ഒരു സജീവ വസ്തുവിന്റെ ജീവിതം അവസാനിക്കുന്നതിനെയാണ് മരണം എന്ന് പറയുന്നത് From Wikipedia, the free encyclopedia
ജീവനുള്ള ശരീരത്തിൽ നിന്നും ജീവൻ നഷ്ടപ്പെടുന്ന പ്രതിഭാസമാണ് മരണം. ഇരപിടുത്തം, രോഗം, ആവാസവ്യവസ്ഥയുടെ തകർച്ച, വാർദ്ധക്യം, പോഷകാഹാരക്കുറവ് മൂലമുള്ള രോഗം, കൊലപാതകം, അപകടം, ആതമഹത്യ എന്നീ കാരണങ്ങളിൽ ഏതെങ്കിലും ഒന്ന് ഒരു സജീവവസ്തുവിന്റെ മരണത്തിനു കാരണമാകാം. വികസിത രാജ്യങ്ങളിൽ മനുഷ്യന്റെ മരണത്തിന്റെ മുഖ്യ കാരണം വാർദ്ധക്യകാലത്തെ രോഗമാണ്.
മരണവുമായി ബന്ധപ്പെട്ട ചടങ്ങുകളും വിശ്വാസങ്ങളും മനുഷ്യ സംസ്കാരത്തിലെ ഒരു പ്രധാനപ്പെട്ട ഭാഗമാണ്, ഒപ്പം മതപരമായിട്ടുള്ള വിശ്വാസങ്ങളും. മരണത്തിന്റെ ജൈവശാസ്ത്രപരമായ നിർവചനങ്ങളും വിശദാംശങ്ങളും സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കനുസരിച്ച് കൂടുതൽ സങ്കീർണമായിക്കൊണ്ടിരിക്കുകയാണ്.
ഇതിഹാസങ്ങളിലും പുരാണങ്ങളിലും ഗോത്രകഥകളിലും കലയിലും സാഹിത്യത്തിലും തത്വശാസ്ത്രത്തിലും മരണം പല വിധത്തിലാണ് പ്രതിപാദിപ്പിക്കപ്പെടുന്നത്. മരണത്തെ നിർവചിക്കുന്നതിൽ വൈദ്യശാസ്ത്രം വളരെയേറെ മുന്നോട്ടു് പോയിട്ടുണ്ട്. നിരന്തരമായ പഠനങ്ങളും ഗവേഷണങ്ങളും ശാസ്ത്രത്തെ ഇക്കാര്യത്തിൽ സഹായിക്കുന്നുണ്ട്. ജീവൻ നിലനിർത്തുന്ന രാസപ്രവർത്തനം നിലയ്ക്കുന്നതോടെ ജീവൻ ഇല്ലാതെയാകുന്ന അവസ്ഥയെയാണ് മരണം എന്ന് ശാസ്ത്രം ലളിതമായി പറയുന്നുവെങ്കിലും ശാസ്ത്രീയമായ വിശകലനം മരണത്തെ സങ്കീർണമായാണ് വിവരിക്കുന്നത്. കാലം പുരോഗമിക്കുംതോറും അതിലേക്കു കൂടുതൽ അറിവ് ചേർക്കപ്പെടുകയാണ്.
കഠോപനിഷത്തിൽ മരണം മരണാനന്തരം എന്നിവയെപ്പറ്റിയാണു സംവാദം. മരണത്തോടെ ശരീരത്തിൽ നിന്നു എന്താാണ് വേർപെടുന്നത്? ഛാന്ദോഗ്യോപനിഷത്ത്, ബൃഹദാരണ്യകോപനിഷത്ത് തുടങ്ങിയവയിലൊക്കെ ഇതിനുള്ള ഉത്തരം കാണാം. ദ് ടിബറ്റൻ ബുക്ക് ഓഫ് ദ് ഡെഡ് (Original Title: Bardo Thodol) എന്ന പുസ്തകത്തിൽ മരണാനന്തര ജീവിതത്തെപ്പറ്റി രസകരമായ വിവരണം ഉണ്ട്.
എം. ടി. വാസുദേവൻ നായരുടെ 'മഞ്ഞ് ' എന്ന നോവലിൽ "മരണം രംഗബോധമില്ലാത്ത കോമാളിയാണെ"ന്നു പറഞ്ഞിരിക്കുന്നു.
ശരീരത്തിൽ ജീവൻ നിലനിർത്തുന്ന രാസപ്രവർത്തനം നിലയ്ക്കുന്നതോടെ ജീവൻ ഇല്ലാതെയാകുന്ന അവസ്ഥയെയാണ് മരണം എന്ന് ശാസ്ത്രം ലളിതമായി പറയുന്നത്. ശാസ്ത്രീയമായ വിശകലനം മരണത്തെ സങ്കീർണമായാണ് വിവരിക്കുന്നത്. കാലം പുരോഗമിക്കുംതോറും അതിലേക്കു കൂടുതൽ അറിവ് വന്നുചേർന്നുകൊണ്ടിരിക്കുന്നു. സൂക്ഷ്മജീവികൾ മുതൽ നീലത്തിമിംഗലം വരെയുള്ള ജീവിവർഗങ്ങളിലും സസ്യലതാദികളിലും വ്യത്യസ്ത തരങ്ങളിൽ മരണം സംഭവിക്കുന്നു. മനുഷ്യനെപ്പോലെയുള്ള സങ്കീർണ ജീവികളിൽ കുറഞ്ഞത് നാലു പ്രധാന രീതിയിൽ മരണം സംഭവിക്കാം എന്ന് വൈദ്യശാസ്ത്രം പറയുന്നു. തലച്ചോറിന്റെ പ്രവർത്തനം സ്ഥിരമായി അവസാനിക്കുന്നതാണ് (Brain Death) വൈദ്യശാസ്ത്രപരമായ മരണങ്ങളിൽ ഒന്ന്. ഹൃദയാഘാതം (Heart Attack) കാരണമുള്ള മരണം, ഹൃദയ സ്‌തംഭനം (Cardiac Arrest) സംഭവിക്കുമ്പോഴുള്ള മരണം, രോഗസംബന്ധമായ മരണം (Clinical Death) എന്നിങ്ങനെ പല രീതിയിൽ മരണം സംഭവിക്കാം. [1]
മസ്തിഷ്കമരണം സംഭവിച്ചുകഴിഞ്ഞാലും ശരീരത്തിലെ ആന്തരികാവയവങ്ങളും കണ്ണുകളും ചർമവും മറ്റും പിന്നെയും കുറേനേരംകൂടി ജീവൽ സ്പന്ദനത്തോടെ ഇരിക്കുന്നുവെന്ന് ശാസ്ത്രം മനസ്സിലാക്കിയതിൻറെ ഫലമാണ് അവയവദാനവും അവയവമാറ്റ ശാസ്ത്രക്രിയയും മനുഷ്യർക്ക് പ്രയോജനപ്രദമാകാൻ കാരണം. മരണാനന്തരം അവയവദാനം ചെയ്യുക എന്നത് പുരോഗമന സമൂഹങ്ങളുടെ മുഖമുദ്രയായി മാറിയിട്ടുണ്ട്. ഹൃദയം, വൃക്ക, കണ്ണുകൾ തുടങ്ങിയവ മാറ്റിവയ്ക്കുക വഴി പലരോഗികൾക്കും ജീവൻ നിലനിർത്താൻ സാധിക്കുന്നു.
മരണത്തെക്കുറിച്ചു വിശദമായി പ്രതിപാദിക്കുന്ന ശാസ്ത്രപഠനശാഖയായ തനറ്റോളജി(Thanatology) സമകാലീന കാലത്ത് ഗവേഷണ വിദ്യാർത്ഥികളെ ആകർഷിക്കുന്ന ഒന്നാണ്.[2] ശാരീരികം, നീതിശാസ്ത്രപരം, ആദ്ധ്യാത്മികം, വൈദ്യശാസ്ത്രപരം, സാമൂഹികം, മനഃശാസ്ത്രപരം എന്നിങ്ങനെ വിവിധ വീക്ഷണങ്ങളിൽ ഈ പഠനം നടക്കുന്നുണ്ട്.
ലോകാരോഗ്യസംഘടനയുടെ കണക്കിൽ ഇപ്പോൾ ലോകത്ത് നടക്കുന്ന മരണങ്ങളുടെ കാരണങ്ങളായി പറയുന്നവയിൽ ആദ്യ പത്തിൽ വരുന്നത് ഇവയാണ്: ഹൃദ്രോഗം, മസ്തിഷ്കാഘാതം, സ്ഥിരമായ ശ്വാസകോശരോഗങ്ങൾ, ശ്വാസതടസ്സമുണ്ടാക്കുന്ന അണുബാധ, നവജാത ശിശുരോഗങ്ങൾ, ശ്വാസനാള-ശ്വാസകോശ അർബുദങ്ങൾ, അൽഷിമേഴ്‌സ്-ഡിമെൻഷ്യ രോഗങ്ങൾ, ഉദരരോഗങ്ങൾ, പ്രമേഹം, വൃക്കരോഗങ്ങൾ. ആകെ മരണങ്ങളുടെ 55 ശതമാനം ഈ രോഗങ്ങൾ മൂലമാണെന്ന് പഠനങ്ങൾ പറയുന്നു.[3]
ഒരു സാധാരണ മരണം സംഭവിക്കുന്നത് സാവധാനമായിരിക്കും. പ്രായാധിക്യംമൂലമുള്ള ഈ മരണങ്ങളിൽ ശരീരത്തിൻറെ പ്രവർത്തനം ക്രമേണ മന്ദഗതിയിൽ ആവുകയും ഹൃദയത്തിന്റെയും മറ്റ് ആന്തരിക അവയവങ്ങളുടെയും പ്രവർത്തനം പതിയെപ്പതിയെ നിലയ്ക്കുകയും ചെയ്യുന്നു. മസ്തിഷ്‌കത്തിന്റെ പ്രവർത്തനം പൂർണമായി നിലച്ചുകഴിയുമ്പോഴാണ് ഒരാൾ മരിച്ചു എന്ന് ഡോക്ടർ സാക്ഷ്യപ്പെടുത്തുന്നത്. ഈ അവസ്ഥയിൽ ന്യൂറോണുകളുടെ പ്രവർത്തനവും നിലയ്ക്കുന്നു. ബോധം നഷ്ടപ്പെടുന്നു. അതേത്തുടർന്ന് കോശങ്ങൾ നശിക്കാൻ തുടങ്ങുകയും ചെയ്യുന്നു. സാവധാനം ശരീരം അഴുകിത്തുടങ്ങുന്നു. മനുഷ്യശരീരത്തിൽ അധിവസിക്കുന്ന സൂഷ്മജീവികൾ അതിനു സഹായിക്കുന്നു. ഏതാനും മാസങ്ങൾക്കുള്ളിൽ മണ്ണോട് ചേരുന്നു. ഓരോരോ മൂലകങ്ങളായും കണികകളായും വിഘടിച്ചുമാറുന്നു. [4]
ശരീരം മരിച്ചു എന്നു സ്ഥിരീകരിച്ചു കഴിഞ്ഞും മനുഷ്യർക്കു കാണാനും കേൾക്കാനും പറ്റുമെന്ന് 2014-ൽ സതാംപ്റ്റൺ സർവ്വകലാശാലയിലെ വിദഗ്ദ്ധരുടെ ഒരു പഠനം സമർത്ഥിക്കുകയുണ്ടായി. ഹൃദയാഘാതത്തെ അതിജീവിച്ച ആളുകളിലെ പഠനത്തിൽ മൂന്നു മിനിറ്റലിധികം ഹൃദയസ്പന്ദനം നിലച്ചിരുന്ന ആളുകൾക്ക് ആസമയത്ത് തങ്ങളുടെ ചുറ്റും നടന്ന കാര്യങ്ങൾ ഓർത്തു പറയാൻ കഴിഞ്ഞിട്ടുണ്ടെന്ന് ഗവേഷകർ അവകാശപ്പെടുന്നു. എന്നാൽ ഇവരുടെ മസ്തിഷ്ക പ്രവർത്തനം നിലച്ചിരുന്നോ എന്നത് വ്യക്തമല്ല.[5]
ജൂതൻമാരും ക്രിസ്ത്യാനികളും വിശ്വസിക്കുന്നത് പോലെ ഈ ഭൂമി പരലോകത്തേക്കുള്ള ഒരു തയാറെടുപ്പായിട്ടാണ് മുസ്ലിംങ്ങളും വിശ്വസിക്കുന്നത്. ആത്മാവിന് ഈ ലോകത്ത് ജീവിക്കാനുള്ള സംവിധാനമാണ് മനുഷ്യശരീരം. ആത്മാവ് ശരീരത്തിൽ നിന്ന് വേർപെടുകയും ഉയർത്തെഴുന്നേൽപ്പ് നാൾ വരെ കാത്തിരിക്കുകയും ചെയ്യുന്നു എന്ന് വിശ്വസിക്കപെടുന്നു. അതോടെ ഭൌതിക ശരീരം നശിക്കുകയും ചെയ്യും.[6] എല്ലാ ആളുകളും മരണത്തെ അനുഭവിക്കുന്നവരാകുന്നു, തിന്മ കൊണ്ടും,നന്മ കൊണ്ടും നിങ്ങളെ നാം പരീക്ഷിക്കുന്നതാണു, നിങ്ങൾ നമ്മുടെ അടുക്കലേക്കുതന്നെ മടക്കപ്പെടുന്നതാണു. (ഖുർ-ആൻ 21:35)
അനുശോചിക്കാനോ നിയന്ത്രണമില്ലാത്ത നിലവിളിക്കോ, കരച്ചിലിനോ പറ്റിയ സമയമല്ല മരണ സമയമെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. മറിച്ച് ശാന്തമായിട്ടും സമചിത്തനായും നിൽക്കാനാണ് ഇസ്ലാം അനുശാസിക്കുന്നത്. ഒരു മുസ്ലിം മരിച്ചാൽ അവന്റെ ഭൗതികശരീരം സധാരണയായി അവന്റെ ബന്ധുക്കൾ കുളിപ്പിക്കുകയും അതിന് ശേഷം വൃത്തിയുള്ള 3 മുറി വെള്ള തുണിയിൽ പൊതിഞ്ഞ് ഒരു ചെറിയ നിസ്കാരത്തോടൊപ്പം(മയ്യിത്ത് നമസ്കാരം) മറവ് ചെയ്യും.
പ്രവാചകൻ മുഹമ്മദ് നബി (സ) പഠിപ്പിക്കുന്നത് ഒരുവന്റെ മരണ ശേഷം അവൻ ഭൗതികലോകത്ത് നിന്ന് കിട്ടുന്ന പ്രതിഫലം അവൻ നൽകിയ നില നിൽക്കുന്ന ധർമ്മവും അവൻ പഠിച്ച ഉപകാരപ്രദമായ വിജ്ഞാനവും അവന്റെ മക്കൾ അവന് വേണ്ടി പ്രാർത്ഥിക്കുന്നതുമാകുന്നു.
എന്തായാലും മരണശേഷമുള്ള ജീവിതവും ഉയർത്തെഴുന്നേൽപ്പും ശാസ്ത്രീയമായി തെളിയിക്കാൻ കഴിയാത്ത ഒരു കാര്യമായത് കൊണ്ട് എല്ലാ മതക്കാരും വിശ്വസിക്കുന്നത് പോലെ മത വിശ്വാസത്തെ(ഖുർ-ആനിനെ) അടിസ്ഥാനമാക്കിയാണ് മുസ്ലിങ്ങളും വിശ്വസിക്കുന്നത്.
വ്യക്തമായി നമുക്ക് കാണാവുന്ന ചില ശാസ്ത്രീയമായിട്ടുള്ളതും അല്ലാത്തതുമായ കാര്യങ്ങൾ വിവരിക്കുകയും അതിനെ ആസ്പദമാക്കി മരണശേഷമുള്ള കാര്യങ്ങൾ വിശ്വസിക്കാനുമാണ് ഖുർ ആനിലൂടെ ദൈവത്തിന്റെ കൽപ്പന എന്ന് മുസ്ലിങ്ങൾ വിശ്വസിക്കുന്നു.
|
അശോച്യാനന്വശോചസ്ത്വം പ്രജ്ഞാവാദാംശ്ച ഭാഷസേ |
ദേഹത്തിൽ നിന്നും വേറിട്ട ആത്മജ്ഞാനം ഉള്ളവരാണ് ജ്ഞാനികൾ. അവരെ സംബന്ധിച്ചിടത്തോളം മരണം എന്നത് ആത്മാവിന്റെ ഉടുപ്പുമാറൽ മാത്രമാണ്- തങ്ങൾ നിത്യനായ ആത്മാവാണ് എന്ന് അനുഭവത്തിൽ അറിഞ്ഞ അവർക്ക് അതുകാരണം തന്നെ മരണം എന്ന അവസ്ഥയിൽ ഭയമോ ദുഃഖമോ ഇല്ല. ഈ വസ്തുതകൾ ഇനിയങ്ങോട്ട് വിശദമായി പ്രതിപാദിക്കപ്പെടുന്നു. അതിന്റെ തുടക്കമായി പറയുന്നു നീ ഇപ്പോൾ വെറുതേ വേണ്ടാത്ത രീതിയിൽ ദുഃഖിക്കുകയാണ്, ഇവർ മരിച്ചു പോകും എന്നോർത്തു നീ ദുഃഖിക്കേണ്ട കാര്യമില്ല. |
ആത്മാവിന്റെ അമർത്യതയിൽ യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നില്ല. മരണം എന്നത് എങ്ങും അസ്തിത്വം ഇല്ലാത്ത അവസ്ഥയാണെന്നും (ജനിക്കുന്നതിനു മുൻപ് ഉള്ള അവസ്ഥ), അവർക്ക് ചിന്തിക്കാനോ പ്രവർത്തിക്കാനോ കഴിയുകയില്ലെന്നും ഇവർ വിശ്വസിക്കുന്നു. ലളിതമായി പറഞ്ഞാൽ, മരണത്തിൽ ഒരു വ്യക്തിയുടെ അവസ്ഥ എന്നത് ഗാഡനിദ്ര അഥവാ ഉറക്കം പോലെ ആണെന്ന് ഇവർ വിശ്വസിക്കുന്നു. മരിച്ച വ്യക്തി പിന്നെ ഒരിടത്തും ജീവിച്ചിരിക്കുന്നില്ല.[7].
യഹോവയുടെ സാക്ഷികൾ നരകത്തിൽ വിശ്വസിക്കുന്നില്ല. അക്ഷരീയ നരകം ദൈവം സൃഷ്ടിച്ചിട്ടില്ല എന്നും നരകം എന്ന് പല ബൈബിൾ പരിഭാഷകളിലും പരിഭാഷപെടുത്തിയിരിക്കുന്നതിന്റെ ഗ്രീക്ക് പദം ആയ 'ഗീഹെന്ന' നിത്യനാശത്തിന്റെ പ്രതീകം മാത്രം ആണെന്നും പഠിപ്പിക്കുന്നു. പാതാളം എന്ന് വിവർത്തനം ചെയ്യപ്പെടുന്ന എബ്രായ പദം 'ഹേഡീസ്', ഗ്രീക്ക് പദം 'ഷീയോൾ' എന്നിവ മനുഷ്യവർഗ്ഗത്തിന്റെ പൊതു ശവക്കുഴിയെ ആണ് അർത്ഥമാക്കുന്നതെന്ന് വിശ്വസിക്കുന്നു. യഹോവയുടെ സാക്ഷികൾ ആത്മാവിനെ (Spirit) ജീവശക്തി (Life force) അഥവാ ശ്വാസം (Breath) ആയും ദേഹി (Soul) എന്നത് ജീവൻ ഉള്ള വ്യക്തിയായും (living being) പഠിപ്പിക്കുന്നു. മരിക്കുമ്പോൾ വ്യക്തി അഥവാ ദേഹി (Soul) പൂർണമായും ഇല്ലായ്മയിലേക്ക് പോകുന്നു എന്നും ഇവർ പഠിപ്പിക്കുന്നു.[8] [9].
മരിച്ചവർ ഒരിടത്തും ജീവിക്കുന്നില്ല എങ്കിലും അവർക്ക് ഒരു പുനരുത്ഥാന പ്രത്യാശ ഉണ്ടെന്ന് ഇവർ വിശ്വസിക്കുന്നു. ദൈവരാജ്യം ഭൂമിയെ ഭരിക്കുമ്പോൾ നീതിമാന്മാരുടെയും, നീതികെട്ടവരുടെയും (ദൈവത്തെ അറിയാൻ അവസരം കിട്ടാതെ മരിച്ച് പോയ നല്ല മനുഷ്യർ) ഒരു പുനരുത്ഥാനം ഈ ഭൂമിയിൽ ഉണ്ടാകും എന്ന് ഇവർ പ്രത്യാശിക്കുന്നു. സ്വർഗ്ഗത്തിൽ ക്രിസ്തുവിനോടുകൂടെ ഭരിക്കാൻ ദൈവം തിരഞ്ഞെടുത്ത കുറച്ചുപേർ മാത്രമെ പോകുകയുള്ളുവെന്നും (അഭിഷിക്തർ), മറ്റുള്ള നല്ലവർ ഭുമിയിലെ പറുദീസയിൽ രോഗവും വർദ്ധക്യവും മരണവും ഇല്ലാതെ എക്കാലവും ജീവിക്കും എന്നുമുള്ള വിശ്വാസമാണ് ഇവർക്കുള്ളത്.
പിൻവരുന്ന ബൈബിൾ വചനങ്ങളെ ഇവരുടെ ആശയത്തെ പിന്താങ്ങാനായി ഇവർ ഉപയോഗിക്കുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.