From Wikipedia, the free encyclopedia
1979 ജൂലൈ 16 മുതൽ 2003 ഏപ്രിൽ 9 വരെയുള്ള കാലഘട്ടത്തിൽ[1][2] ഇറാഖിന്റെ പ്രസിഡണ്ടായിരുന്ന വ്യക്തിയാണ് സദ്ദാം ഹുസൈൻ അബ്ദ് അൽ-മജീദ് അൽ-തിക്രിതി (അറബി: صدام حسين عبد المجيد التكريتي )[3] (ജനനം: ഏപ്രിൽ 28 ,1937[4], മരണം - ഡിസംബർ 30, 2006[5] ). അറബ് വിപ്ലവ സോഷ്യലിസ്റ്റ് ബാത്ത് പാർട്ടിയുടെ ഒരു പ്രമുഖാംഗമായിരുന്ന അദ്ദേഹം, പിന്നീട് ബാഗ്ദാദ് ആസ്ഥാനമായുള്ള ബാത്ത് പാർട്ടിയുടേയും അതിന്റെ പ്രാദേശിക സംഘടനയും അറബ് ദേശീയതയുടെയും അറബ് സോഷ്യലിസത്തിന്റെയും സമന്വയമായ ബാത്തിസത്തെ പിന്തുണച്ചിരുന്ന ഇറാഖി ബാത്ത് പാർട്ടിയിലേയും അംഗമായിരുന്നുകൊണ്ട് ഇറാഖിൽ പാർട്ടിയെ അധികാരത്തിലെത്തിച്ച 1968 ലെ അട്ടിമറിയിൽ (പിന്നീട് ജൂലൈ 17 വിപ്ലവം എന്ന് വിളിക്കപ്പെട്ടു) ഒരു സുപ്രധാന പങ്ക് വഹിച്ചു.
സദ്ദാം ഹുസൈൻ അബ്ദ് അൽ-മജിദ് അൽ-തിക്രിത്തി صدام حسين عبد المجيد التكريتي | |
---|---|
5th ഇറാഖിന്റെ പ്രസിഡന്റ് | |
ഓഫീസിൽ ജൂലൈ 16, 1979 – ഏപ്രിൽ 9, 2003 | |
പ്രധാനമന്ത്രി | Himself (twice) Sa'dun Hammadi Mohammed Amza Zubeidi Ahmad Husayn Khudayir as-Samarrai |
മുൻഗാമി | Ahmed Hassan al-Bakr |
പിൻഗാമി | Deposed; Coalition Provisional Authority |
57th & 61st Prime Minister of Iraq 11th & 15th Prime Minister of the Republic of Iraq | |
ഓഫീസിൽ July 16, 1979 – March 23, 1991 May 29, 1994 – April 9, 2003 | |
രാഷ്ട്രപതി | Himself |
മുൻഗാമി | Ahmed Hassan al-Bakr Ahmad Husayn Khudayir as-Samarrai |
പിൻഗാമി | Sa'dun Hammadi Deposed; Ayad Allawi |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Al-Awja, Iraq | സെപ്റ്റംബർ 10, 1937
മരണം | ഡിസംബർ 30, 2006 69) Kadhimiya, Baghdad, Iraq | (പ്രായം
രാഷ്ട്രീയ കക്ഷി | Baath Party |
പങ്കാളി | Sajida Talfah |
കുട്ടികൾ | Uday, Qusay, 3 others |
രോഗാതുരനായ ജനറൽ അഹമ്മദ് ഹസ്സൻ അൽ ബക്കറിനു കീഴിൽ ഉപരാഷ്ട്രപതിയെന്ന നിലയിലും സർക്കാരിനെ അട്ടിമറിക്കാൻ പല ഗ്രൂപ്പുകൾ തക്കം പാർത്തിരുന്ന സമയത്തും സദ്ദാം ശക്തമായ ഒരു സുരക്ഷാ സേനയെ സൃഷ്ടിച്ചുകൊണ്ട് സർക്കാരും സായുധ സേനയും തമ്മിലുള്ള സംഘർഷങ്ങൾ കർശനമായി നിയന്ത്രിക്കുന്നതിൽ വിജയിച്ചു. 1970 കളുടെ തുടക്കത്തിൽ സദ്ദാം ഇറാഖ് പെട്രോളിയം കമ്പനിയെയും സ്വതന്ത്ര ബാങ്കുകളെയും ദേശസാൽക്കരിച്ചതൊടെ, പണപ്പെരുപ്പവും മോശം വായ്പകളും കാരണം രാജ്യത്തെ ബാങ്കിംഗ് സംവിധാനം പാപ്പരായിത്തീർന്നു.[6] ഇറാഖിന്റെ സമ്പദ്വ്യവസ്ഥ അതിവേഗം വളരാൻ എണ്ണപ്പണം സഹായിച്ചതിനാൽ 1970 കളിൽ സദ്ദാം സർക്കാർ സംവിധാനങ്ങളിൽ തന്റെ അധികാരം ഉറപ്പിച്ചു. രാജ്യത്ത് അധികാര സ്ഥാനങ്ങളിൽ കൂടുതലും കൈവശപ്പെടുത്തിയിരുന്നത് ജനസംഖ്യയുടെ വെറും അഞ്ചിലൊന്ന് മാത്രമുള്ളതും ന്യൂനപക്ഷവുമായ സുന്നി അറബികളായിരുന്നു.[7]
നിരവധി വർഷങ്ങളായി ഇറാഖിന്റെ യഥാർത്ഥ ഭരണാധികാരിയെന്നപോലെ പ്രവർത്തിച്ചിരുന്ന സദ്ദാം 1979 ലാണ് പ്രസിഡന്റായി അധികാരമേറ്റത്. സർക്കാരിനെ അട്ടിമറിക്കാനോ സ്വാതന്ത്ര്യം നേടാനോ ശ്രമിച്ചിരുന്ന നിരവധി പ്രസ്ഥാനങ്ങളെ,[8] പ്രത്യേകിച്ച് ഷിയ, കുർദിഷ് പ്രസ്ഥാനങ്ങളെ അദ്ദേഹം അടിച്ചമർത്തുകയും ഇറാൻ-ഇറാഖ് യുദ്ധത്തിലും ഗൾഫ് യുദ്ധത്തിലും തന്റെ മേൽക്കോയ്മ നിലനിർത്തുകയും ചെയ്തു. അടിച്ചമർത്തൽ നയത്തിലൂന്നിയ സ്വേച്ഛാധിപത്യമായിരുന്നു സദ്ദാം ഹുസൈന്റെ ഭരണകാലം.[9] വിവിധ നിർമ്മാർജ്ജനങ്ങളിലും വംശഹത്യകളിലും സദ്ദാം സർക്കാരിന്റെ സുരക്ഷാ സേവന വിഭാഗങ്ങൾ കൊലപ്പെടുത്തിയ മൊത്തം ഇറാഖികളുടെ എണ്ണം 250,000 ആണെന്ന് കണക്കാക്കപ്പെടുന്നു.[10] സദ്ദാമിന്റെ ഇറാനിലെയും കുവൈത്തിലെയും ആക്രമണങ്ങളും ലക്ഷക്കണക്കിന് മരണങ്ങൾക്ക് കാരണമായതായി പറയപ്പെടുന്നു.
2003 ൽ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസൈന്യം സദ്ദാമിനെ പുറത്താക്കുകയെന്ന ലക്ഷ്യത്തോടെ ഇറാഖിനെ ആക്രമിച്ചു. യുഎസ് പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു. ബുഷും ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറും ഇറാഖ് വൻ നാശനഷ്ടങ്ങൾ വിതയ്ക്കുന്ന ആയുധങ്ങൾ കൈവശം വച്ചിട്ടുണ്ടെന്നും അൽ-ക്വൊയ്ദയുമായി ബന്ധമുണ്ടെന്നും തെറ്റായി ആരോപിച്ചു.[11] സദ്ദാമിന്റെ ബാത്ത് പാർട്ടി പിരിച്ചുവിടപ്പെടുകയും രാജ്യത്തെ ആദ്യത്തെ ജനാധിപത്യപരമായ തിരഞ്ഞെടുപ്പ് നടക്കുകയും ചെയ്തു. 2003 ഡിസംബർ 13 ന് പിടിക്കപ്പെട്ട ശേഷം സദ്ദാം ഹുസൈന്റെ വിചാരണ ഇറാഖിലെ ഇടക്കാല സർക്കാരിനു കീഴിൽ നടന്നു. 1982 നവംബർ 14 ന് 148 ഇറാഖി ഷിയകളെ കൊന്നതുമായി ബന്ധപ്പെട്ട് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ ആരോപിക്കപ്പെട്ട സദ്ദാമിനെ ഒരു ഇറാഖി കോടതി തൂക്കിക്കൊല്ലുന്നതിന് വിധിച്ചു. 2006 ഡിസംബർ 30 ന് അദ്ദേഹം വധിക്കപ്പെട്ടു.[12]
വടക്കൻ ഇറാഖിൽ ടൈഗ്രീസ് നദിക്കരയിലുള്ള തിക്രിത്ത് പട്ടണത്തിൽ നിന്നും എട്ടു കിലോമീറ്റർ അകലെയുള്ള അൽ-അവ്ജ ഗ്രാമത്തിൽ സുബഹ് തുൽഫയുടെയും ഹുസൈൻ അൽ മജീദിന്റെയും മകനായി 1937 ഏപ്രിൽ 28-ന് സദ്ദാം ജനിച്ചു. സദ്ദാമിന്റെ ചെറുപ്പത്തിലെ പിതാവ് മരിച്ചിരുന്നു.പിന്നീട് അമ്മാവനായ ഖൈരള്ള തുൽഫയുടെ സംരക്ഷണയിലാണ് സദ്ദാം വളർന്നത്. ഇറാഖ് സൈന്യത്തിൽ ഉദ്യോഗസ്ഥനായിരുന്നു ഖൈരള്ള. രാജകുടുംബത്തെയും അവരെ പിന്തുണക്കുന്ന ബ്രിട്ടനെയും എതിർത്തതിന്റെ പേരിൽ അദ്ദേഹം ജയിലിലായി. അതോടെ സദ്ദാമിന്റെ ജീവിതം കഷ്ടത്തിലായി. അമ്മയുടെ അടുത്ത് മടങ്ങിയെത്തിയ സദ്ദാമിനെ രണ്ടാനഛൻ തരം കിട്ടിയപ്പോഴൊക്കെ കഠിനമായി ദ്രോഹിച്ചു. അവരുടെ ദ്രോഹം ആ കൊച്ചു ബാലനു സഹിക്കാവുന്നതിനപ്പുറമായിരുന്നു. അങ്ങനെ അവൻ ആദ്യമായി ആയുധമെടുത്തു. കയ്യിൽ കിട്ടിയതൊക്കെയെടുത്ത് അവൻ അവരെ ആക്രമിക്കാൻ തുടങ്ങി.
അഞ്ചു വർഷത്തിനു ശേഷം ഖൈരള്ള ജയിൽമോചിതനായി. സദ്ദാം വീണ്ടും അദ്ദേഹത്തിന്റെ സംരക്ഷണയിലായി. അദ്ദേഹം സദ്ദാമിനെ തിക്രിത്തിലെ സ്കൂളിൽ ചേർത്തു. സ്കൂളിലെ ഏറ്റവും പ്രായം ചെന്ന കുട്ടിയായിരുന്നു സദ്ദാം.
ഒരു വർഷത്തെ സ്കൂൾ പഠനത്തിനു ശേഷം സദ്ദാം അമ്മാവനൊപ്പം ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിലേക്കു പോയി;പഠനം തുടർന്നു. ഒപ്പം രാക്ഷ്ട്രീയത്തിലുമിറങ്ങി. ആറടി രണ്ടിഞ്ച് ഉയരം.ആരും അടുക്കാൻ മടിക്കുന്ന പ്രക്രതം.ഇതെല്ലാമായപ്പോൾ രാക്ഷ്ട്രീയത്തിൽ സദ്ദാമിനു നല്ലൊരു ഭാവി തുറന്നു കിട്ടി. അങ്ങനെ 1957-ൽ സദ്ദാം ബാത്ത് പാർട്ടിയിൽ അംഗമായി. ജൂലൈ 14-ന് അബ്ദുൾ കരീം ഖാസിമിന്റെ നേത്രത്വത്തിൽ ഒരു സംഘം സൈനികർ ഫൈസൽ രാജാവിനെയും രാജകുടുംബങ്ങളെയും വെടിയുണ്ടക്കിരയാക്കി. തുടർന്ന് ഖാസിമിന്റെ നേതൃത്വത്തിൽ ഇറാഖിൽ പുതിയ സർക്കാർ അധികാരത്തിലെത്തി. കമ്യൂണിസ്റ്റ് പാർട്ടിയുടെയും ബാത്ത് പാർട്ടിയുടെയും പിന്തുണ ഖാസിമിനുണ്ടായിരുന്നു.എന്നാൽ അറബ് ഐക്യത്തിനു വേണ്ടി പ്രവർത്തിക്കാൻ വിസമ്മതിച്ചതോടെ പാർട്ടിയുടെ നോട്ടപ്പുള്ളിയായി. 1959-ൽ ഖാസിമിനെ വധിക്കാൻ നടത്തിയ ശ്രമത്തിൽ സദ്ദാമും പങ്കാളിയായി. പക്ഷെ വധശ്രമം പാളി.സദ്ദാമിനു വേടിയേറ്റതിനെത്തുടർന്ന് സിറിയയിലേക്കും പിന്നീട് ഈജിപ്തിലെ കെയ്റോയിലേക്കും കടന്നു.
2003-ലെ അമേരിക്കയുടെ സൈനിക അധിനിവേശം അദ്ദേഹത്തെ ഭരണത്തിൽ നിന്നും നിഷ്കാസിതനാക്കി. ബാത്ത് പാർട്ടിയുടെ തലവൻ ആയിരുന്ന അദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിൽ മതേതര അറബ് വാദം, സാമ്പത്തിക പരിഷ്കാരങ്ങൾ, അറബ് സോഷ്യലിസം, എന്നിവ ഇറാഖ് സ്വീകരിച്ചു. ഇറാഖിനെ നവീകരിക്കുന്നതിനും അറബ് ഉപഭൂഖണ്ഡത്തിൽ ഇറാഖിനു സ്ഥിരത നൽകുന്നതിനും സദ്ദാമിന്റെ ഭരണം സഹായിച്ചു. ബാത്ത് പാർട്ടിയെ അധികാരത്തിൽ കൊണ്ടുവന്ന 1968-ലെ സൈനിക അട്ടിമറിയുടെ ഒരു പ്രധാന സംഘാടകൻ സദ്ദാം ആയിരുന്നു. ഈ സൈനിക അട്ടിമറി ആണ് ബാത്ത് പാർട്ടിയെ ദീർഘകാല ഭരണത്തിലേക്ക് കൊണ്ടുവന്നത്.
തന്റെ മാതുലനും അബലനായിരുന്ന പ്രസിഡന്റ് അഹ്മദ് ഹസ്സൻ അൽ-ബക്കർ ന്റെ കീഴിൽ ഉപരാഷ്ട്രപതി ആയിരുന്ന സദ്ദാം സർക്കാരും സൈന്യവുമായുള്ള ഭിന്നതകൾ ശക്തമായി നിയന്ത്രിച്ചു. ശക്തവും ക്രൂരവുമായ സുരക്ഷാസേനയെ നിർമ്മിച്ച സദ്ദാം തന്റെ അധികാരം സർക്കാരിനു മുകളിൽ ഉറപ്പിച്ചു.
രാഷ്ട്രപതിയായപ്പോൾ സദ്ദാം ഒരു ശക്തമായ സർക്കാർ രൂപവത്കരിച്ചു. രാജ്യത്ത് ശക്തിയും സ്ഥിരതയും സദ്ദാം ഉറപ്പിച്ചു.ഇറാഖിനെ സാമ്പത്തിക പുരോഗതിയിലേക്ക് നയിച്ചു. അദ്ദേഹത്തിന്റെ ഭരണ കാലത്താണ് ഇറാൻ - ഇറാഖ് യുദ്ധം (1980-1988), ഗൾഫ് യുദ്ധം (1991) എന്നിവ നടന്നത്. തന്റെ ഭരണത്തെ അസ്ഥിരപ്പെടുത്തുന്ന മുന്നേറ്റങ്ങളെ അദ്ദേഹം അടിച്ചമർത്തി. വടക്കു കിഴക്കൻ മേഖലയിൽ കുർദ്ദ വംശജർക്കെതിരെ അൻഫാൽ ഓപ്പറേഷൻ എന്ന പേരിൽ 6.5 ലക്ഷം പേരെയാണ് സദ്ദാം കൊലപ്പെടുത്തിയത്. രാസായുധങ്ങൾ പ്രയോഗിക്കപ്പെട്ടു. ഖുറാനിലെ ഒരു അധ്യായത്തിൻ്റെ പേരാണ് അൻഫാൽ. പ്രത്യേകിച്ചും വർഗ്ഗീയമായ വിഭജനങ്ങളുടെ പേരിൽ സ്വയംഭരണാവകാശം ആവശ്യപ്പെട്ട വംശീയ-മതപരമായ മുന്നേറ്റങ്ങളെ അദ്ദേഹം ശക്തമായി അടിച്ചമർത്തി. സുന്നി ഇറാഖികളുടെ ഇടയിലും അറബ് വംശജരുടെ ഇടയിലും അദ്ദേഹം ഒരു ജനകീയ നായകനായി തുടർന്നു. ഇസ്രായേലിനും അമേരിക്കയ്ക്കും എതിരെ നിലകൊണ്ട ഭരണാധികാരി എന്നതായിരുന്നു ഈ ജനപ്രിയതയ്ക്കു കാരണം. അമേരിക്കൻ പ്രസിഡൻ്റ് ബുഷ് സദ്ദാമിനോട് അധികാരമൊഴിയാൻ ഉപദേശിച്ചു. സദ്ദാം ഇത് നിരസിച്ചു.അമേരിക്ക ഇറാഖിലേക്ക് സൈനിക നീക്കം ആരംഭിച്ചു. മാസങ്ങളോളം യുദ്ധം തുടർന്നു.ഇറാഖ് സൈന്യത്തെ കീഴടക്കി സദ്ദാം ഭരണം അവസാനിപ്പിച്ചു. ഒളിച്ചിരുന്ന സദ്ദാം 2003 ഡിസംബർ 13-നു പിടികൂടപ്പെട്ടു. നവംബർ 5, 2006-ൽ അദ്ദേഹത്തെ മനുഷ്യത്വത്തിനെതിരായി ഉള്ള കുറ്റങ്ങളുടെ പേരിൽ അദ്ദേഹം തൂക്കിക്കൊലയ്ക്കു വിധിക്കപ്പെട്ടു. സദ്ദാമിന്റെ അപ്പീൽ പരമോന്നത കോടതി 2006 ഡിസംബർ 26-നു തള്ളി. ഡോക്ടർമാർ, വക്കീലന്മാർ, ഭരണാധികാരികൾ എന്നിവരുടെ മുന്നിൽ വെച്ച് സദ്ദാം 2006 പെരുന്നാൾ ദിവസം ഡിസംബർ 30 രാവിലെ 6 മണിക്ക് തൂക്കിക്കൊല്ലപ്പെട്ടു. അമേരിക്കയുടെ നിയന്ത്രണത്തിൽ തെരെഞ്ഞടുപ്പ് നടത്തി ജനാധിപത്യം പുനസ്ഥാപിച്ചു.കുർദ്ദ് വംശജനായ ജലാൽ തലബാനിയെ പ്രസിഡൻ്റാക്കി.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.