ഉത്തർപ്രദേശ്
ഇന്ത്യയിലെ ഒരു സംസ്ഥാനംഭാരതത്തിൽ, ജനസംഖ്യയനുസരിച്ച് ഒന്നാമത്തേയും വിസ്തീർണമനുസരിച്ച് അഞ്ചാമത്തേയും സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ് (ഹിന്ദി: उत्तर प्रदेश, ഉർദു: اتر پردیش). ഉത്തർപ്രദേശിനെ ഒരു രാജ്യമായി കണക്കാക്കിയാൽ ജനസംഖ്യ കൊണ്ട് ലോകത്തിലെ അഞ്ചാമത്തെ വലിയ രാഷ്ട്രമായി കണക്കാക്കാമെന്ന് വിശേഷിപ്പിക്കാറുണ്ട്. ലഖ്‌നൗ ആണ് തലസ്ഥാനം; കാൺപൂർ, ഏറ്റവും വലിയ നഗരമാണ്. പുരാണങ്ങളിലും പുരാതന ഭാരതീയചരിത്രത്തിലും പരാമർശിക്കപ്പെട്ടിട്ടുള്ള അനവധി സ്ഥലങ്ങൾ ഈ സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നു. ഇന്ത്യൻ നെപ്പോളിയൻ എന്ന് അറിയപ്പെടുന്ന സമുദ്രഗുപ്തന്റെ സ്തൂപം സ്ഥിതിചെയ്യുന്ന അലഹബാദ്, ഹർഷവർദ്ധന്റെ ആസ്ഥാനമായിരുന്ന കാനൂജ് തുടങ്ങിയവ ഇവയിൽ ചിലതാണ്. കൂടാതെ പിൽക്കാല ഇന്ത്യയുടെ ചരിത്രത്തിലെ പലഘട്ടങ്ങളും ഉത്തർപ്രദേശ് എന്ന സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. സിക്കന്ദർ ലോധി പണികഴിപ്പിക്കുകയും, 16-17 നൂറ്റാണ്ടുകളിൽ മുഗൾ സാമ്രാജ്യത്തിന്റെ ആസ്ഥാനമായിത്തീരുകയും ചെയ്ത ആഗ്ര ഈ സംസ്ഥാനത്തിലാണ്. പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ താജ് മഹൽ, തീർത്ഥാടനകേന്ദ്രമായ കാശി, ഒന്നാം സ്വാതന്ത്ര്യസമരം തുടങ്ങിയ മീററ്റ് എന്നീ പ്രദേശങ്ങളും ഉത്തർപ്രദേശിൽ സ്ഥിതിചെയ്യുന്നു. സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ പ്രധാനമന്ത്രിപദത്തിലെത്തിയ ജവഹർലാൽ നെഹ്രു, ലാൽ ബഹാദൂർ ശാസ്ത്രി, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, ചരൺ സിംഗ്, വി.പി. സിംഗ്, ചന്ദ്രശേഖർ, അടൽ ബിഹാരി വാജ് പേയ്, നരേന്ദ്ര മോഡി തുടങ്ങിയ നേതാക്കൾ ഈ സംസ്ഥാനത്തെ ലോക്‌സഭാ മണ്ഡലങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരാണ്.