ഗ്രീക്ക് ക്രിസ്തീയ ശ്ലൈഹിക പിതാവ് From Wikipedia, the free encyclopedia
ആദ്യകാല ക്രിസ്തീയസഭയിൽ അപ്പസ്തോലിക യുഗത്തിനു തൊട്ടു പിന്നാലെ വന്ന നേതാക്കന്മാരിൽ ഒരാളും ക്രിസ്തീയലേഖകനും ആയിരുന്നു പപ്പിയാസ് (Papias of Hierapolis) (ജനനം: ക്രി.വ.70-നടുത്ത്; മരണം ക്രി.വ. 155-നടുത്ത്). സഭാചരിത്രകാരനായ യൂസീബിയസിന്റെ സാക്ഷ്യം പിന്തുടർന്നാൽ, ആധുനിക തുർക്കിയിലെ പാമുക്കലെയുടെ സ്ഥാനത്തുണ്ടായിരുന്ന പുരാതന ഹൈരാപ്പൊലിസിലെ മെത്രാനായിരുന്നു പപ്പിയാസ്. ഏഷ്യമൈനറിൽ ഫ്രിജിയായിലെ ലൈക്കസ് നദീതടത്തിലുള്ള ഹൈരാപ്പൊലിസ്, ലവുദിക്യായിൽ നിന്ന് 22 മൈൽ അകലെയും കൊളോസോസിനടുത്തും ആയിരുന്നു.
വിശുദ്ധ പപ്പിയാസ് | |
---|---|
ഹൈരാപ്പൊലിസിലെ മെത്രാൻ, രക്തസാക്ഷി, ശ്ലൈഹിക (അപ്പസ്തോലിക) പിതാവ് | |
വ്യക്തി വിവരങ്ങൾ | |
ജനനം | ക്രി.വ.70-നു മുൻപ്, |
മരണം | ക്രി.വ.155-നടുത്ത് സ്മിർണാ |
വിശുദ്ധപദവി | |
തിരുനാൾ ദിനം | 22 ഫെബ്രുവരി |
വണങ്ങുന്നത് | കത്തോലിക്കാ സഭ, കിഴക്കൻ ഓർത്തഡോക്സ് സഭ, ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ, കിഴക്കിന്റെ സഭ |
വിശുദ്ധപദവി പ്രഖ്യാപനം | ആദിമകാലത്ത് |
'ലോഗിയാ' എന്നു വിളിക്കപ്പെട്ട വിശുദ്ധ വചനങ്ങൾക്ക് അഞ്ചു വാല്യങ്ങളായി പേപ്പിയസ് എഴുതിയ വ്യഖ്യാനം ലഭ്യമായിരുന്നെങ്കിൽ, യേശുവചനങ്ങളുടെ ആദിമവ്യാഖ്യാനത്തിന്റെ മൗലികസ്രോതസ്സാകുമായിരുന്നു. ഇന്ന്, സഭാപിതാവായ ഐറേനിയസിന്റേയും ആദിമസഭയുടെ ചരിത്രകാരനായ കേസറിയായിലെ യൂസീബിയസിന്റെ സഭാചരിത്രത്തിലേയും ഉദ്ധരണികളിലുള്ള ശകലങ്ങളിൽ മാത്രമാണ് പേപ്പിയസിന്റെ കൃതി അവശേഷിക്കുന്നത്. പേപ്പിയസിന്റെ രചനയ്ക്കു വിഷയമായ യേശുവചനങ്ങളിൽ ചിലതൊക്കെ മത്തായിയുടേയും ലൂക്കായുടേയും സുവിശേഷങ്ങളുടെ ഭാഗമാണ്.
എഴുത്തുകാരനെന്ന നിലയിൽ പേപ്പിയസ് പിന്തുടർന്ന വിവരസമാഹരണ രീതി, അദ്ദേഹത്തിന്റെ കൃതിയുടെ ആമുഖത്തിൽ നിന്നു യൂസീബിയസിന്റെ സഭാചരിത്രത്തിൽ ഉദ്ധരിച്ചു ചേർത്തിട്ടുള്ള ഈ ശകലത്തിൽ നിന്നു മനസ്സിലാക്കാം:
മൂപ്പന്മാരിൽ നിന്ന് വാമോഴിയായി കിട്ടിയ അലിഖിതമായ യേശുവചനങ്ങളുടെ ഒരു 'ലോഗിയാ' പാരമ്പര്യമാണ് താൻ രേഖപ്പെടുത്തിയതെന്നാണ് മേലുദ്ധരിച്ച ശകലത്തിൽ പേപ്പിയസ് പറയുന്നത്. ഈ പാരമ്പര്യത്തിന്റെ നിലവിലുള്ളതിൽ ഏറ്റവും പഴയ സാക്ഷിയെന്ന് പണ്ഡിതനായ ഹെൽമുറ്റ് കോസ്റ്റർ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു.[2]
പുതിയനിയമത്തിലെ ആദ്യത്തെ രണ്ടു സുവിശേഷങ്ങളുടെ ഉത്പത്തിയെക്കുറിച്ച് പേപ്പിയസ് ഈ വിധം രേഖപ്പെടുത്തിയതായി യൂസീബിയസ് പറയുന്നു:
മത്തായിയുടെ സുവിശേഷത്തിന്റെ മൂലം എബ്രായഭാഷയിലാണ് എഴുതപ്പെട്ടതെന്നാണോ പേപ്പിയസ് പറയുന്നതെന്നു വ്യക്തമല്ല. "എബ്രായഭാഷയിൽ" എന്നതിന് ഗ്രീക്കു ഭാഷയുടെ തന്നെ എബ്രായർക്കിടയിൽ പ്രചാരത്തിലിരുന്ന കൊയ്നേ വകഭേദം എന്ന അർത്ഥമാണുള്ളതെന്നു വാദിക്കപ്പെട്ടിട്ടുണ്ട്. മർക്കോസിന്റേയും മത്തായിയുടേയും സുവിശേഷങ്ങളായി പേപ്പിയസ് അറിഞ്ഞിരുന്ന ലിഖിതങ്ങൾ ആ പേരുകളിൽ ഇന്നറിയപ്പെടുന്ന കാനോനികസുവിശേഷങ്ങൾ തന്നെയോ എന്നും വ്യക്തമല്ല: ഇപ്പോഴുള്ള മത്തായിയുടെ സുവിശേഷം വ്യാഖ്യാനത്തോടു കൂടിയ ഒരു വചനഗ്രന്ഥമല്ല, ജീവിതാഖ്യാനമാണ്.[3]
പേപ്പിയസിന്റെ ധിഷണയിൽ യൂസീബിയസിന് വലിയ മതിപ്പൊന്നുമില്ലായിരുന്നു. ഐറേനിയസിനെപ്പോലുള്ളവരെ ഏറെ സ്വാധീനിച്ച തന്റെ രചന വഴി, ഭൂമിയിൽ യേശുവിന്റെ സഹസ്രാബ്ധവാഴ്ചയുടെ സുവർണ്ണയുഗം ആസന്നമാണെന്ന വിശ്വാസം പരത്തുന്നതിൽ പേപ്പിയസ് വഹിച്ച പങ്ക് യൂസീബിയസിന്റെ വിമർശനത്തിനു വിഷയമായി. അപ്പസ്തോലികപാരമ്പര്യത്തിന്റെ പ്രതീകാത്മകഭാഷ മനസ്സിലാക്കാനാവാതെ അതിനെ അക്ഷരാർത്ഥത്തിലെടുത്ത അല്പബുദ്ധിയെന്നു യൂസീബിയസ് പേപ്പിയസിനെ വിളിച്ചു.[1][ഖ]യൂസീബിയസിന്റെ ഈ വിലയിരുത്തലിന്റെ പരമാർത്ഥം അറിയാൻ, പേപ്പിയസിന്റെ കൃതിയുടെ ലഭ്യമായ ശകലങ്ങൾ അപര്യാപ്തമാണ്. ഏതായാലും പേപ്പിയസ് പിന്തുടർന്ന സഹസ്രാബ്ധവാഴ്ചാവാദത്തിന് (millennialism) അപ്പസ്തോലാനന്തരകാലത്ത് പടിഞ്ഞാറൻ അനാതോലിയായിലേയും മറ്റും സഭകളിൽ അക്കാലത്ത് നിലനിന്നിരുന്ന വിശ്വാസത്തിന്റെ ചൈതന്യവുമായി യൂസീബിയസ് കരുതിയിരുന്നതിലും അധികം യോജിപ്പുണ്ടായിരുന്നെന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[4]
അപ്പസ്തോലിക പാരമ്പര്യത്തെ സ്പർശിച്ചു നിൽക്കുന്ന ഈ സഭാപിതാവിന്റെ വിലപ്പെട്ട രചന പരിരക്ഷിക്കപ്പെടാതിരിക്കാൻ ഇടവരുത്തിയത് അദ്ദേഹത്തിന്റെ പ്രബോധനത്തിന്റെ ഭാഗമായി കരുതപ്പെടുന്ന സഹസ്രാബ്ധവാഴ്ചാവീക്ഷണമാണെന്ന് (chiliastic view; millennialism) കത്തോലിക്കാവിജ്ഞാനകോശം പറയുന്നു.[5]
ക ^ പേപ്പിയസ് ഈ ശകലത്തിൽ രണ്ടു യോഹന്നാന്മാരുടെ കാര്യം പറയുന്നത്, യോഹന്നാന്റെ സുവിശേഷവും വെളിപാടു പുസ്തകവും വ്യത്യസ്തവ്യക്തികളുടെ രചനകളാണെന്ന വാദത്തിനു ബലം നൽകുന്നതായി യൂസെബിയസ് കരുതി.[1]
ഖ ^ "ബുദ്ധികുറഞ്ഞ മനുഷ്യനായിരുന്നു അദ്ദേഹമെന്നാണ് പുസ്തകങ്ങളിൽ നിന്നു മനസ്സിലാക്കാൻ കഴിയുന്നത്. ഏതായാലും (സഹസ്രാബ്ധവാഴ്ചയുടെ കാര്യത്തിൽ) ഇതേ നിലപാടു പിന്തുടർന്ന ഐറേനിയസ് ഉൾപ്പെടെയുള്ള സഭാംഗങ്ങളെ സ്വാധീനിച്ചത് അദ്ദേഹമായിരുന്നു."[1]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.