മനുഷ്യരുടെ തീരെ ചെറിയ കുഞ്ഞിനെ വിശേഷിപ്പിക്കുന്ന പദമാണ് ശിശു. "സംസാരിക്കാൻ കഴിയുന്നില്ല" അല്ലെങ്കിൽ "സംസാരശേഷിയില്ലാത്തത്" എന്നർത്ഥം വരുന്ന ലാറ്റിൻ പദമായ ഇൻഫാൻസിൽ നിന്നാണ് ശിശു എന്നതിൻ്റെ ഇംഗ്ലീഷ് വാക്ക് ഇൻഫൻ്റ് ഉണ്ടായത്.

ജനിച്ച് മണിക്കൂറുകൾ, ദിവസങ്ങൾ, അല്ലെങ്കിൽ ഒരു മാസം വരെ പ്രായമുള്ള ശിശുക്കളെയാണ് നവജാതശിശു എന്ന് വിളിക്കുന്നത്.

ബ്രിട്ടീഷ് ഇംഗ്ലീഷിൽ, നാല് മുതൽ ഏഴ് വയസ്സുവരെയുള്ള കുട്ടികൾക്കുള്ളതാണ് ഇൻഫന്‌റ് സ്കൂൾ. നിയമപരമായ പദമെന്ന നിലയിൽ, "ശൈശവം" ജനനം മുതൽ 18 വയസ്സ് വരെയുള്ളവരെ പരിഗണിക്കുന്നു.[1]

നവജാതശിശുക്കളുടെ ശാരീരിക സവിശേഷതകൾ

Thumb
എട്ട് മാസം പ്രായമുള്ള ഇരട്ട സഹോദരിമാർ
(video) A very young baby moves around in a crib, 2009
Thumb
എട്ട് മാസം പ്രായമുള്ള ശിശു. മുഖവുമായി ബന്ധപ്പെട്ട് സാധാരണയായി കണ്ണുകളുടെ വലുപ്പം കൂടുതൽ ആയി തോന്നുന്നത് ഒരു സാധാരണ സവിശേഷതയാണ്
Thumb
ജനിച്ച് കുറച്ച് ദിവസങ്ങൾ പ്രായമുള്ള കരയുന്ന നവജാതശിശു

ഒരു നവജാതശിശുവിന്റെ തോളും ഇടുപ്പും വിശാലമാണ്, അടിവയർ ചെറുതായി തള്ളിനിൽക്കും, കൈകളും കാലുകളും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ നീളമുള്ളതാണ്.

ഒരു നവജാതശിശുവിന്റെ ശരാശരി ശരീര ദൈർഘ്യം 35.6–50.8 cm (14.0–20.0 in) ഉണ്ടാകും. പക്ഷെ, അകാല ജനനം സംഭവിച്ച നവജാത ശിശുക്കൾ വളരെ ചെറുതായിരിക്കും. ഒരു കുഞ്ഞിന്റെ നീളം അളക്കുന്നതിനുള്ള മാർഗ്ഗം കുഞ്ഞിനെ കിടത്തി തലയുടെ മുകളിൽ നിന്ന് കാൽ വരെ ടേപ്പ് ഉപയോഗിച്ച് അളക്കുക എന്നതാണ്.

ഭാരം

വികസിത രാജ്യങ്ങളിൽ, ഒരു നവജാതശിശുവിന്റെ ശരാശരി ജനന ഭാരം ഏകദേശം 3.4 kg (7.5 lb) ആണ്, ഭാരം സാധാരണയായി 2.7–4.6 kg (6.0–10.1 lb) പരിധിയിലാണ് ഉള്ളത്.

ജനനത്തിനു ശേഷമുള്ള ആദ്യത്തെ 5-7 ദിവസങ്ങളിൽ, ടേം നിയോനേറ്റ് ശരീരഭാരം 3–7% വരെ കുറയുന്നു, ഇത് പ്രധാനമായും ശ്വാസകോശത്തിൽ നിറയുന്ന ദ്രാവകം റെസോപ്ഷനിലൂടെയും മൂത്രത്തിലൂടെയും പുറത്ത് പോകുന്നതിൻ്റെ ഫലമാണ്. ആദ്യ ആഴ്ചയ്ക്കുശേഷം, ആരോഗ്യമുള്ള ടേം നിയോനേറ്റുകൾക്ക് പ്രതിദിനം 10-20 ഗ്രാം എന്ന കണക്കിൽ ഭാരം വർദ്ധിക്കണം.

തല

ഒരു നവജാതശിശുവിന്റെ തല ശരീരത്തിന് ആനുപാതികമായി വളരെ വലുതാണ്, കൂടാതെ അവന്റെ അല്ലെങ്കിൽ അവളുടെ മുഖവുമായി താരതമ്യപ്പെടുത്തുമ്പോൾ ക്രേനിയം വളരെ വലുതാണ്. പ്രായപൂർത്തിയായ മനുഷ്യന്റെ തലയോട്ടി മൊത്തം ശരീര നീളത്തിന്റെ ഏഴിലൊന്നാണ്, അതേസമയം നവജാതശിശുവിന്റെ ¼ ആണ്. ഒരു ഫുൾ ടേം ശിശുവിന്റെ സാധാരണ തല ചുറ്റളവ് ജനനസമയത്ത് 33–36 സെൻ്റിമീറ്റർ ആണ്.[2] ജനിക്കുമ്പോൾ, നവജാതശിശുവിന്റെ തലയോട്ടിയിലെ പല പ്രദേശങ്ങളും അസ്ഥികളായി പരിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ടാവില്ല, ഇത് "സോഫ്റ്റ് സ്പോട്ടുകൾ" അല്ലെങ്കിൽ ഫോണ്ടനെൽസ് എന്നറിയപ്പെടുന്നു. തലയുടെ മുകൾ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഡയമണ്ട് ആകൃതിയിലുള്ള ആന്റീരിയർ ഫോണ്ടാനലും തലയുടെ പിൻഭാഗത്ത് സ്ഥിതിചെയ്യുന്ന ചെറിയ ത്രികോണാകൃതിയിലുള്ള പിൻഭാഗത്തെ ഫോണ്ടാനലും വലിയവയാണ്. പിന്നീട് കുട്ടിയുടെ ജീവിതത്തിൽ, ഈ അസ്ഥികൾ സ്വാഭാവിക പ്രക്രിയയിൽ പരസ്പരം യോജിക്കും. ശിശുവിന്റെ തലയോട്ടി കൂടിച്ചേരലിന്റെ കാലതാമസത്തിന് നോഗ്ഗിൻ എന്ന പ്രോട്ടീൻ കാരണമാകുന്നു.[3]

Thumb
ഇന്തോനേഷ്യയിലെ ഒരു നവജാത ശിശു, പൊക്കിൾകൊടി ബന്ധം വിശ്ചേദിക്കാൻ പോകുന്നു

പ്രസവസമയത്ത്, ശിശുവിന്റെ തലയോട്ടി യോനിയിലൂടെ കടന്നുപോകുന്നതിന് യോജിക്കുന്ന രീതിയിൽ രൂപം മാറുന്നു, ഇത് ചിലപ്പോൾ കുട്ടി കൃത്യമായ ആകൃതി ഇല്ലാതെ അല്ലെങ്കിൽ നീളമേറിയ തലയോടെ ജനിക്കാൻ കാരണമാകുന്നു. ഇത് സാധാരണയായി കുറച്ച് ദിവസങ്ങൾ അല്ലെങ്കിൽ ആഴ്ചകൾക്കുള്ളിൽ സാധാരണ നിലയിലേക്ക് മടങ്ങും. ചിലപ്പോൾ ഡോക്ടർമാർ ഉപദേശിക്കുന്ന പ്രത്യേക വ്യായാമങ്ങൾ ഈ പ്രക്രിയയെ സഹായിച്ചേക്കാം.

മുടി

ചില നവജാതശിശുക്കൾക്ക് ലാനുഗോ എന്നറിയപ്പെടുന്ന രോമമുണ്ട്. അകാല ജനിത ശിശുക്കളുടെ പുറം, തോളുകൾ, നെറ്റി, ചെവി, മുഖം എന്നിവയിൽ ഇത് പ്രത്യേകിച്ചും ശ്രദ്ധയിൽപ്പെട്ടേക്കാം. ഏതാനും ആഴ്ചകൾക്കുള്ളിൽ ലാനുഗോ അപ്രത്യക്ഷമാകുന്നു. ശിശുക്കൾ പൂർണ്ണ തലമുടിയോടെയോ മുടിയില്ലാതെയോ ജനിക്കാം.

ചർമ്മം

ജനിച്ച ഉടനെ, ഒരു നവജാതശിശുവിന്റെ ചർമ്മം പലപ്പോഴും ചാരനിറം മുതൽ മങ്ങിയ നീല നിറം വരെയുള്ള നിറത്തിൽ കാണപ്പെടാം. നവജാതശിശു ശ്വസിക്കാൻ തുടങ്ങുമ്പോൾ, സാധാരണയായി ഒന്നോ രണ്ടോ മിനിറ്റിനുള്ളിൽ, ചർമ്മത്തിന്റെ നിറം അതിന്റെ സാധാരണ നിലയിലാകും. നവജാതശിശുക്കൾ ജനിക്കുമ്പോൾ നനഞ്ഞതും രക്തരേഖകളിൽ പൊതിഞ്ഞതും വെർണിക്സ് കാസോസ എന്നറിയപ്പെടുന്ന വെളുത്ത പദാർത്ഥത്തിൽ പൊതിഞ്ഞതുമാണ്, ഇത് ആൻറി ബാക്ടീരിയൽ ബാരിയർ ആയി പ്രവർത്തിക്കുമെന്ന് അനുമാനിക്കപ്പെടുന്നു. നവജാതശിശുവിന് മംഗോളിയൻ സ്പോട്ടുകൾ, മറ്റ് പല ബർത്ത്മാർക്ക്സ്, അല്ലെങ്കിൽ അടർന്ന തൊലി, (പ്രത്യേകിച്ച് കൈത്തണ്ട, കൈകൾ, കണങ്കാലുകൾ, കാലുകൾ എന്നിവയിൽ) എന്നിവ ഉണ്ടാകാം.

ജനനേന്ദ്രിയം

ഒരു നവജാതശിശുവിന്റെ ജനനേന്ദ്രിയം വലുതും ചുവന്ന നിറത്തിലും ആയിരിക്കും, ആൺ ശിശുക്കൾക്ക് അസാധാരണമായി വലിയ വൃഷണസഞ്ചിയും ഉണ്ടാവും. ആൺ ശിശുക്കളിൽ പോലും സ്തനങ്ങൾ വലുതായി കാണപ്പെടാം. സ്വാഭാവികമായും ഉണ്ടാകുന്ന മാതൃ ഹോർമോണുകൾ മൂലമാണ് ഇത് സംഭവിക്കുന്നത്, ഇത് ഒരു താൽക്കാലിക അവസ്ഥയാണ്. പെൺകുട്ടികളും (ചിലപ്പോൾ ആൺകുട്ടികൾ പോലും) മുലക്കണ്ണുകളിൽ നിന്ന് പാൽ (ഇതിനെ ചിലപ്പോൾ വിച്ച്സ് മിൽക്ക് എന്ന് വിളിക്കുന്നു), അതുപോലെ യോനിയിൽ നിന്ന് രക്തവർണ്ണത്തിലോ അല്ലെങ്കിൽ പാൽ പോലെയുള്ളതോ ആയ പദാർത്ഥം പുറന്തള്ളാം. രണ്ടായാലും, ഇത് സാധാരണമായി കണക്കാക്കുകയും കുറച്ച് നാൾ കഴിയുമ്പോൾ അപ്രത്യക്ഷമാവുകയും ചെയ്യും.

പൊക്കിൾകൊടി

ഒരു നവജാതശിശുവിന്റെ പൊക്കിൾക്കൊടി നീലകലർന്ന വെളുത്ത നിറത്തിലാണ്. ജനനത്തിനു ശേഷം, പൊക്കിൾകൊടി സാധാരണയായി 1-2 ഇഞ്ച് ഭാഗം മാത്രം നിലനിർത്തി മുറിച്ച് കളയുന്നു. അവശേഷിക്കുന്ന പൊക്കിൾക്കൊടിയുടെ ഭാഗം 3 ആഴ്ചയ്ക്കുള്ളിൽ സ്വമേധയാ ഇല്ലാതായി പിന്നീട് വയറിലെ പൊക്കിൾ ആയി മാറും.

പൊക്കിൾക്കൊടിയിൽ രണ്ട് ധമനികളും ഒരു സിരയും ഉൾപ്പടെ മൂന്ന് രക്തക്കുഴലുകൾ അടങ്ങിയിരിക്കുന്നു. രണ്ട് ധമനികൾ കുഞ്ഞിൽ നിന്ന് മറുപിള്ളയിലേക്ക് രക്തം കൊണ്ടുപോകുമ്പോൾ ഒരു സിര രക്തം കുഞ്ഞിലേക്ക് തിരികെ കൊണ്ടുവ്രുന്നു.

Thumb
പ്രസവത്തിന് നിമിഷങ്ങൾക്കകം ഉള്ള ഒരു നവജാത ശിശു. അമ്നിയോട്ടിക് ദ്രാവകം കുട്ടിയുടെ ചർമ്മത്തിൽ തിളങ്ങുന്നു.

പരിചരണവും ഭക്ഷണവും

Thumb
മുലയൂട്ടൽ

അടിസ്ഥാന സഹജമായ ആശയവിനിമയത്തിന്റെ ഒരു രൂപമായി ആണ് ശിശുക്കൾ കരയുന്നത്.[4] കരയുന്ന ശിശു വിശപ്പ്, അസ്വസ്ഥത, അമിത ഉത്തേജനം, വിരസത, എന്തെങ്കിലും ആഗ്രഹം, അല്ലെങ്കിൽ ഏകാന്തത എന്നിവ ഉൾപ്പെടെ പലതരം വികാരങ്ങൾ പ്രകടിപ്പിക്കാൻ ശ്രമിക്കുന്നുണ്ടാകാം.

എല്ലാ പ്രധാന ശിശു ആരോഗ്യ സംഘടനകളും ശുപാർശ ചെയ്യുന്ന രീതിയാണ് മുലയൂട്ടൽ.[5] മുലയൂട്ടൽ സാധ്യമല്ല അല്ലെങ്കിൽ ആഗ്രഹിക്കുന്നില്ലെങ്കിൽ, മുലപ്പാൽ അല്ലെങ്കിൽ ഇൻഫന്റ് ഫോർമുല ഉപയോഗിച്ച് കുപ്പിപ്പാൽ നൽകാം.

ചെറുപ്രായത്തിൽ തന്നെ വേണ്ടത്ര ഭക്ഷണ നൽകേണ്ടത് ഒരു ശിശുവിന്റെ വളർച്ചയ്ക്ക് പ്രധാനമാണ്. ഒപ്റ്റിമൽ ആരോഗ്യം, വളർച്ച, ന്യൂറോ ഡെവലപ്മെന്റ് എന്നിവയുടെ അടിസ്ഥാനം ജീവിതത്തിന്റെ ആദ്യ 1000 ദിവസങ്ങളിൽ ആണ് സംഭവിക്കുന്നത്.[6] ജനനം മുതൽ ആറുമാസം വരെ ശിശുക്കൾ മുലപ്പാൽ മാത്രം കഴിക്കണം. ഒരു ശിശുവിന്റെ ഭക്ഷണക്രമം പക്വത പ്രാപിക്കുമ്പോൾ, പഴം, പച്ചക്കറികൾ, ചെറിയ അളവിൽ മാംസം എന്നിവയും പരിചയപ്പെടുത്താം.[7]

ശിശുക്കൾ വളരുമ്പോൾ മറ്റ് ഭക്ഷണപദാർത്ഥങ്ങൾ നൽകാം. ചില മാതാപിതാക്കൾ കുട്ടികൾക്ക് റെഡിമെയ്ഡ് ശിശു ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നു, മറ്റുള്ളവർ അവരുടെ കുട്ടിയുടെ ഭക്ഷണ ആവശ്യങ്ങൾക്കായി പതിവ് ഭക്ഷണം സ്വീകരിക്കുന്നു. പ്രോസസിങ്ങ് ഒന്നും നടത്താത്ത സാധാരണ പശുവിൻ പാൽ ഒരു വയസ്സിൽ ഉപയോഗിക്കാം, പക്ഷേ കുട്ടികൾക്ക് 2 മുതൽ 3 വയസ്സ് വരെ കൊഴുപ്പ് കുറഞ്ഞ പാൽ ശുപാർശ ചെയ്യുന്നില്ല. വീനിങ്ങ് എന്നത് കട്ടി കൂടിയ ഭക്ഷണം നൽകി പതിയെ കുഞ്ഞിന്റെ ഭക്ഷണത്തിൽ നിന്ന് മുലപ്പാൽ ഒഴിവാക്കുന്ന പ്രക്രിയയാണ്.[8] ടോയ്‌ലറ്റ് പരിശീലനം നേടുന്നതുവരെ വ്യാവസായിക രാജ്യങ്ങളിലെ ശിശുക്കൾ ഡയപ്പർ ധരിക്കുന്നു. കുട്ടികൾക്ക് മുതിർന്നവരേക്കാൾ കൂടുതൽ ഉറക്കം ആവശ്യമാണ്. നവജാത ശിശുക്കൾക്ക് 18 മണിക്കൂർ വരെ ഉറക്കം ആവശ്യമാണ്, കുട്ടിയുടെ പ്രായം കൂടുന്നതിനനുസരിച്ച് ഉറക്ക സമയം കുറയുന്നു. കുഞ്ഞുങ്ങൾ‌ നടക്കാൻ‌ പഠിക്കുന്നതുവരെ, അവരെ‌ കൊണ്ടുപോകുന്നതിന്, കൈയിൽ എടുക്കുകയോ, സ്ലിംഗുകളോ ബേബി കാരിയറുകളോ സ്‌ട്രോളറുകളിലോ ഉപയോഗിക്കുകയോ ചെയ്യാം. മിക്ക വ്യാവസായിക രാജ്യങ്ങളിലും മോട്ടോർ വാഹനങ്ങളിൽ കുട്ടികളുടെ സുരക്ഷയ്ക്ക് ചൈൾഡ് സേഫ്റ്റി സീറ്റുകൾ ആവശ്യപ്പെടുന്ന നിയമങ്ങളുണ്ട്.

ആരോഗ്യ പ്രശ്നങ്ങൾ

രോഗങ്ങൾ

ശിശുവിന്റെ രോഗപ്രതിരോധവ്യവസ്ഥ പോലുള്ള ഫിസിയോളജിക്കൽ സിസ്റ്റങ്ങൾ പൂർണ്ണമായും വികസിച്ചിട്ടൂണ്ടാവില്ല. നവജാതശിശു കാലഘട്ടത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രധാന രോഗങ്ങൾ ഇവയാണ്:

  • നിയോനേറ്റൽ ജോണ്ടിസ്
  • ഇൻഫന്‌ റെസ്പിരേറ്ററി ഡിസ്ട്രസ് സിൻഡ്രോം
  • നിയോനേറ്റൽ ല്യൂപ്പസ് എറിത്തമറ്റോസസ്
  • നിയോനേറ്റൽ കൺജങ്ക്റ്റിവിറ്റിസ്
  • നിയോനേറ്റൽ ടെറ്റനസ്
  • നിയോനേറ്റൽ സെപ്സിസ്
  • നിയോനേറ്റൽ ബോവൽ ഒബ്സ്ട്രക്ഷൻ
  • ബെനിൻ നിയോനേറ്റൽ സീഷ്വെർസ്
  • നിയോനേറ്റൽ ഡയബെറ്റിസ് മെലിറ്റസ്
  • നിയോനേറ്റൽ അലോയിമ്യൂൺ ത്രോംബോസൈറ്റോപീനിയ
  • നിയോനേറ്റൽ ഹെർപ്പസ് സിംപ്ലക്സ്
  • നിയോനേറ്റൽ ഹെമോക്രോമറ്റോസിസ്
  • നിയോനേറ്റൽ മെനിഞ്ചൈറ്റിസ്
  • നിയോനേറ്റൽ ഹെപ്പറ്റൈറ്റിസ്
  • നിയോനേറ്റൽ ഹൈപ്പോഗ്ലൈസീമിയ

മരണനിരക്ക്

Thumb
ബംഗ്ലാദേശിൽ ഒരു കുഞ്ഞിന് പ്രതിരോധ കുത്തിവയ്പ് നൽകുന്നു

ജനിച്ച് ആദ്യ വർഷത്തിനുള്ളിലെ ശിശുവിന്റെ മരണമാണ് ശിശുമരണനിരക്ക് ആയി കണക്കാക്കുന്നത്, മിക്കപ്പോഴും ഇത് 1000 ജനനങ്ങളിൽ കാണിക്കുന്നു. നിർജ്ജലീകരണം, അണുബാധ, ജന്മനായുള്ള വൈകല്യങ്ങൾ, SIDS എന്നിവ ശിശുമരണത്തിന്റെ പ്രധാന കാരണങ്ങളാണ്.

ചിത്രശാല

അവലംബം

പുറം കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.