തെക്കുകിഴക്കേ ഏഷ്യയിലെ ഒരു ഗോത്ര വിഭാഗമാണ്‌ കംബോഡിയയിലെ തദ്ദേശീയ ജനവിഭാഗമായ ഖമർ ജനത. (Khmer: ខ្មែរ, Khmer pronunciation: [kʰmaːe], Northern Khmer pronunciation: [kʰmɛr]). കംബോഡിയയിലെ ഒന്നര കോടിയോളം വരുന്ന ജനസംഖ്യയുടെ ഏകദേശം തൊണ്ണൂറ് ശതമാനവും ഖമർ ജനതയാണ്. ദക്ഷിണപൂർവേഷ്യൻ ഭാഷാകുടുംബത്തിൽ ഉൾപ്പെട്ട ഖമർ ഭാഷ സംസാരിക്കുന്ന ജനതയാണ് ഇവർ. ഥേരവാദ ബുദ്ധമതവും സിൻക്ക്രെറ്റിസവും, അനിമിസവും, മരണാനന്തരജീവിതത്തിലുള്ള വിശ്വാസവുമൊക്കെ ഇടകലർന്ന ഖമർ രീതിയിലുള്ള ബുദ്ധമതമാണ് ഭൂരിപക്ഷം ജനങ്ങളും പിന്തുടരുന്നത്. കംബോഡിയയുടെ സമീപപ്രദേശമായ വിയറ്റ്നാം, തായ്‌ലാന്റ് എന്നിവിടങ്ങിലും ഖമർ ജനവിഭാഗം കണ്ടുവരുന്നുണ്ട്. കൂടാതെ ഫ്രാൻസ്, അമേരിക്ക, ആസ്ത്രേലിയ എന്നിവിടങ്ങളിൽ എല്ലാം കൂടി പത്തുലക്ഷത്തിലധികം ഖമർ ജനങ്ങൾ ജീവിക്കുന്നുണ്ട്.

വസ്തുതകൾ Regions with significant populations, കംബോഡിയ ...
അടയ്ക്കുക

വ്യാപനം

കംബോഡിയ

ഖമർ ജനതയുടെ ബഹുഭൂരിപക്ഷവും ജീവിക്കുന്നത് കംബോഡിയയിലാണ്. കംബോഡിയയിലെ ഒന്നര കോടിയോളം വരുന്ന ജനസംഖ്യയുടെ ഏകദേശം തൊണ്ണൂറ് ശതമാനവും ഖമർ ജനതയാണ്.

തായ്‌ലാൻറിലും വിയറ്റ്നാമിലും

തായ്‌ലാൻറിലും വിയറ്റ്നാമിലും നല്ലൊരുവിഭാഗം തദ്ദേശീയരായ ഖമർ ജനത ജീവിക്കുന്നുണ്ട്. തായ്‌ലാൻറിൽ ഏകദേശം പത്തുലക്ഷവും വിയറ്റ്നാമിൽ ഏഴുമുതൽ പതിനോന്നുലക്ഷം വരെയും ഖമർ ജനങ്ങൾ കാണപ്പെടുന്നു.

പാശ്ചാത്യരാജ്യങ്ങൾ

കംബോഡിയയിലെ ആഭ്യന്തരയുദ്ധം കാരണം ആയിരക്കണക്കിന് ഖമർ ജനങ്ങൾ അമേരിക്ക, ഫ്രാൻസ്, കാനഡ, ആസ്ത്രേലിയ എന്നിവിടങ്ങളിലേക്ക് കുടിയേറിയിട്ടുണ്ട്.

ചരിത്രം

കംബോജ വംശജനായിരുന്ന കൗണ്ഡിന്യ എന്ന ഇന്ത്യൻ ബ്രാഹ്മണൻ ഖമർ വംശജയായ ഒരു രാജകുമാരിയെ വിവാഹം ചെയ്തതോടെയാണ് കംബോജാ രാജ്യം സ്ഥാപിതമായതെന്നാണ് ഐതിഹ്യം. കാലക്രമേണ കംബോജാ, കംബൂച്ചിയയും കംബോഡിയയുമായി രൂപാന്തരപ്പെട്ടു. എന്തായാലും, ഇന്ത്യൻ സംസ്കാരത്തിന്റെ സ്വാധീനം കംബോഡിയയിൽ പ്രകടമാണ്. ഹിന്ദുമതവും ബുദ്ധമതവും തദ്ദേശീയമായ പ്രാകൃതാചാരങ്ങളും തമ്മിലുള്ള മിശ്രണത്തിൽ നിന്ന് ഉത്ഭവിച്ചതാണ് ഖമർ സംസ്കാരം. നൂറ്റാണ്ടുകൾക്ക് മുമ്പ് സമുദ്രമാർഗ്ഗം എത്തിയ ഇന്ത്യക്കാരാണ് ഈ പൈതൃകം സൃഷ്ടിച്ചത്. തായ്, ജാവാനീസ്, ചൈനീസ് സംസ്കാരങ്ങളുടെ അംശങ്ങളും ഖമർ ജനത സ്വാംശീകരിച്ചിട്ടുണ്ട്. 9-15 നൂറ്റാണ്ടുകൾക്കിടയിൽ അങ്കോർ തലസ്ഥാനമാക്കി ഭരിച്ച ഖമർ സാമ്രാജ്യം ഇന്നത്തെ ലാവോസിലെക്കും വിയറ്റ്നാമിലേക്കും വ്യാപിചിരിന്നു.[8] മതപരമായും രാഷ്ട്രീയമായും ഇന്ത്യയിൽ നിന്നാണ് അവർ പ്രചോദനം ഉൾക്കൊണ്ടത്‌. ഖമർ ഭാഷയിൽ പാലിയുടേയും സംസ്കൃതത്തിന്റേയും സ്വാധീനം കാണാനുണ്ട്.[9]. മധ്യേന്ത്യയിലെ മുണ്ട, ഖാസി ഗോത്രങ്ങളോട് സാദൃശ്യമുളള ഒരു ഗോത്രമാണ് ഖമർ എന്നും ആര്യന്മാരുടെ വരവോടെ ഇന്തോചൈന ഭൂപ്രദേശത്തേക്ക് കുടിയേറിപ്പാർക്കാൻ നിർബന്ധിതരായവരാണെന്നും അഭിപ്രായമുണ്ട്. [10].

ഖമർ സാമ്രാജ്യം (എ.ഡി 800–1600)

പ്രധാന ലേഖനം: ഖമർ സാമ്രാജ്യം

ഒമ്പതാം നൂറ്റാണ്ടോടെ പടിഞ്ഞാറൻ കംബോഡിയയിലെ അങ്കോർ തലസ്ഥാനമാക്കി ഖമർ സാമ്രാജ്യം രൂപം കൊണ്ടു. ജയവർമ്മൻ രണ്ടാമൻ ആണ് ഇതിനു തുടക്കമിട്ടത്. ദേവരാജ എന്ന സ്ഥാനപ്പേരോടെ ജയവർമ്മൻ രണ്ടാമൻ സിംഹാസനമേറി. ഇന്ദ്രവർമ്മൻ ഒന്നാമനും (877-89) പുത്രൻ യശോവർമ്മൻ ഒന്നാമനും (889-910) ഈ രാജവംശത്തിലെ പ്രധാനപ്പെട്ട രാജക്കന്മാരായിരുന്നു. 1112-ൽ സ്ഥാനമേറ്റ സൂര്യവർമ്മൻ രണ്ടാമനാണ് അങ്കോർ വാട്ടിന് രൂപകല്പന നല്കിയത്. ജയവർമ്മൻ ഏഴാമന്റെ (ഭരണകാലം 1181- 1218) വാഴ്ചക്കാലം ഖമർ സാമ്രാജ്യത്തിന്റെ സുവർണകാലമായി കണക്കാക്കപ്പെടുന്നു. അതിനു ശേഷം രാജവംശത്തിലെ അധികാര തർക്കങ്ങളും അയൽക്കാരായ ആയുത്തായ് ഗോത്രത്തിന്റെ ആക്രമണങ്ങളും നെൽകൃഷി നിലനിർത്തിയിരുന്ന ജലസേചന സംവിധാനത്തിന്റെ തകർച്ചയും കാരണം സാമ്രാജ്യം ശിഥിലമായി. കാംബുജവംശം പിടിച്ചു നിന്നുവെങ്കിലും 1431-ൽ തായ് ആക്രമണത്തെ തുടർന്ന് അംങ്കോർ കൈവിട്ടുപോയതോടെ ഖമർ പൗരപ്രമുഖർ തെക്കൻ പ്രദേശത്തേക്ക് പലായനം ചെയ്തു. ഈ സമയത്താവണം നോം പെന്നിൽ പുതിയ തലസ്ഥാനം സ്ഥാപിക്കപ്പെട്ടത്. 1596-ൽ സ്പാനിഷ്-പോർട്ടുഗീസ് സൈന്യങ്ങളുടെ സഹായത്തോടെ അധികാരം വീണ്ടെടുക്കാൻ അന്നത്തെ നാമമാത്ര ഖമർരാജാവ് സത്ത ശ്രമം നടത്തിയെങ്കിലും അതു വിജയിച്ചില്ല.

ചിത്രശാല

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.