വാഴപ്പള്ളി മഹാശിവക്ഷേത്രം
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി നഗരത്തിൽ വാഴപ്പള്ളിയിൽ സ്ഥിതിചെയ്യുന്ന അതിപുരാതനവും ചരിത്രപ്രസിദ്ധവുമായ ക്ഷേത്രമാണ് വാഴപ്പള്ളി മഹാശിവക്ഷേത്രം. മഹോദയപുരം ആസ്ഥാനമാക്കി ഭരിച്ചിരുന്ന ചേരവംശ കുലശേഖര പെരുമാൾക്കന്മാരുടെ കാലത്താണ് ഹിന്ദുക്ഷേത്രമാക്കി മാറ്റി ക്ഷേത്രനിർമ്മാണം നടത്തിയത് എന്നനുമാനിക്കുന്നു. അതിനുമുൻപ് ഇതൊരു ദ്രാവിഡക്ഷേത്രവും, പിന്നീട് ബുദ്ധക്ഷേത്രവും ആയിരുന്നു. എ.ഡി. 820-844 കളിലെ ചേര-കുലശേഖര ചക്രവർത്തി ചേരമാൻ പെരുമാൾ നായനാർ എന്ന രാജാധിരാജ രാമ രാജശേഖരന്റെ കാലത്തെ ചെപ്പേട് (ശാസനം) ഈ ക്ഷേത്രത്തെ കുറിച്ചാണ്. വാഴപ്പള്ളി ശാസനം എന്നറിയപ്പെടുന്ന ഈ ലിഖിതം, കേരളത്തിൽനിന്നും കിട്ടിയിരിക്കുന്നതിൽ വെച്ച് ഏറ്റവും പുരാതനലിഖിത രേഖയാണ്. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ക്ഷേത്രത്തിൽ നിത്യവും പരശുരാമപൂജ നാലമ്പലത്തിൽ അഗ്നികോണിൽ നടത്തുന്നുണ്ട്. കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പ്രാധാന്യമേറിയ വാഴപ്പള്ളി ക്ഷേത്രത്തിലെ മൂർത്തി തിരുവാഴപ്പള്ളിലപ്പൻ എന്നപേരിലാണ് അറിയപ്പെടുന്നത്. ക്ഷേത്രത്തിൽ പരമശിവനോടൊപ്പം ഗണപതിയ്ക്കും കൊടിമരത്തോടുകൂടിയ പ്രത്യേക ക്ഷേത്രമുണ്ട്. ശിവന്റെ ശ്രീകോവിലിന്റെ പുറകിൽ പാർവ്വതീദേവിയ്ക്കും പ്രഥമ സ്ഥാനമുണ്ട്. ക്ഷേത്രത്തിൽ ഉപദേവതകളായി ശ്രീലകത്ത് ഗണപതി, ദക്ഷിണാമൂർത്തി, ധർമ്മശാസ്താവ്, സുബ്രഹ്മണ്യൻ (അദൃശ്യസങ്കല്പം), പരശുരാമൻ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവരും കൂടാതെ മതിലിനു പുറത്ത് പ്രത്യേകം ക്ഷേത്രങ്ങളിൽ ശ്രീകൃഷ്ണനും, നന്ദികേശ്വരനും വാഴുന്നു. മീനമാസത്തിൽ തിരുവാതിരനാളിൽ ആറാട്ടോടുകൂടിയ പത്തുദിവസത്തെ ഉത്സവം, കുംഭമാസത്തിൽ ശിവരാത്രി, ചിങ്ങമാസത്തിൽ വിനായക ചതുർഥി, കന്നിമാസത്തിൽ നവരാത്രി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.