വാഹനം From Wikipedia, the free encyclopedia
മനുഷ്യൻ സഞ്ചരിക്കാനുപയോഗിക്കുന്ന നാലു ചക്രങ്ങളിലോടുന്ന യാന്ത്രികവാഹനമാണ് കാർ. കാറിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് എഞ്ചിൻ. കാർ ചലിക്കുന്നതിനാവശ്യമായ ശക്തി ഉൽപ്പാദിപ്പിക്കപ്പെടുന്നത് എഞ്ചിനിലാണ്.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഇപ്പോൾ ചില കാറുകൾ വൈദ്യുതമോട്ടോർ ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും മിക്ക ആധുനിക കാറുകളും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം, കാർ ആദ്യമായി കണ്ടുപിടിച്ചപ്പോൾ ഉപയോഗിച്ചിരുന്ന അതേ അടിസ്ഥാന സാങ്കേതികവിദ്യ തന്നെയാണ് ഉപയോഗപ്പെടുത്തുന്നത്. കത്തുന്ന ഇന്ധനം താപ എഞ്ചിന്റെ പിസ്റ്റണുകളെ മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കുകയും, ഗിയറും കാറിന്റെ മറ്റു ഭാഗങ്ങളും ചേർന്ന് പിസ്റ്റണിൽ ഉളവാകുന്ന ഈ ബലത്തെ ചക്രം തിരിക്കാനുതകുന്ന രീതിയിലാക്കുകയും ചെയ്യുന്നു.
എഞ്ചിനിൽ അത്യധികം താപം ഉൽപ്പാദിപ്പിക്കപ്പെടുന്നതിനാൽ തണുപ്പിക്കുന്നതിനുള്ള സംവിധാനവും, കത്തുമ്പോഴുണ്ടാകുന്ന അവശിഷ്ട വാതകങ്ങൾ പുറന്തള്ളുന്നതിനുള്ള എക്സോസ്റ്റ് സംവിധാനവും കാറിലുണ്ടായിരിക്കും. ഇന്ധനം കത്തിപ്പിടിപ്പിക്കുന്നതിനും മറ്റുമായുള്ള വൈദ്യുതി കാറിലെ ബാറ്ററിയിൽ നിന്നുമാണ് ലഭ്യമാക്കുന്നത്.
കാറിൽ ശക്തി ഉൽപാദിപ്പിക്കുന്ന ഭാഗമാണ് എഞ്ചിൻ. ഉപയോഗിക്കുന്ന ഇന്ധനമനുസരിച്ച് രണ്ടു തരം എഞ്ചിനുകളാണ് സാധാരണയായി കണ്ടു വരുന്നത്.
ഇതു കൂടാതെ ദ്രവീകൃത പെട്രോളിയം വാതകവും (എൽ.പി.ജി.), മർദ്ദിതപ്രകൃതിവാതകവും (സി.എൻ.ജി.) ഉപയോഗിച്ച് പ്രവർത്തിക്കുന്ന കാർ എഞ്ചിനുകളുണ്ട്. സാധാരണയായി പെട്രോൾ എഞ്ചിനുകളെ ഇത്തരം വാതകങ്ങൾ ഉപയോഗിക്കാനുതകുന്ന രീതിയിൽ മാറ്റിയെടുക്കാറാണ് പതിവ്.
ഇന്ധനമായി പെട്രോൾ ഉപയോഗിക്കുന്ന തരം ആന്തരദഹന എഞ്ചിനാണ് പെട്രോൾ എഞ്ചിൻ.
ഒരു പെട്രോൾ എഞ്ചിനിൽ നിരവധി സിലിണ്ടറുകൾ ഉണ്ടായിരിക്കും. മിക്ക എഞ്ചിനുകളിലും നാല് സിലിണ്ടറുകളാണ് ഉണ്ടാകുക. ഒരഗ്രം അടച്ച കുഴലുകളാണിവ. ഓരോ സിലിണ്ടറിലും ഓരോ പിസ്റ്റൺ ഉണ്ടായിരിക്കും. കമിഴ്ത്തി വച്ച കോപ്പ പോലെയിരിക്കുന്ന ഇവ സിലിണ്ടറിനകത്ത് മുന്നോട്ടും പിന്നോട്ടും നീങ്ങുന്നു.
സിലിണ്ടറിന്റെ അടച്ച അഗ്രഭാഗത്തുള്ള ഒരു വാൽവിലൂടെ പെട്രോളും വായുവും കലർന്ന മിശ്രിതം സിലിണ്ടറിനും പിസ്റ്റണിനുമിടയിലുള്ള ഭാഗത്തേക്കെത്തുന്നു. ഇവിടെ സജ്ജീകരിച്ചിട്ടുള്ള ഒരു സ്പാർക്ക് പ്ലഗ് ഈ മിശ്രിതത്തെ കത്തിക്കുകയും തൽഫലമായുണ്ടാകുന്ന ഉന്നതമർദ്ദം മൂലം പിസ്റ്റൺ പുറകിലേക്ക് ചലിക്കുകയും ചെയ്യുന്നു.
നാലു സിലിണ്ടറുകളുള്ള എഞ്ചിനിലിൽ രണ്ടു സിലിണ്ടറിലെ പിസ്റ്റണുകൾ മുന്നോട്ടു ചലിക്കുമ്പോൾ മറ്റുള്ളവ പുറകിലേക്ക് ചലിക്കുന്നു. ഇന്ധനം കത്തിയുണ്ടാകുന്ന അവശിഷ്ടവാതകങ്ങൾ പുറത്തേക്കെത്തിക്കുന്നതിനുള്ള വാൽവും ഓരോ സിലിണ്ടറിലുമുണ്ടായിരിക്കും.
ഇന്ധനം കത്തുന്ന സമയചക്രത്തിന്റെ വ്യത്യാസമനുസരിച്ച് ടൂ സ്ട്രോക്ക്, ഫോർ സ്ട്രോക്ക് എന്നിങ്ങനെ രണ്ടു തരത്തിലുള്ള പെട്രോൾ എഞ്ചിനുകൾ ഉണ്ട്. ഇതിൽ ഫോർ സ്ട്രോക്ക് എഞ്ചിനുകളാണ് കാറുകളിൽ ഉപയോഗിക്കുന്നത്.
താരതമ്യേന ചെലവു കുറഞ്ഞ ഡീസൽ ഓയിൽ ഇന്ധനമായി ഉപയോഗിക്കുന്ന ഡീസൽ എഞ്ചിനുകളും കാറുകളിൽ ഉപയോഗിക്കുന്നുണ്ട്. ഇന്ധനം കത്തു പിടിപ്പിക്കുന്നതിന് സ്പാർക്ക് പ്ലഗ് ആവശ്യമില്ലെന്നുള്ളതാണ് ഡീസൽ എഞ്ചിനുകളുടെ പ്രധാന പ്രത്യേകത. പകരം ഡീസൽ ഇന്ജകടരുകളുടെ സഹായത്തോടെ ഡീസൽ സ്പ്രേ ചെയുകയും ക്രാന്കിന്റെ ചലനം മൂലമുണ്ടാകുന്ന ഉന്നതമര്ധത്തിൽ സ്ഫോടന്മുണ്ടവുകയുമാണ് ചെയ്യുക
പിസ്റ്റണുകളുടെ മുന്നോട്ടും പിന്നോട്ടുമുള്ള ചലനത്തെ കറക്കമാക്കി മാറ്റുന്ന സംവിധാനമാണ് ക്രാങ്ക് ഷാഫ്റ്റ്.
ക്രാങ്ക് ഷാഫ്റ്റിൽ ഒരു കൂട്ടം ക്രാങ്കുകളുണ്ടായിരിക്കും ഓരോന്നും ഓരോ പിസ്റ്റണിൽ നിന്നു വരുന്ന കണക്റ്റിങ് റോഡുമായി ബന്ധിപ്പിച്ചിരിക്കുന്നു. പിസ്റ്റണിന്റെ മുൻപിൻ ചലനം കണക്റ്റിങ് റോഡിലൂടെ ക്രാങ്കുകളിലെത്തുകയും ക്രാങ്ക് ഷാഫ്റ്റിനെ തിരിക്കുന്നു. ക്രാങ്ക് ഷാഫ്റ്റിൽ ഘടിപ്പിച്ചിട്ടുള്ള ഭാരമേറിയ ഒരു ചക്രമാണ് ഫ്ലൈ വീൽ. ഈ ചക്രം ഷാഫ്റ്റിനൊപ്പം തിരിയുന്നതിനാൽ കറക്കത്തിലുണ്ടാകുന്ന വിറയൽ മാറ്റി ഷാഫ്റ്റ് തുടർച്ചയായി തിരിയുന്നതിന് സഹായിക്കുന്നു.
ഒരു പെട്രോൾ എഞ്ചിനിലെ ഇന്ധനം കത്താൻ ഉള്ള സംവിധാനമാണിത്.
കാറിലെ ബാറ്ററി താരതമ്യേന ചെറിയ വോൾട്ടതയിലുള്ള വൈദ്യുതിയാണ് നൽകുന്നത്. ഈ വൈദ്യുതി ഇഗ്നീഷ്യൻ സംവിധാനത്തിലെ കോയിലിലെത്തുകയും ഇത് ഒരു ട്രാൻസ്ഫോർമർ പോലെ പ്രവർത്തിപ്പിച്ച് വൈദ്യുതിയുടെ വോൾട്ടത ആയിരക്കണക്കിന് വോൾട്ടിലേക്കെത്തിക്കുന്നു. ഒരു വിതരണസംവിധാനം ഈ ഉയർന്ന വോൾട്ടതയിലുള്ള വൈദ്യുതിയെ കൃത്യമായ സമയക്രമത്തിൽ ഓരോ സിലിണ്ടറുകളിലേക്കെത്തിക്കുകയും ഇന്ധനം കത്തുപിടീക്കുന്നതിനാവശ്യമായ തീപ്പൊരി ഉണ്ടാക്കുകയും ചെയ്യുന്നു.
ബാറ്ററി, ഇഗ്നീഷ്യൻ കോയിൽ, സർക്യൂട്ട് ബ്രേക്കർ, കപ്പാസിറ്റർ, ഡിസ്ട്രിബ്യൂട്ടർ എന്നിവയാണ് ഇതിന്റെ പ്രധാനഭാഗങ്ങൾ[അവലംബം ആവശ്യമാണ്].
എഞ്ചിനെ തണുപ്പിക്കുന്നതിനുള്ള സംവിധാനമാണ് റേഡിയേറ്റർ. മിക്ക കാർ എഞ്ചിനുകളിലും അതിനെ തണുപ്പിക്കുന്നതിനായി ഒരു പമ്പ് എഞ്ചിന്റെ ചട്ടക്കൂടിനിടയിലേയ്ക്ക്ജലം തള്ളി വിടുന്നു. എഞ്ചിനിൽ നിന്നും ചൂട് ആഗിരണം ചെയ്ത് ഈ ജലം റേഡിയേറ്ററിലേക്കെത്തുന്നു. റേഡിയേറ്ററിന്റെ ജാലികളിലൂടെ കടന്നു പോകുന്ന ജലം അതിനെ ചുറ്റി സഞ്ചരിക്കുന്ന വായുവാൽ തണുപ്പിക്കപ്പെടുന്നു. ഈ തണുത്ത ജലം വീണ്ടും എഞ്ചിനിലേക്ക് തള്ളിവിടുന്നു.
ആവശ്യത്തിന് വായുസഞ്ചാരത്തിനായി റേഡിയേറ്റർ കാറിന്റെ മുൻവശത്തായാണ് സജ്ജീകരിച്ചിരിക്കുക. വായുസഞ്ചാരം വർദ്ധിപ്പിക്കുന്നതിനായി റേഡിയേറ്ററിനൊപ്പം പ്രത്യേകം പങ്കയും കണ്ടുവരുന്നു.
പെട്രോൾ എഞ്ചിന്റെ സിലിണ്ടറുകളിലേക്ക് കൃത്യമായ അളവിൽ ഇന്ധനം എത്തിക്കുന്നതിനുള്ള സംവിധാനമാണിത്.
പിസ്റ്റണിന്റെ പുറകിലേക്കുള്ള സഞ്ചാരത്തിൽ ഇന്ധനത്തെ തനിയെ വലിച്ചെടുക്കുമെങ്കിലും കൃത്യമായ അളവിൽ എഞ്ചിനിലേക്ക് പെട്രോൾ എത്തിച്ചാൽ ഇന്ധനം കൂടുതൽ കാര്യക്ഷമതയോടെ കത്തുകയും എഞ്ചിന്റെ ദക്ഷത വർദ്ധിക്കുകയും ചെയ്യും.
എഞ്ചിനിലേക്ക് കടത്തിവിടുന്ന പെട്രോളിന്റേയും വായുവിന്റേയും മിശ്രണം നിയന്ത്രിക്കുന്ന ഘടകമാണ് കാർബ്യുറേറ്റർ.
പെട്രോളിന്റെ ചെറുതുള്ളികളും വായുവുമടങ്ങിയ മിശ്രിതമാണ് കാർബ്യുറേറ്ററിൽ നിന്ന് എഞ്ചിന്റെ സിലിണ്ടറിലേക്കെത്തുന്നത്. കാറിന്റെ ആക്സിലറേറ്റർ പെഡൽ കാർബ്യുറേറ്ററുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് മിശ്രിതത്തിലെ പെട്രോളിന്റെ അളവിനെ നിയന്ത്രിക്കുന്നു. മിശ്രിതത്തിലെ പെട്രോളിന്റെ അളവ് വർദ്ധിക്കുന്നത് എഞ്ചിൻ കൂടുതൽ വേഗത്തിൽ പ്രവർത്തിക്കുന്നതിന് കാരണമാകുന്നു. എഞ്ചിൻ പ്രവർത്തനം തുടങ്ങുന്ന സമയത്ത് കൂടുതൽ പെട്രോൾ മിശ്രിതത്തിലെത്തിക്കാൻ ചോക്ക് ഉപയോഗിക്കുന്നു.
എഞ്ചിന്റെ ശക്തി വർദ്ധിപ്പിക്കുന്നതിനുള്ള ഒരു ഘടകമാണ് ടർബോചാർജർ.
എഞ്ചിന്റെ സിലിണ്ടറിലേക്കെത്തിക്കുന്ന വായുവിന്റെ മർദ്ധം വർദ്ധിപ്പിക്കുന്നതിനാണ് ടർബോചാർജർ ഉപയോഗിക്കുന്നത്. അതു വഴി ഇന്ധനം കൂടുതൽ കാര്യക്ഷമമായി ജ്വലിക്കുന്നു.
കാറിന്റെ എക്സോസ്റ്റുമായി ഘടിപ്പിച്ചിട്ടുള്ള ടർബൈനിൽ നിന്നും ലഭിക്കുന്ന ശക്തി ഉപയോഗിച്ച് ഒരു കമ്പ്രസ്സർ പവർത്തിപ്പിച്ചാണ് ഉന്നതമർദ്ധത്തിലുള്ള വായുവുണ്ടാക്കുന്നത്.
കാറിന്റെ വേഗത കുറക്കുന്നതിനും നിറുത്തുന്നതിനും സഹായിക്കുന്ന ഘടകമാണ് ബ്രേക്ക്.
ഘർഷണം ആണ് ബ്രേക്കിന്റെ പ്രവർത്തനത്തിന്റെ അടിസ്ഥാനം. രണ്ടു തരത്തിലുള്ള ബ്രേക്ക് സംവിധാനങ്ങളാണ് നിലവിലുള്ളത്.
ചക്രവുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു ഡിസ്കിനെ ഇരുവശത്തു നിന്നും രണ്ടു പാഡുകൾ കൊണ്ട് അമർത്തുക എന്നതാണ് ഡിസ്ക് ബ്രേക്കിന്റെ പ്രവർത്തനം.
ചക്രവുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു ഡ്രമ്മിനകത്ത് വക്രാകൃതിയിലുള്ള ബ്രേക്ക് ഷൂ അമർത്തിയാണ് ഡ്രം ബ്രേക്ക് സംവിധാനം പ്രവർത്തിക്കുന്നത്.
ചക്രങ്ങളിലുണ്ടാകുന്ന കുലുക്കത്തിൽ നിന്നും മറ്റും കാറിന്റെ ബോഡിയെ സംരക്ഷിക്കുന്നതിനുള്ള സംവിധാനമാണ് സസ്പെൻഷൻ.
വഴിയിലെ കുണ്ടിലും കുഴിയിലും വീണ് ചക്രങ്ങൾക്കുണ്ടാകുന്ന കുലുക്കം കാറിന്റെ പ്രധാനഭാഗത്തെത്തിക്കാതെ സുഗമമായ യാത്ര സസ്പെൻഷൻ പ്രദാനം ചെയ്യുന്നു. സസ്പെൻഷനിലെ ഷോക്ക് അബ്സോർബറുകളും സ്പ്രിങ്ങുകളും ആവശ്യത്തിനനുസരിച്ച്‍ മുകളിലേക്കും താഴേക്കും നീങ്ങിയാണ് ഇത് സാദ്ധ്യമാക്കുന്നത്. ഓരോ ചക്രത്തിനും സ്വതന്ത്രമായ സസ്പെൻഷൻ നൽകുന്നതു കൊണ്ട് കാറിന്റെ ഒരു വശം ഒരു തിണ്ടിൽ കയറിയാലും മറുവശത്ത് അത് അനുഭവപ്പെടുന്നില്ല.
എഞ്ചിനിൽ നിന്നും ചക്രങ്ങളിലേക്ക് അയക്കുന്ന ശക്തിയെ നിയന്ത്രിക്കുന്നതിനുള്ള ഒരു സംവിധാനമാണ് ക്ലച്ച്. ക്ലച്ചുമായി ബന്ധിപ്പിച്ചിട്ടുള്ള ക്ലച്ച് പെഡലിൽ കാലമർത്തുമ്പോൾ എഞ്ചിനും ചക്രങ്ങളുമായുള്ള ബന്ധം വേർപെടുന്നു. ക്ലച്ച് പെഡൽ പൂർവസ്ഥിതിയിലാകുമ്പോൾ എഞ്ചിനും ചക്രങ്ങളുമായുള്ള ബന്ധം പുന:സ്ഥാപിക്കപ്പെടുകയും ചെയ്യുന്നു. സുഗമമായ ഗിയർമറ്റത്തിനുവേണ്ടി എൻജിനും ഗിയർ ബോക്സും തമ്മിലുള്ള ബന്ധം ആവിശ്യാനുസരണം വിചേദിപ്പിക്കുന്നതിനും ബന്ധിപ്പിക്കുന്നതിനും വേണ്ടിയാണ് വാഹനങ്ങളിൽ ക്ലച്ച് മെക്കാനിസം ഉപയോഗിക്കുന്നത്.
കാർ പ്രവർത്തിപ്പിക്കാൻ തുടങ്ങുമ്പോഴും, ഗിയർ മാറ്റുന്നതിനും, നിറുത്തുന്നതിനുമൊക്കെ ക്ലച്ച് ഉപയോഗിക്കാം. ക്ലച്ച് ശരിയായി ഉപയോഗിക്കാൻ പഠിക്കുക എന്നതാണ് വാഹനം ഓടിക്കുന്നതിലെ ഒരു പ്രധാനപാഠം.
എഞ്ചിനിലുണ്ടാകുന്ന അവശിഷ്ടവാതകങ്ങളെ പുറത്തെത്തിക്കുന്നതിനും ശബ്ദം കുറക്കുന്നതിനുമുള്ള സംവിധാനമാണിത്.
സിലിണ്ടറുകളിൽ കത്തുന്ന ഇന്ധനം അവശിഷ്ടവാതകങ്ങളോടൊപ്പം ഉയർന്ന ശബ്ദവും പുറപ്പെടുവിക്കുന്നു. ഈ വാതകങ്ങൾ സൈലൻസർ അല്ലെങ്കിൽ മഫ്ലർ എന്നറിയപ്പെടുന്ന ഒരു കൂട്ടം ദ്വാരങ്ങളുള്ള ദളങ്ങളിലൂടെ കടന്നു പോകുന്നു. ഈ ദ്വാരങ്ങളിലൂടെ കടന്നു പോകുമ്പോൾ വാതകപ്രവാഹത്തിന്റെ ബലം കുറയുകയും ശബ്ദം കുറയുകയും ചെയ്യുന്നു. ഈ വാതകങ്ങൾ ചിലപ്പോൾ ഒരു കാറ്റലിസ്റ്റിക് കൺവെർട്ടറിലൂടെ കടത്തിവിട്ട് അവിടെവച്ച് ഹാനികരമല്ലാത്ത വാതകങ്ങളാക്കി മാറ്റാറുണ്ട്.
കാറിന്റെ ചക്രത്തിലേക്ക് എത്തുന്ന ശക്തി വ്യതിയാനപ്പെടുത്താനാണ് ഗിയർ സംവിധാനം ഉപയോഗപ്പെടുത്തുന്നത്. ഗിയർബോക്സിൽ നാലോ അഞ്ചോ ഗിയർ സ്ഥാനങ്ങളും (മുന്നോട്ടു പോകാനുള്ളത്), പുറകോട്ടോടിക്കാനുള്ള (റിവേഴ്സ്) ഒരു ഗിയർ സ്ഥാനവും ഉണ്ടാകും.
എഞ്ചിന്റെ ക്രാങ്ക് ഷാഫ്റ്റ് അതുമായി ബന്ധിപ്പിച്ചിട്ടുള്ള ഗിയർബോക്സിലെ ഒരു കൂട്ടം പൽച്ചക്രങ്ങളെ തിരിക്കുന്നു. ഈ പൽച്ചക്രങ്ങൾ ഡ്രൈവ്ഷാഫ്റ്റിൽ ഉറപ്പിച്ചിട്ടുള്ള മറ്റൊരു കൂട്ടം പൽച്ചക്രങ്ങളിലൂടെ ഡ്രൈവ്ഷാഫ്റ്റിലേക്കും അതുവഴി ചക്രങ്ങളിലേക്കും ശക്തി പ്രേഷണം ചെയ്യുന്നു.
ഗിയർ മാറ്റുമ്പോൾ ഈ ഷാഫ്റ്റുകളിലെ വലുതും ചെറുതുമായ പൽച്ചക്രങ്ങൾ തെരഞ്ഞെടുക്കപ്പെടുകയും എഞ്ചിന്റെ വേഗതയും ശക്തിയും മാറ്റം വരുത്താൻ സാധിക്കുകയും ചെയ്യും.
ചെറിയ ഗിയറുകൾ കൂടുതൽ ശക്തി ചക്രങ്ങളിലേക്ക് നൽകുമെങ്കിലും വേഗത കുറവായിരിക്കും. അതു കൊണ്ട് ഓട്ടം തുടങ്ങുമ്പോഴും, കയറ്റം കയറുന്നതിനും കുറഞ്ഞ ഗിയർ തെരഞ്ഞെടുക്കുന്നു . എന്നാൽ കൂടിയ ഗിയറുകൾക്ക് ശക്തി കുറവാണെങ്കിലും വേഗത കൂടുതലായിരിക്കും. വാഹനം വേഗത്തിൽ സഞ്ചരിക്കുമ്പോൾ ഇവ ഉപയോഗിക്കുന്നു.
ഡ്രൈവ് ഷാഫ്റ്റിന്റെ മറുവശത്ത് ഘടിപ്പിച്ചിട്ടുള്ള മറ്റൊരു കൂട്ടം പൽച്ചക്രങ്ങളാണ് ഡിഫറൻഷ്യൽ എന്നറിയപ്പെടുന്നത്. വാഹനം തിരിയുമ്പോൾ ഇരുവശത്തുള്ള ചക്രങ്ങളെ വ്യത്യസ്തനിരക്കിൽ തിരിയാനനുവദിക്കുക എന്നതാണ് ഡിഫറൻഷ്യലിന്റെ കടമ.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.