From Wikipedia, the free encyclopedia
രോഗങ്ങളില്ലാത്ത അവസ്ഥയെയാണ് സാമാന്യേന ആരോഗ്യം എന്നതു കൊണ്ടുദ്ദേശിച്ചിരുന്നത്. ഇംഗ്ലീഷിൽ ഹെൽത്ത് (Health). എന്നാൽ 1948-ലെ ലോക ഹെൽത്ത് അസംബ്ലിയുടെ നിർവചനപ്രകാരം രോഗ, വൈകല്യരാഹിത്യമുള്ള അവസ്ഥ മാത്രമല്ല, സമ്പൂർണ്ണ ശാരീരിക, മാനസിക, സാമൂഹ്യ സുസ്ഥിതി (well being) കൂടി ആണു ആരോഗ്യം. [1][2]. ഈ നിർവചനമാണ് ഇന്ന് പൊതുവേ സ്വീകാര്യമായുള്ളത്. ഈ നിർവചനത്തോട് ലോകാരോഗ്യസംഘടനയുടെ 1986ലെ ഒട്ടാവ ചാർട്ടർ ഫോർ ഹെൽത്ത് പ്രൊമോഷന്റെ നിർവചനം കൂടി കൂട്ടിവായിക്കാറുണ്ട്: ആരോഗ്യം സമ്പൂർണ്ണ ദൈനംദിന ജീവിതത്തിനുള്ള ഒരുപാധിയാണ്, നിലനില്പിനായി മാത്രമുള്ളതല്ല. ആരോഗ്യം എന്നത് ശാരീരികശേഷിയിലും സാമൂഹിക വ്യക്തിപരമായ ഉപാധികൾക്ക് ഊന്നൽ കൊടുത്തുകൊണ്ടുള്ള സാക്ഷാത്തായ ഒരു സംഗതിയുമാണ്. കുറേക്കൂടി വിപുലമായ രീതിയിൽ ഇതിനെ പൊതുജനാരോഗ്യം (Public Health) എന്ന് വിളിക്കുന്നു. സമൂഹത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ കുറിക്കാൻ പൊതുജനാരോഗ്യം എന്ന വാക്ക് ഉപയോഗിക്കാറുണ്ട്.
പാരമ്പര്യവും പരിതഃസ്ഥിതിയുമാണ് ആരോഗ്യത്തിനു നിദാനമായ ഘടകങ്ങൾ. ഭൌതീക പരിതഃസ്ഥിതി, സാമൂഹ്യ പരിതഃസ്ഥിതി, ജൈവ പരിതഃസ്ഥിതി എന്ന് പരിതഃസ്ഥിതി ഘടകങ്ങളെ മൂന്നായി തിരിക്കാം.
രോഗാവസ്ഥയ്ക്കുള്ള കാരണങ്ങൾ പലതാകാം. രോഗാണുക്കൾ, പരാദങ്ങൾ എന്നിവയുടെ ആക്രമണം , പോഷണക്കുറവ്, അതിപോഷണം, അമിതാഹാരം, മദ്യപാനം, പുകവലി പോലെയുള്ള ലഹരി ഉപയോഗം എന്നിവ കൂടാതെ ആഹാരത്തിൽ നിന്ന് ലഭിക്കുന്ന ചില ഘടകങ്ങൾ കൂടുതലായി ചയാപചയ പ്രക്രിയയിലൂടെ, അതിലുള്ള ക്രമക്കേട് മൂലമോ അളവ് കൂടുതലായതിനാലോ, വ്യയം ചെയ്യപ്പെടാതെയോ പുറംതള്ളപ്പെടാതെയോ ശരീരത്തിൽ അടിഞ്ഞുകൂടി രോഗാവസ്ഥ ഉണ്ടാകാം. കൂടാതെ അത്യാവശ്യമായ ചില ഘടകങ്ങൾ ലഭിക്കാതെ ശാരീരിക പ്രക്രിയകൾ താളം തെറ്റുന്നതു മൂലമുള്ള രോഗാവസ്ഥയാകാം. വ്യായാമക്കുറവുകൊണ്ടാകുന്ന മേൽപ്പറഞ്ഞതിലേതെങ്കിലും സ്ഥിതിവിശേഷമാകാം. അമിതാദ്ധ്വാനം, സുരക്ഷിതമല്ലാത്ത തൊഴിൽ, മാനസിക സമ്മർദം (സ്‌ട്രെസ്), ഉറക്കക്കുറവ്, മാനസിക പ്രശ്നങ്ങൾ, അമിതവണ്ണം എന്നിവ രോഗാവസ്ഥയായി മാറാം. മഹാമാരികൾ പൊട്ടിപുറപ്പെടുന്നത് സാമൂഹികമായ ആരോഗ്യത്തെ മൊത്തത്തിൽ ബാധിക്കുന്നു. ഉദാ: കോവിഡ് 19.
ശരീര കോശങ്ങളുടെ അപകർഷവും (degeneration), പ്രായ വർദ്ധനയും (aging) രോഗ കാരണങ്ങളാണ്. കൂടാതെ പാരമ്പര്യ ഘടകങ്ങൾ. മേൽപ്പറഞ്ഞ ഏതെങ്കിലും അസന്തുലിതാവസ്ഥയ്ക്കുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രതികരണമായുണ്ടാകുന്ന ചില ക്രമക്കേടുകളായാകാം പുറത്ത് കാണപ്പെടുന്നത്. അതോടൊപ്പം തെറ്റായ ജീവിതശൈലി കൂടിയാകുമ്പോൾ രോഗമുണ്ടാകാനുള്ള സാധ്യത വളരെയധികം വർധിക്കുന്നു. രോഗാവസ്ഥയ്ക്കുള്ള ചികിത്സ തെറ്റായതു മൂലം രോഗാവസ്ഥ സൃഷ്ടിക്കപ്പെടാം. മരുന്നുകളുടെ കുറവു് കൊണ്ടും ആധിക്യം കൊണ്ടും രോഗാവസ്ഥ ഉണ്ടാകാം.
കാൻസർ, പ്രമേഹം, ഹൃദ്രോഗം, ധമനീ രോഗങ്ങൾ, രക്താതിമർദ്ദം, പക്ഷാഘാതം, COPD, വൃക്കരോഗം, കരൾ രോഗങ്ങൾ, പിസിഒഎസ്, അമിത കൊളെസ്ട്രോൾ, അമിതവണ്ണം, വയറിനു ചുറ്റും അമിതമായി കൊഴുപ്പ് അടിയുന്ന അവസ്ഥ എന്നിവ ജീവിതശൈലി മൂലമുണ്ടാകുന്ന രോഗങ്ങളുടെ കൂട്ടത്തിൽ എടുത്തു പറയേണ്ടതാണ്. ആരോഗ്യകരമായ ജീവിതശൈലി കൊണ്ട് മേൽപ്പറഞ്ഞ രോഗങ്ങളെ നല്ലൊരു പരിധിവരെ തടയാനും, ആരോഗ്യം നിലനിർത്താനും സാധിക്കും. ഭക്ഷണം, ശാരീരിക വ്യായാമം, ഉറക്കം എന്നിവ ഒരു വ്യക്തിയുടെ ആരോഗ്യത്തിൽ അതിപ്രധാന പങ്ക് വഹിക്കുന്നുണ്ട്.
ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടത് ആരോഗ്യം നിലനിർത്താൻ ഏറ്റവും അത്യാവശ്യമാണ്. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായ പ്രകാരം അതിനായി ദിവസേന 5 കപ്പ് പഴങ്ങളും പച്ചക്കറികളും, പരിപ്പുവർഗങ്ങൾ, കടൽ മത്സ്യം, മുട്ട, കൊഴുപ്പ് കുറഞ്ഞ മാംസം എന്നിവ ശരിയായ അളവിൽ ആഹാരത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ഇതുവഴി വിറ്റാമിനുകൾ, ധാതുക്കൾ, പ്രോടീൻ, ഒമേഗ 3 ഫാറ്റി ആസിഡ്, നാരുകൾ എന്നിവ ശരീരത്തിന് ആവശ്യത്തിന് ലഭ്യമാകുന്നു. എണ്ണയിൽ വറുത്തതും പൊരിച്ചതും, അമിതമായി മൊരിഞ്ഞതുമായ ആഹാരങ്ങൾ, അമിതമായി മധുരം, ഉപ്പ്, കൊഴുപ്പ്, അന്നജം, കൊഴുപ്പ് കൂടിയ മാംസം, പലഹാരങ്ങൾ എന്നിവ അടങ്ങിയ ആഹാരം അമിതമായി ഉപയോഗിക്കുന്നത് നിയന്ത്രിക്കേണ്ടതാണ്.
വ്യായാമക്കുറവാണ് മറ്റൊരു പ്രധാന പ്രശ്നം. മുതിർന്നവർ നിത്യേന കുറഞ്ഞത് 30 മിനുട്ട് വീതവും കുട്ടികൾ ഒരു മണിക്കൂറും ശാരീരികാധ്വാനം നൽകുന്ന വ്യായാമം, കളികൾ, നൃത്തം, ആയോധനകലകൾ എന്നിവ ഏതെങ്കിലും ചെയ്യേണ്ടതുണ്ട്. ഇത് ശാരീരികക്ഷമത മാത്രമല്ല കാൻസർ, പ്രമേഹം, ഹൃദ്രോഗം, അമിതഭാരം, വന്ധ്യത, ഉദ്ധാരണശേഷിക്കുറവ് തുടങ്ങിയ ജീവിതശൈലി രോഗങ്ങളെ അകറ്റാനും മാനസികമായ ആരോഗ്യവും ലൈംഗികാരോഗ്യവും മെച്ചപ്പെടുത്താനും സഹായിക്കുന്നു എന്ന് പഠനങ്ങൾ പറയുന്നു. ശരീരത്തിന്റെ അമിതഭാരം, വയറിന് ചുറ്റും അടിയുന്ന കൊഴുപ്പ് എന്നിവ നിയന്ത്രിക്കേണ്ടതും അത്യാവശ്യമാണ്. ഇവ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്ന ഒരു ഘടകമാണ്.
ലഹരിയുടെ ഉപയോഗമാണ് ആരോഗ്യത്തെ ഏറ്റവും ദോഷകരമായി ബാധിക്കുന്ന മറ്റൊരു ഘടകം. അതിമദ്യാസക്തി, പുകവലി തുടങ്ങിയവ രോഗസാധ്യത വളരെയധികം വർധിപ്പിക്കുന്നു. പുലയിലയിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ ശരീരത്തിലെ എല്ലാ അവയവങ്ങളെയും ബാധിക്കുന്നു.
മാനസിക ആരോഗ്യം മറ്റൊരു പ്രധാന ഘടകമാണ്. ഉദാഹരണത്തിന് വിഷാദരോഗം, ഉത്കണ്ഠ വൈകല്യം, വ്യക്തിത്വ വൈകല്യങ്ങൾ പോലെയുള്ള മാനസികരോഗങ്ങൾ, ആത്മഹത്യ പ്രവണത പോലെയുള്ള പ്രശ്നങ്ങൾ സമൂഹത്തെ ഗുരുതരമായി ബാധിക്കുന്നു. പരിസ്ഥിതിയുമായി ബന്ധപ്പെട്ടു മലിനീകരണവും, ശുദ്ധജലത്തിന്റെ അഭാവവും രോഗങ്ങൾ വർധിപ്പിച്ചേക്കാം.
അപകടങ്ങൾ, അതിക്രമങ്ങൾ, ബലാത്സംഗം എന്നിവ കൊണ്ടുമാകാം രോഗാവസ്ഥ. ലൈംഗികവും പ്രത്യുൽപാദനപരവുമായ ആരോഗ്യം ഏറെ പ്രധാനമാണ്. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം മൂലം ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ എച്ച്ഐവി അഥവാ എയ്‌ഡ്‌സ് തുടങ്ങിയ രോഗാണുബാധകളും, ഗർഭധാരണവും പ്രസവവുമായി ബന്ധപ്പെട്ട സങ്കീർണ്ണതകൾ കാരണം അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യവും താറുമാറായേക്കാം. വന്ധ്യത, ഗർഭനിരോധന ഉപാധികളുടെ ലഭ്യത, ഉപയോഗം, ആളുകൾക്ക് ഇതേപറ്റിയുള്ള അവബോധം, ശാസ്ത്രീയ ലൈംഗികാരോഗ്യ വിദ്യാഭ്യാസം തുടങ്ങിയവ ലൈംഗികവും പ്രത്യുൽപാദനപരവുമായ ആരോഗ്യവുമായി ബന്ധപെട്ടു കിടക്കുന്നു. ഇത്തരം പ്രശ്നങ്ങളും വ്യക്തിയെയും സമൂഹത്തെയും പ്രതികൂലമായി ബാധിക്കാറുണ്ട്. പുരുഷന്മാരിൽ കാണപ്പെടുന്ന ഉദ്ധാരണശേഷിക്കുറവ്, സ്ത്രീകളിൽ യോനീസങ്കോചം (വജൈനിസ്മസ്), യോനീ വരൾച്ച, വേദനാജനകമായ ലൈംഗികബന്ധം, സ്ത്രീ ലൈംഗിക ഉത്തേജന വൈകല്യം തുടങ്ങിയവ ഉദാഹരണം. ജെൻഡറുമായി ബന്ധപ്പെട്ട അസമത്വങ്ങളും ആരോഗ്യത്തെ ബാധിച്ചേക്കാം. ട്രാൻസ്ജെൻഡറുകൾ, മറ്റ് ലൈംഗികന്യൂനപക്ഷങ്ങൾ എന്നിവർക്ക് ഉണ്ടാകാവുന്ന പ്രശ്നങ്ങൾ എന്നിവയൊക്കെ രോഗഹേതുവാകാം.
ശാസ്ത്രീയമായ ലൈംഗികാരോഗ്യ വിദ്യാഭ്യാസത്തിന്റെ അഭാവം ഏറെ അപകടകരമാണ്. ഇത്തരം സാഹചര്യത്തിൽ ആളുകളിൽ ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളെയും, ഗർഭ നിരോധന മാർഗങ്ങളെയും, സുരക്ഷിതവും തൃപ്തികരവുമായ ലൈംഗികതയെ സംബന്ധിച്ച ശാസ്ത്രീയമായ അറിവ് ഇല്ലാതിരിക്കുകയും, ഇക്കാരണത്താൽ ആഗ്രഹിക്കാത്ത ഗർഭധാരണവും, എയ്‌ഡ്‌സ് ഉൾപ്പെടെയുള്ള രോഗങ്ങൾ പകരുവാനും സാധ്യതയുണ്ട്. മാത്രമല്ല, ലൈംഗിക ബന്ധത്തിന് ആവശ്യമായ സമ്മതത്തെ പറ്റിയും (consent) പീഡന ശ്രമങ്ങളെ തിരിച്ചറിയേണ്ടതിനെ പറ്റിയും ലൈംഗികാരോഗ്യ വിദ്യാഭ്യാസത്തിലൂടെ ബോധവൽക്കരണം നൽകേണ്ടതുണ്ട്. ഇത് പീഡന ശ്രമങ്ങളെ ചെറുക്കാൻ ആവശ്യമാണ്.
പ്രതികൂല ഘടകങ്ങളൊന്നുമില്ലാതിരിക്കുകയും ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനങ്ങൾ ശരിയായി നടക്കുകയും ചെയ്യുന്ന വ്യക്തിക്ക് ശാരീരിക, മാനസിക, സാമൂഹിക സുഖാവസ്ഥ അനുഭവപ്പെടുകയും ചെയ്യുന്നതിനേയാണ് ആരോഗ്യം എന്ന് പറയുന്നത്.
പബ്ലിക് ഹെൽത്ത് (Public health), കമ്മ്യൂണിറ്റി മെഡിസിൻ (Community medisine) തുടങ്ങിയ വൈദ്യശാസ്ത്രശാഖകൾ ആരോഗ്യത്തിന്റെ വിവിധ വശങ്ങൾക്ക് ഊന്നൽ കൊടുക്കുന്ന മേഖലകളാണ്.
ജീവിക്കുന്ന സാഹചര്യം പൊതുവിൽ വ്യക്തികളുടെ ആരോഗ്യവും ജീവിതത്തിന്റെ ഗുണനിലവാരം (ക്വാളിറ്റി ഓഫ് ലൈഫ്) നിർണ്ണയിക്കുന്നതിലും പരമപ്രധാനമാണ്. വൈദ്യശാസ്ത്രത്തിന്റെ പ്രയോഗത്തിലൂടെ മാത്രമല്ല, ജീവിതരീതിയുടെ തിരഞ്ഞെടുപ്പിലൂടെയും മെച്ചപ്പെട്ട പരിസ്ഥിതിയുമാണ് ആരോഗ്യവും മൂല്യവും വർദ്ധിപ്പിക്കുന്നത് എന്നത് കൂടുതൽ സ്വീകാര്യമാവുകയാണ്.
ആരോഗ്യം നിർണ്ണയിക്കുന്ന പ്രധാന ഘടകങ്ങൾ സാമൂഹികവും സാമ്പത്തികവുമായ അന്തരീക്ഷം, ആരോഗ്യസേവനങ്ങളുടെ ലഭ്യത, വികസനം, ഭൗതികമായ ചുറ്റുപാട്, ആരോഗ്യകരമായ തൊഴിലിടങ്ങൾ, ജനങ്ങളുടെ ജീവിതശൈലി, ആരോഗ്യകരമായ ആഹാരം, ശുചിത്വം, ലിംഗസമത്വം തുടങ്ങി ജെൻഡറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ആരോഗ്യകരമായ ലൈംഗികത, മെച്ചപ്പെട്ട മാനസികാവസ്ഥ, മലിനീകരണത്തിന്റെ തോത് തുടങ്ങിയവ ആണെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിലപാട്. [3]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.