From Wikipedia, the free encyclopedia
വെസ്റ്റ് ഇൻഡീസ് അഥവാ വിൻഡീസ് എന്നറീയപ്പെടുന്നത് കരീബിയൻ ദ്വീപസമൂഹങ്ങളിൽപ്പെടുന്ന 13 സ്വതന്ത്ര ദ്വീപ് രാജ്യങ്ങളും 18 ആശ്രിത പ്രദേശങ്ങളും മറ്റു പ്രദേശങ്ങളുമാണ്.[1] വടക്കൻ അറ്റ്ലാന്റിക് സമുദ്രം കരീബിയൻ കടൽ എന്നിവയാൽ വലയം ചെയ്യപ്പെട്ടു കിടക്കുന്ന ഇത് വടക്കേ അമേരിക്കയുടെ ഒരു ഉപപ്രദേശമാണ്. മൂന്ന് പ്രധാന ദ്വീപസമൂഹങ്ങളായ ഗ്രേറ്റർ ആന്റിലെസ്, ലെസ്സർ ആന്റിലെസ്, ലൂക്കായൻ ദ്വീപസമൂഹം എന്നിവയിലായി ഇത് വ്യാപിച്ചു കിടക്കുന്നു.
ഉപപ്രദേശത്ത് ആന്റിലെസിലെ എല്ലാ ദ്വീപുകളും കൂടാതെ വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലെ ബഹാമസും ടർക്സ് ആന്റ് കൈക്കോസ് ദ്വീപുകളും ഉൾപ്പെടുന്നു. ഇക്കാലത്ത് വെസ്റ്റ് ഇൻഡീസ് എന്ന പദം പലപ്പോഴും കരീബിയൻ എന്ന പദവുമായി പരസ്പരം മാറ്റാവുന്നതാണ്. എന്നിരുന്നാലും രണ്ടാമത്തേതിൽ കരീബിയൻ തീരപ്രദേശങ്ങളുള്ള ചില വടക്കൻ, തെക്കൻ അമേരിക്കൻ പ്രധാന ഭൂപ്രദേശത്തെ രാജ്യങ്ങളും ഉൾപ്പെടാം.
ഇവിടെയുള്ള പല സംസ്കാരങ്ങളും ഈ ദ്വീപുകളിൽ തദ്ദേശീയമായിരുന്നു. അവയിൽ ചിലത് BCE ആറാം മില്ലേനിയത്തിന്റെ മധ്യത്തിലേതാണ്. 1492-ൽ ക്രിസ്റ്റഫർ കൊളംബസ് ദ്വീപുകളിലെത്തിയ ആദ്യത്തെ യൂറോപ്യനായി. ബഹമാസിലെ കരയിൽ ആദ്യമായി കാലുകുത്തിയത് അദ്ദേഹമാണെന്ന് ചരിത്രകാരന്മാർ വിശ്വസിക്കുന്നു. ക്രിസ്റ്റഫർ കൊളംബസിന്റെ അമേരിക്കയിലേക്കുള്ള ആദ്യ യാത്രയ്ക്ക് ശേഷം, യൂറോപ്യന്മാർ ഈ പ്രദേശത്തെ ദക്ഷിണേഷ്യ, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ നിന്ന് വേർതിരിച്ചറിയാൻ വെസ്റ്റ് ഇൻഡീസ് എന്ന പദം ഉപയോഗിക്കാൻ തുടങ്ങുകയും ചെയ്തു.
പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, ഫ്രഞ്ച്, ഇംഗ്ലീഷ്, ഡച്ച് വ്യാപാരികളും സ്വകാര്യ വ്യാപാരികളും കരീബിയൻ കടലിൽ അവരുടെ പ്രവർത്തനം ആരംഭിക്കുകയും സ്പാനിഷ്, പോർച്ചുഗീസ് കപ്പലുകൾ, തീരപ്രദേശങ്ങൾ തുടങ്ങിയവ ആക്രമിക്കുകയു ചെയ്തു. ലെസ്സർ ആന്റിലെസ് ദ്വീപുകൾ, ഒറിനോക്കോ നദീമുഖം ഉൾപ്പെടെ തെക്കേ അമേരിക്കയുടെ വടക്കൻ തീരം, മധ്യ അമേരിക്കയിലെ അറ്റ്ലാന്റിക് തീരം എന്നിവ ഉൾപ്പെടെ സ്പാനിഷുകാർക്ക് കീഴടക്കാൻ കഴിയാത്ത പ്രദേശങ്ങളിൽ അവർ പലപ്പോഴും അഭയം തേടുകയും കപ്പലുകളുടെ അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്തു. 1624-ൽ സെന്റ് കിറ്റ്സിന്റെയും 1626-ൽ ബാർബഡോസിന്റെയും കോളനിവത്കരണത്തെത്തുടർന്ന് ലെസ്സർ ആന്റിലീസിൽ അവർക്ക് കാലുറപ്പിക്കാൻ കഴിയുകയും പതിനേഴാം നൂറ്റാണ്ടിന്റെ മധ്യത്തിൽ പഞ്ചസാര വിപ്ലവം ആരംഭിച്ചപ്പോൾ, അവർ ആയിരക്കണക്കിന് ആഫ്രിക്കക്കാരെ വയലുകളിലും മില്ലുകളിലും അടിമപ്പണിക്കാരായി കൊണ്ടുവന്നു. ഈ ആഫ്രിക്കക്കാർ ഇവിടെ ഒരു ജനസംഖ്യാപരമായ വിപ്ലവം നടത്തുകയും തദ്ദേശീയരായ കരീബിയക്കാർ അല്ലെങ്കിൽ അവിടെയുണ്ടായിരുന്ന യൂറോപ്യൻ കുടിയേറ്റക്കാർ എന്നിവർക്ക് പകരമായോ അല്ലെങ്കിൽ അവരോടൊപ്പം ചേരുകയോ ചെയ്തു.
Seamless Wikipedia browsing. On steroids.