറ്റി ആദ്യമായി രേഖപ്പെടുത്തിയത്. എ.ഡി. 150-ൽ ഈ നഗരം അതിന്റെ എല്ലാ മേൻമകളോടും കൂടി നിലവിലിരുന്നപ്പോൾ പോസേനിയസ് (Pausanius) ഇവിടം സന്ദർശിച്ച് അതേപ്പറ്റിയുള്ള വിവരണങ്ങൾ എഴുതി; അദ്ദേഹത്തിന്റെ ഡിസ്ക്രിപ്ഷൻ ഒഫ് ഗ്രീസ് എന്ന കൃതിയിലെ ആദ്യത്തെ 30 അധ്യായങ്ങൾ ഏതൻസ് നഗരവർണനയാണ്. 20-ാം ശ.-ത്തിലെ ഉത്ഖനനം പോസേനിയസിന്റെ നഗരവിവരണങ്ങൾ ശരിയാണെന്നു തെളിയിച്ചു. 1395-ൽ നിക്കോളോ ദാ മാർടോണി ആഥൻസ് സന്ദർശിച്ച് ഈ നഗരത്തെപ്പറ്റി വിവരണമെഴുതി. ജോഹാനസ് മ്യൂർസിയസും (1579-1639) ചില വിവരണങ്ങൾ നല്കിയിട്ടുണ്ട്.
17-ാം ശ. മുതൽ ആഥൻസ് നഗരത്തെപ്പറ്റിയുള്ള പഠനങ്ങൾ ആരംഭിച്ചു. കപ്പൂച്ചിയൻ സന്ന്യാസിമാരും ഫ്രഞ്ചുകാരും, ജോർജ് വീലർ, ജെയിംസ് സ്റ്റുവർട്ട്, നിക്കൊളാസ് റിവറ്റ്, റിച്ചാർഡ് പോകോക്ക്, റിച്ചാർഡ് ഡാൾറ്റൻ, റിച്ചാർഡ് ചാൻഡ്ലർ, ഇ.ഡി. ക്ളാർക്ക്, എഡ്വേർഡ് ഡോഡ്വെൽ തുടങ്ങിയ പുരാവസ്തുശാസ്ത്രജ്ഞൻമാരും ഈ നഗരത്തെപ്പറ്റി വിവിധകാലങ്ങളിൽ പല വിവരണങ്ങളും നല്കിയിട്ടുണ്ട്.
19-ാം ശ.-ത്തിന്റെ മധ്യകാലത്തിനുശേഷം ഈ പ്രദേശങ്ങളിൽ നടത്തിയിട്ടുള്ള ഉത്ഖനനങ്ങൾ ആഥൻസിന്റെ പ്രാചീന ചരിത്രത്തിലേക്ക് വെളിച്ചം വീശിയിട്ടുണ്ട്. ഗ്രീക്കുകാരെ കൂടാതെ ജർമനി, യു.എസ്. എന്നീ രാഷ്ട്രങ്ങളിൽനിന്നുള്ള ഗവേഷകരുടെ ഉത്ഖനനങ്ങളും പ്രത്യേകം പരാമർശമർഹിക്കുന്നു. റോക്ഫെലർ ഫൌണ്ടേഷൻ, മാർഷൽ എയിഡ് ഫണ്ട്സ്, ഗ്രീക്കു ഗവൺമെന്റ് എന്നിവയുടെ സാമ്പത്തിക സഹായങ്ങൾ ഈ ഉത്ഖനനങ്ങൾക്കു സഹായകമായി.
ചരിത്രാതീതകാലം മുതല്ക്കുതന്നെ ഇവിടെ ജനവാസമുണ്ടായിരുന്നു. അക്രോപോലിസിനു വ. ഭാഗത്തുള്ള ചരിവിൽ ധാരാളം പ്രാചീനഗൃഹങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെടുക്കുകയുണ്ടായി; വളരെയധികം ശവകുടീരങ്ങളും ഈ ഭാഗത്തിനു സമീപമായി കണ്ടുപിടിക്കപ്പെട്ടു. വെങ്കലയുഗത്തിന്റെ (Bronze age) അന്ത്യത്തിൽ ആഥൻസ് സാമ്പത്തികമായി അഭിവൃദ്ധി പ്രാപിച്ചിരുന്ന ജനവാസകേന്ദ്രമായിരുന്നുവെന്നതിനു മതിയായ തെളിവുകൾ ഉണ്ട്. ഡോറിയൻ ആക്രമണത്തെ അതിജീവിച്ച ആഥൻസിൽ അതിന്റെ പ്രാചീനസംസ്കാരം അഭംഗുരം നിലനിന്നു. ബി.സി. 560 നോടുകൂടി പ്രാചീന ആഥൻസ് നഗരം രൂപംകൊണ്ടു കഴിഞ്ഞിരുന്നു. പൈസിസ്റ്റ്രറ്റസിന്റെയും പിൻഗാമികളുടെയും ഭരണം (ബി.സി. 560-510) ആഥൻസ് നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റി. പല നവീനഹർമ്മ്യങ്ങളും ആഥൻസിൽ നിർമ്മിക്കപ്പെട്ടു. ശുദ്ധജലവിതരണത്തിനുള്ള ഏർപ്പാടുകളും നടപ്പിലാക്കി. വിവിധദേവൻമാർക്കായി ദേവാലയങ്ങളും പണികഴിപ്പിക്കപ്പെട്ടു. പേർഷ്യൻ ആക്രമണകാലത്തു നശിപ്പിക്കപ്പെട്ട പല ദേവാലയങ്ങളും മന്ദിരങ്ങളും പില്ക്കാലത്തു പുനരുദ്ധരിക്കപ്പെട്ടു. അലക്സാണ്ടർ ചക്രവർത്തിയുടെ കാലശേഷം ആഥൻസിൽ വളരെയധികം പുതിയ എടുപ്പുകൾ ഉണ്ടായിട്ടുണ്ട്. ടോളമി II, ഫിലാഡൽഫസ്, അത്താലസ് I, യുമിനസ് II, അത്താലസ് II എന്നീ ഭരണകർത്താക്കൾ ആഥൻസിനെ മോടിപിടിപ്പിച്ചു. ഗ്രീക് കാലഘട്ടത്തിലെ ഏറ്റവും മഹത്തായ സ്മാരകം സിയൂസ് ദേവന്റെ ക്ഷേത്രമാണ്. ബി.സി. 174-164 കാലഘട്ടത്തിലാണ് ഇതിന്റെ നിർമ്മാണം. അഗസ്റ്റസ് ചക്രവർത്തിയുടെ കാലത്ത് (ബി.സി. 63-എ.ഡി. 14) ഇതിന്റെ പണി പൂർത്തിയായി. റോമൻ ആധിപത്യത്തിൻകീഴിലും ആഥൻസ് നഗരത്തിൽ അനവധി മനോഹര ഹർമ്മ്യങ്ങൾ പണികഴിപ്പിക്കപ്പെട്ടു. വിപ്സേനിയസ് അഗ്രിപ്പയും, ഹാഡ്രിയൻ, അന്റോണിനസ് പയസ്, ഹെറോദസ് ആറ്റിക്കസ് തുടങ്ങിയവരും ആഥൻസ് നഗരത്തെ കൂടുതൽ സൗധങ്ങളും മറ്റും നിർമിച്ച് മനോഹരമാക്കി. എ.ഡി. 267-ലെ ആക്രമണങ്ങളിൽ ആഥൻസ് നഗരത്തിനു വലിയ നാശം സംഭവിച്ചു.
അറ്റിക്കയിൽ സ്വതന്ത്രമായി ജീവിച്ചിരുന്ന വിവിധജനസമൂഹങ്ങൾ ആഥൻസ് ആസ്ഥാനമാക്കി രാജവാഴ്ചയോടുകൂടിയ ഒരു പ്രത്യേക ജനപദമായിത്തീർന്നതോടെയാണ് ആഥൻസ് എന്ന രാഷ്ട്രം ജൻമമെടുത്തത്. ഈ രാഷ്ട്രസംവിധാനത്തിൽ സമുദായത്തിന്റെ ഉപരിതലത്തിലുള്ള പ്രഭുക്കൻമാർക്കു മാത്രമേ രാഷ്ട്രീയാവകാശങ്ങൾ ഉണ്ടായിരുന്നുള്ളു; ഭൂരിപക്ഷമായ സാമാന്യജനങ്ങൾക്കു ഭരണത്തിൽ യാതൊരു പങ്കുമില്ലായിരുന്നു. ഭൂമിയുടെ ഉടമാവകാശവും പ്രഭുവർഗത്തിൽപ്പെട്ടവർക്കു മാത്രമായിരുന്നു. അവിടെ നിലവിലിരുന്ന ഈ അഭിജാതാധിപത്യത്തിനെതിരായി സൈലോന്റെ നേതൃത്വത്തിൽ ഒരു കലാപം ഉണ്ടായെങ്കിലും അത് അടിച്ചമർത്തപ്പെട്ടു.
കാർഷികപ്രധാനമായ ആഥൻസ് ക്രമേണ വാണിജ്യത്തിൽ ഏർപ്പെടുകയും സാമ്പത്തികമായ ഉയർച്ച നേടുകയും ചെയ്തു. ആഥൻസിൽ നിലവിലിരുന്ന പ്രഭുഭരണം അവസാനിക്കുകയും അതിന്റെ സ്ഥാനത്ത് ഏകാധിപത്യഭരണം സ്ഥാപിതമാവുകയും ചെയ്തു. ഏകാധിപത്യകാലത്ത് ആഥൻസ് വീണ്ടും അഭിവൃദ്ധിപ്പെട്ടു. വിദേശരാജ്യങ്ങളുമായുള്ള ബന്ധങ്ങളും വികസിക്കുകയുണ്ടായി. ക്ളീസ്തനിസിന്റെ കാലത്ത് സാധാരണക്കാർ കൂടുതലായി ഭരണത്തിൽ പങ്കാളികളായി. ഇദ്ദേഹമാണ് അഥീനിയൻ ഡെമോക്രസിയുടെ യഥാർഥസ്ഥാപകൻ. സ്പാർട്ട, തീബ്സ്, ചാൽഡിസ്, പേർഷ്യ എന്നീ രാജ്യങ്ങളുമായി ആഥൻസിനു പല യുദ്ധങ്ങളിലും ഏർപ്പെടേണ്ടിവന്നു. പേർഷ്യൻ യുദ്ധഭീഷണിയും പിന്നീടുണ്ടായ ആക്രമണവും ആഥൻസിന് ഒരു നല്ല നാവികസേനയെ സജ്ജീകരിക്കാനുള്ള അവസരം സൃഷ്ടിച്ചു. ബി.സി. 480-479 കാലഘട്ടത്തിലെ യുദ്ധങ്ങളിൽ ആഥൻസ് നഗരത്തിനു വൻപിച്ച നാശനഷ്ടങ്ങളുണ്ടായി. എങ്കിലും അന്തിമവിജയം നാവികസേനയുടെ സഹായം മൂലം ആഥൻസ് നേടി. പേർഷ്യൻ ആക്രമണശേഷം ആഥൻസിനു മറ്റു ഗ്രീക്കുരാഷ്ട്രങ്ങളുടെയും പുതിയതായി രൂപവത്കരിക്കപ്പെട്ടp.no.747.png ഡീലിയൻ ലീഗിന്റെയും നേതൃത്വം ലഭിച്ചു. ആഥൻസിൽ പല ഭരണമാറ്റങ്ങൾ ഉണ്ടാകുകയും ജനങ്ങളുടെ പരമാധികാരം ശക്തിപ്പെടുകയും ചെയ്തു.
(ബി.സി. 490-429). പെരിക്ലിസിന്റെ ഭരണകാലത്ത് പ്രയോഗത്തിലും തത്ത്വത്തിലും ജനകീയഭരണം വേരുറയ്ക്കാനാരംഭിച്ചു. പെരിക്ലിസ് സാമ്രാജ്യവികസനനയമാണ് സ്വീകരിച്ചത്. സമീപനഗരരാഷ്ട്രങ്ങളെ പരാജയപ്പെടുത്തുകയും അവിടത്തെ വാണിജ്യക്കുത്തകകൾ പലതും ആഥൻസിന് അന്നു ലഭിക്കുകയും ചെയ്തു. ഗ്രീസിൽ ആഥൻസിന്റെ അധികാരപരിധി വികസിച്ചതോടെ സ്പാർട്ടയുടെ സൈനികശക്തി നിഷ്പ്രഭമാകാനിടയായി. എന്നാൽ തുടർന്നുണ്ടായ യുദ്ധങ്ങളിലെ പരാജയം ആഥൻസിന്റെ കരസേനയുടെ ദൗർബല്യം വെളിപ്പെടുത്തി. വിസ്തൃതമായ അതിർത്തികൾ സംരക്ഷിക്കാൻ ആഥൻസിന്റെ കരസേനയെക്കൊണ്ട് സാധ്യമല്ലെന്നു തെളിഞ്ഞു. പെരിക്ളിസിന്റെ നേതൃത്വകാലത്ത് ആഥൻസ്, സ്പാർട്ടയും പേർഷ്യയുമായുള്ള മത്സരനയം ഉപേക്ഷിക്കുകയും ആഥൻസിന്റെ ശക്തിവർധനവിനുവേണ്ടി നാവികസേനയുടെ വികസനത്തിനു ശ്രമിക്കുകയും ചെയ്തു.
ആഥൻസിന്റെ ചരിത്രത്തിലെ സുവർണകാലമാണ് പെരിക്ലിസിന്റെ ഭരണകാലം (443-29). ആഭ്യന്തരമായി ശക്തി ആർജിച്ചിരുന്ന ഒരു രാഷ്ട്രമായിരുന്നു ആഥൻസ് അന്ന്. ഡീലിയൻ ലീഗിന്റെ നേതൃത്വവും ആഥൻസിനായിരുന്നു. സുസജ്ജമായ നാവികസേനയും ആഥൻസിനുണ്ടായിരുന്നു. വിദേശീയാക്രമണത്തെ ചെറുക്കത്തക്ക ശക്തിയുള്ള കോട്ടകളാൽ അന്നു നഗരം സുരക്ഷിതമായിരുന്നു. വിദേശവാണിജ്യവും വളരെ അഭിവൃദ്ധിപ്പെട്ടു. മെഡിറ്ററേനിയൻ തീരങ്ങളിലെ പ്രദേശങ്ങളുമായി ആഥൻസ് നിരന്തര വ്യാപാരത്തിൽ ഏർപ്പെട്ടു. ചുങ്കം, നികുതി ആദിയായ ഇനങ്ങളിൽ ആഥൻസിനു നല്ല വരുമാനമുണ്ടായി. സാംസ്കാരികരംഗങ്ങളിൽ ഉണ്ടായ അഭിവൃദ്ധി, രാജ്യത്തിനു പൊതുവേയുണ്ടായ ഭൌതികാഭിവൃദ്ധിയെക്കാൾ മെച്ചപ്പെട്ടതായിരുന്നു. ക്ഷേത്രങ്ങൾ, രമ്യഹർമ്മ്യങ്ങൾ, പൊതുമന്ദിരങ്ങൾ ആദിയായവകൊണ്ട് നഗരം അലങ്കരിക്കപ്പെട്ടു. സാഹിത്യരംഗത്തും ആഥൻസിന് അഭിവൃദ്ധിയുണ്ടായി. നാടകം, ശാസ്ത്രീയചിന്ത, തത്ത്വശാസ്ത്രം, ധർമശാസ്ത്രം, പ്രസംഗകല, ചരിത്രരചന തുടങ്ങിയ രംഗങ്ങളിലെ വളർച്ചയ്ക്കു പെരിക്ളിസ് വ്യക്തിപരമായി ഉത്തരവാദിയായിരുന്നു. ആഥൻസിലെ ബുദ്ധിജീവികളെ പ്രോത്സാഹിപ്പിച്ചതോടൊപ്പം ഗ്രീസിലെ എല്ലാ രാഷ്ട്രങ്ങളിൽനിന്നും പണ്ഡിതൻമാർ ആഥൻസിൽ എത്തിയിരുന്നു. ആഥൻസിന്റെ അഭിവൃദ്ധിയുടെ നിദാനം ആശ്രിതരാജ്യങ്ങളുടെ ചൂഷണമായിരുന്നു. ആഥൻസ് ഏകാധിപത്യ നഗരരാഷ്ട്രമായിത്തീർന്നത് പ്രതിഷേധങ്ങൾക്കു കാരണമായി. തുടർന്ന് ആഥൻസും സ്പാർട്ടയും തമ്മിലുണ്ടായ പെലെപെനിഷ്യൻ യുദ്ധങ്ങൾ (ബി.സി. 431-404) ആഥൻസിന്റെ നാശത്തിനു കാരണമായി. ഒരു ശരിയായ വിദേശനയം നടപ്പിലാക്കാൻ കഴിയാതിരുന്നതും ദീർഘവീക്ഷണമില്ലാത്തവരും സ്വാർഥമതികളുമായ നേതാക്കൻമാരുടെ സാമർഥ്യക്കുറവുംമൂലം ഉണ്ടായ നയവൈകല്യമാണ് ആഥൻസിന്റെ പരാജയഹേതു. വിദേശീയാക്രമണങ്ങളും ആഭ്യന്തരക്കുഴപ്പങ്ങളും ആഥൻസിന്റെ ബലഹീനതയ്ക്കു കാരണമായി.
പൂർണമായും പരാജയപ്പെട്ടെങ്കിലും ആഥൻസ് നഗരം നശിച്ചില്ല. 403-ൽ ജനാധിപത്യഭരണം അവിടെ പുനരുദ്ധരിക്കപ്പെട്ടു. അതിനുമുൻപ് ഒരു ന്യൂനപക്ഷഭരണം (Oligarchy) നിലവിലിരുന്നു. കലയ്ക്കും സാഹിത്യത്തിനും ഉടവുതട്ടിയെങ്കിലും തത്ത്വശാസ്ത്രം, പ്രസംഗകല എന്നിവ വളരെ അഭിവൃദ്ധിപ്പെട്ടു. ശക്തിസന്തുലനത്തിനുവേണ്ടി ആഥൻസ് കൊരിന്തിയൻ ലീഗിൽ അംഗമാകുകയും സ്പാർട്ടയും തീബ്സും തമ്മിലുള്ള മത്സരങ്ങളിൽ മാറി മാറി കക്ഷിചേർന്നു സഹായിക്കുകയും ചെയ്തു. ഇതുമൂലം ഈജിയൻ പ്രദേശത്ത് വീണ്ടും ആഥൻസിനു സ്വാധീനം വർധിപ്പിക്കുവാൻ സാധിച്ചു. മാസിഡോണിയയിലെ ഫിലിപ്പ് ശക്തനാവുകയും ആഥൻസിനു ഭീഷണിയായിത്തീരുകയും ചെയ്തപ്പോൾ ഡെമോസ്തനിസിന്റെയും മറ്റും പ്രസംഗങ്ങളാൽ പ്രചോദിതരായി ആഥൻസ് ജനത പൂർവമഹത്ത്വം വീണ്ടെടുക്കുവാൻ ശ്രമിച്ചു. എന്നാൽ ഫിലിപ്പ് ആഥൻസിനെ ചെറോണി യുദ്ധത്തിൽ തോല്പിച്ചു (ബി.സി. 338). ഫിലിപ്പും അലക്സാണ്ടറും ആഥൻസിന്റെ സാംസ്കാരിക മേൻമയിൽ ആകൃഷ്ടരാവുകയും അതിന്റെ അഭിവൃദ്ധിക്കായി പ്രവർത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ അഥീനിയൻജനത അവർക്കെതിരായി വിപ്ലവങ്ങൾ നടത്തുകയാണുണ്ടായത്. അലക്സാണ്ടറുടെ നിര്യാണാനന്തരം (ബി.സി. 323) ആഥൻസിലുണ്ടായ വിപ്ലവത്തെ റീജന്റായ ആന്റിപേറ്റർ അടിച്ചമർത്തി. തുടർന്ന് നഗരം പല ഭരണമാറ്റങ്ങൾക്കും വിധേയമായി. ബി.സി. 262-ൽ ആഥൻസ് മാസിഡോണിയൻ പട്ടാളത്തിന്റെ ഭരണത്തിൻകീഴിലായി. സിഷിയോണിലെ അരത്തൂസിന്റെ ശ്രമഫലമായി 229-ൽ മാസിഡോണിയൻസേനയെ ആഥൻസിൽനിന്നു ബഹിഷ്കരിക്കാൻ കഴിഞ്ഞു.
ബി.സി. 228-ൽ ആഥൻസ് റോമൻ റിപ്പബ്ലിക്കുമായി സൗഹാർദബന്ധത്തിൽ ഏർപ്പെട്ടു. ഈ കാലഘട്ടത്തിൽ മാസിഡോണിയയിലെ ഫിലിപ്പ് V-ന്റെ ആക്രമണങ്ങൾക്ക് ആഥൻസ് വിധേയമായി. അക്കീയൻലീഗും റോമും തമ്മിലുണ്ടായ യുദ്ധത്തിനുശേഷം ഗ്രീസിന്റെ സ്വാതന്ത്യ്രം നഷ്ടപ്പെട്ടെങ്കിലും തുടർന്നുണ്ടായ സന്ധിവ്യവസ്ഥയനുസരിച്ച് ആഥൻസ് സ്വതന്ത്രമായി. എങ്കിലും മിത്രഡേറ്റസ് റോമാക്കാർക്കെതിരായ വികാരം ഇളക്കിവിടുകയും അദ്ദേഹത്തിന്റെ ദൂതൻ അരിസ്റ്റിയോൻ റോമാക്കാർക്കെതിരായി യുദ്ധം ചെയ്യുവാൻ ആഹ്വാനം നല്കുകയും ചെയ്തു. തുടർന്നുണ്ടായ യുദ്ധത്തിൽ ആഥൻസ് പരാജയപ്പെടുകയും ജനങ്ങൾ കൊടുംദാരിദ്ര്യത്തിൽപ്പെടുകയും ചെയ്തു. ആഥൻസിന്റെ വിദേശവാണിജ്യാവകാശങ്ങൾ നഷ്ടപ്പെടുകയും അതൊരു ഗ്രീക്കു തത്ത്വചിന്താപഠനകേന്ദ്രം മാത്രമായിത്തീരുകയും ചെയ്തു. സിസറൊ, അറ്റിക്കസ്, ഹൊറേസ് തുടങ്ങിയ പ്രശസ്ത റോമാക്കാർ ആഥൻസിൽ വിജ്ഞാനസമ്പാദനത്തിനായി പോയിരുന്നു. വാണിജ്യകേന്ദ്രവുംകൂടിയായിരുന്ന ആഥൻസ് ഒരു സർവകലാശാലാകേന്ദ്രമായി. റോമിലെ ആഭ്യന്തരയുദ്ധത്തിൽ ആഥൻസ് പോംപിയുടെ ഭാഗത്തുചേർന്നു. മാർക്ക് ആന്റണിയും ആഥൻസിനെയാണ് തന്റെ പ്രവർത്തനകേന്ദ്രമാക്കി മാറ്റിയത്. മാർക്ക് ആന്റണി ആഥൻസിനു നല്കിയ സൗജന്യങ്ങൾ അഗസ്റ്റസ് (ബി.സി. 63- എ.ഡി. 14) പിൻവലിച്ചു.
റോമാസാമ്രാജ്യഭരണകാലത്ത് ഏതൻസ് സ്വതന്ത്രരാഷ്ട്രമായി. ഹാഡ്രിയൻ ചക്രവർത്തി ആഥൻസിനെ മോടിപിടിപ്പിച്ചു. അന്റൊനൈൻ ചക്രവർത്തിമാരുടെ കാലത്ത് ഏതൻസ് ഒരു വിദ്യാഭ്യാസകേന്ദ്രമെന്ന നിലയിൽ പ്രശസ്തി നേടി. എ.ഡി. 267-ൽ ഗോത്തുകളുടെ ആക്രമണവും അലാറിക്കിന്റെ ആക്രമണവും (395) ഒഴിച്ചാൽ ആഥൻസിനു വലിയ ആക്രമണങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നില്ല. ആഥൻസിന്റെ വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് തിയഡോഷ്യസ് I-ഉം ജസ്റ്റീനിയനുമാണ്. ഇത് ആഥൻസിന്റെ പ്രാചീന മഹിമയ്ക്ക് ഹാനികരമായിത്തീർന്നു.
ഏതൻസ് പിന്നീട് ബൈസാന്തിയൻ സാമ്രാജ്യത്തിലെ ഒരു പ്രവിശ്യാനഗരമായി തരംതാഴ്ത്തപ്പെട്ടു. ആഥൻസിലെ പല മനോഹരഹർമ്മ്യങ്ങളും കോൺസ്റ്റാന്റിനോപ്പിളിലേക്കു പൊളിച്ചുകൊണ്ടുപോയി. പല ഗ്രീക്കുക്ഷേത്രങ്ങളും ക്രൈസ്തവ ദേവാലയങ്ങളായി രൂപാന്തരപ്പെട്ടു. കോൺസ്റ്റാൻസ് II ആഥൻസിൽ കുറച്ചുകാലം ചെലവഴിച്ചു (662-63). 869-ൽ ആഥൻസിനെ ഒരു ആർച് ബിഷപ്പിന്റെ അധികാരപരിധിയിൽപ്പെടുത്തി. 995-ൽ ആറ്റിക്ക ആക്രമിക്കപ്പെട്ടെങ്കിലും ഏതൻസ് ആക്രമണത്തിൽനിന്നു രക്ഷപ്പെട്ടു. ബൈസാന്തിയൻ ചക്രവർത്തിയായ ബാസൽ II 1018-ൽ ഏതൻസ് സന്ദർശിച്ചു. ഗ്രീസിന്റെ മറ്റു ഭാഗങ്ങൾ പോലെതന്നെ ആഥൻസും ബൈസാന്തിയൻ ഭരണകാലത്തു വളരെ കഷ്ടനഷ്ടങ്ങൾ അനുഭവിച്ചു. 12-ാം ശ.-ത്തിലെ ആഥൻസിന്റെ ശോച്യാവസ്ഥയെ അന്നത്തെ ആർച് ബിഷപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
തെസലോനിക്കയിലെ രാജാവായിരുന്ന ബോണിഫെസ്, കോൺസ്റ്റാന്റിനോപ്പിൾ ആക്രമണശേഷം (1204) ഓട്ടോ ദെ ല റോഷെയ്ക്ക് ഏതൻസ് ഭരണം വിട്ടു കൊടുത്തു; മെഗാസ്കിർ (Megaskyr) എന്ന പദവിയും അദ്ദേഹത്തിനു നല്കി. അദ്ദേഹത്തിന്റെ പിന്തുടർച്ചക്കാരനായ ഗൈ I-ന് ഫ്രാൻസിലെ ലൂയി IX ഡ്യൂക് ഒഫ് ഏതൻസ് എന്ന പദവി നല്കി (1258). ഗൈ II-ന്റെ മരണാനന്തരം ഏതൻസ് ബ്രയനിലെ വാൾട്ടറുടെ അധീനതയിലായി. ഗ്രാൻഡ് കറ്റലൻ കമ്പനി എന്ന സേനാവിഭാഗം വാൾട്ടറെ അധികാരഭ്രഷ്ടനാക്കി. 1312-ൽ സിസിലിയിലെ രാജാവായ ഫ്രഡറിക്കിന്റെ അധീശാധികാരം അംഗീകരിക്കുകയും ഫ്രഡറിക്ക് അദ്ദേഹത്തിന്റെ പുത്രനായ മാൻഫ്രഡിനെ ആഥൻസിലെ ഡ്യൂക്ക് ആയി നിയമിക്കുകയും ചെയ്തു. കറ്റലൻഭരണത്തെത്തുടർന്ന് മറ്റൊരു കൂലിപ്പട്ടാളമായ (mercenaries) നവാറിസ് കമ്പനി (Navarrese company) 1379-ൽ ഏതൻസ് പിടിച്ചെടുക്കുകയും 1388-ൽ കൊരിന്ത് ഭരണാധികാരി അവരിൽനിന്ന് ഏതൻസ് തിരികെ കൈവശപ്പെടുത്തുകയും ചെയ്തു. 1458 വരെ ആ വംശത്തിന്റെ ഭരണം നിലനിന്നു. 1458-ൽ ഏതൻസ് തുർക്കി സേനാധിപനായ ഉമർ കീഴടക്കി. ഏതൻസ് സന്ദർശിച്ച തുർക്കി സുൽത്താൻ (മുഹമ്മദ് II) ആഥൻസിലെ പുരാവസ്തുക്കൾകണ്ട് ആകൃഷ്ടനാകുകയും ആഥൻസിലെ ജനതയോടു സൗമ്യമായി പെരുമാറുകയും ചെയ്തു.
തുർക്കികൾ പാർഥിനോണിനെ, മുസ്ലിം പള്ളിയാക്കി മാറ്റി. പല ഗ്രീക്കു ഹർമ്മ്യങ്ങളിലും തുർക്കികൾ താമസമുറപ്പിച്ചു. 1466-ലും 1687-ലും വെനീഷ്യർ ഏതൻസ് ആക്രമിച്ചു. ഈ ആക്രമണങ്ങൾ ആഥൻസിലെ പ്രാചീന മന്ദിരങ്ങൾക്കു കേടുവരുത്തി. 1778-ൽ തുർക്കികൾ നഗരത്തിനു ചുറ്റും കോട്ട പണികഴിപ്പിച്ചപ്പോൾ പഴയ പല സ്മാരകങ്ങളും നശിപ്പിച്ചു.
1821-ൽ ഗ്രീക്ക് ഒളിപ്പോരുകാർ ഏതൻസ് ആക്രമിക്കുകയും 1822-ൽ അക്രോപോലിസ് പിടിച്ചെടുക്കുകയും ചെയ്തു. 1826-ൽ തുർക്കികൾ അത് വീണ്ടെടുത്തു. 1833 വരെ അത് തുർക്കികൾ കൈവശത്തിൽവച്ചു. പിന്നീട് ഗ്രീസിന്റെ തലസ്ഥാനമായി ഏതൻസ് അംഗീകരിക്കപ്പെട്ടു. രണ്ടാം ലോകയുദ്ധകാലത്ത് ഏതൻസ് ബോംബു ചെയ്യപ്പെട്ടില്ല. ജർമൻകാർ 1941 ഏ. 27 മുതൽ 1944 ഒ. 12 വരെ ഈ നഗരം കൈവശം വച്ചു.
പുരാതന നഗരഭാഗങ്ങളായ അക്രോ പോലിസിനും, ലൈക്കബെറ്റസ് മലയ്ക്കും ചുറ്റുമായി, സാരോണിക് ഉൾക്കടൽ തീരത്തേക്കു വ്യാപിച്ചുകാണുന്ന നഗരാധിവാസമാണ് ഇപ്പോഴുള്ളത്; ആഥൻസിനെ അഭിമുഖീകരിച്ച് സലാമിസ്, ഈജീന എന്നീ ചെറുദ്വീപുകളും സ്ഥിതി ചെയ്യുന്നു. രണ്ടാം ലോകയുദ്ധത്തെത്തുടർന്നുണ്ടായ അമിതമായ ജനബാഹുല്യം മൂലം നഗരാധിവാസം അറ്റിക്കാ സമതലത്തെ അതിക്രമിച്ച് മലഞ്ചരിവുകളോളം വ്യാപിച്ചിരിക്കുന്നു. പിറീയസ് തുറമുഖവും നഗരത്തിന്റെ ഒരു ഭാഗമായിരിക്കുന്നു. മൊത്തം 57 കമ്യൂണുകൾ ഉൾക്കൊള്ളുന്ന ആഥൻസിന്റെ വിസ്തീർണം 402 ച.കി.മീ. ആണ്. ജനസംഖ്യ: 2005514 (2001).
1981-ൽ ഗ്രീസ് യൂറോപ്യൻ ഇക്കണോമിക് കമ്യൂണിറ്റിയിൽ ചേർന്നതോടെ ആഥൻസിൽ വിദേശനിക്ഷേപം ക്രമാതീതമായി വർധിച്ചു. 1990-കളിൽ അന്തരീക്ഷമലിനീകരണത്തിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കേണ്ടിവന്നു. മുഖ്യപാതയായ കിഫിസോസ് അവന്യൂ എട്ടുവരിപ്പാതയാക്കിയതോടെ ഗതാഗതം ഏറെ സുഗമമാക്കപ്പെട്ടു. ആഥൻസിന് 35 കി.മീ. കിഴക്കായി സ്ഥിതിചെയ്യുന്ന എലിഫ്നിരിയോസ് വെനിസെലോസ് അന്താരാഷ്ട്ര വിമാനത്താവളം 2001 മാ.-ൽ പ്രവർത്തനമാരംഭിച്ചു. ലണ്ടൻ, പാരിസ്, ന്യൂയോർക്ക് തുടങ്ങിയ കേന്ദ്രങ്ങളിൽനിന്നും വിനോദസഞ്ചാരികളുടെയും മറ്റും അനുസ്യൂതമായ പ്രവാഹം ആഥൻസിലേക്ക് ദിനംപ്രതി എത്തിച്ചേരുന്നു. ആധുനികരീതിയിലുളള ഹർമ്മ്യങ്ങളും നിരത്തുകളും കവലകളും ഉദ്യാനങ്ങളും ഇവിടെയുണ്ട്. പാർലിമെന്റ് മന്ദിരമായി ഉപയോഗിക്കപ്പെടുന്ന കൊട്ടാരം, അതോടനുബന്ധിച്ചുള്ള ഉദ്യാനം, ഒളിമ്പിക് സ്റ്റേഡിയം എന്നിവ പ്രമുഖ വാസ്തുവിദ്യാ നിർമിതികളാണ്. ലോകോത്തരങ്ങളായ ഷോപ്പിങ് മാളുകളും ഇവിടെ കാണാം. ഏതൻസ് മെട്രോ ലോകത്തിലെ ഏറ്റവും മികച്ച ഭൂഗർഭ റെയിൽപ്പാതകളിലൊന്നാണ്.
അക്കാദമി, ദേശീയ ഗ്രന്ഥശാല, ദേശീയ സാങ്കേതിക സർവകലാശാല, നാഷണൽ തിയെറ്റർ, അമേരിക്കൻ സ്കൂൾ ഒഫ് ക്ലാസ്സിക്കൽ സ്റ്റഡീസ് തുടങ്ങിയവയുടെ കെട്ടിടങ്ങൾ ആധുനിക വാസ്തുവിദ്യയുടെ മനോഹരപ്രതീകങ്ങളാണ്. ഇവ കൂടാതെ ധാരാളം പൊതുസ്ഥാപനങ്ങളും, ദേവാലയങ്ങളും നിർമ്മിക്കപ്പെട്ടിട്ടുണ്ട്.
ആഥൻസിൽനിന്നും ലണ്ടൻ, പാരിസ് തുടങ്ങി യൂറോപ്പിലെ ഇതര നഗരങ്ങളിലേക്ക് ട്രെയിൻ സർവീസുകളുണ്ട്. നഗരത്തിനുള്ളിൽ തന്നെ പിറീയസ് തുറമുഖത്തേക്കും, നഗരപ്രാന്തത്തിലെ സുഖവാസകേന്ദ്രമായ കിഫീസിയയിലേക്കും റെയിൽപ്പാതകളുണ്ട്; ഇവയിൽ വൈദ്യുത ട്രെയിനുകളാണ് ഓടുന്നത്. പിറീയസ് തുറമുഖത്തുനിന്നും ഈജിപ്ത്, തുർക്കി, ഇറ്റലി എന്നീ രാജ്യങ്ങളിലെ പ്രധാന തുറമുഖങ്ങളിലേക്ക് കപ്പൽ സർവീസുണ്ട്; മാഴ്സെയ് ന്യൂയോർക്ക് തുടങ്ങിയ വിദൂര തുറമുഖങ്ങളുമായിപ്പോലും ബന്ധം പുലർത്തുന്നു. ഗ്രീസിലെ ഇതര തുറമുഖങ്ങളിലേക്ക് സ്റ്റീമർ സർവീസുമുണ്ട്.
ഗ്രീസിന്റെ വിദേശവാണിജ്യം മുഖ്യമായും പിറീയസിലൂടെയാണ് നടക്കുന്നത്. സ്വാഭാവികമായും ഏതൻസ് ഒരു വ്യവസായകേന്ദ്രമായിത്തീർന്നിരിക്കുന്നു; പരുത്തിത്തുണി, വീഞ്ഞ്, മദ്യം, കളിമൺ ഉപകരണങ്ങൾ, തുകൽ, സോപ്പ് തുടങ്ങിയ നിത്യോപയോഗവസ്തുക്കൾ, പരവതാനി, രാസദ്രവ്യങ്ങൾ, ഔഷധങ്ങൾ തുടങ്ങിയവയുടെ ഉത്പാദനം വൻതോതിൽ നടക്കുന്നു. പുകയില, വീഞ്ഞ്, സസ്യ എണ്ണ, മാർബിൾ, ബോക്സൈറ്റ്, മാഗ്നസൈറ്റ് എന്നിവയാണ് പ്രധാന കയറ്റുമതികൾ. കൽക്കരി, വൻകിടയന്ത്രങ്ങൾ, വ്യവസായങ്ങൾക്കാവശ്യമുള്ള അസംസ്കൃതവസ്തുക്കൾ എന്നിവയും ഭക്ഷ്യധാന്യങ്ങളും ഇറക്കുമതികളിൽപ്പെടുന്നു. 2004-ലെ ഒളിമ്പിക് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിച്ചത് ഏതൻസ് നഗരമായിരുന്നു. 76000 പേർക്കിരിക്കാവുന്ന സ്റ്റേഡിയമാണ് നിർമ്മിക്കപ്പെട്ടത്.
ആഥൻസിലെ ഏറ്റവും വലിയ ആകർഷണം പുരാവസ്തുശേഖരങ്ങൾ ഉൾക്കൊള്ളുന്ന കാഴ്ചബംഗ്ളാവുകളാണ്. 1866-ൽ സ്ഥാപിതമായ ദേശീയ പുരാവസ്തുപ്രദർശനശാല (National Archaeological Museum) അമൂല്യശേഖരങ്ങളുടെ ഒരു കലവറയാണ്. മാരത്തോൺ, സെറിഗറ്റോ എന്നിവിടങ്ങളിൽനിന്നുള്ള ചെമ്പു വിഗ്രഹങ്ങൾ കായികശക്തിയുടെ ജൈവചൈതന്യം തുളുമ്പുന്ന നിദർശനങ്ങളാണ്. ആർട്ടിമീസിയത്തിൽനിന്നു കണ്ടെടുക്കപ്പെട്ട സിയൂസ് വിഗ്രഹം, സുനിയത്തിലെ ഭീമാകാരമായ അപ്പോളോ പ്രതിമ, റ്റീജിയയിലെ സ്കൊപേയ്ഡ് (Scopaid) ശിരോരൂപങ്ങൾ തുടങ്ങിയവയും പുരാതന നഗരമായ മൈസീനിയിലെ ഉത്ഖനനത്തിലൂടെ വീണ്ടെടുക്കപ്പെട്ട അമൂല്യവസ്തുക്കളും ഇവിടെ പ്രദർശിപ്പിക്കപ്പെട്ടിരിക്കുന്നു. തനാഗ്ര, ഏഷ്യാമൈനർ എന്നിവിടങ്ങളിലെ നിരവധി കളിമൺ (Terracotta) ശില്പങ്ങളും, ചിത്രാങ്കിതങ്ങളായ പാത്രങ്ങളും ഈ മ്യൂസിയത്തിലുണ്ട്. ആഥൻസിലെ ചരിത്രരേഖാസംഭരണശാല ചിരപുരാതനങ്ങളും അതിപ്രധാനങ്ങളുമായ അനേകം രേഖകൾ ഉൾക്കൊള്ളുന്നു. അക്രോപോലിസിലെ മ്യൂസിയത്തിൽ ചരിത്രാതീതകാലം മുതല്ക്കുള്ള ശില്പങ്ങൾ ശേഖരിക്കപ്പെട്ടിട്ടുണ്ട്. സാങ്കേതിക സർവകലാശാലയോടനുബന്ധിച്ചും ചരിത്രരേഖകൾ സൂക്ഷിക്കുന്ന ഒരു മ്യൂസിയമുണ്ട്. അക്കാദമിയുടെ ഭാഗമായ മ്യൂസിയം വിപുലമായ ഒരു നാണയശേഖരം ഉൾക്കൊള്ളുന്നു. ബൈസാന്തിയൻ മ്യൂസിയത്തിൽ പ്രസക്തകാലഘട്ടത്തിലെ ചിത്രകല, തുന്നൽപ്പണി, ശില്പകല എന്നിവയുടെ സവിശേഷമാതൃകകൾ സംഭരിക്കപ്പെട്ടിരിക്കുന്നു. ബൈസാന്തിയൻ, കോപ്റ്റിക്, മുസ്ലിം, ചൈനീസ് എന്നീ മാതൃകകളിലുള്ള അമൂല്യകലാശേഖരങ്ങൾ സൂക്ഷിച്ചിട്ടുള്ള മറ്റൊരു സ്ഥാപനമാണ് ബെനാകി മ്യൂസിയം. പുരാവസ്തുസംബന്ധമായ പഠനത്തിൽ അദ്വിതീയസ്ഥാനം വഹിക്കുന്ന ഗ്രീക് ആർക്കിയോളജിക്കൽ സൊസൈറ്റിയുടെ ആസ്ഥാനവും ഏതൻസ് ആണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.