From Wikipedia, the free encyclopedia
പർതാപ് സിങ് കൈരോൺ പഞ്ചാബിന്റെ മൂന്നാമത്തെ മുഖ്യമന്ത്രിയായിരുന്നു. അതിലുപരി അദ്ദേഹം ഒരു സ്വാതന്ത്ര്യസമരസേനാനി കൂടി ആയിരുന്നു. അതേ തുടർന്ന് രണ്ട് തവണ ജയിൽവാസം അനുഷ്ടിച്ചിട്ടുണ്ട്. ബ്രിട്ടീഷ് നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ചതിന് ഒരിക്കൽ അഞ്ച് വർഷം ജയിൽശിക്ഷ അനുഭവിക്കേണ്ടി വന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്വാധീനവും കാഴ്ചപ്പാടുകളും പഞ്ചാബ് രാഷ്ട്രീയത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
1901 ൽ ഒരു സിഖ് കുടുംബത്തിലാണ് പർതാപ് സിങ് കൈരോൺ ജനിച്ചത്. അമൃതസർ ജില്ലയിലെ കൈരോൺ എന്ന ഗ്രാമത്തിന്റെ പേരാണ് പേരിന്റെ അവസാന ഭാഗമായി സ്വീകരിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ അച്ഛൻ നിഹാൽ സിങ് കൈരോൺ സംസ്ഥാനത്ത് സ്ത്രീ വിദ്യാഭ്യാസത്തിന് തുടക്കം കൊടുത്തവരിൽ പ്രധാനിയായിരുന്നു. ഡെറാഡണിലെ ബ്രൗൺ കേംബ്രിഡ്ജ് സ്കൂളിലും അമൃതസറിലെ ഖൽസാ കോളേജിലുമായി പ്രാധമിക വിദ്യാഭ്യാസം. പിന്നീട് അദ്ദേഹം അമേരിക്കയിലേക്ക് പോയി, അവിടെ ഫാക്ടറികളിലും കൃഷിയിടങ്ങളിലും ജോലി ചെയ്തു. യൂണിവേഴ്സിറ്റി ഓഫ് മിഷിഗനിൽ നിന്നും രാഷ്ട്രതന്ത്രത്തിലും യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിലും ബിരുദാനന്തരബിരുദമെടുത്തു. അമേരിക്കയിലെ കൃഷിരീതികൾ അദ്ദേഹത്തെ വളരെ സ്വാധീനിച്ചിരുന്നു. പിന്നീട് ഇന്ത്യയിലും ഈ രീതി കൊണ്ട് വരണമെന്ന് ആഗ്രഹിച്ചിരുന്നു.
അദ്ദേഹത്തിന് മൂന്ന് മക്കളാണ്. സുരീന്ദർ സിങ് കൈറോൻ, സർബ്രിന്ദർ കൈറോൻ ഗ്രവാൾ, ഗുരിന്ദർ സിങ് കൈറോൻ. ഇളയമകനായ ഗുരിന്ദർ അച്ഛനെ പോലെ കോൺഗ്രസ്സുകാരനായിരുന്നു. മൂത്ത മകനായ സുരിന്ദർ പിന്നീട് ശിരോമണി അകാലിദൾ ൽ പ്രവർത്തിച്ചു. പിന്നീട് സുരിന്ദറിന്റെ മകൻ അദേഷ് പർതാപ് സിങ് കൈരണും പ്രകാശ് സിങ് ബാദലിന്റെ മകൾ പ്രനീത് കൗറും വിവാഹിതരായി. അദേഷ് പർതാപ് സിങ് പഞ്ചാബിലെ ഒരു മന്ത്രി കൂടിയാണ്. കൂടാതെ പഞ്ചാബ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം മന്ത്രിയായി സേവനമനുഷ്ടിച്ച ഇദ്ദേഹം ഇപ്പോൾ അവിടെ ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രിയാണ്.
1929 ൽ കൈരൻ ഇന്ത്യയിലേക്ക് മടങ്ങി. 1932 ഏപ്രിൽ 13ന് അമ്രിതസറിൽ 'ന്യൂ എറ' എന്ന പേരിൽ ഇംഗ്ലീഷ് പ്രതിവാര പത്രം തുടങ്ങി. പിന്നീട് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതിനെ തുടർന്ൻ ന്യൂ എറ അടച്ചുപൂട്ടേണ്ടി വന്നു. 'ശിരോമണി അകാലിദൾ' ലെ ആദ്യ അംഗമായിരുന്നു പർതാപ് സിംഗ്, പിന്നീട് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അംഗമായി. 1932ൽ നിസ്സഹകരണ പ്രസ്ഥാനത്തിൽ പങ്കെടുത്തതിനെ തുടർന്ൻ 5 വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 1937ൽ കോണ്ഗ്രസ് പ്രധിനിധിയെ പരാജയപ്പെടുത്തി പഞ്ചാബ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1941 മുതൽ 1946 പഞ്ചാബ് പ്രൊവിൻഷ്യൽ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി ആയിരുന്നു. ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിൽ പങ്കെടുത്തതിനെ തുടർന്ൻ 1942 ൽ വീണ്ടും ജയിൽവാസം അനുഭവിക്കേണ്ടി വന്നു. പിന്നീട് 1946 ൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യക്ക് സ്വതന്ത്രം ലഭിച്ചതിനു ശേഷം, 1947–1949 കാലഘട്ടത്തിൽ പുനരധിവാസ-വികസന വകുപ്പ് മന്ത്രി. 1956 ജനുവരി 21 മുതൽ 1964 ജൂൺ 23 വരെ പഞ്ചാബ് മുഖ്യമന്ത്രിയും ആയിരുന്നു
പുനരധിവാസ വകുപ്പ് മന്ത്രി ആയിരുന്നപ്പോൾ ഇന്ത്യ-പാക് വിഭജന സമയത്ത് അഭയാർഥികളായ ആളുകളെ ഏകോപിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. കോടിക്കണക്കിനു ആളുകളെ ചുരുങ്ങിയ കാലം കൊണ്ട് വീടും ജോലിയും കൊടുത്ത് കിഴക്കൻ പഞ്ചാബിൽ പുനരധിവസിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.
പഞ്ചാബിലെ എക്കാലത്തെയും മികച്ച മുഖ്യമന്ത്രി ആയിരുന്നു പർതാപ് സിങ്. പഞ്ചാബിനെ വ്യാവസായിക രംഗത്ത് മുൻനിരയിലേക്ക് കൊണ്ട് വരാൻ സാധിച്ചു. പ്രൈമറി വിദ്യാഭ്യാസം നിർബന്ധവും സൌജന്യവും ആക്കിയത് കൈരോൺ ആണ്. എല്ലാ ജില്ലയിലും ഓരോ പൊളിടെക്നിക്, മൂന്ൻ എഞ്ചിനീയറിംഗ് കോളേജുകൾ എന്നിവ പുതുതായി ആരംഭിച്ചു. സംസ്ഥാനത്തിന്റെ ആന്തരിക ഘടന പരിശോദിച്ച് ജലസേചനം, വൈദ്യതിവിതരണം, ഗതാഗതം എന്നിവയുടെ അടിസ്ഥാന സൌകര്യങ്ങൾ വർധിപ്പിക്കാൻ സാധിച്ചു. പിന്നീട് അഴിമതി ആരോപണങ്ങൾ ഉണ്ടായിരുന്നു.[1]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.