ഗണിതശാസ്ത്രത്തിലെയും ഭൗതികശാസ്ത്രത്തിലെയും വിവിധ വിഷയങ്ങളിൽ സുപ്രധാനമായ സംഭാവനകൾ നൽകിയ ഫ്രഞ്ച് ശാസ്ത്രജ്ഞനായിരുന്നു ജോസഫ് ഫൊറിയർ (മാർച്ച് 21, 1768 - മേയ് 16, 1830). ഫൊറിയർ ശ്രേണിയുടെ കണ്ടുപിടിത്തത്തിനും താപഗതികത്തിലെ പ്രശ്നങ്ങൾ നിർദ്ധാരണം ചെയ്യാനായി അത് ഉപയോഗിച്ചതിനുമാണ്‌ പ്രധാന പ്രശസ്തി. ഫൊറിയർ പരിവർത്തനം, ഫൊറിയർ നിയമം എന്നിവയും അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ടവയാണ്‌. ഹരിതഗൃഹപ്രഭാവം കണ്ടെത്തിയ വ്യക്തിയായും അദ്ദേഹം കരുതപ്പെടുന്നു.

വസ്തുതകൾ ജോസഫ് ഫൊറിയർ, ജനനം ...
ജോസഫ് ഫൊറിയർ
Thumb
ഷോൺ ബാപ്റ്റിസ്റ്റെ ജോസഫ് ഫൊറിയർ
ജനനം(1768-03-21)മാർച്ച് 21, 1768
ഓക്സർ, യോനെ, ഫ്രാൻസ്
മരണംമേയ് 16, 1830(1830-05-16) (പ്രായം 62)
ദേശീയതഫ്രാൻസ് ഫ്രെഞ്ച്
കലാലയംഇകോളെ നോർമേൽ
അറിയപ്പെടുന്നത്ഫൗറിയർ ട്രാൻസ്ഫോം
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഗണിതജ്ഞൻ‍ , ഭൗതികശാസ്ത്രജ്ഞൻ, ചരിത്രകാരൻ
സ്ഥാപനങ്ങൾഇകോലെ നോർമേൽ
ഇകോളെ പോളിടെക്‌നിക്വ്
ഡോക്ടർ ബിരുദ ഉപദേശകൻജോസഫ് ലഗ്രാഞ്ച്
ഡോക്ടറൽ വിദ്യാർത്ഥികൾഗുസ്താവ് ഡൈറിച്ലെ
ജിയോവാന്നി പ്ലേന
ക്ലൗഡ്-ലൂയി നാവിയർ
അടയ്ക്കുക

ജീവിതരേഖ

ഫ്രാൻസിലെ ഓക്സെർ എന്ന സ്ഥലത്താണ് ഇദ്ദേഹം ജനിച്ചത്. ഇദ്ദേഹത്തിന്റെ പിതാവ് ഒരു തുന്നൽക്കാരനായിരുന്നു. ഒൻപതാം വയസ്സിൽ ഇദ്ദേഹം അനാഥനായി. ഓക്സെറിൽ ബിഷപ്പിന് ഇദ്ദേഹത്തെ പരിചയപ്പെടുത്തപ്പെട്ടതിനെത്തുടർന്ന് സെന്റ് മാർക്ക് കോൺവെന്റിൽ ഇദ്ദേഹത്തിന് വിദ്യാഭ്യാസം ലഭിച്ചു. സൈന്യത്തിലെ ശാസ്ത്രവിഭാഗത്തിൽ ജോലി ലഭിക്കണമെങ്കിൽ കുലീനജാതനായിരിക്കണം എന്ന വ്യവസ്ഥയുണ്ടായിരുന്നതിനാൽ ഇദ്ദേഹത്തിന് ഈ ജോലി ലഭിക്കുകയുണ്ടായില്ല. ഇതിനാൽ സൈന്യത്തിനുവേണ്ടി ഗണിതാദ്ധ്യാപകനായി ഇദ്ദേഹം ജോലി സ്വീകരിച്ചു. തന്റെ ജില്ലയിൽ ഫ്രഞ്ച് വിപ്ലവത്തിൽ ഇദ്ദേഹം വലിയ പങ്കാണ് വഹിച്ചത്. പ്രാദേശിക വിപ്ലവക്കമ്മിറ്റിയിൽ ഇദ്ദേഹം അംഗമായിരുന്നു. ഭീകരകാലം എന്നറിയപ്പെട്ടിരുന്ന സമയത്ത് ഇദ്ദേഹത്തെ ജയിലിലടച്ചുവെങ്കിലും 1795-ൽ ഇകോളെ നോർമേൽ സുപെരിയെറിൽ ജോലി ലഭിച്ചു. പിന്നീട് ജോസഫ്-ലൂയി ലാഗ്രാഞ്ചിനെത്തുടർന്ന് ഇകോളെ പോളിടെക്നിക്വ് എന്ന സ്ഥാപനത്തിലും ഇദ്ദേഹം ഉദ്യോഗമേറ്റെടുത്തു.

1798-ൽ നെപ്പോളിയനൊപ്പം ഇദ്ദേഹം ഈജിപ്ഷ്യൻ പര്യടനത്തിന് പുറപ്പെട്ടു. ലോവർ ഈജിപ്റ്റ് പ്രദേശത്തിന്റെ ഗവർണറായി ഇദ്ദേഹം നിയമിതനായി.[1] ഇൻസ്റ്റിറ്റ്യൂട്ട് ഡെ'ഈജിപ്റ്റ് എന്ന സ്ഥാപനത്തിന്റെ സെക്രട്ടറി എന്ന ചുമതലയും ഇദ്ദേഹം വഹിക്കുകയുണ്ടായി. ഇംഗ്ലീഷ് നാവികസേന ഈജിപ്റ്റും ഫ്രാൻസുമായുള്ള ബന്ധം വിച്ഛേദിച്ചതിനാൽ ഇദ്ദേഹം പടക്കോപ്പുകളുണ്ടാക്കാനുള്ള സംവിധാനങ്ങൾ ഈജിപ്റ്റിൽ തന്നെ നിർമ്മിക്കുകയുണ്ടായി. ഈജിപ്ഷ്യൻ ഇൻസ്റ്റിറ്റ്യൂട്ടിന് ഇദ്ദേഹം ധാരാളം ശാസ്ത്രീയ പ്രബന്ധങ്ങളും സമർപ്പിക്കുകയുണ്ടായി. നെപ്പോളിയൻ കെയ്റോയിൽ ആരംഭിച്ച ഈജിപ്ഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് കെയ്റോ ഇൻസ്റ്റിറ്റ്യൂട്ട് എന്നും അറിയപ്പെടുന്നു. പൗരസ്ത്യദേശങ്ങളിൽ ഇംഗ്ലീഷുകാർക്കുണ്ടായിരുന്ന സ്വാധീനം കുറയ്ക്കുകയായിരുന്നു ഉദ്ദേശം. ബ്രിട്ടീഷ് വിജയങ്ങൾക്കും ജനറൽ മെനൗവിന്റെ നേതൃത്വത്തിലുള്ള ഫ്രഞ്ചുപടയുടെ 1801-ലെ പരാജയത്തിനും ശേഷം ഫൗറിയർ ഫ്രാൻസിലേയ്ക്ക് മടങ്ങി.

Thumb
അഡ്രിയൻ-ഏരി ലെഗെൻഡ്രെ (ഇടതുവശം0) ജോസഫ് ഫൗറിയർ (വലതുവശം) എന്നിവരുടെ 1820-ലെ കാരിക്കേച്ചർ. ജൂലിയൻ ലിയോപോൾഡ് ബോയിലി ആണ് ഇവ വരച്ചത്.[2]

1801-ൽ[3] നെപോളിയൻ ഫൗറിയറെ ഗ്രെനോബിളിലെ ഇസറെ ഡിപ്പാർട്ട്മെന്റിന്റെ പ്രെഫെക്റ്റ് (ഗവർണർ) ആയി നിയമിച്ചു. റോഡ് നിർമ്മാണം, മറ്റു നിർമ്മാണപ്രവർത്തനങ്ങൾ എന്നിവയുടെ മേൽനോട്ടമായിരുന്നു ഇദ്ദേഹത്തിന്റെ ചുമതല. നെപ്പോളിയനോടുള്ള വിധേയത്വം മൂലം ഫൗറിയർ അദ്ധ്യാപനമുപേക്ഷിച്ച് ഈ ജോലി ഏറ്റെടുത്തു.[3] ചൂട് പടരുന്നതിനെപ്പറ്റി ഇവിടെയാണ് ഫൗറിയർ പഠനമാരംഭിച്ചത്. ഓൺ ദി പ്രൊപഗേഷൻ ഓഫ് ഹീറ്റ് ഇൻ സോളിഡ് ബോഡീസ് എന്ന പ്രബന്ധം ഇദ്ദേഹം 1807 ഡിസംബർ 21-ന് പാരീസ് ഇൻസ്റ്റിറ്റ്യൂട്ടിന് സമർപ്പിച്ചു. ഡെസ്ക്രിപ്ഷൻ ഡെ ല'ഈജിപ്റ്റെ എന്നഗ്രന്ഥരചനയിൽലും ഇദ്ദേഹം സംഭാവനകൾ ചെയ്തിട്ടുണ്ട്.[4]

1816-ൽ ഫൗറിയർ ഇംഗ്ലണ്ടിലെത്തിയെങ്കിലും ഫ്രാൻസിലേയ്ക്ക് തന്നെ മടങ്ങിപ്പോയി. 1822-ൽ ഷോൺ ബാപ്റ്റിസ്റ്റെ ജോസെഫ് ഡെലാംബ്രെയെത്തുടർന്ന് ഫ്രഞ്ച് അക്കാദമി ഓഫ് സയൻസസിലെ സ്ഥിരം സെക്രട്ടറിയായി. 1830-ൽ റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസിലെ വിദേശാംഗമായും ഇദ്ദേഹം നിയമിതനായി.

1830-ൽ ഇദ്ദേഹത്തിന്റെ അനാരോഗ്യം കാരണമുള്ള ബുദ്ധിമുട്ടുകൾ രൂക്ഷമായി. ഹൃദയത്തിലെ അന്യൂറിസം, 1830 മേയ് 4-ൽ പടിയിറങ്ങുമ്പോൾ വീണത് എന്നിവയാണ് പ്രധാന പ്രശ്നങ്ങൾ എന്ന് ജീവചരിത്രകാരനായ ഫ്രാങ്കോയി ആർഗോ പ്രസ്താവിച്ചിട്ടുണ്ട്.[5]}} ഈ സംഭവത്തെത്തുടർന്ന് 1830 മേയ് 16-ന് ഇദ്ദേഹം മരണമടഞ്ഞു.

പാരീസിലെ പെറെ ലാചൈസ് സെമിത്തേരിയിലാണ് ഇദ്ദേഹത്തെ അടക്കം ചെയ്തത്. ശവകുടീരത്തിൽ ഈജിപ്ഷ്യൻ ബിംബങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഈഫൽ ടവറിൽ രേഖപ്പെടുത്തിയിട്ടുള്ള 72 പേരുകളിൽ ഇദ്ദേഹത്തിന്റെ പേരുമുൾപ്പെടുന്നു.

അവലംബം

കൂടുതൽ വായനയ്ക്ക്

പുറത്തേയ്ക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.