തഹ്‌രീർ ചത്വരം
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
ഈജിപ്തിലെ നൈൽ നദി തീരത്തുള്ള കൈറോ എന്ന തലസ്ഥാന നഗരിയിലെ പൊതു സംഗമ പ്രദേശമാണ് തഹ്‌രീർ ചത്വരം (Tahrir Square) അഥവാ വിമോചന ചത്വരം ( Midan Tahrir) (Arabic: ميدان التحرير, IPA: trans. Liberation Square). മൈതാൻ ഇസ്മായിലിയ്യ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇവിടം രൂപകൽപന ചെയ്തത് പത്തൊൻപതാം നൂറ്റാണ്ടിലെ ഈജിപ്ഷ്യൻ ഭരണാധികാരി ഘെടിവ് ഇസ്മഈൽ ആയിരുന്നു. 1952-ലെ വിപ്ലവത്തിലൂടെ, ഏകാധിപത്യത്തിൽനിന്നും റീപബ്ലിക് ആയി മാറിയപ്പോൾ മുതൽ ഇവിടം മൈതാൻ തഹ്‌രീർ (വിമോചന ചത്വരം) ആയി അറിയപ്പെടുന്നു. വൃത്താകൃതി ആയ ഈചത്വരത്തിന്റെ മദ്ധ്യത്തിൽ ഷെയ്ഖ് ഒമാർ മക്രാം പ്രതിമ 2003-ൽ സ്ഥാപിച്ചു [1].
നൈൽ നദിക്കു കുറുകെ ഉള്ള ക്വസർ അൽ -നിൽ പാലത്തിനു സമീപം, ചരിത്ര പ്രാധാന്യം ഉള്ള ക്വസർ അൽ-അയിൻ തെരുവിന് പടിഞ്ഞാറെ അറ്റത്താണ് ഈ പ്രദേശം.ഇതിനു ചുറ്റുമാണ് കൈറോ മെട്രോ റയിലിന്റെ സദാത് സ്റ്റേഷൻ, ഈജിപ്റ്റിന്റെ ദേശീയ മ്യുസിയം, മോഗാമ്മ ഭരണ സൗധം, ഭരണ കക്ഷി ആയ ദേശീയ ജനാധിപത്യ പാർട്ടിയുടെ ആഫീസ് , അമേരിക്കൻ സർവകലാശാല , ഗവണ്മെന്റ് ടെലിവിഷൻ കേന്ദ്രം, നൈൽ ഹോട്ടൽ തുടങ്ങിയവ. കൈറോ നഗരത്തിന്റെ കവാടമാണ് ഇവിടം.
പരമ്പരാഗതമായി, ജനങ്ങളുടെ പ്രതിഷേധ പ്രകടനങ്ങൾക്കുള്ള വേദിയാണ് തഹ്‌രീർ ചത്വരം. 1997-ലെ റൊട്ടി വിപ്ലവം, 2003-ലെ അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിനെതിരെയുള്ള പ്രതിഷേധം എന്നിവ പ്രധാനപ്പെട്ടവയാണ്.
1981 മുതൽ അധികാരത്തിലിരുന്ന പ്രസിഡണ്ട് ഹുസ്നി മുബാറക്കിനെതിരെ നടന്ന ജനകീയ പ്രക്ഷോഭങ്ങളുടെ പ്രധാന വേദിയായിരുന്നു തഹ്‌രീർ ചത്വരം[2]. പ്രക്ഷോഭത്തിന്റെ തുടക്കത്തിൽത്തന്നെ ഇവിടെ ഉള്ള ദേശീയ ജനാധിപത്യ പാർട്ടിയുടെ ആഫീസ് പ്രക്ഷോഭകർ കത്തിച്ചു. ഒൻപതാം ദിനമായ 2011 ഫെബ്രുവരി 2 നു, ലക്ഷക്കണക്കിന് പ്രക്ഷോഭകർ ഇവിടേയ്ക്ക് പ്രവാഹിച്ചു. കാലാവധി പൂർത്തിയാക്കി, സെപ്റ്റംബറിൽ രാജിവെക്കാമെന്നു മുബാറക് വാക്ക് നൽകിയെങ്കിലും,ഫെബ്രുവരി 4 നു ഉച്ചക്ക് മുമ്പായി രാജി വച്ചൊഴിയണമെന്നു ആവശ്യപ്പെട്ടു, പ്രക്ഷോഭം തുടരുന്ന സർക്കാർ വിരുദ്ധരെ നേരിടാൻ മുബാറക് അനുകൂലികൾ രംഗത്തിറങ്ങിയതോടെ ഉണ്ടായ ഏറ്റുമുട്ടലിൽ 500 പേർക്ക് പരുക്കേറ്റു. മുബാറകിന്റെ അനുകൂലികൾ ആദ്യമായാണ് രംഗത്ത് വന്നത്. മുബാറക് രാജി വെക്കെരുതെന്നാണ് അവരുടെ ആവശ്യം. പ്രക്ഷോഭകർക്കിടയിലേക്ക് കുതിരപ്പുറത്തും, ഒട്ടകപ്പുറത്തും എത്തിയ അവർ പ്രക്ഷോഭകരുമായി ഏറ്റുമുട്ടി. യു എസ് പ്രസിഡണ്ട് ബരാക് ഒബാമയുമായി അരമണികൂർ സംസാരിച്ച ശേഷമാണ് മുബാറക് പ്രസ്താവന നടത്തിയത്. മുബാറകിന്റെ പ്രഖ്യാപനം തട്ടിപ്പാണെന്ന് എതിരാളിയായ നോബൽ പുരസ്ക്കാര ജേതാവ് മുഹമ്മദ് അൽ-ബറാദി കുറ്റപ്പെടുത്തി.
പ്രക്ഷോഭത്തിൻറെ പതിനെട്ടാം ദിവസമായ, 2011 ഫെബ്രുവരി 11 നു രോഷാകുലരായ ജനം, അന്തിമ പോരാട്ടത്തിനായി, "ഇനി ഭരണ സിരാ കേന്ദ്രത്തിലേക്ക് " എന്നാ മുദ്ര വാക്യവുമായി കൈറോയിലെ ആബിദീൻ കൊട്ടാരം വളഞ്ഞതോടെ പലായനം ചെയ്ത മുബാറക്ക് രാജി വച്ചൊഴിഞ്ഞു . വൈസ് പ്രസിഡണ്ട് ഒമർ സുലൈമാൻ ആണ് മുബാറക്കിന്റെ രാജി പ്രഖ്യാപിച്ചത്. സന്ധ്യാപ്രകാശത്തിൽ "ദൈവം വലിയവനാണ്" എന്ന വചനം തഹ്രീർ ചത്വരം ആകെ മാറ്റൊലിക്കൊണ്ടു. ജനങ്ങളുടെ ആഹ്ലാദ പ്രകടനത്തിൻറെ വേദികൂടി ആയി അവിടം. അധികാരം ഉന്നത സൈനിക സമതിക്കാണ് കൈമാറിയത്.
ആരോഗ്യ മന്ത്രാലയം 2011 ഫെബ്രുവരി 17 നു പുറത്തുവിട്ട കണക്കനുസ്സരിച്ച്, മുബാറക് വിരുദ്ധ പ്രക്ഷോഭത്തിൽ ആകെ 365 പേർ മരണമടയുകയും 5000 ത്തോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. [3]
ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതൻ ഡോ. യൂസുഫുൽ ഖറദാവി 30 വർഷങ്ങൾക്ക് ശേഷം ആദ്യമായി തഹ്രീർ സ്ക്വയറിൽ ഹുസ്നി മുബാറകിൻറെ പതനത്തിന് ശേഷം തിരിച്ചെത്തി. മിതവാദിയായ ഇദ്ദേഹം, മുസ്ലിം ലോകത്തിൽ ഏറ്റവും സ്വാധീനമുള്ള പന്ധിതനാണ് . 2011 ഫെബ്രുവരി 18 വെള്ളിയാഴ്ച ജുമുഅ പ്രഭാഷണം നിർവഹിക്കാനും ഈജിപ്ത് വിമോചന സമര വിജയത്തിൻറെ പ്രഖ്യാപനത്തിനും വിപ്ലവാഭിവാദ്യമർപ്പിക്കാനുമായിരുന്നു ഖറദാവി കൈറോയിലെത്തിയത്. ഒരു സ്വതന്ത്ര ജനാധിപത്യ ഈജിപ്റ്റ് സൃഷ്ടിക്കുവാൻ എല്ലാവരും ഒത്തൊരുമിച്ചു ശ്രമിക്കണം എന്നാണു അദ്ദേഹത്തിന്റെ ആഹ്വാനം. ദേശീയ ഐക്യത്തിന്റെ പ്രതീകമായി, ഫെബ്രുവരി 6 ഞായറാഴ്ച ക്രിസ്തുമത വിശ്വാസികൾ നടത്തിയ പ്രാർഥനാ യോഗത്തെ സംരക്ഷിക്കാൻ മറ്റൊരുകൂട്ടം പ്രക്ഷോഭകർ വലയം തീർത്തത് ശ്രദ്ധിക്കപ്പെട്ടു. ഒറ്റകൈ (one hand ) എന്ന മന്ത്രവും ജപിച്ചു, ഒരു കൈയിൽ ഖുറാനും ഏന്തി പരസ്പരം കുരിശുപോലെ കൈകൾ ഉയർത്തിക്കാട്ടി പ്രക്ഷോഭകർ പ്രകടനവും നടത്തി. അടുത്ത 10 ദിവസത്തിനകം ഭരണ ഘടന ഭേതഗതികൾ രൂപപ്പെടുത്താനായി , സ്വതന്ത്ര ന്യായാധിപനായ താരേക്ക്-അല്-ബിഷ്രി അദ്ധ്യക്ഷനായ കമ്മീഷനെ അധികാരപ്പെടുത്തി.[4]
വീണ്ടും, അനേകായിരങ്ങൾ ഫെബ്രുവരി 25 വെള്ളിയാഴ്ച ചത്വരത്തിൽ പ്രകടനം നടത്തി. അടിയന്തരമായ ഭരണ പരിഷ്ക്കാരങ്ങൾക്കും, മുബരാക്കിന്റെ ശേഷിക്കുന്ന അനുയായികളെ ഭരണതിൽനിന്നും പുറത്താക്കണമെന്നുമാണ് പ്രക്ഷോഭകർ ആവശ്യപ്പെടുന്നത്. മുബരാക്കിന്റെ നിയമങ്ങൾ പിൻവലിക്കുന്നില്ല, രാഷ്ട്രീയ തടവുകാരെ വിട്ടയക്കുന്നില്ല, ഭരണത്തിന് വേഗത ഇല്ല എന്നിവയാണ് പ്രക്ഷോഭകരെ വിഷമിപ്പിക്കുന്നത് .ഷഫീക്കും അധികാരം ഒഴിയണമെന്നാണ് ബ്രദർ ഹൂഡ് നേതാവായ സഫവക്ക് ഹെയ്നസ്സി ആവശ്യപ്പെടുന്നത്. മുബരാക്കിന്റെ ദേശീയ ജനാധിപത്യ പാർട്ടിയെ പിരിച്ചുവിടണമെന്ന്, ചത്വരത്തിലെ പ്രാർത്ഥനയിൽ, ഷെയ്ഖ് മഹമെദ് ജബ്രീൽ ആവശ്യപ്പെട്ടു. തങ്ങളുടെ ആവശ്യങ്ങൾ നേടുന്നതുവരെ, എല്ലാ വെള്ളിയാഴ്ചയും പ്രകടനം നടത്തുമെന്നും പ്രക്ഷോഭകർ പ്രഖ്യാപിച്ചിരിക്കുകയാണ്. [5]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.