From Wikipedia, the free encyclopedia
ബൈബിളിലെ ഗ്രന്ഥങ്ങളുടെ പരമ്പരാഗതമായ ക്രമീകരണമുറയനുസരിച്ച്, പതിനഞ്ചു പ്രവചനഗ്രന്ഥങ്ങളിൽ മൂന്നാമത്തേതും മൂന്നു വലിയ പ്രവചനഗ്രന്ഥങ്ങളിൽ അവസാനത്തേതുമാണ് എസക്കിയേലിന്റെ പുസ്തകം അല്ലെങ്കിൽ യെഹസ്കേലിന്റെ പുസ്തകം (ഇംഗ്ലീഷ്: Book of Ezekiel). ദൈവകല്പനകൾ ലംഘിച്ചതിന്റെ പേരിൽ ഇസ്രായേൽ ജനതയുടെ നിശിതമായ വിമർശനം, അവരുടെ കഷ്ടതകൾക്ക് കാരണക്കാരായി കണക്കാക്കപ്പെട്ട അന്യജനതകൾക്കെതിരായ വിധിപ്രഖ്യാപനം, ഇസ്രായേലിന്റെ പുന:സ്ഥാപനത്തിന്റെ സദ്വാർത്ത എന്നിവയാണ് മറ്റുപ്രവാചകഗ്രന്ഥങ്ങളുടെയെന്നപോലെ ഇതിന്റേയും ഉള്ളടക്കം. ഭാവനയുടെ വൈചിത്ര്യത്തിലും സൂക്ഷ്മതയിലും ബൈബിളിലെ ഇതര പ്രവാചകഗ്രന്ഥങ്ങളെ ഇത് അതിലംഘിക്കുന്നു. ഭാവനയുടെ ധാരാളിത്തത്തിന് പേരുകേട്ട പിൽക്കാലസാഹിത്യകാരന്മാരായ ഡാന്റേയുടേയും, മിൽട്ടന്റേയും, ബ്ലെയ്ക്കിന്റേയും രചനാലോകങ്ങളുടെ പൂർവദർശനം എസെക്കിയേലിന്റെ പുസ്തകത്തിൽ കാണുന്നവരുണ്ട്. [1] പുതിയനിയമത്തിലെ യോഹന്നാന്റെ വെളിപാടുമായി ഈ ഗ്രന്ഥത്തിന് ഏറെ സമാനതകളുണ്ട്. ബൈബിളിലെ പ്രവചനലിഖിതങ്ങളുടെ ഒരു പ്രത്യേകജനുസ്സായി പിൽക്കാലത്ത് തിരിച്ചറിയപ്പെട്ട വെളിപാടുരചനകളുടെ (Apocalyptic writings) തുടക്കം എസക്കിയേലിന്റെ പുസ്തകത്തിലാണ്.[2]
പഴയ നിയമ ഗ്രന്ഥങ്ങൾ (കൂടുതൽ വിവരങ്ങൾക്ക് ബൈബിൾ കാണുക) |
യഹൂദ ബൈബിൾ അഥവാ തനക്ക് സാധാരണയായി യഹൂദമതത്തിലും ക്രിസ്തുമതത്തിലും ഉപയോഗിക്കുന്നു
|
റോമൻ കത്തോലിക്ക സഭയും ഓർത്തഡോക്സ് സഭകളും മാത്രം അംഗീകരിക്കുന്നവ:
|
ഗ്രീക്ക് & സ്ലാവോണിക് ഓർത്തഡോക്സ് സഭകൾ മാത്രം അംഗീകരിക്കുന്നവ:
|
ജോർജ്ജിയൻ ഓർത്തഡോക്സ് സഭാ മാത്രം അംഗീകരിക്കുന്നവ:
|
എത്യോപ്യൻ ഓർത്തഡോക്സ് സഭ മാത്രം അംഗീകരിക്കുന്നവ:
|
സുറിയാനി പെശീത്താ ബൈബിളിൽ ചേര്ത്തിരിക്കുന്നവ:
|
ഇസ്രായേൽ ജനതയുടെ ബാബിലോൺ പ്രവാസത്തിന്റെ തുടക്കത്തിൽ, ബാബിലോണിൽ ജീവിച്ചിരുന്ന പുരോഹിതനായ എസക്കിയേൽ (യെഹസ്കേൽ) രചിച്ചതാണ് ഈ പുസ്തകം എന്ന് കരുതപ്പെടുന്നു. സ്വന്തം ജനതയുടെ ഭൂത-വർത്തമാനങ്ങളേയും അവരെ കാത്തിരിക്കുന്ന വിധിയുടെ ഭീകരതയേയും പുന:സ്ഥാപനത്തിന്റെ പ്രത്യാശയേയും കുറിച്ച് വാചാലനാകുന്ന പ്രവാചകൻ തന്നെക്കുറിച്ച് തന്നെ ചുരുക്കം വെളിപ്പെടുത്തലുകളേ നടത്തുന്നുള്ളു. ക്രി.മു. 597-ൽ നബുക്കദ്നേസർ ബാബിലോണിലേക്ക് കൊണ്ടുപോയ പ്രവാസികളിലൊരാളായിരുന്നു എസെക്കിയേൽ. അദ്ദേഹം വിവാഹിതനായിരുന്നെന്നും യെരുശലേമിന്റെ പതനത്തോടടുത്ത സമയത്ത് പത്നി മരിച്ചെന്നും ഗ്രന്ഥത്തിൽ നിന്ന് മനസ്സിലാക്കാം. വിവിധവിഷയങ്ങളിൽ വിപുലമായ അറിവുള്ള വ്യക്തിയായിരുന്നു ഗ്രന്ഥകർത്താവെന്ന് എസക്കിയേലിന്റെ പുസ്തകത്തിന്റെ ഉള്ളടക്കം വ്യക്തമാക്കുന്നു.[3] ദേശവിദേശങ്ങളിലെ സാഹിത്യങ്ങൾ, പുരാവൃത്തങ്ങൾ, ഭൂമിശാസ്ത്രം, മനുഷ്യവ്യാപാരങ്ങൾ എന്നിവയിൽ അഗാധമായ ജ്ഞാനം അദ്ദേഹത്തിനുണ്ടായിരുന്നു. രാഷ്ട്രീയഗതിവിഗതികളുടെ സുക്ഷ്മനിരീക്ഷകനായിരുന്ന എസെക്കിയേൽ, ഒന്നാംകിട ചരിത്രചിന്തകൻ(Philosopher of History) കൂടി ആയിരുന്നു.[4]
പുരോഹിതനായിരുന്ന എസെക്കിയേൽ പ്രവാചകപാരമ്പര്യത്തെ മറികടക്കുന്നവിധം ദേവാലയത്തോടും അതിനെ കേന്ദ്രീകരിച്ചുള്ള ആരാധനാവിധികളോടും പ്രതിപത്തി കാട്ടി. പ്രവാചകവേഷമണിഞ്ഞ പുരോഹിതൻ എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടാറുണ്ട്.[2]പ്രവാസാനന്തരം ദേവാലയം യഹൂദസമൂഹത്തിന്റെ കേന്ദ്രമായി പരിണമിച്ചതിൽ എസെക്കിയേലിന്റെ സ്വാധീനം വലുതാണ്. യെരുശലേമിലെ പുനർനിർമ്മിതമായ രണ്ടാം ദേവാലയത്തെ കേന്ദ്രീകരിച്ചുള്ള പ്രവാസാനന്തര സമൂഹത്തിന്റേയും വിശ്വാസസമുച്ചയത്തിന്റെയും പിറവിക്ക് കാരണക്കാരനാകയൽ, യഹൂദമതത്തിന്റെ സ്ഥാപകൻ എന്നുപോലും അദ്ദേഹം വിശേഷിപ്പിക്കപ്പെടാറുണ്ട്.[2]
ബൈബിളിലെ മൂന്നു വലിയപ്രവാചകഗ്രന്ഥങ്ങളിൽ ഘടനാപരമായ കെട്ടുറപ്പ് ഏറ്റവുമുള്ളത് എസെക്കിയേലിന്റെ പുസ്തകത്തിനാണ്. ഇതിന്റെ ഉള്ളടക്കത്തെ താഴെ പറയുന്ന അഞ്ചുഭാഗങ്ങളായി തരം തിരിക്കാം. [5] [6]
ബാബിലോണിൽ കേബാർനദീതീരത്ത് പ്രവാസികളോടുകൂടെയായിരിക്കുമ്പോൾ ലഭിച്ച അസാമാന്യമായൊരു ദൈവദർശനത്തിലായിരുന്നു എസെക്കിയേലിന്റെ നിയുക്തി.
എസെക്കിയേലിന്റെ പുസ്തകത്തിന്റെ ആരംഭത്തിലുള്ള ദൈവരഥദർശനം പ്രസിദ്ധമാണ്. പിൽക്കാലത്തെ യഹൂദചിന്തയേയും മിസ്റ്റിസിസത്തെയും ആ ദർശനം ഏറെ സ്വാധീനിച്ചിട്ടുണ്ട്. [7][ക] ദർശനത്തിൽ എസെക്കിയേൽ, വടക്കുനിന്ന് കൊടുങ്കാറ്റിലേറി വന്ന ഒരു മേഘവും അതിനു ചുറ്റും ജ്വലിക്കുന്ന തീയുടെ നടുവിൽ വെള്ളോടുപോലെ മിന്നിത്തിളങ്ങുന്ന എന്തോ ഒന്നും കണ്ടു. അതിന്റെ മദ്ധ്യത്തിൽ, തേച്ചുമിനുക്കിയ ഓടുപോലെയും, ജ്വലിക്കുന്ന തീക്കനൽ പോലെയും തിളങ്ങി, നാലു ജീവിരൂപങ്ങൾ മനുഷ്യാകൃതിയിൽ ദൃശ്യമായി. ഓരോ ജീവിക്കും നാലുദിക്കുകളെ അഭിമുഖീകരിച്ച് മനുഷ്യൻ, സിംഹം, കാള, കഴുകൻ എന്നിവയുടേതായ നാലു മുഖങ്ങളും രണ്ടു ജോഡി ചിറകുകളും, ചിറകുകൾക്കു കീഴിൽ മനുഷ്യകരങ്ങളും ഉണ്ടായിരുന്നു. ഒരു ജോഡി ചിറകുകൾ കൊണ്ട് അവ ശരീരം മറച്ചു. പിന്നെയുള്ള ജോഡി ചിറകുകൾ വിടർത്തി അഗ്രം ഇരുവശത്തുമുള്ള ജീവികളുടെ ചിറകുകളുടെ അഗ്രത്തെ സ്പർശിച്ച് ചതുരാകാരം സൃഷ്ടിച്ചു. കാളക്കുട്ടിയുടെ കുളമ്പുകൾ പോലെയുള്ള കാലടികളായിരുന്നു ജീവികൾക്ക്. ഇടംവലം തിരിയാതെ ഇടിമിന്നൽ പോലെ അവ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞു. ജീവികൾക്കിടയിൽ മിന്നൽ പിണർ പുറപ്പെടുവിച്ച് ചലിക്കുന്ന തീപ്പന്തം പോലെ എന്തോ ഒന്നു ശോഭിച്ചു.
ജീവികളോരോന്നിനും സമീപം, ഒരു ചക്രത്തിനുള്ളിൽ മറ്റുന്നു ചേർന്ന് കാണപ്പെട്ട ഓരോ ചക്രദ്വയമുണ്ടായിരുന്നു. ഗോമേദകം പോലെ ശോഭിച്ച ആ ചക്രങ്ങളുടെ പട്ടകൾ നിറയെ കണ്ണുകളായിരുന്നു. ഇടം വലം തിരിയാതെ ഇഷ്ടമുള്ള ദിക്കിലേക്ക് സഞ്ചരിക്കത്തക്ക ഘടനയായിരുന്നു ആ ചക്രദ്വയങ്ങൾക്ക്. ജീവികൾക്കൊപ്പം ചക്രങ്ങളും നീങ്ങി. ചക്രങ്ങളിലായിരുന്നു ജീവികളുടെ ആത്മാവ്.
ജീവികളുടെ തലക്കുമീതേ സ്ഫടികസമാനം തിളങ്ങുന്ന ഒരു വിതാനമുണ്ടായിരുന്നു. അതിനെമീതെ ഇന്ദ്രനീലക്കല്ലിന്റെ ശോഭയുള്ള ഒരു സിംഹാസനത്തിൽ മനുഷ്യന്റേതുപോലെയുള്ള ഒരു രൂപം ഇരിപ്പുണ്ടായിരുന്നു. അതിന്റെ അരക്കെട്ടിനുമുകൾഭാഗം അഗ്നികൊണ്ടുപൊതിയപ്പെട്ടും താഴെയുള്ള ഭാഗം അഗ്നിപോലെയും കാണപ്പെട്ടു. അതിനുചുറ്റും മഴവില്ലുപോലെ പ്രകാശമുണ്ടായിരുന്നു. കർത്താവിന്റെ മഹത്ത്വത്തിന്റെ രൂപമായിരുന്നു അത്.[8] അത് ദർശിച്ചമാത്രയിൽ എസെക്കിയേൽ കമിഴ്ന്നുവീണു.
തുടർന്ന് കർത്താവിന്റെ സ്വരം കേട്ടതോടെ, ആത്മാവ് ഉള്ളിൽ കടന്ന് എസെക്കിയേലിനെ കാലുകളിൽ ഉറപ്പിച്ചുനിർത്തി. തുടർന്ന്, മർക്കടമുഷ്ടികളും കഠിനഹൃദയരും നിഷേധികളുമായ ഇസ്രായേൽ ജനത്തിന് സന്ദേശമെത്തിക്കാനുള്ള ദൗത്യം കർത്താവ് പ്രവാചകനെ ഏല്പിച്ചു. പിന്നെ കർത്താവ് എസെക്കിയോലിനോട് പറഞ്ഞു:
“ | "മനുഷ്യപുത്രാ,[ഖ] ഞാൻ നിന്നോടു പറയുന്നതു കേൾക്കുക. ആ ധിക്കാരികളുടെ ഭവനത്തെപ്പോലെ നീയും ധിക്കാരിയാകരുത്. ഞാൻ നിനക്കു തരുന്നത് വാ തുറന്നു ഭക്ഷിക്കുക."[10]
|
” |
ഈ ദർശനത്തിനൊടുവിൽ ദൈവം പ്രവാചകനെ ഇസ്രായേൽ ജനത്തിന്റെ കാവൽക്കാരനായി നിയമിച്ചു. എന്നാൽ വീട്ടിൽ പോയി കതകടച്ചിരിക്കാനായിരുന്നു ആജ്ഞ. ജനത്തിന്റെ അടുത്തേക്ക് ചെല്ലാതിരിക്കാൻ കയറുകൊണ്ട് വരിഞ്ഞു കെട്ടപ്പെട്ടും, നാവ് അണ്ണാക്കിനോട് ഒട്ടി സംസാരശേഷി നശിച്ചുമാണ് പ്രവാചകന് അവിടെ കഴിയേണ്ടിയിരുന്നത്.[11]
പ്രവാചകന്റെ നിയുക്തിദർശനം വിവരിക്കുന്ന തുടക്കത്തിനുശേഷം ഗ്രന്ഥത്തിന്റെ ആദ്യപകുതിയുടെ അവശേഷിക്കുന്ന ഭാഗം ദൈവഹിതം ധിക്കരിച്ച യഹൂദായിലെ ജനതയുടെ വിമർശനവും അവരെ കാത്തിരിക്കുന്ന വിധിയുടെ വിവരണവുമാണ്. മൗനത്തിന് വിധിക്കപ്പെട്ട പ്രവാചകനോട്, പ്രതീകാത്മകമായ പ്രവർത്തികളിലൂടെ ഈ പ്രവചനം നിർവഹിക്കാനാണ് ദൈവം ആവശ്യപ്പെട്ടത്.
നഗരത്തിന്റെ ഉപരോധത്തെ സൂചിപ്പിക്കാൻ, ഒരു ഇഷ്ടികയിൽ വരച്ച യെരുശലേമിന്റെ പടത്തിനു മുന്നിൽ പ്രവാചകൻ 390 ദിവസം ഇടത്തോട്ടും 40 ദിവസം വലത്തോട്ടും തിരിഞ്ഞുകിടക്കണം. ഇസ്രായേലിന്റേയും യഹൂദായുടേയും ദുഷ്ടതയുടെ ഓരോ വർഷത്തിന് ഓരോ ദിവസം എന്ന കണക്കിനായിരുന്നു ഇത്. വിവിധയിനം ധാന്യങ്ങളുടെ മാവുകൊണ്ടു ചുട്ട അപ്പത്തിന്റെ അല്പാഹാരമാണ് അപ്പോൾ വിധിച്ചിരുന്നത്. ജനങ്ങൾ നോക്കി നിൽക്കേ മനുഷ്യമലം കൊണ്ടുവേണം അപ്പം ചുടാൻ.[12][ഗ] തലയും താടിയും വടിച്ച് രോമം തുലാസിൽ തൂക്കി, മൂന്നിലൊന്ന് തീയിൽ ദഹിപ്പിക്കാനും മൂന്നിലോന്ന് പട്ടണത്തിനു ചുറ്റും അരിഞ്ഞുവിതറാനും മൂന്നിലൊന്ന് കാറ്റിൽ പറത്താനും ഒരു ചെറിയ അംശം മേലങ്കിയുടെ വിളുമ്പിൽ കെട്ടിവയ്ക്കാനായിരുന്നു മറ്റൊരു കല്പന. വിദേശാക്രമണത്തിൽ യഹൂദായ്ക്ക് സംഭവിക്കാനിരിക്കുന്നതിനെ സൂചിപ്പിക്കാനായിരുന്നു ഇത്.[13] സായം കാലത്ത് ജനങ്ങൾ നോക്കിനിൽക്കേ, വീടിന്റെ ഭിത്തിയിൽ ദ്വാരമുണ്ടാക്കി, പ്രവാസത്തിനുപോകുന്നവരേപ്പോലെ ഭാണ്ഡം തോളിലേറ്റി നടന്നുപോകാനായിരുന്നു ഇനിയുമൊരു കല്പന. വിറയലോടെ അപ്പം ഭക്ഷിച്ച് സംഭ്രമത്തോടെ വെള്ളം കുടിക്കാനും പ്രവാചകന് കല്പന കിട്ടി.
മറ്റൊരു ദർശനത്തിൽ ദൈവം പ്രവാചകനെ യെരുശലേമിലെ ദേവാലയത്തിന്റെ അകത്തളത്തിലേയ്ക്കു കൂട്ടികൊണ്ടുപോയി അവിടെ നടമാടിയിരുന്ന 'മ്ലേച്ഛതകൾ' കാട്ടിക്കൊടുത്തു. ദേവാലയത്തിന്റെ ഭിത്തികളിൽ സർപ്പങ്ങളുടേയും മറ്റ് അശുദ്ധമൃഗങ്ങളുടേയും ചിത്രങ്ങൾ നിറഞ്ഞിരിക്കുന്നതും സമൂഹത്തിലെ ഉന്നതന്മാർ വരെ അവയ്ക്കു മുൻപിൽ ധൂപാർച്ചന നടത്തുന്നതും എസെക്കിയേൽ കണ്ടു.[14] തുടർന്ന് കർത്താവിന്റെ മഹത്ത്വം ദേവാലയവും നഗരവും വിട്ടുപോകുന്നതും അദ്ദേഹം കണ്ടു.[15]
യെരുശലേമിന്റെ അവിശ്വസ്തതയുടെ നാടകീയ വിവരണവും വിമർശനമാണ് തുടർന്ന്. അവിശ്വസ്തതയുടെ വർണ്ണന ദാമ്പദ്യ-ലൈംഗിക പ്രതീകങ്ങൾ നിറഞ്ഞതാണ്. ചോരക്കുഞ്ഞായി വെമ്പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ടിരിക്കെ താൻ കണ്ടെടുത്ത് രക്ഷിച്ച യെരുശലേമിന് വിവാഹപ്രായമായപ്പോൾ കർത്താവ് തന്റെ മേലങ്കികൊണ്ട് അവളുടെ നഗ്നത മറച്ച് സ്നേഹവാഗ്ദാനത്തോടെ ഉടമ്പടി ചെയ്തു. എന്നാൽ അവൾ അസീറിയക്കാരുടേയും, കച്ചവടക്കാരായ കൽദായരുടേയും പുറകേ പോയി.
അവിശ്വസ്തതയുടെ ഈ വിവരണം സമാപിക്കുന്നത് ഇസ്രായേലിനേയും(സമറിയ) യഹൂദായേയും (യെരുശലേം)വഴിപിഴച്ചുപോയ രണ്ടുസഹോദരിമാരായി ചിത്രീകരിച്ചുകൊണ്ടാണ്. അമ്പരപ്പുളവാക്കുന്ന ലൈംഗികബിംബങ്ങൾ തിങ്ങിയ ഒരു ചരിത്രസംഗ്രഹമാണത്. ഈജിപ്തിലെ അടിമത്തത്തിന്റെ കാലം മുതലുള്ള എബ്രായജനതയുടെ പെരുമാറ്റത്തിന്റെ നിശിതവിമർശനവും ഇസ്രായേലിന്റെയും യഹൂദായുടേയും സൈനികപരാജയങ്ങളുടെ വിലയിരുത്തലും അതിലുണ്ട്. ഈജിപ്തിൽ പരിശീലിച്ച വ്യഭിചാരവൃത്തി ഉപേക്ഷിക്കാതിരുന്ന ഇസ്രായേൽ അവൾ ഏറ്റവുമധികം മോഹിച്ച കാമുകന്മാരായ അസീറിയാക്കാരുടെ കരങ്ങളിൽ ഏല്പിക്കപ്പെട്ടു. അവളുടെ വിധി നടപ്പായിക്കഴിഞ്ഞിട്ടും ഇളയ സഹോദരി വിഷയാസക്തിയിലും വ്യഭിചാരത്തിലും ജ്യേഷ്ഠത്തിയേക്കാൾ വഷളായി. അസീറിയക്കാരും കൽദായക്കാരുമായുള്ള വേഴ്ചയിൽ മടുപ്പുവന്ന അവൾക്ക് തന്റെ പഴയ കാമുകന്മാരെ ഓർമ്മവന്നു. കഴുതയുടെ ലിംഗവും കുതിരയുടെ ബീജസ്രവണവുമുള്ള തന്റെ ജാരന്മാരെ അവൾ അമിതമായി കാമിച്ചു. ഈജിപ്തുകാർ മാറിടത്തിലമർത്തുകയും ഇളംസ്തനങ്ങളെ ലാളിക്കുകയും ചെയ്ത യൗവനത്തിലെ വിഷയലമ്പടത്വം അവൾ കൊതിച്ചു. "അതിനാൽ ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു: നീ വെറുത്ത നിന്റെ കാമുകന്മാരെ ഞാൻ നിനക്കെതിരെ ഇളക്കിവിറ്റും. എല്ലാവശങ്ങളിലും നിന്ന് അവരെ ഞാൻ കൊണ്ടുവരും."[16]
ബാബിലോണിലെ പ്രവാസം തുടങ്ങി പത്തുവർഷം തികയാറായപ്പോൾ, പ്രവാചകന് അദ്ദേഹം ഏറ്റവും സ്നേഹിക്കുന്ന വ്യക്തി, "കണ്ണുകളുടെ ആനന്ദഭാജനമായിരുന്ന" പത്നി, നഷ്ടമാകാൻ പോവുകയാണെന്ന് കർത്താവ് അറിയിച്ചു. "എങ്കിലും നീ കരയുകയോ വിലപിക്കുകയോ അരുത്. നിന്റെ കണ്ണുകളിൽ നിന്ന് കണ്ണീർ ഒഴുകരുത്. നെടുവീർപ്പിടാം, എന്നാൽ ഉച്ചത്തിലാകരുത്. നീ തലപ്പാവു കെട്ടുകയും പാദുകങ്ങൾ അണിയുകയും ചെയ്യുക. നീ അധരം മറയ്ക്കരുത്; വിലാപഭോജ്യം ഭക്ഷിക്കുകയുമരുത്." ആ സായംകാലത്ത് പ്രവാചകന്റെ ഭാര്യ അന്തരിച്ചു.[17]
പ്രവാസത്തിന്റെ പന്ത്രണ്ടാം വർഷം, യെരുശലേമിലെ ദേവാലയത്തിന്റെ നാശം പ്രവാചകൻ അറിയാനിരുന്നത് നഗരത്തിന്റെ നാശത്തെ അതിജീവിച്ച് ബാബിലോണിൽ ഓടിയെത്തിയ ഒരഭയാർത്ഥിയിൽ നിന്നാണ്. ആ വാർത്തയുടെ കേൾവിയിൽ പ്രവാചകന് സംസാരശേഷി തിരിച്ചുകിട്ടി. എസെക്കിയേലിന്റെ പുസ്തകത്തിലെ, യഹൂദായുടെ വിമർശനത്തിൽ ഊന്നിയുള്ള പ്രവചനങ്ങൾ അടങ്ങുന്ന ആദ്യപകുതി സമാപിക്കുന്നത് ഇവിടെയാണ്.[18]
യെരുശലേം നഗരത്തിന്റേയും ദേവാലയത്തിന്റേയും പതനത്തെ തുടർന്നു വരുന്ന അദ്ധ്യായങ്ങൾ, യഹൂദായുടെ ശത്രുരാഷ്ട്രങ്ങളുടേയും ജനതകളുടേയും വിമർശനമാണ്. അമ്മോൻ,മൊവാബ്, ഏദോം, ഫിലിസ്തിയ, സീദോൻ എന്നിവ വിമർശനവിധേയമാകുന്നു.[19] ദീർഘമായ ഒരു ഖണ്ഡം ടയറിന്റെ വിമർശനമാണ്. വ്യാപാരമികവിന് പേരുകേട്ടിരുന്ന ആ രാജ്യത്തെ രാജാവ്, അഹങ്കാരത്തിന്റേയും ആഡംബരപ്രിയത്തിന്റേയും അക്രമങ്ങളുടേയും പേരിൽ വിമർശിക്കപ്പെടുന്നു.[20] പിന്നെ ഈജിപ്തിന്റെ വിമർശനമാണ്. ഈജിപ്തിലെ നഗരങ്ങളായ മെംഫിസും, തീബ്സും അവയുടെ ദൈവങ്ങളും പ്രവാചകന്റെ രോഷത്തിന് ലക്ഷ്യമാവുന്നു. നൈൽ നദി തന്റേതാണ്, താനാണത് സൃഷ്ടിച്ചത് എന്നഹങ്കരിക്കുന്ന കൂറ്റൻ മുതലയോടാണ് ഈജിപ്തിലെ രാജാവായെ ഫറവോയെ ഉപമിച്ചിരിക്കുന്നത്.[21]
ഗ്രന്ഥത്തിന്റെ മറ്റൊരു ഭാഗത്ത്, മഗോഗ് എന്ന ദേശത്തിന്റെ ഭരണാധികാരിയായ ഗോഗിനെതിരായ പ്രവചനത്തിന് രണ്ട് അദ്ധ്യാങ്ങൾ[22] നീക്കിവച്ചിരിക്കുന്നു. മഗോഗ് എവിടെയായിരുന്നുവെന്ന് വ്യക്തമല്ല. മഗോഗിന്റെ നാശത്തെ തുടർന്ന്, ഇസ്രായേലിലെ നഗരങ്ങളിലുള്ളവർ അവിടത്തെ ആയുധങ്ങൾ ശേഖരിച്ച് ഇന്ധനമായി ഉപയോഗിക്കുമെന്നും അവ ഏഴുവർത്തേക്ക് ഇന്ധനമായി മതിയാകുമെന്നും പറഞ്ഞിട്ടുണ്ട്.
ശകാരങ്ങളും വിനാശത്തിന്റെ പ്രവചനങ്ങളും നിറഞ്ഞ എസെക്കിയേലിന്റെ പുസ്തകത്തെ യഹൂദസമൂഹത്തിന്റെ ഇഷ്ടലിഖിതങ്ങളിൽ ഒന്നാക്കിത്തീർത്തത് അതിലെ പുന:സ്ഥാപനത്തിന്റെ പ്രവചനങ്ങളും വെളിപാടുകളുമാണ്.[ഘ] ജനത്തിന്റെ കാവൽക്കാരനായുള്ള പ്രവാചകന്റെ നിയുക്തിയുടെ ആവർത്തനത്തിലാണ് ഈ ഭാഗം തുടങ്ങുന്നത്. അതിക്രമങ്ങളുടേയും പാപങ്ങളുടേയും ഭാരം ചുമന്ന് ക്ഷയിച്ചുപോകാൻ വിധിക്കപ്പെട്ടവരാണ് തങ്ങളെന്ന് പരിതപിച്ചിരുന്ന ജനത്തോട്, പാപിയുടെ മരണത്തിൽ സന്തോഷിക്കാത്ത ദൈവമാണ് താനെന്ന് അറിയിക്കാൻ കർത്താവ് ആവശ്യപ്പെടുന്നു.
ഇസ്രായേൽ ജനതയുടെ നായകന്മാരായിരുന്നവർ ഈ പ്രവചനഭാഗത്ത് കഠിനമായി വിമർശിക്കപ്പെടുന്നു. ആട്ടിൻപറ്റത്തെ അവഗണിച്ച് തങ്ങളെതന്നെ പോറ്റുന്നതിൽ ശ്രദ്ധവച്ച ഇടയന്മാരാണവർ. ദുർബ്ബലമായവക്ക് ശക്തികൊടുക്കുകയോ, മുറിവേറ്റവയെ വച്ചുകെട്ടുകയോ, വഴിതെറ്റിയവയെ തിരികെകൊണ്ടുവരുകയോ ചെയ്യാതെ ക്രൂരമായി പെരുമാറിയ ഇടയ്ന്മാർ മൂലം, കർത്താവിന്റെ ആടുകൾ ഇടയനില്ലാതെ ചിതറിപ്പോയി. തുടർന്നു വരുന്ന ഭാഗം ഇങ്ങനെയാണ്.[23]
“ | ദൈവമായ കർത്താവ് അരുളുച്ചിച്ചെയ്യുന്നു: ഇതാ ഞാൻ ഇടയന്മാർക്കെതിരാണ്. എന്റെ ആടുകൾക്ക് ഞാൻ അവരോട് കണക്കുചോദിക്കും; അവരുടെ മേയ്ക്കലിനു ഞാൻ അറുതി വരുത്തും. ഇനിമേൽ ഇടയന്മാർ തങ്ങളെ തന്നെ പോറ്റുകയില്ല. എന്റെ ആടുകൾ അവർക്കു ഭക്ഷണമായിത്തീരാൻ ഞാൻ അനുവദിക്കുകയില്ല. ഞാൻ അവയെ അവരുടെ വായിൽ നിന്നു രക്ഷിക്കും. ആടുകൾ ചിതറിപ്പോയാൽ അവയെ അന്വേഷിച്ചിറങ്ങുന്ന ഇടയനെപ്പോലെ ഞാൻ എന്റെ ആടുകളെ അന്വേഷിക്കും. കാറുനിറഞ്ഞ് അന്ധകാരപൂർണ്ണമായ ആ ദിവസം ചിതറിപ്പോയ ഇടങ്ങളിൽ നിന്നെല്ലാം ഞാൻ അവയെ വീണ്ടെടുക്കും. ജനതകളുടെ ഇടയിൽ നിന്ന് ഞാൻ അവയെ കൊണ്ടുവരും. രാജ്യങ്ങളിൽ നിന്ന് ഞാൻ അവയെ ഒരുമിച്ചുകൂട്ടും. എന്റെ ആടുകൾക്ക് ഞാൻ തന്നെ ഇടയനായിരിക്കും. | ” |
പുന:സ്ഥാപനസന്ദേശത്തിന്റെ ഒരു പ്രധാനഭാഗം അസാമാന്യമായൊരു ദർശനമാണ്. പ്രവാചകൻ അത്മാവിനാൽ നയിക്കപ്പെട്ട്, ഉണങ്ങിയ അസ്ഥികൾ നിറഞ്ഞ ഒരു താഴ്വരയിലെത്തി. പിന്നെ സംഭവിച്ചത് ഇതായിരുന്നു.[24]
“ | അവിടുന്ന് എന്നോട് അരുളിച്ചെയ്തു: ഈ അസ്ഥികളോട് നീ പ്രവചിക്കുക. വരണ്ട അസ്ഥികളേ, കർത്താവിന്റെ വചനം ശ്രവിക്കുവിൻ എന്ന് അവയോടു പറയുക. ദൈവമായ കർത്താവ് ഈ അസ്ഥികളോട് അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ നിങ്ങളിൽ പ്രാണൻ നിവേശിപ്പിക്കും; നിങ്ങൾ ജീവിക്കും. ഞാൻ നിങ്ങളുടെമേൽ ഞരമ്പുകൾ വച്ചുപിടിപ്പിക്കുകയും മാസം വളർത്തുകയും ചർമ്മം പൊതിയുകയും നിങ്ങളിൽ പ്രാണൻ നിവേശിപ്പിക്കുകയും ചെയ്യും; നിങ്ങൾ ജീവൻ പ്രാപിക്കും. ഞാനാണ് കർത്താവ് എന്ന് അപ്പോൾ നിങ്ങൾ അറിയും. എന്നോടു കല്പിച്ചതുപോലെ ഞാൻ പ്രവചിച്ചു. അപ്പോൾ വേർപെട്ടുപോയ അസ്ഥികൾ തമ്മിൽ ചേരുന്ന ഒരു കിരുകിരാശബ്ദം ഉണ്ടായി. ഞാൻ നോക്കിയപ്പോൾ ഞരമ്പും മാംസവും അവയുടെമേൽ വന്നിരുന്നു. ചർമ്മം അവയെ പൊതിഞ്ഞുമിരുന്നു. എന്നാൽ അവയ്ക്ക് പ്രാണൻ ഉണ്ടായിരുന്നില്ല.
|
” |
ഗ്രന്ഥത്തിന്റെ അവസാനഭാഗത്ത്, ഏറെ നീളുന്ന ഒരു ദർശനത്തിൽ പ്രവാചകൻ യെരുശലേമിലെ നശിപ്പിക്കപ്പെട്ട ദേവാലയത്തിന്റെ സ്ഥാനത്ത്, ഭാവിയിൽ അവിടെ നിർമ്മിക്കപ്പെടാനിരിക്കുന്ന ദേവാലയവും അതിനെ സംബന്ധിച്ച വിധികളും കാണുന്നു. ആലയത്തിന്റെ അങ്കണത്തിനു ചുറ്റുമുള്ള മതിൽ, പൂമുഖങ്ങളോടുകൂടി നാലുവശങ്ങളിലുമുള്ള പടിപ്പുരകൾ, അങ്കണത്തിലെ മുറികൾ, ശ്രീകോവിൽ, ബലിപീഠം എന്നിവയുടെ രൂപവും വിശദമായ അളവുകളും ആ ദർശനത്തിൽ വിവരിക്കപ്പെടുന്നു.
തുടർന്ന് നേരത്തേ ദേവാലയം വിട്ടുപോയ കർത്താവിന്റെ മഹത്ത്വം, പെരുവെള്ളപ്പാച്ചിലിന്റെ ഇരമ്പലോടെ കിഴക്കുനിന്നു വരുന്നത് പ്രവാചകൻ കണ്ടു. അപ്പോൾ ഭൂമി ദൈവതേജസ്സുകൊണ്ട് പ്രകാശിച്ചു. ദൈവമഹത്ത്വം കിഴക്കേ പടിപ്പുരയിലൂടെ ദേവാലയത്തിൽ പ്രവേശിച്ചു. പിന്നീട് ദേവാലയത്തിലെ നിബന്ധനകൾ പ്രവാചകനെ അറിയിച്ചപ്പോൾ, ദൈവമായ കർത്താവ് കടന്നുപോയ കിഴക്കേ പടിപ്പുരയിലൂടെ ഇനി ആരും പ്രവേശിക്കരുതെന്നും അത് എപ്പോഴും അടച്ചുകിടക്കണമെന്നും വിധിച്ചു. രാജാവിനുപോലും കിഴക്കുവശത്ത്, പടിപ്പുരയുടെ പൂമുഖത്തിന്റെ പാർശ്വകവാടത്തിലൂടെയേ പ്രവേശനമുള്ളു.
പുന:സ്ഥാപനത്തിലെ ദേശത്തിന്റെ അതിരുകൾ, അതിരുകൾക്കുള്ളിൽ ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങളുടെ ഓഹരികൾ എന്നിവ ദർശനത്തിൽ പ്രവാചകൻ അറിഞ്ഞു. വടക്കേയറ്റം, ആഷേർ, നഫ്ത്താലി ഗോത്രങ്ങളുടെ ഓഹരിയും തേക്കേയറ്റം യൂദായുടെ ഓഹരിയുമായിരുന്നു. ദർശനത്തിൽ വെളിപ്പെട്ട യെരുശലേം നഗരത്തിന് നാലുവശത്തും മൂന്നു കവാടങ്ങൾ എന്ന കണക്കിന് പന്ത്രണ്ടു കവാടങ്ങൾ ഉണ്ടായിരുന്നു. ആ കവാടങ്ങൾക്ക് ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങളുടെ പിതാക്കന്മാരായ റൂബൻ, യൂദാ, ലെവി, ജോസഫ്, ബെഞ്ചമിൻ, ദാൻ, ശിമയോൻ, ഇസാക്കർ, സെബുലൂൻ, ഗാദ്, ആഷേർ, നഫ്ത്താലി എന്നിവരുടെ പേരുകളായിരുന്നു.
ക. ^ ബൈബിളിലെ ഏറ്റവും രഹസ്യമയമായ ഖണ്ഡങ്ങളിലൊന്നായി എസെക്കിയേലിന്റെ പുസ്തകത്തിലെ ദൈവരഥദർശനം കണക്കാക്കപ്പെടുന്നു. ആദ്ധ്യാത്മികതയിൽ ഔന്നത്യം പ്രാപിക്കാത്തവർ അത് പഠിക്കുന്നതും വിശകലനം ചെയ്യുന്നതും അഭികാമ്യമല്ലെന്നാണ് യഹൂദചിന്തയുടെ നിലപാട്. ഒന്നിലേറെപ്പേർക്ക് ഒരുമിച്ച് അത് വ്യാഖ്യാനിച്ചുകൊടുക്കുന്നത് വിലക്കപ്പെട്ടിരുന്നു.[7]
എബ്രായ ഭാഷയിൽ ദൈവരഥം 'മെർഖബാ' ആണ്. ആധുനിക ഇസ്രായേൽ രാഷ്ട്രം അതിന്റെ മുഖ്യ ഇനം യുദ്ധടാങ്കിന് (Battle Tank) 'മെർഖവാ' എന്നാണ് പേരിട്ടിരിക്കുന്നത്.
ഖ. ^ എസെക്കിയേലിന്റെ പുസ്തകത്തിലുടനീളം ദൈവം പ്രവാചകനെ 'മനുഷ്യപുത്രാ' (ബെൻ ആദം) എന്നാണ് സംബോധന ചെയ്യുന്നത്. ഗ്രന്ഥത്തിൽ ഈ സംബോധന 93 പ്രാവശ്യം ആവർത്തിക്കുന്നതായി കണക്കാക്കപ്പെട്ടിട്ടുണ്ട്. [25]
ഗ. ^ അശുദ്ധമായവ ഭക്ഷിച്ചു ശീലമില്ലാത്തവനാണ് താൻ എന്നു പ്രതിഷേധിച്ചപ്പോൾ, പശുവിൻ ചാണകം ഇന്ധനമാക്കി അപ്പം ചുടാൻ പ്രവാനകന് അനുമതി കിട്ടി.
ഘ. ^ ഇസ്രയേൽക്കാരെ പുനസ്ഥാപിക്കുന്നത് അവരോടുള്ള പരിഗണനയുടെ പേരിലല്ലെന്ന് ദൈവം ആവർത്തിച്ചുപറയുന്നുണ്ട്: "ഇവരാണ് കർത്താവിന്റെ ജനം എന്നിട്ടും അവിടുത്തെ ദേശത്തുനിന്നും അവർക്കു പോകേണ്ടിവന്നു എന്ന് ആളുകൾ അവരെപ്പറ്റി പറഞ്ഞു. അങ്ങനെ, തങ്ങൾ എത്തിയ ജനതകൾക്കിടയിൽ അവർ അശുദ്ധമാക്കിയ എന്റെ വിശുദ്ധനാമത്തെപ്രതി ഞാൻ ആകുലനായി. നിങ്ങളെ പ്രതിയല്ല, നിങ്ങൾ എത്തിച്ചേർന്ന ജനതകൾക്കിടയിൽ നിങ്ങൾ അശുദ്ധമാക്കിയ എന്റെ വിശുദ്ധനാമത്തെ പ്രതിയാണ് ഞാൻ പ്രവർത്തിക്കാൻ പോകുന്നത്."[26]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.