Remove ads
From Wikipedia, the free encyclopedia
ആധുനിക രസതന്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഫ്രെഞ്ച് ശാസ്ത്രജ്ഞനായിരുന്നു ആന്റൺ-ലോറന്റ് ഡി ലാവോസിയർ.[1] [2] രസതന്ത്രത്തെ ആൽകെമിയിൽ നിന്നും ഫ്ലോഗിൻസ്റ്റൺ സിദ്ധാന്തത്തിൽ നിന്നും മോചിപ്പിച്ച് ഒരു ശാസ്ത്രശാഖയുടെ കൃത്യതയും വ്യക്തതയും സാർവത്രിക ശൈലിയും നൽകിയത് ആന്ത്വാൻ ലാവോസിയാണ്[3],[4],. അദ്ദേഹത്തിൻറെ വാക്കുകളിൽ "വസ്തുതകൾ, അവയെ പ്രതിനിധീകരിക്കുന്ന ആശയങ്ങൾ, ആ ആശയങ്ങളെ പ്രകടിപ്പിക്കാനുള്ള ഭാഷ ഇവ മൂന്നും ഏതു ശാസ്ത്രശാഖക്കും അത്യന്താപേക്ഷിതമാണ്" [3]
ആന്റ്വാൻ ലാവോസിയെ | |
---|---|
ജനനം | |
മരണം | 8 മേയ് 1794 50) | (പ്രായം
തൊഴിൽ | ശാസ്ത്രജ്ഞൻ, രസതന്ത്രശാസ്ത്രജ്ഞൻ, സാമ്പത്തിക വിദഗ്ദൻ |
ലൂയി പതിനാറാമൻറെ ഭരണകൂടത്തിൽ ലവോസിയെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു. ശാസ്ത്രജ്ഞനെന്ന നിലക്ക് വിവിധ വിഷയങ്ങളിൽ ഉപദേഷ്ടാവായിരുന്നു. മാത്രമല്ല കാർഷിക നികുതി പിരിക്കാനുള്ള കുത്തക ലാവോസിയെക്കു പങ്കാളിത്തമുള്ള കന്പനിയുടേതായിരുന്നു. ഫ്രഞ്ചു വിപ്ലവം ഭീകര വാഴ്ചയായി പരിണമിച്ച കാലത്ത് സാന്പത്തികമായി ഉപരിവർഗത്തിൽപെട്ടവനും നികുതി പിരിവുകാരനുമെന്ന നിലക്ക് ലാവോസിയെ രാജപക്ഷാനുഭാവിയെന്ന് മുദ്ര കുത്തപ്പെട്ടു. പിന്നീട് അഴിമതിയാരോപണങ്ങൾ ചുമത്തി അറസ്റ്റു ചെയ്യപ്പെടുകയും ഗില്ലറ്റിനിൽ വധിക്കപ്പെടുകയും ചെയ്തു[5].
ഫ്രാൻസിലെ പാരീസിൽ 1743 ഓഗസ്റ്റ് 26-നാണ് ആന്റ്വാ ലാവോസിയെ ജനിച്ചത്. അച്ഛനും മുത്തച്ഛനും അഭിഭാഷകരായിരുന്നു. അമ്മ നന്നെ ചെറുപ്പത്തിലെ മരിച്ചു പോയതിനാൽ ആൻറ്വായേയും ഇളയസഹോദരി എമിലിയേയും വളർത്തിയത് അമ്മൂമ്മയും ചെറിയമ്മയും ആയിരുന്നു. എമിലി 1760-ൽ നിര്യാതയായി.
മസാരിൻ കോളേജിൽ ചേർന്ന ആദ്യകാലത്ത് സാഹിത്യത്തിൽ അഭിരുചി തോന്നിയെങ്കിലും പിന്നീട് ശാസ്ത്രവിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു . രസതന്ത്രവും സസ്യശാസ്ത്രവും ജ്യോതിശ്ശാസ്ത്രവും ഗണിതവും ജിയോളജിയും ശരീരശാസ്ത്രവും പഠിച്ചെടുത്തു.[6] ഇതിനിടയിൽ നിയമപഠനം പൂർത്തിയാക്കി, അഭിഭാഷകവൃത്തി ചെയ്യാൻ ലൈസൻസ് എടുക്കുകയും ചെയ്തു [7]. ജിയോളജി അധ്യാപകൻ ഷോൺ ഗുട്ടെറാഡ് , ലവോസിയെയെ ഏറെ സ്വാധീനിച്ചു. 1763-66 കാലത്ത് അദ്ദേഹത്തോടൊപ്പം ലാവോസിയെ വിവിധതരം ധാതുക്കളെക്കുറിച്ച് പഠനം നടത്തി.
1765-ൽ രസതന്ത്രത്തിലെ ആദ്യ പ്രബന്ധം ഫ്രഞ്ചു ശാസ്ത്രസഭയിൽ ( ഫ്രഞ്ച് റോയൽ അകാദമി ഓഫ് സയൻസസ്) അവതരിപ്പിക്കാൻ അവസരം ലഭിച്ചു. പ്രബന്ധം ജിപ്സത്തെ( ) കുറിച്ചായിരുന്നു. പാരീസിൻറെ ചുറ്റുവട്ടങ്ങളിൽ ജിപ്സം സുലഭമായിരുന്നു. തടി കൊണ്ടുള്ള കെട്ടിടങ്ങൾക്കു എളുപ്പത്തിൽ തീപിടിക്കാതിരിക്കാനായി ജിപ്സം വെള്ളത്തിൽ കുതിർത്തി തേച്ചുപിടിപ്പിക്കുമായിരുന്നു. ചൂടാക്കുന്പോഴും വെള്ളവുമായി ചേരുന്പോഴും ജിപ്സത്തിന് എന്ത സംഭവിക്കുന്നുവെന്ന് പരീക്ഷണനിരീക്ഷണങ്ങളിലൂടെ ലവോസിയെ കണ്ടെത്തി[8],[9],[10]. പാരിസ് നഗരത്തിൽ മെച്ചപ്പെട്ട വഴിവിളക്കുകൾ സ്ഥാപിക്കാനായി, 1766-ൽ, അകാദമി, മത്സരാടിസ്ഥാനത്തിൽ പദ്ധതി രൂപരേഖകൾ ക്ഷണിക്കുകയുണ്ടായി. ലവോസിയേയുടെ രൂപരേഖക്ക് സ്വർണ മെഡൽ ലഭിച്ചു. ശാസ്ത്രകൗതുകം വളർത്തിയെടുക്കുന്നതിനും അതു വഴി ശാസ്ത്രരംഗത്ത് നിലയുറപ്പിക്കുന്നതിനും ഫ്രഞ്ച് റോയൽ അകാദമി ഓഫ് സയൻസസിൽ അംഗത്വം നേടേണ്ടതുണ്ടെന്ന് ലാവോസിയെക്ക് ബോധ്യപ്പെട്ടു.
1767 മുതൽ ഫ്രാൻസിൻറെ ധാതുമേഖലകൾ കണ്ടെത്താനും ധാതുസന്പത്ത് അടയാളപ്പെടുത്താനും (മിനറളോജിക്കൽ മാപ്) ഗുട്ടെറാഡ് നിയോഗിക്കപ്പെട്ടു. ഈ ഭൂമിശാസ്ത്രപഠനപദ്ധതിയിൽ ഗുട്ടെറാഡ് സഹായിയായി ലാവോസിയെ കൂടെക്കൂട്ടി. ഈ ഉദ്യമം അനേക വർഷങ്ങൾ നീണ്ടു നിന്നു. 1768-ൽ ഫ്രഞ്ച് അക്കാദമി ഓഫ് സയൻസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അമ്മയുടെ കുടുംബസ്വത്തിൽ നിന്ന് വലിയൊരു പങ്ക് ലഭിച്ചപ്പോൾ സ്വന്തം ചിലവിൽ വീടിനോടനുബന്ധിച്ച് പരീക്ഷണശാല പണിതു. കൂടാതെ ഭരണകൂടത്തിനുവേണ്ടി വിവിധയിനം നികുതികൾ പിരിച്ചിരുന്ന ജനറൽ ഫാം എന്ന കന്പനിയുടെ ഓഹരികളും വാങ്ങി. [11], [12].
1771-ൽ, ജനറൽ ഫാം കന്പനിയിലെ മറ്റൊരു പങ്കാളിയായിരുന്ന ഷാക് പോൾസിൻറെ മകൾ മേരി ആനിനെ ലാവോസിയെ വിവാഹം കഴിച്ചു. ലാവോസിയെയുടെ ശാസ്ത്രഗവേഷണങ്ങളിൽ മേരി ആൻ സഹായിയായി. ഇംഗ്ലീഷു ഭാഷയിൽ പ്രാവീണ്യം നേടിയെടുത്ത് ഇംഗ്ലീഷിലുള്ള ശാസ്ത്രലേഖനങ്ങൾ ഭർത്താവിനുവേണ്ടി ഫ്രഞ്ചു ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്തു. ചിത്രമെഴുത്തിൽ നിപുണയായിരുന്ന മേരി ആൻ ലാവോസിയെയുടെ പരീക്ഷണ ഉപകരണങ്ങളും സംവിധാനവും ചിത്രീകരിച്ചു[13].
സ്വന്തം നിലക്ക് ശാസ്ത്ര പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരുന്നതിനോടൊപ്പം, ഫ്രഞ്ച് ശാസ്ത്രസഭയുടെ അംഗമെന്ന നിലക്ക് , ഫ്രഞ്ചു ഭരണകൂടം ആവശ്യപ്പെട്ട ശാസ്ത്ര-സാങ്കേതിക ചുതമലകൾ ലാവോസിയെ കൃത്യമായി നിർവഹിച്ചു.
1775 മുതൽ സർക്കാരിന്റെ വെടിമരുന്നു വിഭാഗത്തിൻറെ മുഖ്യാധികാരിയായി ആയിരുന്നു. രാജ്യത്തിൻറെ സുരക്ഷക്ക് അത്യന്താപേക്ഷിതമായിരുന്ന ഈ രാസവസ്തുവിൻറെ കാര്യത്തിൽ ഫ്രാൻസിന് സ്വയം പര്യാപ്തത നേടിക്കൊടുത്തത് ലാവോസിയെയുടെ പ്രായോഗികവും ശാസ്ത്രീയവുമായ തീരുമാനങ്ങളുമായിരുന്നു. കാർഷിക വിളകൾ, ധനസംബന്ധമായ വായ്പകൾ, ഇടപാടുകൾ, എന്നീ വിഷയങ്ങളിലും ലവോസിയെ ഭരണകൂടത്തിൻറെ ഉപദേഷ്ടാവായിരുന്നു. അളവിനു തൂക്കത്തിനും ഫ്രാൻസിൽ മെട്രിക് സന്പ്രദായം നടപ്പാക്കുന്നതിന് ലാവോസിയെ മുൻകൈ എടുത്തു. പാരിസ് നഗരത്തിലേക്കുള്ള ചരക്കുകൾക്കു മേൽ ചുമത്തപ്പെട്ടിരുന്ന നികുതി (ഒക്ടറോയ്) കൃത്യമായി പിരിച്ചെടുക്കാനായി നഗരത്തിനു ചുറ്റും ആറടി പൊക്കത്തിൽ ചുറ്റു മതിൽ പണിത് അതിൽ അവിടവിടെയായി മൊത്തം അറുപത്തിയാറ് ചുങ്കകവാടങ്ങൾ സ്ഥാപിക്കാൻ നിർദേശിച്ചതും ലവോസിയെ ആയിരുന്നു. പാരിസ് ജനതക്ക് ഈ ചുറ്റുമതിൽ തീരെ രസിച്ചില്ല, തടവിലാക്കപ്പെട്ട പ്രതീതിയുളവാക്കുന്നുവെന്നും സ്വതന്ത്രമായി ശ്വസിക്കാനാകുന്നില്ലെന്നും അവർ പ്രതിഷേധിച്ചു[14]. രാജാവിൻറെ പ്രതിനിധിയെന്ന നിലയിൽ നികുതിപിരിവ് , മറ്റു പണമിടപാടുകൾ എന്നിവയുടെ ചുമതല വഹിച്ചത് പിൽക്കാലത്ത് ലാവോസിയെക്ക് വിനയായി ഭവിച്ചു. രാജഭരണത്തോടു പക്ഷപാതമുള്ളവനാണെന്ന് മുദ്രകുത്തപ്പെടുകപ്പെടുകയും ചെയ്തു.
1789-ൽ ആരംഭിച്ച ഫ്രഞ്ചു വിപ്ലവം ഒരു പതിറ്റാണ്ടു കാലത്തേക്ക് വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോയി. ഫ്രഞ്ച് സയൻസ് അകാദമിയും ജനറൽ ഫാമും വിപ്ലവസമിതിയുടെ നിരീക്ഷണത്തിലായി. 1789-ൽ ലാവോസിയെ ബ്ല്വാ പ്രവിശ്യയിലെ കുലീനരുടെ പ്രതിനിധിയായി ഫ്രഞ്ചു നിയമസഭയിലേക്ക് (എസ്റ്റേറ്റ് ജനറൽ) തെരഞ്ഞെടുക്കപ്പട്ടിരുന്നു[15]. നിയമാനുസൃതമായ രാജവാഴ്ച നടപ്പിൽ വരുത്താൻ രൂപീകരിക്കപ്പെട്ട സമിതിയിലും ( കൗൺസിൽ 89) ല്വാവോസിയെ സജീവ അംഗമായിരുന്നു. എന്നാൽ ഈ സമിതിയുടെ ഉദ്ദേശശുദ്ധി പൊതുജനം ചോദ്യം ചെയ്തു. ജനങ്ങൾക്ക് ഹിതകരമായ നയങ്ങൾ രൂപീകരിക്കാനും നടപ്പിൽ വരുത്താനും ലാവോസിയെ പരിശ്രമിച്ചെങ്കിലും ജനറൽ ഫാം എന്ന നികുതിപിരിവു കമ്പനിയുടെ ഉടമയായും ചുങ്കമതിൽ നിർമിച്ച ഉദ്യോഗസ്ഥനുമായ വർഗശത്രുവായിട്ടാണ് പൊതുജനം ലാവോസിയെയെ കണ്ടത്. വിപ്ലവ നേതാവ് ഷാപോൾ മാറാ ഒരവസരത്തിൽ ലാവോസിയെയെ നിശിതമായി വിമർശിച്ചു[16], [17]. ഇതിനു പുറകിൽ വ്യക്തിവൈരാഗ്യമുണ്ടായിരുന്നെന്നും പറയപ്പെടുന്നു.
1793 സപ്റ്റന്പർ മുതൽക്കൊണ്ട് ഫ്രഞ്ചുവിപ്ലവം കൂടുതൽ അക്രമാസക്തമായിത്തീർന്നിരുന്നു. അവശ്യസാധനങ്ങളുടെ ക്ഷാമവും, വിലക്കയറ്റവും, അയൽരാജ്യങ്ങളുമായുള്ള യുദ്ധങ്ങളും സ്ഥിതി ഏറെ വഷളാക്കി. വിപ്ലവവിരുദ്ധപ്രവണതകളെ അടിച്ചമർത്താനായി പൊതുരക്ഷാസമിതി (കമ്മിറ്റി ഓഫ് പബ്ലിക് സേഫ്റ്റി) രൂപികരിക്കപ്പെട്ടു. സംശയത്തിൻറെ പേരിൽ പലരും അറസ്റ്റു ചെയ്യപ്പെട്ടു. വധശിക്ഷക്കു വിധിക്കപ്പെട്ടു.
1793 നവന്പർ 24-ന് ജനറൽ ഫാമിലെ ഷാക് പോൾസും ലാവോസിയേയും ഉൾപെടെ ഇരുപത്തെട്ട് ഉദ്യാഗസ്ഥർ അറസ്റ്റു ചെയ്യപ്പെട്ടു,[18],[19]. ലാവോസിയെ സ്വയം അറസ്റ്റു വരിച്ചതാണെന്നും പറയപ്പെടുന്നു. പണമിടപാടുകളിൽ ജനറൽ ഫാമിലെ ഉദ്യോഗസ്ഥർ കൃതിമത്വം കാട്ടി എന്നായിരുന്നു ആരോപണം. രാജ്യത്തിനവകാശപ്പെട്ട 130 മില്യൺ ഫ്രഞ്ചു പൗണ്ട് കന്പനി അനധികൃതമായി കൈവശപ്പെടുത്തിയെന്ന് പൊതുരക്ഷാസമിതി വാദിച്ചു[19]. ഭർത്താവിൻറെ നിരപരാധിത്വം തെളിയിക്കാനും അദ്ദേഹത്തെ മോചിപ്പിക്കാനുമായി മേരി ആൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും എല്ലാം വിഫലമായി. വിപ്ലവകോടതിയുടെ നാമമാത്രമായ വിചാരണക്കുശേഷം എല്ലാവരും വധശിക്ഷക്കു വിധിക്കപ്പെട്ടു. 1794 മെയ് 8-ന് ലാവോസിയെ ഗില്ലറ്റിന് ഇരയായി.
പൊതുരക്ഷാസമിതിയിൽ തീവ്രവാദികൾക്കും മിതവാദികൾക്കും ഇടയിൽ പിളർപ്പുകൾ ഉണ്ടായിത്തുടങ്ങി. 1794 ജൂലൈയിൽ വിപ്ലവ നേതാവ് മാക്സിമിലിയൻ റോബെസ്പിയറുടെ പതനത്തോടെ ഭീകരഭരണത്തിന് അറുതി വന്നു. പൊതുരക്ഷാസമിതിയുടെ അധികാരങ്ങൾക്ക് പരിധി നിശ്ചയിക്കപ്പെട്ടു. ലാവോസിയെയുടെ വധം അനാവശ്യമായിരുന്നെന്ന് പൊതുജനാഭിപ്രായം ബലപ്പെട്ടു.
ഭർത്താവിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചുവെന്ന കുറ്റം ചാർത്തപ്പെട്ട് മേരി ആനിൻറെ സ്വത്തുക്കൾ വിപ്ലവഭരണകൂടം കണ്ടുകെട്ടി താമസിയാതെ അവർ അറസ്റ്റു ചെയ്യപ്പെട്ടു[20]. ജയിൽമുക്തയായ ശേഷം ലാവോസിയെയുടെയും സഹപ്രവർത്തകരുടേയും നിരപരാധിത്വം തെളിയിക്കുന്നതിൽ മേരി ആൻ വിജയിച്ചു[21]. സ്വത്തുക്കൾ തിരികെ കിട്ടി. ലാവോസിയെയുടെ ഗവേഷണപ്രബന്ധങ്ങൾ ക്രോഡീകരിച്ച് പുസ്തകരൂപത്തിൽ ആക്കുന്നതിനും അവർ മുൻകൈ എടുത്തു. പുസ്തകത്തിൻറെ കോപ്പികൾ യൂറോപ്പിലെ ശാസ്ത്രജ്ഞർക്ക് സൗജന്യമായി നൽകുകയും ചെയ്തു.
രസതന്ത്രത്തിന് ഒരു ശാസ്ത്രശാഖയായി വളരാനാവശ്യമായ സമഗ്രവും സുദൃഢവുമായ അടിത്തറ പാകിയത് ലാവോസിയെയാണ്. അതുകൊണ്ടുതന്നെ ആധുനിക രസതന്ത്രത്തിൻറെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുകയും ചെയ്യുന്നു[1].[2]ലാവോസിയയുടെ പരീക്ഷണമാണ് ദ്രവ്യസംരക്ഷണനിയമത്തിനു (The law of Conservation of Mass)വഴി തുറന്നത്. ദ്രവ്യം നശിപ്പികുവാനോ, സ്യഷ്ടിക്കുവാനോ സാധ്യമല്ല. രാസപ്രവർത്തനം നടക്കുമ്പോൾ ഇതിന്റെ രൂപത്തിൽ വ്യത്യാസം വരുന്നു എന്നേയുള്ളു. ഓക്സിജനാണ് വസ്തുക്കൾ കത്താൻ സഹായിക്കുന്നതെന്ന് ലവോസിയേ മനസ്സിലാക്കി. പ്രാണവായുവിന് ആ പേരിട്ടത് ലാവോസിയേ ആണ്. സൾഫ്യൂരിക് അമ്ലം, സിങ്ക് ഓക്സൈഡ് എന്നിവയ്ക്ക് ഈ പേരിട്ടതും ലാവോസിയേ ആണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.