ബുദ്ധമതത്തിലും ജൈനമതത്തിലും യഥാർത്ഥജ്ഞാനലബ്ധിക്കായി മനുഷ്യൻ വീടുവിട്ടിറങ്ങണം എന്നു നിഷ്കർഷിക്കുന്നുണ്ട്. ഇങ്ങനെ വീടുവിട്ടിറങ്ങുന്നവർ പൊതുവേ കൂട്ടങ്ങളായാണ്‌ കഴിഞ്ഞിരുന്നത്. ഇത്തരം കൂട്ടങ്ങളെ സംഘങ്ങൾ എന്നറിയപ്പെട്ടു[1]‌.

സംഘം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ സംഘം (വിവക്ഷകൾ) എന്ന താൾ കാണുക. സംഘം (വിവക്ഷകൾ)

ബുദ്ധസംഘങ്ങൾ

ബുദ്ധസംഘങ്ങൾക്കായി നിർമ്മിക്കപ്പെട്ട നിയമങ്ങൾ വിനയ പിതക എന്ന ഗ്രന്ഥത്തിൽ പരാമർശിക്കുന്നുണ്ട്. ഇതനുസരിച്ച് എല്ലാ പുരുഷന്മാർക്കും സംഘത്തിൽ ചേരാമായിരുന്നു എന്നാൽ

  • കുട്ടികൾ അവരുടെ രക്ഷിതാക്കളിൽ നിന്നും
  • അടിമകൾ അവരുടെ യജമാനനിൽ നിന്നും
  • രാജഭൃത്യന്മാർ രാജാവിൽ നിന്നും
  • കടക്കാർ അവർക്ക് കടം നൽകിയവരിൽ നിന്നും
  • സ്ത്രീകൾ അവരുടെ ഭർത്താവിൽ നിന്നും

സംഘത്തിൽ ചേരുന്നതിനു മുൻപ് അനുവാദം വാങ്ങിയിരിക്കണം.

സംഘങ്ങളിൽ അംഗമാകുന്ന സ്ത്രീപുരുഷന്മാർ ലളിതജീവിതം നയിച്ചിരുന്നു. മിക്കസമയവും ഇവർ ധ്യാനനിരതരായിരുന്നു. നിശ്ചിതസമയങ്ങളിൽ ഇവർ പട്ടണങ്ങളിലും ഗ്രാമങ്ങളിലും പോയി ഭക്ഷണം യാചിച്ചു. ഇതിനാൽ ഇവർ പ്രാകൃതഭാഷയിൽ യാചകൻ എന്നർത്ഥമുള്ള ഭിക്ഷു എന്നും ഭിക്ഷുണി എന്നും പേരുകളിൽ അറിയപ്പെട്ടു. ഇവർ ജനങ്ങളെ ബുദ്ധമാർഗ്ഗം ഉപദേശിക്കുകയും സംഘത്തിനുള്ളിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിന്‌ യോഗങ്ങൾ ചേരുകയും ചെയ്തു[1].

ബ്രാഹ്മണർ, ക്ഷത്രീയർ, വ്യാപാരികൾ, തൊഴിലാളികൾ, വെപ്പാട്ടികൾ, അടിമകൾ എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറകളിലുമുള്ളവർ സംഘങ്ങളിൽ അംഗമായിരുന്നു. ഇവരിൽ പലരും ബുദ്ധന്റെ ആശയങ്ങൾ രചനകളാക്കി. ചിലർ സംഘത്തിലെ ജീവിതത്തെക്കുറിച്ച് മനോഹരകാവ്യങ്ങളും എഴുതി[1].

വിഹാരങ്ങൾ

ആദ്യകാലങ്ങളിൽ ബുദ്ധജൈനഭിക്ഷുക്കൾ വർഷം മുഴുവനും‍ വിവിധയിടങ്ങളിൽ അലഞ്ഞുതിരിഞ്ഞ് ജനങ്ങളെ ഉദ്ബോധിപ്പിച്ചുകൊണ്ടിരുന്നു. യാത്രചെയ്യാൻ ബുദ്ധിമുട്ടുള്ള മഴക്കാലത്തു മാത്രമേ ഇവർ ഒരിടത്ത് തങ്ങിയിരുന്നുള്ളൂ. ഇക്കാലത്ത് തദ്ദേശീയരായ അനുഗാമികൾ പണിതു നൽകുന്ന താൽക്കാലികകൂരകളിലോ പ്രകൃതിദത്തമായ ഗുഹകളിലോ ആണ്‌ ഇവർ വസിച്ചിരുന്നത്. കാലക്രമേണ സന്യാസിമാർക്കും അവരുടെ അനുചരന്മാർക്കും ഒരിടത്ത് സ്ഥിരതാമസമാക്കേണ്ടതായി തോന്നുകയും അങ്ങനെ സന്യാസിമാർക്ക് സ്ഥിരമായ വാസസ്ഥലങ്ങൾ പണിയുകയും ചെയ്തു. ഇവ വിഹാരങ്ങൾ എന്നറിയപ്പെട്ടു.

ആദ്യകാലങ്ങളിൽ മരം കൊണ്ടായിരുന്നു വിഹാരങ്ങൾ നിർമ്മിക്കപ്പെട്ടിരുന്നത്. പിൽക്കാലത്ത് ഇഷ്ടിക ഉപയോഗിച്ചിരുന്നു. ചില വിഹാരങ്ങൾ പ്രത്യേകിച്ച് പശ്ചിമഭാരതത്തിൽ മലകളിൽ ഗുഹകൾ നിർമ്മിച്ചും വിഹാരങ്ങൾ പണിതിരുന്നു[1].

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.