ചെറായി
എറണാകുളം ജില്ലയിലെ ഒരു ഗ്രാമംകേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു തീരദേശ പട്ടണമാണ് ചെറായി. എറണാകുളത്തുനിന്നും ഏകദേശം 26 കിലോമീറ്റർ അകലെയാണ് ചെറായി. ഗ്രേറ്റർ വൈപ്പിൻ ദ്വീപിന്റെ ഭാഗമാണ് ചെറായി. 1341-ലെ വലിയ പ്രളയത്തിൽ കടലിൽ നിന്ന് പൊങ്ങിവന്നതാണ് ഈ ദ്വീപ് എന്നു വിശ്വസിക്കപ്പെടുന്നു. ലോക വിനോദസഞ്ചാര ഭൂപടത്തിൽ ഇടം പിടിച്ച അതിമനോഹരമായ ചെറായി ബീച്ച് ഇവിടെയാണ്. ആധുനിക കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക ചരിത്രത്തിലെ രണ്ടു നായകന്മാരുടെ ജന്മദേശമാണ് ചെറായി. സഹോദരൻ അയ്യപ്പനും മത്തായി മഞ്ഞൂരാനും ഇവിടെയാണ് ജനിച്ചത്.1341ലെ പ്രളയത്തെ തുടർന്ന് രൂപം കൊണ്ട വൈപ്പിൻ ദ്വീപിലെ ചെറിയ പട്ടണമാണ് ചെറായി. 25 കിലോമീറ്റർ നീളത്തിൽ കിടക്കുന്ന വൈപ്പിൻകരയുടെ വടക്കേ അറ്റത്തുള്ള പള്ളിപ്പുറം പഞ്ചായത്തിലാണ് ചെറായി. ഇന്ത്യാ ചരിത്രവുമായി പള്ളിപ്പുറം ബന്ധപ്പെട്ടുകിടക്കുന്നു. പോർട്ടുഗീസുകാർ നിർമിച്ച കോട്ട ഇതിനുദാഹരണമായി പള്ളിപ്പുറത്ത് തലയുയർത്തിനിൽക്കുന്നു. ആയക്കോട്ട, അലിക്കോട്ട എന്നീ പേരുകളിലും ഈ കോട്ട അറിയപ്പെടുന്നു. ഇന്ത്യയിലെ നിലനിൽക്കുന്ന യൂറോപ്യൻ നിർമ്മിതികളിൽ ഏറ്റവും പഴയതാണ് ആയക്കോട്ട. നിരവധി വിദേശ ആക്രമണങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട് പള്ളിപ്പുറത്തിന്.