From Wikipedia, the free encyclopedia
അമ്മന്നൂർ മാധവചാക്യാർ (മേയ് 13, 1917 - ജൂലൈ 1, 2008) കേരളത്തിലെ അറിയപ്പെടുന്ന കൂടിയാട്ടകലാകാരനായിരുന്നു. കൂടിയാട്ടത്തിന്റെ കുലപതി, കുലഗുരു എന്നീ വിശേഷണങ്ങളിൽ ഇദ്ദേഹം അറിയപ്പെട്ടു.
അമ്മന്നൂർ മാധവചാക്യാർ | |
അമ്മന്നൂർ മാധവചാക്യാർ | |
ജനനപ്പേര് | അമ്മന്നൂർ മാധവചാക്യാർ |
ജനനം | 1917 മേയ് 13 ഇരിഞ്ഞാലക്കുട, കേരളം |
മരണം | 2008 ജൂലൈ 1 ഇരിഞ്ഞാലക്കുട, കേരളം |
പൗരത്വം | ഭാരതീയൻ |
രംഗം | കൂടിയാട്ടം |
പരിശീലനം | അമ്മന്നൂർ ചാച്ചു ചാക്യാർ |
പുരസ്കാരങ്ങൾ | പത്മശ്രീ,പത്മഭൂഷൺ,കേന്ദ്ര സംഗീതനാടക അക്കാദമി അവാർഡ്,കാളിദാസസമ്മാൻ |
1917 മേയ് 13ന് ഇരിങ്ങാലക്കുടയിലെ അമ്മന്നൂർ ചാക്യാർമഠത്തിൽ വെള്ളാരപ്പിള്ളി മടശ്ശിമനയ്ക്കൽ പരമേശ്വരൻ നമ്പൂതിരിയുടെയും ശ്രീദേവി ഇല്ലോടമ്മയുടെയും മകനായാണ് മാധവചാക്യാർ ജനിച്ചത്. ചെറുപ്പത്തിൽത്തന്നെ കലാരംഗത്തേക്ക് കാലെടുത്തുവെച്ച ഇദ്ദേഹം പതിനൊന്നാംവയസ്സിൽ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണക്കടുത്തുള്ള തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ വെച്ച് അരങ്ങേറ്റം നടത്തി. അമ്മന്നൂർ ചാച്ചുചാക്യാരും അമ്മന്നൂർ വലിയമാധവചാക്യാരുമായിരുന്നു ഗുരുക്കന്മാർ. മൂന്നു വർഷത്തിനുശേഷം തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിലെ കൂത്തമ്പലത്തിൽ ആദ്യപരിപാടി അവതരിപ്പിച്ചു.
ഗുരുക്കന്മാരിൽനിന്ന് പരമ്പരാഗതമായ രീതിയിൽ പരിശീലനം ലഭിച്ചശേഷം കൊടുങ്ങല്ലൂർ രാജകുടുംബത്തിലെ കുഞ്ഞുണ്ണിത്തമ്പുരാൻ ഭാഗവതരിൽനിന്ന് അഭിനയത്തിലും നാട്യശാസ്ത്രത്തിലും ഉപരിപഠനം നടത്തുകയുണ്ടായി. കൂടാതെ വിദുഷി കൊച്ചിക്കാവ് തമ്പുരാട്ടിയുടെയും വിദ്വാൻ മാന്തിട്ട നമ്പൂതിരിയുടെയും കീഴിൽ സംസ്കൃതാധ്യയനവും നടത്തി.
പിന്നീട് എട്ടുപതിറ്റാണ്ടാളം ആട്ടത്തിന്റെ അരങ്ങിൽ നിറഞ്ഞുനിന്ന മാധവചാക്യാർ മലയാളത്തിന്റെ അഭിമാനമായി മാറി. ഒട്ടേറെ ആട്ടപ്രകാരങ്ങളും ഇദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്. കൂടിയാട്ടത്തെ ലോകപ്രശസ്തമാക്കുന്നതിൽ വലിയൊരു പങ്കു വഹിച്ച ഇദ്ദേഹത്തിന്റെ പരിശ്രമങ്ങളുടെ കൂടി ഫലമായാണ് യുനെസ്കോ കൂടിയാട്ടത്തെ മാനവരാശിയുടെ അമൂല്യപൈതൃകസ്വത്ത് എന്ന നിലയിൽ അംഗീകരിച്ചത്.
പാറുക്കുട്ടി നങ്ങ്യാരമ്മയാണ് ഭാര്യ.
ബാലി - ബാലിവധം
രാവണൻ - തോരണായുധം, അശോകവനികാങ്കം, ഹനുമദ്ദത്തം, ജടായുവധം
ജടായു - ജടായുവധം
ശൂർപ്പണഖ - ശൂർപ്പണഖാങ്കം
ഹനുമാൻ - തോരണായുധം, അങ്കലീയാങ്കം
ധനഞ്ജയൻ - സുഭദ്രാധനഞ്ജയം
ഭീമൻ, വിദ്യാധരൻ - കല്യാണസൗഗന്ധികം
കപാലി - മാറ്റവിലാസം
വിദൂഷകൻ - സുഭദ്രാധനഞ്ജയം, തപതിസമാവരണം
1981ൽ രാജ്യം പത്മശ്രീ നൽകി അമ്മന്നൂരിനെ ആദരിച്ചു. 1996ൽ സംഗീത നാടക അക്കാദമി ഫെലോഷിപ്പ് നേടിയ അമ്മന്നൂരിന് 2001ൽ യുനെസ്കോയുടെ പ്രശസ്തിപത്രവും ലഭിച്ചു. 2002ൽ രാജ്യം പത്മഭൂഷണും നൽകുകയുണ്ടായി. ഇതേ വർഷം തന്നെയാണ് കണ്ണൂർ സർവ്വകലാശാല ഇദ്ദേഹത്തെ ഡോക്ടറേറ്റ് നൽകി ആദരിച്ചത്. ഇതുകൂടാതെ കാളിദാസപുരസ്കാരവും നേടിയിട്ടുണ്ട്.
വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്ന് ആറ് മാസത്തോളം കിടപ്പിലായിരുന്ന അമ്മന്നൂർ 2008 ജൂലൈ 1-ന് ഇരിങ്ങാലക്കുടയിലെ സ്വന്തം വീട്ടിൽവെച്ച് മരണമടഞ്ഞു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.