എല്ലാ ഭാഷകളിലും സ്വതന്ത്രവും സമ്പൂർണവുമായ വിജ്ഞാനകോശം നിർമ്മിക്കുവാനുള്ള ഒരു കൂട്ടായ സംരംഭമാണ് വിക്കിപീഡിയ (ഇംഗ്ലീഷ്: Wikipedia). ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന വിക്കിമീഡിയ ഫൗണ്ടേഷന്റെ പിന്തുണയോടെയാണ് ഈ പദ്ധതി പ്രവർത്തിക്കുന്നത്. വിക്കിപീഡിയയുടെ ഉള്ളടക്കം ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ലഭ്യമായതിനാൽ എപ്പോഴും സ്വതന്ത്രവും സൗജന്യവും ആയിരിക്കും. എങ്കിലും ചില പതിപ്പുകളിൽ സ്വതന്ത്രമല്ലാത്ത ഉള്ളടക്കവും നിലവിലുണ്ട്. വിക്കിപീഡിയ എന്ന പേര്, വിക്കി, എൻസൈക്ലോപീഡിയ എന്നീ പദങ്ങളുടെ ഒരു മിശ്രശബ്ദമാണ്.