From Wikipedia, the free encyclopedia
ബ്രിട്ടീഷ് മാൻഡേറ്റിന് കീഴിൽ പലസ്തീൻ പ്രദേശത്ത് 1948-ൽ നടന്ന യുദ്ധമാണ് 1948-ലെ അറബ് ഇസ്രയേൽ യുദ്ധം [lower-roman 1]. ഇസ്രയേലിൽ സ്വാതന്ത്ര്യ യുദ്ധം ( ഹീബ്രു: מלחמת העצמאות , മിൽകെമെറ്റ് ഹാറ്റ്സ്മാത്ത് ) എന്നറിയപ്പെടുമ്പോൾ അറബിയിൽ നക്ബ (ദുരന്തം, അറബി: النكبة , അൽ-നക്ബ ), [11] [12] [13] എന്നാണ് വിളിക്കപ്പെടുന്നത്. ഇസ്രായേൽ-പലസ്തീൻ പ്രതിസന്ധിയിലെ പ്രഥമ യുദ്ധമാണ് ഇത്. 1917 ലെ ബ്രിട്ടീഷ് അധിനിവേശത്തിന് മുമ്പ് ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഒരു പ്രവിശ്യയായിരുന്ന പലസ്തീനിൽ നിന്ന് ഈ യുദ്ധത്തോടെ ബ്രിട്ടീഷ് സാമ്രാജ്യം പിന്മാറി. യഹൂദന്മാർ ഇസ്രായേൽ രാഷ്ട്രം സ്ഥാപിച്ചതോടെ യുദ്ധം അവസാനിച്ചു, 700,000 ഫലസ്തീൻ അറബികളെ നാടുകടത്തുകയും അവരുടെ മിക്ക ഗ്രാമങ്ങളും പട്ടണങ്ങളും നഗരങ്ങളും പൂർണ്ണമായും നശിപ്പിക്കുകയും ചെയ്തതോടെ പലസ്തീന്റെ ജനസംഖ്യാപരമായ പരിവർത്തനം സമ്പൂർണ്ണമായി. [14] പലസ്തീൻ അറബികൾ ഈജിപ്തും ജോർദാനും പിടിച്ചടക്കിയ പലസ്തീൻ പ്രദേശങ്ങളിലേക്കോ ചുറ്റുമുള്ള അറബ് രാജ്യങ്ങളിലേക്കോ നാടുകടത്തപ്പെട്ടു. അവരിൽ പലരും അവരുടെ പിൻഗാമികളും അഭയാർഥിക്യാമ്പുകളിൽ തുടരുന്നു.
| ||||||||||||||||||||||||||||||||
യുദ്ധത്തോടെ പ്രദേശത്തിന്റെ 78 ശതമാനം ഇസ്രായേൽ രാഷ്ട്രത്തിനും ബാക്കി പലസ്തീൻ ജനതക്കുമായി വീതിക്കപ്പെട്ടു. ജോർദ്ദാന്റെ കൈവശത്തിലുള്ള വെസ്റ്റ് ബാങ്ക്, ഈജിപ്തിന്റെ കൈവശത്തിലുണ്ടായിരുന്ന ഗാസ എന്നിവയിലാണ് പലസ്തീൻ സർക്കാർ സ്ഥാപിക്കപ്പെട്ടത്.
1948- ജൂൺ 11-ന് പകൽ 10 മണിക്ക് വെടിനിർത്തൽ കരാർ നിലവിൽ വരുന്നതുവരെ യുദ്ധം നീണ്ടുനിന്നു. ജൂലൈ 9-ന് യുദ്ധം വീണ്ടും ആരംഭിച്ചു. ജൂലൈ 17-ന് വീണ്ടും വെടിനിർത്തൽ കരാർ വരുമ്പോഴേക്കും അറബ് സൈന്യത്തിന് കനത്ത തിരിച്ചടി നൽകാൻ ഇസ്രയേലിന് സാധിച്ചു.
മെഡിറ്ററേനിയൻ കടലിനും ജോർദാൻ നദിക്കും ഇടയിലുള്ള ഭൂമിയിൽ താമസിച്ചിരുന്ന അറബികളും കുടിയേറ്റക്കാരായ ജൂതന്മാരും തമ്മിലുള്ള 60 വർഷത്തിലേറെ നീണ്ട സംഘർഷത്തിന്റെ ഫലമായിരുന്നു 1948 ലെ യുദ്ധം. ഈ ദേശത്തെ ജൂതന്മാർ "ഇസ്രായേൽ ഭൂമി" എന്നും അറബികൾ "ഫലസ്തീൻ" അല്ലെങ്കിൽ "പലസ്തീൻ" എന്നും വിളിക്കുന്നു. യഹൂദമതത്തിന്റെ ഉൽഭവം ഇവിടെയായിരുന്നെങ്കിലും കാലാകാലങ്ങളിൽ വിവിധ വിഭാഗങ്ങൾ പലസ്തീൻ കീഴടക്കുകയുണ്ടായി. രണ്ടാം നൂറ്റാണ്ടിൽ റോമൻ സാമ്രാജ്യം യഹൂദാധിപത്യത്തെ തകർക്കുകയും, അവരെ പുറത്താക്കുകയും ചെയ്തു. റോമക്കാർ പ്രദേശത്തിന്റെ പേര് പലസ്തീൻ (ഫിലസ്ത്യരുടെ നാട്) എന്നാക്കി മാറ്റി.
റോമക്കാർക്ക് ശേഷം ബൈസാന്റിയൻ സാമ്രാജ്യം, ഖലീഫ ഉമറിന്റെ കാലത്ത് മുസ്ലിംകൾ, കുരിശുയുദ്ധക്കാർ, മംലൂക്കുകൾ എന്നിവരിലൂടെ 1881-ൽ ഉസ്മാനിയാ ഖിലാഫത്തിന്റെ കീഴിൽ പലസ്തീൻ പ്രദേശം വന്നു.
1881-ൽ നേരിട്ട് ഭരണമേറ്റ ഒട്ടോമൻ ഖിലാഫത്തിന്റെ കീഴിൽ നാലര ലക്ഷം അറബികളും 25000 ജൂതന്മാരുമാണ് പലസ്തീനിൽ ഉണ്ടായിരുന്നത്.[15] അറബികളിൽ 90% മുസ്ലിംകളും ബാക്കി ക്രിസ്ത്യാനികൾ, ദ്രൂസുകൾ എന്നിവരായിരുന്നു. അറബികൾ സ്വന്തം ഗോത്രതാത്പര്യങ്ങൾക്കപ്പുറം തുർക്കി ഖിലാഫത്തുമായി കാര്യമായ ബന്ധങ്ങൾ പുലർത്തുന്നവരായിരുന്നില്ല. 1915-16-ൽ ബ്രിട്ടീഷുകാർ കയ്യടക്കുന്നത് വരെ തുർക്കി ഖിലാഫത്തിന്റെ അധീനതയിലായിരുന്നു പലസ്തീൻ.
ഒന്നാം ലോകമഹായുദ്ധത്തോടെ ബ്രിട്ടന്റെ അധീനതയിൽ വന്ന പലസ്തീൻ, മറ്റു അയൽ രാജ്യങ്ങൾക്ക് സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യപ്പെട്ടപ്പോഴും പലസ്തീനെ മന:പൂർവ്വം ഒഴിവാക്കി. 1917 നവംബറിൽ ബാൽഫോർ പ്രഖ്യാപനത്തിലൂടെ ബ്രിട്ടൻ ജൂതഗേഹമായി പലസ്തീനെ മാറ്റുകയായിരുന്നു. സയണിസ്റ്റ് ലോബിയുടെ സ്വാധീനഫലമായാണ് ഇതിലേക്ക് ബ്രിട്ടീഷ് ഭരണകൂടം ഇങ്ങനെ ചെയ്തത്. യൂറോപ്പിലും മറ്റും ജൂതന്മാർ അനുഭവിച്ച വിവേചനവും ക്രൂരതയും ഇത്തരമൊരു നീക്കത്തിന് ശക്തമായ ന്യായമായി മാറി. സൂയസ് കനാലിന്റെ കാര്യത്തിൽ ബ്രിട്ടീഷ് താല്പര്യങ്ങൾ സംരക്ഷിക്കാൻ മേഖലയിലെ ജൂതരാഷ്ട്രം സഹായകമാവുമെന്ന് ബ്രിട്ടൻ കണക്കുകൂട്ടി[16].
1882 മുതൽ പലസ്തീനിലേക്കുള്ള ജൂതകുടിയേറ്റം ശക്തി പ്രാപിച്ചു വന്നു. യുറോപ്പിലെ ജൂതവിരോധം, റഷ്യയിലെ ജൂതന്മാർക്ക് അനുഭവിക്കേണ്ടി വന്ന ക്രൂരമായ മർദ്ദനങ്ങൾ, സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്വാധീനം എന്നിവ കുടിയേറ്റത്തിന് വേഗം കൂട്ടി. 30,000 ജൂതന്മാർ 1882-1903 കാലയളവിൽ ഒട്ടോമൻ പലസ്തീനിൽ അഭയം പ്രാപിച്ചു.[17]. ആദ്യഘട്ടങ്ങളിൽ കുടിയേറ്റത്തിന് എതിർപ്പുകളൊന്നും ഉണ്ടായിരുന്നില്ല. സയണിസ്റ്റ് കുടിയേറ്റത്തിന്റെ ആദ്യ രണ്ട് ദശകങ്ങളിൽ ചില ഭൂവുടമകളിൽ നിന്ന് മാത്രമാണ് കുടിയേറ്റത്തിന്റെ ആഘാതങ്ങളെക്കുറിച്ച് ആശങ്കകളുയർന്നിരുന്നത്.[18]
1914 ആയതോടെ ജൂത ജനസംഖ്യ 60,000 മുതൽ 85,000 വരെയായി ഉയർത്താൻ സയണിസ്റ്റുകൾക്ക് സാധിച്ചു. ഈ സംഖ്യയിലെ മൂന്നിൽ രണ്ട് പേരും സയണിസ്റ്റുകളായിരുന്നു. നാല്പതോളം പുതിയ താമസകേന്ദ്രങ്ങളിലായിരുന്നു ഇവർ താമസിച്ചുവന്നത്. 1909 മുതൽ ഭൂമിയുടെയും വിഭവങ്ങളുടെയും കാര്യത്തിൽ ജൂതകുടിയേറ്റക്കാരും തദ്ദേശീയ അറബികളും തമ്മിൽ തർക്കങ്ങൾ രൂപപ്പെട്ടുതുടങ്ങി. പുതിയ കുടിയേറ്റങ്ങൾക്കെതിരെ തദ്ദേശീയർ എതിർപ്പ് പ്രകടിപ്പിച്ചുതുടങ്ങി. നവകുരിശുയോദ്ധാക്കൾ എന്ന് സയണിസ്റ്റ് കുടിയേറ്റക്കാർ വിശേഷിപ്പിക്കപ്പെട്ടു തുടങ്ങി.[19] തർക്കങ്ങൾ പലപ്പോഴും സായുധപോരാട്ടങ്ങളിലേക്ക് നീങ്ങിയിരുന്നു.
ബ്രിട്ടീഷ് ഭരണകാലത്ത് കുടിയേറ്റത്തിന്റെ ശക്തി കൂടിക്കൂടിവന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ചുറ്റുമുള്ള അറബി രാഷ്ട്രങ്ങൾ സ്വാതന്ത്ര്യം നേടി. ഈജിപ്ത്, സിറിയ, ജോർദ്ദാൻ, ലെബനാൻ എന്നീ രാജ്യങ്ങൾ രൂപപ്പെട്ടു. 1945-ൽ അറബി രാഷ്ട്രങ്ങളുടെ സംയുക്തസമിതിയായി അറബ് ലീഗ് രൂപീകൃതമായി. ഈജിപ്റ്റ്, ഇറാഖ്, ലെബനാൻ, സൗദി അറേബ്യ, സിറിയ, ട്രാൻസ്ജോർഡാൻ, യെമൻ എന്നീ രാജ്യങ്ങളായിരുന്നു അറബ് ലീഗ് അംഗങ്ങളായി അന്ന് ഉണ്ടായിരുന്നത്.
രണ്ട് (ജൂതരാഷ്ട്രവും അറബ് പലസ്തീൻ രാഷ്ട്രവും) പരമാധികാരരാഷ്ട്രങ്ങളും അന്താരാഷ്ട്രനഗരമായി ജറൂസലം നഗരവും പലസ്തീൻ പ്രദേശത്ത് രൂപീകരിക്കാൻ ഐക്യരാഷ്ട്രസഭ 181-ആം നമ്പർ പ്രമേയത്തിലൂടെ തീരുമാനിച്ചു[20]. 32 ശതമാനം വരുന്ന ജൂതന്മാർക്ക് 56 ശതമാനം ഭൂമി, 68 ശതമാനം അറബികൾക്ക് 42 ശതമാനം ഭൂമി, ജറൂസലമിന്റെ ബഹുസ്വരത സംരക്ഷിക്കാനായി അവിടെ ഐക്യരാഷ്ട്രസഭയുടെ ഭരണം എന്നിങ്ങനെയാണ് വിഭാവനം ചെയ്യപ്പെട്ടത്.[21][22] വിഭജന നിർദ്ദേശത്തെ ജൂതന്മാർ അംഗീകരിച്ചപ്പോൾ[23][24] തങ്ങളുടെ ഭൂമിയിൽ നടക്കുന്ന ഏകപക്ഷീയമായ ഈ വിഭജനത്തെ അറബികൾ ശക്തമായി എതിർത്തു[25]. ഐക്യരാഷ്ട്രസഭയുടെത്തന്നെ ചാർട്ടറിന്റെ 73-ആം അനുച്ഛേദത്തിന്റെ ഭാഗം ബി പ്രകാരം പലസ്തീന്റെ ഭരണം അവിടത്തെ നിവാസികൾക്ക് ലഭിക്കണമെന്നതായിരുന്നു അറബികളുടെ വാദം. ഇതിൽ ഐക്യരാഷ്ട്രസഭക്ക് പ്രത്യേക വിഭജനാധികാരമില്ലെന്ന് അവർ വാദിച്ചു.[26]
1948-ൽ യുദ്ധം നടക്കുന്നതിന് മുൻപ് 1947 നവംബറിൽ തന്നെ അഭ്യന്തരയുദ്ധത്തിന് തുടക്കമായിരുന്നു. നവംബർ 29-ന് ഐക്യരാഷ്ട്രസഭ പലസ്തീൻ പ്രദേശത്തെ വിഭജിച്ച് ജൂതരാഷ്ട്രം സ്ഥാപിക്കാനായി തീരുമാനിച്ചതിന് തൊട്ടുപിറകെയാണ് അഭ്യന്തരയുദ്ധം തുടങ്ങിയത്. കൊലകളും പ്രതികാരനടപടികളും അനുസ്യൂതം തുടർന്നു. അക്രമങ്ങൾക്ക് തടയിടാൻ ആരും ശ്രമിച്ചതുമില്ല. 1948 മേയ് 14-ന് ബ്രിട്ടീഷ് മാൻഡേറ്റ് അവസാനിക്കുകയും ഇസ്രയേൽ രാഷ്ട്രം പ്രഖ്യാപിക്കപ്പെടുകയും ചെയ്യുന്നത് വരെ ഈ അഭ്യന്തരയുദ്ധം തുടർന്നു.[27] ആഴ്ചതോറും നൂറിലധികം മരണങ്ങളും 200-ലധികം ആളുകൾക്ക് പരിക്കും റിപ്പോർട്ട് ചെയ്യപ്പെട്ടുവന്നു[28][29].
1948 ജനുവരി മുതലാണ് അഭ്യന്തരയുദ്ധം കൂടുതലായി സൈനികവത്കരിക്കപ്പെട്ടത്. അറബ് ലിബറേഷൻ ആർമി തീരപ്രദേശ പട്ടണങ്ങളിൽ തമ്പടിച്ചു. ഗലീലി, ശമര്യ എന്നിവിടങ്ങളിൽ അവർ ആധിപത്യമുറപ്പിച്ചു[30]. അബ്ദുൽഖാദിർ അൽ ഹുസൈനിയുടെ നേതൃത്വത്തിൽ ജറൂസലമിലെ ജൂതന്മാരെ ഉപരോധിച്ചു[31]. ഈജിപ്റ്റിൽ നിന്നും സന്നദ്ധപ്രവർത്തകർ എത്തിയത് പലസ്തീൻ അറബികൾക്ക് ശക്തിപകർന്നു.
ഉപരോധത്തെ പ്രതിരോധിക്കാൻ ഹഗാനയുടെ അംഗങ്ങൾ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. ഹഗാനയുടെ നൂറോളം കവചിതവാഹനങ്ങൾ നശിപ്പിക്കപ്പെടുകയും നൂറുകണക്കിന് പ്രവർത്തകർ കൊല്ലപ്പെടുകയും ചെയ്തു[32].
സാഹചര്യം മോശമായതോടെ വിഭജനപദ്ധതിക്കുള്ള പിന്തുണ അമേരിക്ക പിൻവലിച്ചു. വിഭജനപദ്ധതിയെ ചെറുക്കാൻ അറബ് ലിബറേഷൻ ആർമിയുടെ ഇടപെടലോടെ സാധിക്കുമെന്ന് അറബ് ലിഗ്ഗ് കണക്കുകൂട്ടി. 1948 ഫെബ്രുവരിയിൽ പലസ്തീന്റെ അറബ് ഭാഗം പിടിച്ചെടുക്കാൻ ജോർദ്ദാനിന് ബ്രിട്ടൻ അനുമതി നൽകി[33].
ജൂതന്മാർ അവരുടെ ഭൂമിയിൽ പിടിച്ചുനിൽക്കണമെന്ന് നേതൃത്വം ആഹ്വാനം ചെയ്തു[34]. എന്നാൽ യഹൂദ മേധാവിത്വമുള്ള പ്രദേശങ്ങളിലെ ഒരു ലക്ഷത്തോളം അറബികൾ വിദേശത്തേക്കോ കിഴക്ക് അറബ് കേന്ദ്രങ്ങളിലേക്കോ പലായനം ചെയ്തു. [35]
ഇതിനകം തന്നെ ബ്രിട്ടീഷുകാർ തങ്ങളുടെ സൈന്യത്തെ പിൻവലിച്ചിരുന്നു. ഈ സാഹചര്യം അയൽരാജ്യങ്ങളായ അറബ് രാജ്യങ്ങളെ പലസ്തീനിൽ ഇടപെടാൻ പ്രേരിപ്പിച്ചെങ്കിലും, പക്ഷേ അവരുടെ തയ്യാറെടുപ്പ് പൂർത്തിയായിരുന്നില്ല. ഫലസ്തീൻ അറബികളുടെ പ്രതീക്ഷകൾ ട്രാൻസ്ജോർഡാന്റെ രാജാവായിരുന്ന അബ്ദുല്ല ഒന്നാമൻ രാജാവിലായിരുന്നു. പലസ്തീൻ പ്രദേശം ജോർദ്ദാൻ പിടിച്ചെടുക്കുമെന്ന് ധരിച്ചിരുന്നതിനാൽ പലസ്തീനിൽ സ്വതന്ത്ര അറബ് ഭരണകൂടം സൃഷ്ടിക്കാൻ അദ്ദേഹം ഉദ്ദേശിച്ചില്ല. ജൂത അധികാരികളുമായും അറബ് ലീഗുമായും ഒരേസമയം ബന്ധപ്പെട്ടുവന്ന രാജാവ് പലസ്തീൻ വിഭജനത്തെ ആദ്യഘട്ടത്തിൽ പിന്തുണച്ചിരുന്നെങ്കിലും പിന്നീട് നിലപാട് മാറ്റുകയായിരുന്നു.
1948 ഏപ്രിൽ ആദ്യത്തിൽ ഡേവിഡ് ബെൻ-ഗുരിയന്റെ നിർദ്ദേശപ്രകാരം പ്ലാൻ ഡാലെറ്റ് (പ്ലാൻ ഡി) ആരംഭിച്ചു. ജറൂസലമിലേക്കുള്ള ഉപരോധം നീക്കലായിരുന്നു ഇതിന്റെ ആദ്യപദ്ധതി. ഈ ഘട്ടത്തിൽ ഹഗാനയാണ് പദ്ധതി നടത്തിപ്പിൽ പങ്കാളിയായിരുന്നത്. ചരക്കുകൾ ജറൂസലമിലെത്തിക്കാനുള്ള ജൂതന്മാരുടെ ശ്രമം വിജയിച്ചില്ലെന്ന് മാത്രമല്ല, സൈനികരേയും വാഹനങ്ങളെയും നഷ്ടപ്പെടുകയും ചെയ്തതോടെ അവരുടെ ആത്മവീര്യം തകർന്നുതുടങ്ങി.
ഏപ്രിൽ 20-ന് പൂർത്തിയായ ഒരു ഓപ്പറേഷനിൽ 1500 ഹഗാന ഭടന്മാർ പങ്കെടുത്തു, അതിൽ രണ്ടുമാസത്തേക്കുള്ള ഭക്ഷ്യവസ്തുക്കൾ ജറൂസലമിലെ ജൂതസമൂഹത്തിന് എത്തിക്കുന്നതിൽ അവർ വിജയം കണ്ടു.[36] അൽ ഹുസൈനിയുടെ മരണമാണ് ഓപ്പറേഷന്റെ വിജയത്തിന് സഹായകമായത്.
ഈ സമയത്ത് ഇർഗൂൺ, ലെഹി എന്നീ അകമിസംഘങ്ങൾ ഡീർ യാസിനിൽ 107 അറബികളെ കൂട്ടക്കൊല ചെയ്തു. ഇതിനെ ജൂതനേതൃത്വം അപലപിച്ചു രംഗത്തുവന്നെങ്കിലും അറബ് ആത്മവിശ്വാാസത്തിനേറ്റ വലിയൊരു മുറിവായി ഈ കൂട്ടക്കൊല മാറി. ആദ്യഘട്ടങ്ങളിലെ വലിയ മുന്നേറ്റം തുടരാൻ അറബ് ലിബറേഷൻ ആർമിക്ക് സാധിക്കാതെ വന്നു.[37] ഡ്രൂസ് അവരുടെ സഖ്യത്തിൽ നിന്ന് പിന്മാറിയത് മെഷ്മാർ ഹാഎമെക് യുദ്ധത്തിൽ അവരുടെ പരാജയത്തിന് ഹേതുവായി. [38]
പ്ലാൻ ഡാലറ്റ് അനുസരിച്ച് ഹഗാന, പൽമാച്ച്, ഇർഗൂൺ എന്നീ സൈന്യങ്ങൾ ചേർന്ന് തിബെര്യാസ്, ഹൈഫ, സഫേദ്, ബെഇസന്, ജാഫ, ഏക്കർ എന്നീ സമ്മിശ്ര ജനസംഖ്യയുള്ള പ്രദേശങ്ങൾ കീഴടക്കാനാരംഭിച്ചു. 2,50,000-ത്തിലധികം ഫലസ്തീൻ അറബികൾ ഈ പ്രദേശങ്ങളിൽ നിന്ന് പലായനം ചെയ്തു.[39]
1948 മെയ് 14 ന്, ബ്രിട്ടീഷ് മാൻഡേറ്റ് കാലഹരണപ്പെടുന്നതിന്റെ തലേദിവസം, ഡേവിഡ് ബെൻ-ഗുരിയൻ ഒരു ജൂത രാഷ്ട്രം സ്ഥാപിച്ചതായി പ്രഖ്യാപിച്ചു. ഇത് ഇസ്രായേൽ സ്റ്റേറ്റ് എന്നറിയപ്പെട്ടു. [40] വൻശക്തി നേതാക്കളായ യുഎസ് പ്രസിഡന്റ് ഹാരി എസ്. ട്രൂമാൻ, സോവിയറ്റ് നേതാവ് ജോസഫ് സ്റ്റാലിൻ എന്നിവർ ഉടൻ തന്നെ പുതിയ രാജ്യത്തെ അംഗീകരിച്ചു. അറബ് ലീഗ് യുഎൻ വിഭജന പദ്ധതി അംഗീകരിക്കാൻ വിസമ്മതിക്കുകയും അറബികൾക്ക് സ്വയം നിർണ്ണയിക്കാനുള്ള അവകാശം പലസ്തീനിലുടനീളം പ്രഖ്യാപിക്കുകയും ചെയ്തു, നിയമപരമായ രാജ്യമില്ലാത്ത പലസ്തീൻ അറബികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ മറ്റ് അറബിരാഷ്ട്രങ്ങൾ ഇടപെടേണ്ടത് അനിവാര്യമാണെന്ന് അറബ്ലീഗ് ആവശ്യപ്പെട്ടു.[41]
രാഷ്ട്രപ്രഖ്യാപനത്തെ തുടർന്നുള്ള ദിവസങ്ങളിൽ, അക്കാലത്തെ അറബ് ലീഗിൽ നിന്നുള്ള ഈജിപ്റ്റ്, ഇറാഖ്, ട്രാൻസ്ജോർഡാൻ, സിറിയ എന്നിവ പലസ്തീൻ ആക്രമിച്ച് ഇസ്രായേലികളോട് യുദ്ധം ചെയ്തു. അറബ് ലിബറേഷൻ ആർമിയും സൗദി അറേബ്യ, ലെബനൻ, യെമൻ എന്നിവിടങ്ങളിൽ നിന്നുള്ള സന്നദ്ധപ്രവർത്തകരുടെ സംഘവും അവരെ പിന്തുണച്ചിരുന്നു. അറബ് സൈന്യം എല്ലാ മുന്നണികളിലും ഒരേസമയം ആക്രമണം നടത്തി: തെക്ക് നിന്ന് ഈജിപ്ഷ്യൻ സൈന്യം, കിഴക്ക് നിന്ന് ജോർദാൻ, ഇറാഖ്-സിറിയൻ സൈന്യം വടക്ക് നിന്ന് എന്നിങ്ങനെ. എന്നാൽ ഈ അറബ് രാജ്യങ്ങൾ തമ്മിൽ പോരാട്ടത്തിന്റെ കാര്യത്തിൽ ഏകോപനമൊന്നും ഉണ്ടായിരുന്നില്ല.
യുദ്ധത്തിന്റെ ഒന്നാം ഘട്ടത്തിന്റെ അവസാനം ജൂലൈ 7 ന് ജനറൽ മുഹമ്മദ് നാഗുബിന്റെ കീഴിലുള്ള ഈജിപ്ഷ്യൻ സൈന്യം നെഗ്ബയെ ആക്രമിച്ചു.[42] 1948 ജൂൺ 11-ന് ഒന്നാം വെടിനിർത്തൽ നിലവിൽ വന്നു.
മെയ് 29 ന് പ്രഖ്യാപിച്ച യുഎൻ വെടിനിർത്തൽ കരാർ ജൂൺ 11 ന് ആരംഭിച്ച് 28 ദിവസം നീണ്ടുനിന്നു. വെടിനിർത്തലിന് യുഎൻ മധ്യസ്ഥനായ ഫോൽക്ക് ബെർണാഡോട്ടും യുഎൻ നിരീക്ഷകരും ബെൽജിയം, അമേരിക്ക, സ്വീഡൻ, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള സൈനിക ഉദ്യോഗസ്ഥരും മേൽനോട്ടം വഹിച്ചു. [43] "പുണ്യസ്ഥലങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ജനസംഖ്യയുടെ ക്ഷേമം സംരക്ഷിക്കുന്നതിനും ഫലസ്തീന്റെ ഭാവി സാഹചര്യങ്ങളുടെ സമാധാനപരമായ ക്രമീകരണം" പ്രോത്സാഹിപ്പിക്കുന്നതിനും ബെർണാഡോട്ടിനെ പൊതുസഭ തിരഞ്ഞെടുത്തു.[44] "ക്രിസ്മസോടെ സമാധാനം" എന്ന മുദ്രാവാക്യത്തോടെയാണ് സമാധാനദൗത്യം ആരംഭിച്ചത്, എന്നാൽ അറബ് ലോകം ഒരു ജൂത രാഷ്ട്രത്തിന്റെ അതിർത്തിയുടെ വിഷയത്തിലല്ല, മറിച്ച് അതിന്റെ അറബിഭൂമിയിലെ അസ്ഥിത്വത്തെയായിരുന്നു നിഷേധിച്ചിരുന്നത്. [45]
ഇരുപക്ഷവും തങ്ങളുടെ ശക്തി വർദ്ധിപ്പിക്കാൻ ഈ അവസരം ഉപയോഗിച്ചു. "അറബികൾ പുതിയ യൂണിറ്റുകൾ (സുഡാൻ, [45] സൗദി,[46], യെമൻ, മൊറോക്കോ [47] എന്നിവിടങ്ങളിൽ നിന്നുള്ള യൂണിറ്റുകൾ) സംഘടിപ്പിക്കുകയും ഒറ്റപ്പെട്ട ഇസ്രായേലി വാസസ്ഥലങ്ങൾ ഉപരോധിച്ചും, ഇടക്ക് വെടിയുതിർത്തും സന്ധി ലംഘിച്ചു.[48] ചെക്കോസ്ലോവാക്യയിൽ നിന്ന് ആയുധങ്ങൾ വാങ്ങുകയും സേനയുടെ പരിശീലനം മെച്ചപ്പെടുത്തുകയും സൈന്യത്തെ പുന:സംഘടിപ്പിക്കുകയും ചെയ്തുകൊണ്ടാണ് ഇസ്രായേൽ പ്രതിരോധ സേന കരാർ ലംഘിച്ചത്. ഇസ്രായേലിന്റെ അഞ്ചാമത്തെ പ്രധാനമന്ത്രിയായ ഐ.ഡി.എഫ് കമാൻഡറായിരുന്ന യിത്ഷാക് റാബിൻ പറഞ്ഞു, "ചെക്കോസ്ലോവാക്യയിൽ നിന്ന് ആയുധങ്ങൾ ഇല്ലാതെ ... ഞങ്ങൾക്ക് യുദ്ധം നടത്താൻ കഴിയുമായിരുന്നോ എന്നത് വളരെ സംശയമാണ്". [49][48] ഈസമയത്ത് ഇസ്രായേലിന്റെ സൈനികശക്തി ഏകദേശം ഇരട്ടിയായി ഉയർന്നു. കൂടാതെ ആയുധശക്തിയും ഗണ്യമായി വർദ്ധിപ്പിച്ചു.[48]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.