2002-ൽ പുറത്തിറങ്ങിയ ഒരു തമിഴ് ചലച്ചിത്രമാണ്‌ കന്നത്തിൽ മുത്തമിട്ടാൽ (A Peck on the Cheek). പി.എസ്. കീർത്തന, മാധവൻ, സിമ്രൻ, നന്ദിത ദാസ്, പശുപതി, പ്രകാശ് രാജ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മണി രത്നമാണ്‌. സുബ്രഹ്മണ്യ ഭാരതിയുടെ ഒരു കവിതയിലെ വരിയിൽ നിന്നെടുത്തതാണ്‌ ചലച്ചിത്രത്തിന്റെ തലക്കെട്ട്.[1] ആഭ്യന്തരയുദ്ധം നടക്കുന്ന ശ്രീലങ്കയിലേക്ക് തന്റെ അമ്മയെ തിരഞ്ഞ് പോകുന്ന ഒരു പെൺകുട്ടിയുടെയും അവളെ ദത്തെടുത്ത മാതാപിതാക്കളുടെയും കഥയാണിത്.

വസ്തുതകൾ കന്നത്തിൽ മുത്തമിട്ടാൽ, സംവിധാനം ...
കന്നത്തിൽ മുത്തമിട്ടാൽ
Thumb
തിരുച്ചെൽ‌വനും ഇന്ദിരയും (മാധവനും സിമ്രനും )
സംവിധാനംമണി രത്നം
രചനമണി രത്നം
തിരക്കഥമണി രത്നം
അഭിനേതാക്കൾമാധവൻ
സിമ്രൻ
പി.എസ്. കീർത്തന
നന്ദിത ദാസ്
പ്രകാശ് രാജ്
സംഗീതംഎ.ആർ. റഹ്‌മാൻ
ഗാനരചനവൈരമുത്തു
ഛായാഗ്രഹണംരവി കെ. ചന്ദ്രൻ
ചിത്രസംയോജനംഎ. ശ്രീകർ പ്രസാദ്
റിലീസിങ് തീയതി2002
രാജ്യംഇന്ത്യ
ഭാഷതമിഴ്
അടയ്ക്കുക

ചലച്ചിത്രവും, ഇതിൽ ബാലതാരമായി അഭിനയിച്ച പി.എസ്. കീർത്തനയും ധാരാളമായി നിരൂപകപ്രശംസ നേടി. ടൊറണ്ടോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ആദ്യമായി പ്രദർശിപ്പിക്കപ്പെട്ട ചിത്രം 2004-ലെ കാൻസ് ചലച്ചിത്രമേളയിൽ ഇന്ത്യയുടെ ഔദ്യോഗികനാമനിർദ്ദേശമായിരുന്നു. ആറ് ദേശീയ അവാർഡുകളും ആറ് ഫിലിംഫെയർ പുരസ്കാരങ്ങളും ആറ് അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരങ്ങളും ഈ ചിത്രം നേടുകയുണ്ടായി.

കഥാസംഗ്രഹം

ശ്രീലങ്കയിലെ മാങ്കുളത്ത് വച്ച് ശ്യാമയും (നന്ദിത ദാസ്) ദിലീപനും (ജെ.ഡി. ചക്രവർത്തി) വിവാഹിതരാകുന്നു. ദിലീപനും ശ്യാമയുടെ സഹോദരനും (പശുപതി) എൽ.ടി.ടി.ഇ. പോരാളികളാണ്‌. ഒരിക്കൽ ശ്രീലങ്കൻ സൈന്യം വരുന്നതുകാണുന്ന ദിലീപൻ, ശ്യാമയെ പിന്നിൽ നിർത്തി ഓടി രക്ഷപ്പെടുന്നു. ഗർഭിണിയായ ശ്യാമ, ദിലീപൻ തിരിച്ചുവരാൻ കാത്തിരിക്കുന്നു. ആഭ്യന്തരയുദ്ധം കൊടുമ്പിരി കൊള്ളുന്നതോടെ ഗ്രാമവാസികൾ അഭയാർത്ഥികളായി ഇന്ത്യയിലേക്ക് രക്ഷപ്പെടുന്നു. രാമേശ്വരത്തെ അഭയാർത്ഥികാമ്പിൽ വച്ച് ശ്യാമ ഒരു പെൺകുഞ്ഞിന്‌ ജന്മം നൽകുന്നു.

ഒമ്പത് വർഷത്തിനുശേഷം ചെന്നൈയിൽ അഞ്ചാം ക്ലാസ്സുകാരിയായ അമുത (പി.എസ്. കീർത്തന) തന്റെ കുടുംബത്തെക്കുറിച്ച് വിവരിക്കുന്നിടത്താണ്‌ പിന്നെ കഥ തുടരുന്നത്. അമുതയുടെ അച്ഛൻ തിരുച്ചെൽ‌വൻ (മാധവൻ) എഞ്ചിനിയറും ഇന്ദിര എന്ന തൂലികാനാമത്തിൽ എഴുതുന്നയാളുമാണ്‌. അമ്മ ഇന്ദിര, ചാനലിൽ വാർത്ത വായിക്കുന്നു. വിനയൻ, അഖിലൻ എന്നീ അനിയന്മാരുണ്ട്. അമുതയുടെ ഒമ്പതാം പിറന്നാളിന്റെ അന്ന് അവൾ ദത്തുപുത്രിയാണെന്ന കാര്യം മാതാപിതാക്കൾ അവളോട് വെളിപ്പെടുത്തുന്നു. അമുത വീട്ടിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നു. റെയിൽവെ സ്റ്റേഷനിൽ നിന്ന് അമുതയെ തിരിച്ചുകിട്ടുന്നു. അമുതയെ ദത്തെടുത്ത കഥ തിരുച്ചെൽവൻ പറഞ്ഞുകൊടുക്കുന്നു. പ്രസവിച്ച ഉടനെ ശ്യാമ മകളെ വിട്ട് ശ്രീലങ്കയിലേക്ക് തിരിച്ചുപോവുകയാണുണ്ടായത്. ഇതിനെക്കുറിച്ച് തിരുച്ചെൽ‌വൻ ഒരു കഥയെഴുതിയത് അയൽക്കാരിയായ ഇന്ദിര വായിക്കുന്നു. ഇരുവർക്കും കുട്ടിയെ ഇഷ്ടമാകുന്നു. തിരിച്ചെൽ‌വന്‌ കുട്ടിയെ ദത്തെടുക്കണമെന്ന് ആഗ്രഹമുണ്ടാകുന്നു. എന്നാൽ വിവാഹിതർക്കേ ദത്തെടുക്കാൻ അവകാശമുള്ളൂ എന്നതിനാൽ സ്നേഹിക്കുന്ന ഇന്ദിരയെ വിവാഹം കഴിച്ച് തിരുച്ചെൽ‌വൻ അമുതയെ ദത്തെടുക്കുന്നു.

ഇതറിഞ്ഞതിനു ശേഷവും യഥാർത്ഥ മാതാവിനെ കാണാൻ അമുത ആഗ്രഹിക്കുന്നു. അമ്മായിയുടെ മകനായ പ്രദീപനുമൊത്ത് അമുത രാമേശ്വരത്തെ കാമ്പിലേക്ക് പോകുന്നു. അവിടെ വച്ച് തിരുച്ചെൽവൻ അമുതക്ക് അമ്മയെ കാണിച്ചുകൊടുക്കാമെന്ന് വാക്കുനൽകുന്നു. തിരുച്ചെൽവനും ഇന്ദിരയും അമുതയും ശ്രീലങ്കയിലേക്ക് പുറപ്പെടുന്നു. ഹരോൾഡ് വിക്രമസിങ്കെ (പ്രകാശ് രാജ്) അവരെ സഹായിക്കുന്നു. ശ്യാമയ്ക്ക് വേണ്ടിയുള്ള തിരച്ചിലിനിടയിൽ ആഭ്യന്തരയുദ്ധത്തിന്റെ ഭീകരമുഖം മൂവർക്കും നേരിടേണ്ടിവരുന്നു. തിരുച്ചെൽവനെയും വിക്രമസിങ്കെയെയും തമിഴ് സൈന്യം പിടിക്കുന്നു. നേതാവായ ശ്യാമയുടെ സഹോദരനിൽ നിന്ന് ശ്യാമയെക്കുറിച്ച് അവർക്ക് മനസ്സിലാകുന്നു. ഒരു പാർക്കിൽ വച്ച് ശ്യാമയെ കാണാമെന്ന് തീരുമാനിക്കുന്നുവെങ്കിലും അവിടെ ശ്രീലങ്കൻ സൈന്യം എത്തുന്നതോടെയുണ്ടാകുന്ന വെടിവയ്പ്പിൽ ഇന്ദിരക്ക് പരുക്കേൽക്കുന്നു. ഇന്ത്യയിലേക്ക് തിരിച്ചുവരാൻ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ പാർക്കിൽ അവർ ശ്യാമയെ കാണുന്നു. അമുതയുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ശ്യാമയ്ക്ക് സാധിക്കുന്നില്ല. ജനങ്ങൾക്ക് വേണ്ടിയുള്ള യുദ്ധം തുടരുമെന്നും സമാധാനമുണ്ടാകുമ്പോൾ തന്നെ കാണാൻ വരണമെന്നും പറഞ്ഞുകൊണ്ട് ശ്യാമ തിരിച്ചുപോകുന്നു.

ഗാനങ്ങൾ

വൈരമുത്തു രചിച്ച് എ.ആർ. റഹ്‌മാൻ ഈണമിട്ട ഏഴ് ഗാനങ്ങൾ ചിത്രത്തിലുണ്ട്. ചിത്രത്തിന്‌ വൈരമുത്തു 2002-ലെ മികച്ച ഗാനരചയിതാവിനുള്ള ദേശീയപുരസ്കാരവും എ.ആർ. റഹ്‌മാൻ മികച്ച സംവിധായകനുള്ള ദേശീയപുരസ്കാരവും നേടി

  1. വെള്ളൈ പൂക്കൾ - എ.ആർ. റഹ്‌മാൻ
  2. സുന്ദരി - ഹരിഹരൻ (ഗായകൻ), ടിപ്പു, സുജാത, കാർത്തിക്, മധുമിത
  3. കന്നത്തിൽ മുത്തമിട്ടാൽ - ചിന്മയി, പി. ജയചന്ദ്രൻ
  4. Signore Signore - റാഫിഖ്, നോയൽ, അനുപമ, സ്വർണ്ണലത, ദേവൻ
  5. വിടൈ കൊട് എങ്കൾ നാടേ - എം.എസ്. വിശ്വനാഥൻ, ബൽറാം, ഫെബി, എ.ആർ. റൈഹാന, മാണിക്ക വിനായകം
  6. കന്നത്തിൽ മുത്തമിട്ടാൽ - ചിന്മയി, പി. ജയചന്ദ്രൻ
  7. സത്തെന നെനൈന്തത് നെഞ്ചം - മിന്മിനി

പുരസ്കാരങ്ങൾ

2003-ലെ ദേശീയ ചലച്ചിത്രപുരസ്കാരം

  • മികച്ച തമിഴ് ചിത്രം[2]
  • ഓഡിയോഗ്രഫി : എ.എസ്. ലക്ഷ്മീനാരായണൻ
  • ബാലതാരം : പി.എസ്. കീർത്തന
  • എഡിറ്റിങ്ങ് : എ. ശ്രീകർ പ്രസാദ്
  • സംഗീതസംവിധാനം : എ.ആർ. റഹ്‌മാൻ
  • ഗാനരചന : വൈരമുത്തു

2002-ലെ തമിഴ്നാട് സംസ്ഥാന അവാർഡുകൾ

  • മികച്ച രണ്ടാമത്തെ ചിത്രം[3]
  • നടൻ : മാധവൻ
  • നടിക്കുള്ള പ്രത്യേക പുരസ്കാരം : നന്ദിത ദാസ്
  • സംവിധായകൻ : മണി രത്നം
  • ഗായിക : ചിന്മയി
  • കലാസംവിധാനം : സാബു സിറിൽ
  • ബാലതാരം : പി.എസ്. കീർത്തന

22-ആമത് സിനിമ എക്സ്പ്രസ് പുരസ്കാരം

  • മികച്ച ചിത്രം[4]
  • സംവിധായകൻ : മണി രത്നം
  • നടി : സിമ്രൻ
  • ബാലതാരം : പി.എസ്. കീർത്തന
  • സംഘട്ടനം : വിക്രം ധർമ്മ
  • ഛായാഗ്രഹണം

2002-ലെ തമിഴ് ഫിലിംഫെയർ അവാർഡുകൾ

  • മികച്ച ചിത്രം
  • സംവിധായകൻ : മണി രത്നം
  • നടി : സിമ്രൻ
  • ഛായാഗ്രഹണം : കല-ബൃന്ദ
  • സംഗീതസംവിധാനം : എ.ആർ. റഹ്‌മാൻ
  • ഗാനരചന : വൈരമുത്തു
  • ഗായിക : ചിന്മയി

2003-ലെ ലോസ് ആഞ്ചലസ് ഇന്ത്യൻ ചലച്ചിത്രോത്സവം

  • ഓഡിയൻസ് പുരസ്കാരം : മികച്ച ചിത്രം

2003-ലെ ജെറുസലേം ചലച്ചിത്രോത്സവം

  • ഇൻ സ്പിരിറ്റ് ഓഫ് ഫ്രീഡം പുരസ്കാരം : മികച്ച ചിത്രം

2003-ലെ സിംബാബ്‌വേ അന്താരാഷ്ട്ര ചലച്ചിത്രോത്സവം

  • മികച്ച ചിത്രം

2004-ലെ ന്യൂ ഹാവെൻ ചലച്ചിത്രോത്സവം

  • പ്രത്യേക പുരസ്കാരം
  • അന്താരാഷ്ട്ര ചലച്ചിത്രത്തിനുള്ള ജൂറി പുരസ്കാരം
  • അന്താരാഷ്ട്ര ചലച്ചിത്രത്തിനുള്ള ഓഡിയൻസ് പുരസ്കാരം

2004-ലെ വെസ്റ്റ്ചെസ്റ്റർ ചലച്ചിത്രോത്സവം

  • മികച്ച അന്താരാഷ്ട്ര ചിതം

2004-ലെ റിവർറൺ അന്താരാഷ്ട്ര ചലച്ചിത്രോത്സവം

  • മികച്ച ചിത്രത്തിനുള്ള ഓഡിയൻസ് പുരസ്കാരം

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.