കർണാടക സംഗീതത്തിലെ സുവർണകാലഘട്ടത്തിലെ സംഗീതാചാര്യനായിരുന്നു From Wikipedia, the free encyclopedia
ചെമ്പൈ വൈദ്യനാഥ അയ്യർ കർണാടക സംഗീതത്തിലെ സുവർണകാലഘട്ടത്തിലെ തലയെടുപ്പുള്ള സംഗീതാചാര്യനായിരുന്നു. 1896 ഓഗസ്റ്റ് 28-ന് ചിങ്ങമാസത്തിലെ ഭരണി നക്ഷത്രത്തിൽ ഇന്നത്തെ കോഴിക്കോട് ജില്ലയിൽ വടകരയ്ക്കടുത്തുള്ള പ്രസിദ്ധമായ ലോകനാർക്കാവ് ക്ഷേത്രത്തിനടുത്തുള്ള മാതൃഗൃഹത്തിൽ ജനിച്ചു. അരിയക്കുടി രാമാനുജ അയ്യങ്കാർ, മഹാരാജപുരം വിശ്വനാഥ അയ്യർ, ചെമ്പൈ എന്നിവരെ കർണാടക സംഗീതത്തിലെ അഭിനവ ത്രിമൂർത്തികളായി വിശേഷിപ്പിച്ചു പോരുന്നു. ശക്തവും ഉന്മേഷവും ശ്രുതി ബദ്ധവുമായ ശബ്ദത്തിനുടമയായിരുന്നു അദ്ദേഹം. ശാസ്ത്രീയ സംഗീതത്തിലെ അഗാധ പാണ്ഡിത്യം, അദ്വിതീയമായ സ്വരശുദ്ധി, അചഞ്ചലമായ ശ്രുതിബദ്ധത, മധുരമായ ഉയർന്ന ആവൃത്തിയിലുള്ള ശബ്ദം എന്നിങ്ങനെ ചെമ്പൈയുടേതായ പ്രത്യേകതകൾ ധാരാളം. 70 വർഷത്തെ സംഗീത തപസ്യയിലൂടെ കർണാടക സംഗീതത്തെ പ്രശസ്തിയിലൂടെ നടത്താനും, രസികപ്രിയരിൽ ആനന്ദത്തിന്റെ ശ്രുതിമഴ പെയ്യിക്കാനും, ശിഷ്യഗണങ്ങളെ അറിവും വാത്സല്യവും കൊടുത്തു വളർത്താനും ഒപ്പം വിനയാന്വിതമായ വ്യക്തി ജീവിതം നയിക്കാനും ഒക്കെ ഒരേ സമയം കഴിഞ്ഞിരുന്നു ചെമ്പൈക്ക്. ത്യാഗരാജ സ്വാമികളുടെ സമകാലീനനായിരുന്ന ചക്ര താനം സുബ്ബ അയ്യർ, ചെമ്പൈയുടെ മുതുമുത്തശ്ശനായിരുന്നു. സംഗീതപാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച് ആത്മീയതയിലൂന്നിയ ജീവിതം നയിച്ച ചെമ്പൈ ഗുരുവായൂരപ്പനെ തന്റെ എല്ലാ ഉയർച്ചയ്ക്കും കാരണമായി കരുതിയിരുന്നു.
ചെമ്പൈ വൈദ്യനാഥ ഭാഗവതർ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
വിഭാഗങ്ങൾ | കർണാടക സംഗീതം |
തൊഴിൽ(കൾ) | ഗായകൻ |
വർഷങ്ങളായി സജീവം | 1904–1974 |
ലേബലുകൾ | HMV, Inreco, BMG, Vani Cassettes |
ഭാഗവതർ എന്ന നിലയിൽ നൈമിഷികമായി മനോധർമ്മം പ്രദർശിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് സുവിദിതം ആണ്. ഏതു സ്വരത്തിൽ നിന്നും കീർത്തനത്തിന്റെ ഏതു വരിയിൽ നിന്നും യഥേഷ്ടം നിരവലോ, സ്വരപ്രസ്താരമോ തുടങ്ങാനും അത്ഭുതകരമായ വിധത്തിൽ താളാനുസൃതമായി പാടാനും നിസ്സാരമായി കഴിഞ്ഞിരുന്നു. അക്ഷീണം പാടുമ്പോഴും ഫലിതബോധം കൈവിടാതെയുള്ള കമന്റുകൾ , രാഗ വിസ്താര മധ്യേ പൊടുന്നനെ നാസിക പ്രയോഗങ്ങളിലൂടെയുള്ള രാഗ സഞ്ചാരം എന്നിവയൊക്കെ അനേകായിരം രസികരെ അദ്ദേഹത്തിന്റെ ആരാധകരാക്കി മാറ്റി. എല്ലാത്തിനുമുപരി, ജാതിമത ചിന്തയ്ക്കതീതമായി ചിന്തിക്കുകയും നാനാ ജാതിമതസ്ഥരെ ശിഷ്യരായി സ്വീകരിക്കുകയും ചെയ്യുക വഴി താൻ ജീവിച്ച കാലത്തിനുമപ്പുറം ചിന്തിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. പിൽക്കാലത്ത് അതിപ്രശസ്തരായ കെ.ജെ. യേശുദാസ്, ജയവിജയന്മാർ, പി. ലീല എന്നിവരൊക്കെ അദ്ദേഹത്തിന്റെ ശിഷ്യഗണത്തിൽ പെടുന്നു. [1]
ധാരാളം ബഹുമതികൾ ചെമ്പൈക്കു ലഭിച്ചിട്ടുണ്ട്. 1951-ലെ “സംഗീത കലാനിധി“ പദവി, കേന്ദ്ര നാടക അക്കാഡമി അവാർഡ്, രാഷ്ട്രപതിയുടെ പദ്മഭൂഷൺ അവാർഡ്, ഗാനഗന്ധർവ പദവി എന്നിവ അതിൽ ചിലതു മാത്രം. കൊച്ചി, മൈസൂർ , ബറോഡ, വിജയനഗരം, ബോബ്ബിലി, ജെയ്പൂർ എന്നിവിടങ്ങളിലെ രാജാക്കന്മാരും പല അംഗീകാരങ്ങളും നൽകി ആദരിച്ചിട്ടുണ്ട്.
78ആം വയസ്സിൽ 1974 ഒക്ടോബർ 16ന് ഒറ്റപ്പാലത്തുവച്ചാണ് ചെമ്പൈ അന്തരിച്ചത്. ഒറ്റപ്പാലം പൂഴിക്കുന്ന് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ നവരാത്രി സംഗീതോത്സവത്തിന് കച്ചേരി അവതരിപ്പിച്ചശേഷം ഒളപ്പമണ്ണ മനയിൽ ശിഷ്യൻ വാസുദേവൻ നമ്പൂതിരിപ്പാടിനൊപ്പം ഇരുന്ന് സംസാരിക്കുന്നതിനിടയിൽ പെട്ടെന്ന് അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ അദ്ദേഹം മരിച്ചു . അനായാസമരണം അദ്ദേഹത്തിന്റെ മോഹമായിരുന്നുവെന്ന് സഹോദരപുത്രൻ ചെമ്പൈ ശ്രീനിവാസൻ ഒരിക്കൽ പറയുകയുണ്ടായി.[2] മരണത്തിന് മുമ്പ് പൂഴിക്കുന്ന് ക്ഷേത്രത്തിലെത്തിയ അദ്ദേഹം, ഇനി തന്നെ വിളിച്ചുകൂടേ എന്ന് ചോദിച്ചതായി പറയുന്നു. അദ്ദേഹത്തിന്റെ ഭൗതികശരീരം ജന്മനാടായ ചെമ്പൈ ഗ്രാമത്തിൽ സംസ്കരിച്ചു. ഇന്നും ചെമ്പൈ സംഗീതോത്സവങ്ങളിലൂടെയും മറ്റും സംഗീതോപാസകർ അദ്ദേഹത്തിന്റെ ഓർമ്മ പുതുക്കുന്നു.
പാലക്കാട് ഗവ: മ്യൂസിക് കോളേജ് അദ്ദേഹത്തിന്റെ സ്മരണക്കായി ചെമ്പൈ മെമ്മോറിയൽ ഗവ: മ്യൂസിക് കോളേജ് എന്ന് നാമകരണം ചെയ്തു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.