പൂജ ബത്ര
ഇന്ത്യൻ ചലചിത്ര അഭിനേത്രി From Wikipedia, the free encyclopedia
ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു അഭിനേത്രിയാണ് പൂജ ബത്ര. (ഹിന്ദി: पूज बत्रा, ഉർദു: پُوج بترا) , (ജനനം: ഒക്ടോബർ 27 1976).
ആദ്യകാല ജീവിതം
പൂജയുടെ പിതാവ് രവി ബത്ര ഒരു സൈനിക ഉദ്യോഗസ്ഥനാണ്. 1971-ലെ മിസ് ഇന്ത്യയായിരുന്ന നീലം ബത്രയാണ് മാതാവ്. പൂനെയിലെ ഫെർഗൂസൻ കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും സിംബിയോസിസ് കോളേജിൽ നിന്ന് എം.ബി.എ ബിരുദവും നേടിയിട്ടുണ്ട്.[1]
ആദ്യം പൂജ ഇന്ത്യൻ വായുസേനയിൽ ചേർന്നതാണ്. പിന്നീട് മോഡലിംഗിൽ അവസരം ലഭിച്ചതു കൊണ്ട് അതിലേക്ക് തിരിയുകയായിരുന്നു. ലിറിൽ സോപ്പിന്റെ പരസ്യത്തിൽ ശ്രദ്ധേയയായി. 1993-ൽ മിസ്സ് ഇന്ത്യ പട്ടം നേടി. ഇതിനു ശേഷം ഇന്ത്യയിലെ ഒരു മികച്ച മോഡലായി തീർന്നു പൂജ.
അഭിനയ ജീവിതം
ഇരുപതിലധികം ചിത്രങ്ങളിൽ പൂജ അഭിനയിച്ചിട്ടുണ്ട്. ആദ്യ ചിത്രം 1997-ൽ പുറത്തിറങ്ങിയ വിരാസത് ആണ്. അനിൽ കപൂർ, തബു എന്നിവർക്കൊപ്പം സഹനടിയുടെ റോളിലെത്തിയ പൂജയുടെ അഭിനയം ശ്രദ്ധ നേടുകയുണ്ടായി. പിന്നീട് നായികാ വേഷങ്ങളും പൂജയെ തേടിയെത്തി. ഇതിൽ സുനിൽ ഷെട്ടിയോടൊപ്പം അഭിനയിച്ച ഭായ് , സഞ്ജയ് ദത്തിനൊപ്പം അഭിനയിച്ച ഹസീന മാൻ ജായേഗി തുടങ്ങിയവ വിജയ ചിത്രങ്ങളായിരുന്നു. ആറടി 2 ഇഞ്ച് ഉയരമുള്ള ഈ നടി മിക്ക ബോളിവുഡ് നടന്മാരെക്കാളും ഉയരമുള്ള നടിയാണ്.
ബോളിവുഡ് ചിത്രങ്ങൾക്ക് പുറമേ മലയാളം, തമിഴ്, തെലുഗു എന്നീ ഭാഷകളിലെ ചിത്രങ്ങളിലും പൂജ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ മോഹൻലാലിനൊപ്പം ചന്ദ്രലേഖ എന്ന ചിത്രത്തിലും മമ്മൂട്ടിക്കൊപ്പം മേഘം എന്ന ചിത്രത്തിലും ജയറാമിനൊപ്പം ദൈവത്തിന്റെ മകൻ എന്നീ ചിത്രത്തിലും പൂജ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
സ്വകാര്യ ജീവിതം
2003 ഫെബ്രുവരി 9-ന് ഒരു ഡോക്ടർ ആയ സോനു അലുവാലിയയെ വിവാഹം ചെയ്ത പൂജ ഭർത്താവിനൊപ്പം അമേരിക്കയിലെ ലോസ് ആഞ്ചെലെസിൽ താമസമാക്കിയിരുന്നു. എന്നാൽ പൊരുത്തപ്പെടാനാവാത്ത അസ്വാരസ്യങ്ങൾ എന്ന കാരണം കാണിച്ചു കൊണ്ട് 2011 ജനുവരിയിൽ പൂജ വിവാഹമോചനത്തിനുള്ള നിയമനടപടികൾ ആരംഭിച്ചു.[2]
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.