ഫ്ലാഗ്സ്റ്റാഫ്
ഫ്ലാഗ്സ്റ്റാഫ്, അമേരിക്കൻ ഐക്യനാടുകളുടെ തെക്കു പടിഞ്ഞാറൻ മേഖലയിൽ, വടക്കൻ അരിസോണയിലെ കൊക്കോനിനോ കൌണ്ടിയിലുൾപ്പെട്ട ഒരു നഗരമാണ്. 2015 ൽ കണക്കു കൂട്ടിയതുപ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 70,320 ആയിരുന്നു. ഫ്ലാഗ്സ്റ്റാഫ് കംബൈൻഡ് മെട്രോപോളിറ്റൻ പ്രദേശത്തെ മൊത്തം ജനസംഖ്യ 139,097 ആണ്. 1876 ജൂലൈ 4 ന് അമേരിക്കൻ ഐക്യനാടുകളിലെ നൂറാം വാർഷികാഘോഷവേളയിൽ “സെക്കൻറ് ബോസ്റ്റൺ പാർട്ടി” എന്നറിയപ്പെട്ട സ്‌കൗട്ട് സംഘം സ്ഥാപിച്ച ഒരു പൈൻ പതാകയുടെ പേരാണ് ഈ നഗരത്തിന് നൽകിയിരിക്കുന്നത്. അമേരിക്കൻ ഐക്യനാടുകളിലെ ബൃഹത്തായ പോണ്ടെറോസ പൈൻ മരക്കാടുകളുടെ പടിഞ്ഞാറൻ ഭാഗത്തിനു സമാന്തരമായി കൊളറാഡോ പീഠഭൂമിയുടെ തെക്കുപടിഞ്ഞാറൻ വരമ്പിനു സമീപത്താണ് ഫ്ലാഗ്സ്റ്റാഫ് നഗരം സ്ഥിതിചെയ്യുന്നത്. അരിസോണ സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ പർവതനിരയായ സാൻ ഫ്രാൻസിസ്കോ കൊടുമുടികളുടെ തൊട്ടു തെക്കുഭാഗത്തായി മൗണ്ട് എൽഡനു പാർശ്വസ്ഥമായാണ് ഫ്ലാഗ്സ്റ്റാഫ് സ്ഥിതി ചെയ്യുന്നത്. 12,633 അടി ഉയരമുള്ളതും അരിസോണയിലെ ഏറ്റവും ഉയർന്ന ഭാഗവുമായ ഹംഫ്രീസ് കൊടുമുടി ഫ്ലാഗ്സ്റ്റാഫിന് ഏകദേശം 10 മൈൽ വടക്കായി കച്ചിന പീക്ക്സ് വന്യതയിലാണ് നിലനിൽക്കുന്നത്. ഫ്ലാഗ്സ്റ്റാഫ് നഗരത്തിൻറെ ആദ്യകാല സമ്പദ് വ്യവസ്ഥ മര ഉരുപ്പടികൾ, റെയിൽറോഡ്, മേച്ചിൽപ്പുറ വ്യവസായങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയായിരുന്നു. ഇന്ന്, നെസിൽ പുരിന പെറ്റ്കെയർ പോലുള്ള കമ്പനികളുടെ ഒരു പ്രധാന വിതരണ കേന്ദ്രമായും ലോവെൽ ഒബ്സർവേറ്ററി, ദി യുഎസ് നേവൽ ഒബ്സെർവേറ്ററി, യു.എസ്. ജിയോളജിക്കൽ സർവേ ഫ്ലാഗ്സ്റ്റാഫ് സ്റ്റേഷൻ, വടക്കൻ അരിസോണ യൂണിവേഴ്സിറ്റി എന്നിവയുടെ കേന്ദ്രസ്ഥാനമായും നിലനിൽക്കുന്നു.