വ്യത്യസ്ത ജീവിവർഗങ്ങളുടെ ശരീരഘടനയിലെ സമാനതകളെയും വ്യത്യാസങ്ങളെയും കുറിച്ചുള്ള പഠനമാണ് കംപാരേറ്റീവ് അനാട്ടമി. ഇത് പരിണാമ ജീവശാസ്ത്രവുമായും ഫൈലോജെനിയുമായും [1] (ജീവിവർഗങ്ങളുടെ പരിണാമം) അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു.

Thumb
കംപാരേറ്റീവ് അനാട്ടമി, ജീവികളിലെ സമാനതകളും വ്യത്യാസങ്ങളും പഠിക്കുന്നു. വിവിധ കശേരുക്കളുടെ മുകളിലെ ഹോമോലോഗസ് അസ്ഥികളൂടെ ചിത്രം.

ക്ലാസിക്കൽ കാലഘട്ടത്തിൽ ആരംഭിച്ച ഈ ശാസ്ത്രം, പക്ഷികളുടെയും മനുഷ്യരുടെയും അസ്ഥികൂടങ്ങളുടെ സമാനതകൾ ശ്രദ്ധിച്ച പിയറി ബെലോണിന്റെ പ്രവർത്തനത്തിലൂടെ ആധുനിക കാലഘട്ടത്തിന്റെ തുടക്കത്തിൽ വളർന്നു.

കംപാരേറ്റീവ് അനാട്ടമി പൊതുവായ വംശത്തിന്റെ തെളിവുകൾ നൽകുകയും മൃഗങ്ങളുടെ വർഗ്ഗീകരണത്തിൽ സഹായിക്കുകയും ചെയ്തിട്ടുണ്ട്. [2]

ചരിത്രം

Thumb
1555-ൽ പിയറി ബെലോൺ താരതമ്യം ചെയ്ത മനുഷ്യരുടെയും പക്ഷികളുടെയും അസ്ഥികൂടങ്ങൾ

ശസ്ത്രക്രിയ അല്ലെങ്കിൽ മെഡിക്കൽ നടപടിക്രമങ്ങളിൽ നിന്ന് വ്യത്യസ്തമായ ആദ്യത്തെ ശരീരഘടനാപരമായ അന്വേഷണം ക്രോട്ടണിലെ അൽക്മിയോൺ ആണ് നടത്തിയത്. [3] ലിയോനാർഡോ ഡാവിഞ്ചി ഒരു ശരീരഘടനാ ഗ്രന്ഥത്തിനായി കുറിപ്പുകൾ തയ്യാറാക്കിയിരുന്നു, അതിൽ കരടികൾ ഉൾപ്പെടെ വിവിധ മൃഗങ്ങളുടെ കൈകൾ താരതമ്യം ചെയ്യാൻ അദ്ദേഹം ശ്രമിച്ചു. [4] 1517-ൽ ജനിച്ച ഫ്രഞ്ച് പ്രകൃതിശാസ്ത്രജ്ഞനായ പിയറി ബെലോൺ ഡോൾഫിൻ ഭ്രൂണങ്ങളെക്കുറിച്ചും പക്ഷികളുടെ അസ്ഥികൂടങ്ങളും മനുഷ്യരുടെ അസ്ഥികൂടങ്ങളുമായുള്ള താരതമ്യത്തെക്കുറിച്ചും ഗവേഷണം നടത്തുകയും ചർച്ചകൾ നടത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ ഗവേഷണം ആധുനിക കംപാരേറ്റീവ് അനാട്ടമിയിലേക്ക് നയിച്ചു. [5]

Thumb
ആൻഡ്രിയാസ് വെസാലിയസ്

ഏതാണ്ട് അതേ സമയം, ആൻഡ്രിയാസ് വെസാലിയസും സ്വന്തമായി ചില മുന്നേറ്റങ്ങൾ നടത്തുകയായിരുന്നു. ഫ്ലെമിഷ് വംശജനായ ഒരു യുവ ശരീരശാസ്ത്രജ്ഞൻ ആയ അദ്ദേഹം പ്രശസ്തനായ ഗ്രീക്ക് വൈദ്യനായ ഗാലന്റെ ശരീരഘടനാപരമായ അറിവ് വ്യവസ്ഥാപിതമായി അന്വേഷിക്കുകയും തിരുത്തുകയും ചെയ്തു. ഗാലന്റെ പല നിരീക്ഷണങ്ങളും യഥാർത്ഥ മനുഷ്യരെ അടിസ്ഥാനമാക്കിയുള്ളതല്ലെന്ന് അദ്ദേഹം ശ്രദ്ധിച്ചു. പകരം, അവ ആൾകുരങ്ങുകൾ, കുരങ്ങുകൾ, കാളകൾ തുടങ്ങിയ മൃഗങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. [6] വാസ്തവത്തിൽ, എഡ്വേർഡ് ടൈസൺ ഉദ്ധരിച്ചത് പോലെ, മനുഷ്യന്റെ അസ്ഥികൂടങ്ങൾക്ക് പകരമായി തന്റെ വിദ്യാർത്ഥികളോട്, കുരങ്ങിനെ വിച്ഛേദിച്ച്, ഓരോ അസ്ഥിയും ശ്രദ്ധാപൂർവ്വം നിരീക്ഷിക്കാനും, ഒരു മനുഷ്യനെപ്പോലെയുള്ള ഏത് തരം കുരങ്ങുകളെയാണ് തിരഞ്ഞെടുക്കേണ്ടതെന്നും ഉപദേശിച്ചിരുന്നു. [7] അതുവരെ, ഗാലനും അദ്ദേഹത്തിന്റെ പഠിപ്പിക്കലുകളുമായിരുന്നു മനുഷ്യ ശരീരഘടനയുടെ അടിസ്ഥാനം. വിരോധാഭാസം എന്തെന്നാൽ, മറ്റൊരാളുടെ നിരീക്ഷണങ്ങൾ ഉപയോഗിക്കുന്നതിനുപകരം സ്വന്തം നിരീക്ഷണങ്ങൾ നടത്തണം എന്ന വസ്തുത ഗാലൻ തന്നെ ഊന്നിപ്പറഞ്ഞിരുന്നു, എന്നാൽ അദ്ദേഹത്തിന്റെ കൃതിയുടെ നിരവധി വിവർത്തനങ്ങളിൽ ഈ ഉപദേശം നഷ്ടപ്പെട്ടു. വെസാലിയസ് ഈ തെറ്റുകൾ വെളിപ്പെടുത്താൻ തുടങ്ങിയപ്പോൾ, അക്കാലത്തെ മറ്റ് ഡോക്ടർമാർ ഗാലന്റെ നിരീക്ഷണങ്ങളെക്കാൾ സ്വന്തം നിരീക്ഷണങ്ങളെ വിശ്വസിക്കാൻ തുടങ്ങി. ഈ ഫിസിഷ്യൻമാരിൽ ചിലർ നടത്തിയ രസകരമായ ഒരു നിരീക്ഷണം, മനുഷ്യർ ഉൾപ്പെടുന്ന വൈവിധ്യമാർന്ന മൃഗങ്ങളിൽ ഹോമോലോഗസ് ഘടനകളുടെ സാന്നിധ്യമാണ്. ഈ നിരീക്ഷണങ്ങൾ പിന്നീട് ഡാർവിൻ തന്റെ നാച്ചുറൽ സെലക്ഷൻ സിദ്ധാന്തം രൂപീകരിച്ചപ്പോൾ ഉപയോഗിച്ചു. [8]

ആധുനിക കംപാരേറ്റീവ് അനാട്ടമിയുടെ സ്ഥാപകനായി കണക്കാക്കപ്പെടുന്ന ശാസ്ത്രജ്ഞനാണ് എഡ്വേർഡ് ടൈസൺ. തിമിംഗലങ്ങളും ഡോൾഫിനുകളും യഥാർത്ഥത്തിൽ സസ്തനികളാണെന്ന് ആദ്യമായി നിർണ്ണയിച്ചത് അദ്ദേഹമാണ്. കൂടാതെ, ചിമ്പാൻസികൾക്ക് കുരങ്ങുകളേക്കാൾ മനുഷ്യരുമായി സാമ്യമുണ്ടെന്ന് അദ്ദേഹം നിഗമനം ചെയ്തു. കംപാരേറ്റീവ് അനാട്ടമിയിലെ ആദ്യ കൃതികളിലൊന്നായ സൂട്ടോമിയ ഡെമോക്രിറ്റിയയിൽ മാർക്കോ ഓറേലിയോ സെവേരിനോ പക്ഷികൾ ഉൾപ്പെടെ വിവിധ മൃഗങ്ങളെ താരതമ്യം ചെയ്തു. 18-ഉം 19-ഉം നൂറ്റാണ്ടുകളിൽ, ജോർജ്ജ് കുവിയർ, റിച്ചാർഡ് ഓവൻ, തോമസ് ഹെൻറി ഹക്സ്ലി തുടങ്ങിയ ശരീരശാസ്ത്രജ്ഞർ കശേരുക്കളുടെ അടിസ്ഥാന ഘടനയെയും വ്യവസ്ഥാപിതത്തെയും കുറിച്ചുള്ള നമ്മുടെ ധാരണയിൽ വിപ്ലവം സൃഷ്ടിച്ചു, പരിണാമത്തെക്കുറിച്ചുള്ള ചാൾസ് ഡാർവിന്റെ പ്രവർത്തനത്തിന് അടിത്തറയിട്ടു. ശ്വാസനാളത്തിന്റെ ഘടനയിലും പരിണാമത്തിലും പ്രവർത്തിച്ച വിക്ടർ നെഗസ്, ഇരുപതാം നൂറ്റാണ്ടിലെ കംപാരേറ്റീവ് അനാട്ടമിസ്റ്റുകളിൽ ഒരാളാണ്. ഡിഎൻഎ സീക്വൻസിങ് പോലുള്ള ജനിതക സാങ്കേതിക വിദ്യകളുടെ വരവ് വരെ, ഫൈലോജെനി മനസ്സിലാക്കുന്നതിനുള്ള പ്രാഥമിക ഉപാധികൾ ഭ്രൂണശാസ്ത്രവും കംപാരേറ്റീവ് അനാട്ടമിയും ആയിരുന്നു.

ആശയങ്ങൾ

Thumb
എഡ്വേർഡ് ടൈസൺ വരച്ച ചിത്രം

കംപാരേറ്റീവ് അനാട്ടമിയുടെ രണ്ട് പ്രധാന ആശയങ്ങൾ ഇവയാണ്:

  1. ഹോമോലോഗസ് ഘടനകൾ - പൊതുവായ വംശപരമ്പരയുള്ളതും, പൊതു പൂർവ്വികനിൽ നിന്ന് പരിണമിച്ചതുമായ വ്യത്യസ്ത സ്പീഷീസുകളിൽ സമാനമായ ഘടനകൾ (ശരീരഭാഗങ്ങൾ/അനാട്ടമി) കാണാം, അവ ഒരേ പ്രവർത്തനം നടത്തുകയോ ചെയ്യാതിരിക്കുകയോ ചെയ്യാം. പൂച്ചകളും തിമിംഗലങ്ങളും പങ്കിടുന്ന മുൻകാലുകളുടെ ഘടന ഒരു ഉദാഹരണമാണ്.
  2. അനലോഗ് ഘടനകൾ - വ്യത്യസ്ത ജീവികളിൽ കാണുന്ന സമാനമായ ഘടനകൾ ആയ അനലോഗ് ഘടനകൾ, സംയോജിത പരിണാമത്തിൽ, പൊതു പൂർവ്വികനിൽ നിന്ന് പാരമ്പര്യമായി ലഭിച്ചതിനേക്കാൾ സമാനമായ പരിതസ്ഥിതിയിൽ പരിണമിച്ചതാണ്. അവ സാധാരണയായി ഒരേ അല്ലെങ്കിൽ സമാനമായ ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നു. പോർപോയിസുകളുടെയും സ്രാവുകളുടെയും സ്ട്രീംലൈൻഡ് ടോർപ്പിഡോ ബോഡി ആകൃതി ഒരു ഉദാഹരണമാണ്. അവ വ്യത്യസ്ത പൂർവ്വികരിൽ നിന്ന് പരിണമിച്ചെങ്കിലും, ഒരേ ജലാന്തരീക്ഷത്തിലെ പരിണാമത്തിന്റെ ഫലമായി അവയിൽ സമാന ഘടനകൾ വികസിച്ചു. ഇത് ഹോമോപ്ലാസി എന്നാണ് അറിയപ്പെടുന്നത്. [9]

ഉപയോഗങ്ങൾ

കംപാരേറ്റീവ് അനാട്ടമി വളരെക്കാലമായി പരിണാമത്തിന്റെ തെളിവായി വർത്തിക്കുന്നു, ഇപ്പോൾ കംപാരേറ്റീവ് ജീനോമിക്സ് ആ പങ്ക് വഹിക്കുന്നു; [10] ജീവികൾ ഒരു പൊതു പൂർവ്വികനെ പങ്കുവെക്കുന്നുവെന്ന് ഇത് സൂചിപ്പിക്കുന്നു.

ശരീരഘടനയുടെ സമാനമായ സ്വഭാവസവിശേഷതകളെ അടിസ്ഥാനമാക്കി ജീവികളെ തരംതിരിക്കാനും ഇത് ശാസ്ത്രജ്ഞരെ സഹായിക്കുന്നു. കംപാരേറ്റീവ് അനാട്ടമിയുടെ ഒരു സാധാരണ ഉദാഹരണം പൂച്ചകൾ, തിമിംഗലങ്ങൾ, വവ്വാലുകൾ, മനുഷ്യർ എന്നിവയുടെ മുൻകാലുകളിലെ സമാനമായ അസ്ഥി ഘടനയാണ്. ഒരേ അടിസ്ഥാന ഭാഗങ്ങൾ ഉൾക്കൊള്ളുന്നുവെങ്കിലും അവ തികച്ചും വ്യത്യസ്തമായ പ്രവർത്തനങ്ങൾ ചെയ്യുന്നു. മ്യൂട്ടേഷനുകളിലൂടെയും സ്വാഭാവിക തിരഞ്ഞെടുപ്പുകളിലൂടെയും ഓരോ ജീവിയുടെ ശരീരഘടനയും ക്രമേണ അതത് ആവാസ വ്യവസ്ഥകൾക്ക് അനുയോജ്യമായ രീതിയിൽ പൊരുത്തപ്പെട്ടു. [11] പൊതുവായ ഹോമോളജിയിൽ നിന്ന് കാര്യമായ വ്യത്യാസമുള്ള പ്രത്യേക സ്വഭാവസവിശേഷതകൾ വികസിപ്പിക്കുന്നതിനുള്ള നിയമങ്ങൾ, കാൾ ഏണസ്റ്റ് വോൺ ബെയർ, അദ്ദേഹത്തിന്റെ പേരിൽ ഇപ്പോൾ അറിയപ്പെടുന്ന നിയമങ്ങളായി പട്ടികപ്പെടുത്തി.

ഇതും കാണുക

 

അവലംബം

കൂടുതൽ വായനയ്ക്ക്

പുറം കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.