From Wikipedia, the free encyclopedia
പുരാതന ആഥൻസിലെ ഒരു ഹാസ്യനാടകകൃത്തായിരുന്നു അരിസ്റ്റോഫനീസ് (ജനനം ബി.സി. 446-നടുത്ത് –മരണം: ബി.സി. 386-നടുത്ത്). അദ്ദേഹത്തിന്റെ 40 നാടകങ്ങളിൽ 11 എണ്ണം ഏതാണ്ട് സമ്പൂർണ്ണരൂപത്തിൽ നിലവിലുണ്ട്. "പഴയ കോമഡി" എന്ന വിഭാഗത്തിൽ പെടുന്ന ഹാസ്യനാടകങ്ങളുടെ മാതൃകകളായി ആകെ നിലവിലുള്ളത് അവയാണ്. ആ ജനുസ്സിന്റെ നിർവചനം തന്നെ ഈ നാടകങ്ങളെ ആശ്രയിച്ചാണ്.[2] "കോമഡിയുടെ പിതാവ്"[3], "പുരാതനഹാസ്യനാടകങ്ങളുടെ രാജാവ്",[4] എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന അരിസ്റ്റോഫനീസ്, പുരാതന ആഥൻസിലെ ജീവിതത്തെ മറ്റെല്ലാ എഴുത്തുകാരേയും കാൾ യഥാതഥമായി ചിത്രീകരിച്ചതായി കരുതപ്പെടുന്നു.[5]
അരിസ്റ്റോഫനീസിന്റെ അധിക്ഷേപശക്തിയെ സമകാലീനസമൂഹത്തിലെ പ്രമുഖന്മാർ അംഗീകരിക്കുകയും ഭയപ്പെടുകയും ചെയ്തിരുന്നു; സോക്രട്ടീസിന്റെ വിചാരണയിലേക്കും വധത്തിലേക്കും നയിച്ച അപവാദപ്രചാരണമായി പ്ലേറ്റോ അരിസ്റ്റോഫനീസിന്റെ "മേഘങ്ങൾ" എന്ന നാടകത്തെ എടുത്തുകാട്ടി.[6][7] മറ്റു ചില നാടകങ്ങളിലും അരിസ്റ്റോഫനീസ് സോക്രട്ടീസിനെ പരിഹസിച്ചിരുന്നു.[8]എങ്കിലും നാടകങ്ങളിലെ പരിഹാസം, സോക്രട്ടീസിന്റേയും അരിസ്റ്റോഫനീസിന്റേയും ചങ്ങാത്തത്തെ തകർത്തില്ല. 'മേഘങ്ങൾ' എന്ന നാടകം കണ്ട സോക്രട്ടീസ് അത് ആസ്വദിച്ചതായി പറയപ്പെടുന്നു.[9] സോഫിസ്റ്റുകളേയും സോക്രട്ടീസിനേയും വിമർശിച്ചിരുന്നെങ്കിലും അരിസ്റ്റോഫനീസ് അവരുടെ വൃത്തത്തിൽ പെട്ടവനായിരുന്നു. പ്ലേറ്റോയുടെ 'സിമ്പോസിയം' എന്ന കൃതിയിൽ, അരിസ്റ്റോഫനീസുമായി സൗഹൃദം പങ്കിടുന്ന സോക്രട്ടീസിനെ കാണാം.[10][11]
ഇന്ന് നഷ്ടമായിരിക്കുന്ന "ബാബിലോണിയക്കാർ", എന്ന രണ്ടാമത്തെ നാടകം ആഥൻസ് രാഷ്ട്രത്തെ തന്നെ അധിക്ഷേപിക്കുന്നതാണെന്ന് മൈതാനരാഷ്ട്രീയക്കാരനായ ക്ലിയോൺ കരുതി. ഈ തർക്കം കോടതിവ്യവഹാരങ്ങളിലേക്കു നയിച്ചിരിക്കാൻ സാധ്യതയുണ്ടെങ്കിലും അതിന്റെ വിശദാംശങ്ങൾ ലഭ്യമല്ല. ഏതായാലും പിന്നീടെഴുതിയ "പ്രഭുക്കന്മാർ" ഉൾപ്പെടെ മറ്റു പല നാടകങ്ങളിലും അരിസ്റ്റോഫനീസ് ക്ലിയോണെ നിർദ്ദയം പരിഹസിക്കുന്നതു തുടർന്നു. നാടകകൃത്ത് സ്വയം രംഗാവതരണം നടത്തിയ ആദ്യനാടകം "പ്രഭുക്കന്മാർ" ആയിരുന്നു. "കോമഡികൾ എഴുതി സ്വയം അവതരിപ്പിക്കുന്നവന്റെ ജോലിയാണ് സർവത്ര കഠിനം" എന്ന് അതിൽ സംഘഗായകർ പാടുന്നുണ്ട്."[12]
വ്യക്തിപരവും വിഭാഗീയവുമായ താത്പര്യങ്ങൾക്കു വേണ്ടി രാഷ്ട്രത്തെ യുദ്ധത്തിലേക്കു നയിക്കാൻ ജനങ്ങളുടെ ദേശപ്രേമത്തെ ചൂഷണം ചെയ്യുന്ന രാഷ്ട്രീയക്കാരെ തന്റെ നാടകങ്ങളിൽ പലതിലും അരിസ്റ്റോഫനീസ് തുറന്നുകാട്ടി. ആഥൻസും യവനലോകത്തിൽ അതിന്റെ വൈരിയായിരുന്ന സ്പാർട്ടയുമായി നടന്നിരുന്ന വിനാശകരമായ പെലൊപ്പോന്നീസിയൻ യുദ്ധമായിരുന്നു ഈ പരിഹാസത്തിന്റെ പശ്ചാത്തലം. ഉപരിവർഗ്ഗപക്ഷപാതിയും യാഥാസ്ഥിതികനും ആയിരുന്ന അരിസ്റ്റോഫനീസ് ജനാധിപത്യത്തെയും പരമ്പരാഗതമതവിശ്വാസത്തെ ദുർബ്ബലമാക്കിയ നവീനാശയങ്ങളേയും പരിഹസിച്ചു.[9]
ഗ്രീക്കു ശൈലിയുടെ ഉദാത്തമാതൃകയായി അരിസ്റ്റോഫനീസിന്റെ രചനകൾ പിന്നീട് കരുതപ്പെട്ടെങ്കിലും ഹാസ്യത്തിന്റെ സൃഷ്ടിക്ക് അദ്ദേഹം അശ്ലീലത്തേയും ശാരീരികപ്രക്രിയകളുടെ പരുക്കൻ ചിത്രീകരണത്തേയും വിസർജ്ജ്യബിംബങ്ങളേയും ആശ്രയിച്ചു. മൂക്കു പൊത്തിപ്പിടിക്കാൻ തയ്യാറെങ്കിൽ, വഷളൻ സന്തുഷ്ടിയോടെ (with profane delight) വായിക്കാവുന്ന നാടകകൃത്ത് എന്ന് വിൽ ഡുറാന്റ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു.[9]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.