ഒരു മദ്ധ്യേഷ്യൻ പ്രാകൃതജനവിഭാഗമായിരുന്നു ഹെഫ്തലൈറ്റുകൾ അഥവാ എഫ്തലൈറ്റുകൾ. ചൈനീസ് ചരിത്രഗ്രന്ഥങ്ങളിൽ വന്മതിലിന്റെ വടക്കുവശത്താണ് ഇവരുടെ ആദ്യകാലവാസസ്ഥലം. അറബി ഗ്രന്ഥങ്ങളിൽ, ഹെഫ്‌തലൈറ്റുകളെ ഹയ്തൽ അല്ലെങ്കിൽ ഹയാതില (ഹബ്‌താൽ അല്ലെങ്കിൽ ഹബാതില എന്നാണ് ഉച്ചാരണം എന്നും പറയപ്പെടുന്നു) എന്നാണ് അറിയപ്പെട്ടിരുന്നത്. ബൈസാന്റെന്മാർ ഇവരെ ഹൂണർ (വെളുത്ത ഹൂണർ) എന്നും അബ്ദെലായ്/എഫ്‌തലാതായ് എന്നുമാണ് വിളീച്ചിരുന്നത്. യിദ എന്നാണിവർ ചൈനക്കാർക്കിടയിൽ അറിയപ്പെട്ടിരുന്നത്. യാൻ‌ദൈയിലിതുവോ എന്നാണ് ഇവർ ഇവരുടെ രാജാവിനെ വിളിച്ചിരുന്നത്[1]. അഫ്ഘാനിസ്താനിലെത്തിയ ഇവർ പഷ്തൂണുകളുടെ മുൻ‌ഗാമികളിൽ ഉൾപ്പെടാം എന്ന് ചില ചരിത്രകാരന്മാർ പറയുന്നു[ഖ][2].

Thumb
500-ആമാണ്ടിലെ ഹെഫ്തലൈറ്റുകളുടെ സാന്നിധ്യം സൂചിപ്പിക്കുന്ന ലോകഭൂപടം

ദക്ഷിണേഷ്യയിൽ

ഷിയോണൈറ്റുകൾക്കു പിന്നാലെ നാലാം നൂറ്റാണ്ടിന്റെ അവസാനം ഇവർ മദ്ധ്യേഷ്യയിൽ നിന്നും ഇന്നത്തെ അഫ്ഘാനിസ്താൻ പ്രദേശത്തേക്കെത്തിയതായി രേഖകളുണ്ട്. ഇവിടെയെത്തിയ ഹെഫ്‌തലൈറ്റുകളിൽ കുറഞ്ഞപക്ഷം അവരിലെ നേതാക്കളെങ്കിലും ഇറാനിയൻ ഭാഷയാണ് സംസാരിച്ചിരുന്നത്. മുൻപ് അൾതായിക് ഭാഷ സംസാരിച്ചിരുന്ന ഇവർ ബാക്ട്രിയയിലെത്തിയതിനു ശേഷം ഇവിടത്തെ ഭാഷ ഉപയോഗിക്കാൻ തുടങ്ങിയതാവാം എന്നു കരുതുന്നു[1].

സസാനിയൻ സാമ്രാജ്യവുമായുള്ള പോരാട്ടം

457-ആമാണ്ടിൽ സസാനിയൻ വിമതനായിരുന്ന ഫിറൂസ്, തന്റെ സഹോദരനും രാജാവുമായിരുന്ന ഹോർമിഡ്സ് മൂന്നാമനെതിരെ പോരാടുന്നതിന് ഹെഫ്‌തലൈറ്റുകളുടെ പിന്തുണ സ്വീകരിച്ചിരുന്നു. ഇതിന് കുറച്ചു കാലം മുൻപുതന്നെ ഹെഫ്‌തലൈറ്റുകൾ തുഖാറിസ്താൻ[ക] അധീനതയിലാക്കിയിരുന്നു എന്ന് അൽ താബറി പറയുന്നു.

ഹെഫ്തലൈറ്റുകളുടെ സഹായത്തോടെ ഫിറൂസിന് 459-ആമാണ്ടിൽ സസാനിയൻ സാമ്രാജ്യത്തിന്റെ ചക്രവർത്തിപദം ലഭ്യമായെങ്കിലും അധികനാളുകൾക്കു മുൻപേ ഫിറൂസും ഹെഫ്തലൈറ്റുകളും തമ്മിൽ യുദ്ധമാരംഭിച്ചു.

460, 70 ദശകങ്ങളിൽ കിഴക്കൻ ഭാഗങ്ങളിൽ മൂന്നു യുദ്ധങ്ങളെങ്കിലും ഫിറൂസ് നടത്തിയിട്ടുണ്ട്. ഇതിനിടയിൽ ഒരിക്കൽ ഫിറൂസിന്റെ പുത്രൻ കുബാധിനെ ഹെഫ്തലൈറ്റുകൾ ബന്ധിയാക്കി. വൻ‌തുക മോചനദ്രവ്യം നൽകിയാണ് ഇയാൾ മോചിപ്പിക്കപ്പെട്ടത്. യുദ്ധം ഇതിനു ശേഷവും തുടരുകയും ഫിറൂസ് കൊല്ലപ്പെടുകയും ചെയ്തു. ഇതിനു ശേഷമുള്ള കുറേ വർഷങ്ങളോളം സസാനിയന്മാർ ഹെഫ്‌തലൈറ്റുകൾക്ക് കപ്പം കൊടുത്തിരുന്നു[1].

ഹിന്ദുകുഷിന്‌ തെക്കുവശത്തേക്കുള്ള വികാസം

തുടർന്ന് തങ്ങളുടെ മുൻ‌ഗാമികളായിരുന്ന ഷിയോണൈറ്റുകളേയും കിദാറൈറ്റുകളേയും ആദേശം ചെയ്ത് ഹിന്ദുകുഷിന് ഇരുവശവുമായി, ഏതാണ്ട് സിന്ധൂനദീതടം വരെയുള്ള പ്രദേശം ഹെഫ്‌തലൈറ്റുകൾ അധീനതയിലാക്കി. എങ്കിലും ഹിന്ദുകുഷിന് വടക്കുള്ള പ്രദേശം തന്നെയായിരുന്നു ഹെഫ്‌തലൈറ്റുകളുടെ ശക്തികേന്ദ്രം. ഇവരുടെ പുരാതനതലസ്ഥാനം തുഖാറിസ്താനിലെ വാർവലിസ് ആയിരുന്നു എന്നാണ് അൽ ബിറൂണി പറയുന്നത്. സലാങ് തുരങ്കത്തിനു വടക്കുള്ള ഇന്നത്തെ ഖുണ്ടുസ് പട്ടണത്തിനടുത്തായിരിക്കണം ഈ സ്ഥലം എന്നാണ് കരുതപ്പെടുന്നത്.

ഹെഫ്തലൈറ്റുകളുടെ ഭരണം ഒട്ടും തന്നെ കേന്ദ്രീകൃതമായിരുന്നില്ല. ഇവരുടെ ഭരണകാലത്ത് അതായത് 520-ആമാണ്ടിൽ ചൈനീസ് സഞ്ചാരിയായിരുന്ന സോങ് യൂൻ, ഇന്നത്തെ അഫ്ഘാനിസ്താൻ പ്രദേശത്തും ഗാന്ധാരത്തിലും സന്ദർശനം നടത്തിയിട്ടുണ്ട്[1].

തുർക്കിക് വംശജരുടെ ആഗമനവും ഹെഫ്തലൈറ്റുകളുടെ അധികാരനഷ്ടവും

ആറാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ തുർക്കിക് വംശജർ, ഇന്നത്തെ അഫ്ഘാനിസ്താന്റെ വടക്കൻ അർതിർത്തിപ്രദേശത്തി തമ്പടികാൻ തുടങ്ങി. 550-60 കാലത്ത് യാബ്ഘു, ഇസ്താമി, സിൻ‌ജിബു എന്നീ പേരുകളിൽ അറിയപ്പെടുന്ന തുർക്കി നേതാവിന്റെ നേതൃത്വത്തിൽ വടക്കുനിന്നും സസാനിയൻ രാജാവായിരുന്ന ഖുസ്രോ ഒന്നാമൻ ഔഷീർവാന്റെ നേതൃത്വത്തിൽ തെക്കുനിന്നും ഹെഫ്തലൈറ്റുകൾ ആക്രമിക്കപ്പെട്ടു. ഹെഫ്തലൈറ്റുകളുടെ അധികാരത്തിന് ഇതോടെ അന്ത്യമായെങ്കിലും വടക്കുകിഴക്കൻ അഫ്ഘാനിസ്താനിൽ ഇവരുടെ സാന്നിധ്യം നിലനിന്നു. പിൽക്കാലത്ത് ഇവർ തുർക്കിക് വംശജരുമായി ചേർന്ന് സസാനിയന്മാർക്കെതിരെയും ചിലപ്പോൾ സസാനിയന്മാരുമായി ചേർന്ന് തുർക്കിക്കൾക്കെതിരായും പോരാടിയിരുന്നു[1].

കുറിപ്പുകൾ

ക.^ ആദ്യസഹസ്രാബ്ദത്തിന്റെ അവസാന നൂറ്റാണ്ടുകൾ മുതൽ പുരാതന ബാക്ട്രിയയും അതിനു കിഴക്കുള്ള മലമ്പ്രദേശങ്ങളും തുഖാറിസ്താൻ എന്ന പേരിലായിരുന്നു അറ്യപ്പെട്ടിരുന്നത്.

ഖ.^ അബ്ദാലി എന്ന പഷ്തൂൺ വംശത്തിന്റെ പേര് എഫ്തലൈറ്റ് എന്ന വാക്കിൽ നിന്നാണെന്നും നൂറിസ്ഥനികളിലെ സിയാ പോഷ് വിഭാഗക്കാർ പത്തൊമ്പതാം നൂറ്റാണ്ടുവരെയും പഷ്തൂണുകളെ അബ്ദാൽ എന്ന പൊതുനാമത്തിലാണ് പരാമർശിച്ചിരുന്നതെന്നും ഈ വാദത്തിന് ഉപോൽബലകമായി ചൂണ്ടിക്കാണിക്കപ്പെടുന്നു

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.