കടുവകളുടെ സംരക്ഷണത്തിനായി ഇന്ത്യയിലുള്ള 27 പ്രദേശങ്ങളിലൊന്നാണ്‌ പെരിയാർ കടുവ സംരക്ഷിത പ്രദേശം(Periyar Tiger Reserve).925 ച.കി.മീ വിസ്തൃതിയുള്ള ഈ പ്രദേശം. നിരവധി തദ്ദേശീയങ്ങളായ സസ്യങ്ങളേയും ജീവികളേയും ഉൾക്കൊള്ളുന്നു.ഡിസംബർ-ജനുവരി മാസങ്ങളിൽ 15° സെൽഷ്യസും ഏപ്രിൽ-മെയ്‌ മാസങ്ങളിൽ 31° സെൽഷ്യസും വരെ ആണിവിടുത്തെ താപനില. പ്രതിവർഷം 3000 മില്ലിമീറ്റർ മഴവരെയും ലഭിക്കാറുണ്ട്‌. ആന സംരക്ഷണ പദ്ധതി(Project Elephant) പ്രദേശമായും ഈ സ്ഥലത്തെ നിർവചിച്ചിരിക്കുന്നു.

Thumb
പെരിയാർ കടുവ സംരക്ഷിത പ്രദേശം

ചരിത്രം

Thumb
പെരിയാർ കടുവ സങ്കേതത്തിന്റെ ചിഹ്നം

തിരുവിതാംകൂർ ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്ത് 1886-ൽ മദ്രാസ് ഗവണ്മെന്റുമായി ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തിൽ പെരിയാറിനു കുറുകെ നിർമ്മിച്ച അണക്കെട്ടാണ് മുല്ലപ്പെരിയാർ അണക്കെട്ട്‌. കേരളത്തിലെ ആദ്യ വന്യജീവിസങ്കേതം തുടങ്ങുന്നതിന് ഹേതുവായത് ഈ അണക്കെട്ടിന്റെ നിർമ്മാ‍ണമാ‍ണ്. ധാരാളം മരങ്ങൾ നിറഞ്ഞ പ്രദേശത്താണ് അണക്കെട്ട് നിർമ്മിച്ചത്. മരങ്ങൾ മുറിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദ കോലാഹലം നിമിത്തം മൃഗങ്ങൾ അവിടം വിട്ടു പോകുമെന്നതിനാൽ മരങ്ങൾ അവിടെത്തന്നെ നിലനിർത്തി. സംഭരണി നിറഞ്ഞപ്പോൾ മൃഗങ്ങൾ അതിനു ചുറ്റും കേന്ദ്രീകരിക്കുകയും ചെയ്തു.1899ൽ പെരിയാർ തടാകതീരത്തെ വനപ്രദേശങ്ങൾ ഉൾപ്പെടുത്തി പെരിയാർ ലേക് റിസർവ്വ് രൂപവത്കരിച്ചു. 1931 ൽ ഭരണമേറ്റ ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ് വന്യജീവി സംരക്ഷണത്തിന് പ്രത്യേക താല്പര്യമെടുത്തു. അദ്ദേഹം 1933-ൽ എസ്.സി.എച്.റോബിൻസൺ എന്നയാളെ വനപാലകനായി നിയമിച്ചു. ഇദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം 1934-ൽ പെരിയാർ ലേക് റിസർവ്വിന്റെ ഒരു ഭാഗം നെല്ലിക്കാം‌പട്ടി എന്നപേരിൽ വന്യജീവിസങ്കേതമായി പ്രഖ്യാപിച്ചു. കേരളത്തിലെ ആദ്യ വന്യജീവി സങ്കേതവും ഇതാണ്.1950 ൽ ഇത് പെരിയാർ വന്യജീവി സങ്കേതമായി.1978ൽ പെരിയാർ കടുവ സംരക്ഷിത പ്രദേശമായി.

1885-ൽ മുല്ലപ്പെരിയാർ അണക്കെട്ട്‌ നിർമ്മിച്ചതോടു കൂടിയാണ്‌ ഈ പ്രദേശത്തിന്റെ ആധുനിക ചരിത്രം ആരംഭിച്ചത്‌. 1899-ൽ തന്നെ ഈ പ്രദേശം തടാക സമീപ സംരക്ഷിതപ്രദേശമായി പ്രഖ്യാപിച്ചിരുന്നു. 1933-ൽ എസ്‌.സി. എച്ച്‌. റോബിൻസൺ എന്ന വെള്ളക്കാരന്റെ തീരുമാനപ്രകാരം ഈ പ്രദേശത്തെ വിനോദസ്ഥലമായി(Game Sanctuary) പ്രഖ്യാപിക്കുകയും തുടർന്ന് ഒരു കൊല്ലത്തിനകം നെല്ലിക്കാംപട്ടി വിനോദ കേന്ദ്രമായിത്തീരുകയും ചെയ്തു. 1950-ൽ പെരിയാർ വന്യജീവി കേന്ദ്രം എന്ന പുതിയ രൂപാന്തരം പ്രാപിച്ചു. 1978 -ൽ പെരിയാർ കടുവാ സംരക്ഷിതപ്രദേശം എന്ന നിലയിലേക്കുള്ള അറിയിപ്പുണ്ടാകുകയും നാലു കൊല്ലത്തിനു ശേഷം ദേശീയോദ്യാനം എന്നനിലയിൽ കാതലായ പ്രദേശങ്ങളുടെ അറിയിപ്പുണ്ടാകുകയും ചെയ്തു. 1991-ൽ ആന സംരക്ഷിത പ്രദേശം എന്ന പരിധിക്കുള്ളിൽ പെടുത്തുകയും അഞ്ചു കൊല്ലത്തിനു ശേഷം പരിസ്ഥിതി പോഷണ പ്രദേശം എന്ന പരിധിക്കുള്ളിൽ പെടുത്തുകയും ചെയ്തു. 2001-ൽ കിഴക്കൻ പെരിയാർ, പടിഞ്ഞാറൻ പെരിയാർ എന്നിങ്ങനെ രണ്ടു ഭാഗങ്ങളായി തിരിച്ചു.

ഭൂമിശാസ്ത്രം

കേരളത്തിലെ ഇടുക്കി, പത്തനംതിട്ട ജില്ലകളിലായിട്ടാണ്‌ പെരിയാർ കടുവ സംരക്ഷിത പ്രദേശം സ്ഥിതിചെയ്യുന്നത്‌. പമ്പാനദി, പെരിയാർ എന്നീ നദികളാണ്‌ പ്രദേശത്തുള്ളത്‌.

430 ച.കി.മീ വരുന്ന കാതൽ പ്രദേശവും(Core zone), പെരിയാർ തടാകത്തിനു ചുറ്റുവട്ടത്തിലുള്ള 148 ച.കി.മീ വരുന്ന വിനോദ പ്രദേശവും(Tourism Zone), 347 ച.കി.മീ വരുന്ന സഹായവന പ്രദേശങ്ങളും(Buffer Zone) ഉൾപ്പെടുന്നു.

കാതൽ പ്രദേശം തികച്ചും സംരക്ഷിതമാണ്‌ മനുഷ്യസാമീപ്യം ഇല്ലാത്ത ഇവിടം കന്യാവനങ്ങളായി കരുതപ്പെടുന്നു. സഹായവനപ്രദേശങ്ങളിലാണ്‌ ശബരിമലയുൾപ്പെടുന്നത്‌. വിനോദ പ്രദേശങ്ങളും സഹായവനങ്ങളായാണ്‌ കണക്കാക്കുന്നത്‌.

ജൈവജാലങ്ങൾ

Thumb
കടുവാസങ്കേതത്തിലെ കാട്ടാനക്കൂട്ടം

ഏഴുതരം വനങ്ങളെങ്കിലും ഇവിടെ ഉണ്ടെന്നു കരുതുന്നു.

  1. പടിഞ്ഞാറൻ തീര ഉഷ്ണമേഖലാ നിത്യഹരിത വനങ്ങൾ
  2. പടിഞ്ഞാറൻ തീര അർദ്ധ നിത്യഹരിത വനങ്ങൾ
  3. തെക്കൻ ആർദ്ര ഇലകൊഴിയും വനങ്ങൾ
  4. തെക്കൻ ഉന്നത ഉഷ്ണമേഖലാ നിത്യഹരിത വനങ്ങൾ
  5. തെക്കൻ ഈർപ്പ സമ്മിശ്ര ഉഷ്ണിത പുഷ്പിത വനങ്ങൾ
  6. തെക്കേ ഇന്ത്യൻ അർദ്ധ-ഉഷ്ണമേഖലാ കുന്നിൻ പുൽമേടുകൾ
  7. തെക്കൻ ഈർപ്പ സമ്മിശ്ര പുഷ്പിക്കും പുൽമേടുകൾ

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സാമീപ്യം മൂലമുണ്ടാകുന്ന കടുത്ത ജലസാന്നിദ്ധ്യം മൂലം ഇവിടുത്തെ വനങ്ങൾ ആർദ്ര ഇല പൊഴിയും വനങ്ങളായും പിന്നീട്‌ ആർദ്ര മരു വനങ്ങളായും മാറിക്കൊണ്ടിരിക്കുകയാണെന്നു കരുതുന്നു,

സസ്യങ്ങൾ

വിത്തിനു തോടുള്ള ഇനം സസ്യങ്ങൾ 1970 വംശങ്ങൾ ഇവിടെ ഉണ്ടെന്നു കരുതുന്നു. വിത്തിനു തോടില്ലാത്തയിനം മൂന്നിനം സസ്യങ്ങളും ഇവിടെ ഉണ്ട്‌. പരാഗിത സസ്യങ്ങൾ 173 വംശങ്ങളെ ഇവിടെ തിരിച്ചറിഞ്ഞിട്ടുണ്ട്‌.

പെരിയാർ കടുവ സംരക്ഷിതപ്രദേശത്തു മാത്രം കാണുന്ന മൂന്നിനം സസ്യങ്ങളേയും തിരിച്ചറിഞ്ഞിട്ടുണ്ട്‌. Mucuna pruriens thekkadiensis, abenaria periyarensis, Syzygium periyarensis എന്നിവയാണവ.

ഒട്ടനവധി ഔഷധസസ്യങ്ങളും ഇവിടെ ഉണ്ട്‌.

ജീവികൾ

Thumb
കടുവ
Thumb
സിംഹവാലൻ കുരങ്ങ്

62 വംശങ്ങൾ സസ്തനികൾ, 320 ഇനം പക്ഷികൾ, 45 ഇനം ഉരഗങ്ങൾ, 27 ഇനം ഉഭയജീവികൾ, 38 ഇനം മത്സ്യങ്ങൾ എന്നിവയെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്‌.

നട്ടെല്ലുള്ള ജീവികളുടെ ഉയർന്ന എണ്ണം ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്‌. നട്ടെല്ലില്ലാത്തവയായ ഒച്ചുകൾ മുതലായവയും ഇവിടെ ഉണ്ട്‌. 160 ഇനം ചിത്രശലഭങ്ങളേയും ഇവിടേ കണ്ടെത്തിയിരിക്കുന്നു.

കടുവ ആഹാരശൃംഖലയിൽ ഏറ്റവും ഉയർന്ന സ്ഥാനത്തു നിൽക്കുന്നതിനാൽ ചെറിയ ഇനം സസ്തനികൾ വരെ ഇവിടെ ഏറ്റവും സൂക്ഷ്മതയോടെ ആണ്‌ പരിപാലിക്കപ്പെടുന്നത്‌. ആന, മ്ലാവ്‌,കാട്ടുപോത്ത്, കേഴ, കൂരൻ, സിംഹവാലൻ കുരങ്ങ്‌, വംശനാശത്തിന്റെ വക്കിൽ നിൽക്കുന്ന വരയാട്‌ എന്നിവയെ എല്ലാം ഈ പ്രദേശത്ത്‌ കണ്ടുവരുന്നു.

Thumb
വരയാട്

നീലഗിരി തേവാങ്ക്‌, പാറാൻ മുതലായവയും ഈ പ്രദേശത്തു കാണുന്നു. ഡോ. സാലിം അലി കണ്ടെത്തിയ പഴംതീനി വവ്വാലിനേയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്‌.

കട്ടിയേറിയ വനങ്ങളായതിനാൽ കടുവകളെ നേരിട്ടു കണ്ടെണ്ണാൻ കഴിയുകയില്ലങ്കിലും, പാദമുദ്രകൾ, നഖം ഉരച്ച പാടുകൾ, വിസർജ്യങ്ങൾ എന്നിവയുടെ പഠനത്താൽ കടുവകളുടെ എണ്ണം 50 എങ്കിലും ഉണ്ടാകുമെന്നാണ്‌ കരുതുന്നത്‌.

സാംസ്കാരിക പ്രാധാന്യം

തെക്കേ ഇന്ത്യയിലെ ഒരു പ്രധാന ആരാധനാ കേന്ദ്രമായ ശബരിമല, പെരിയാർ കടുവാ സംരക്ഷിത പ്രദേശത്താണ്‌. രണ്ടായിരത്തിലധികം വർഷങ്ങൾ പഴക്കമുണ്ടെന്നു കരുതുന്ന മംഗളാദേവി ക്ഷേത്രവും ഈ പരിധിക്കുള്ളിൽ വരുന്നു. ഇരുക്ഷേത്രങ്ങളിലേക്കുമുള്ള കനത്ത തീർത്ഥാടന ബാഹുല്യം പദ്ധതി പ്രദേശത്ത്‌ പരിസ്ഥിതി നാശം സൃഷ്ടിക്കുന്നുണ്ട്‌.

മണ്ണാൻമാർ, പാലിയൻമാർ, ഉരളികൾ, മലയരയൻമാർ, മലമ്പണ്ടാരങ്ങൾ എന്നിവരാണ്‌ പെരിയാർ കടുവാ സംരക്ഷിത പ്രദേശത്തു താമസിക്കുന്ന ആദിവാസികൾ വനം തന്നെ ആണ്‌ ഇവരുടെ മുഖ്യ ജീവനോപാധി.

പരിസ്ഥിതി നേരിടുന്ന പ്രശ്നങ്ങൾ

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പുയർത്തിയാൽ ചതുരശ്രകിലോമീറ്ററുകളോളം വനങ്ങൾ ജലത്തിനടിയിലാകുമെന്നും തത്‌ഫലമായി കടുവകളുടെ അധീന പ്രദേശ പരിധി കുറയുകയും കടുവകളുടെ എണ്ണം കുറയുകയും ചെയ്യുമെന്ന് ആശങ്ക നിലനിൽക്കുന്നുണ്ട്. മറ്റു ജീവികളേയും ഇതു ദോഷകരമായി ബാധിച്ചേക്കും. വിനോദസഞ്ചാരത്തിനും തീർത്ഥാടനത്തിനും എത്തുന്നവർ ഉപേക്ഷിക്കുന്ന മാലിന്യങ്ങളും പ്ലാസ്റ്റിക്‌ വസ്തുക്കളും ഇവിടുത്തെ ലോലമായ പരിസ്ഥിതിക്കു ദോഷമാകുന്നതായും ഒരു സംഘം ഗവേഷകർ ചൂണ്ടിക്കാട്ടുന്നു‌. വനംകൊള്ളക്കാരും ഏറെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.

കൂടുതൽ വിവരങ്ങൾ

  1. http://periyartigerreserve.org/

ഇതും കൂടി

കേരള വനം വകുപ്പ്

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.