പതിനേഴാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ ലത്തീൻ ഭാഷയിൽ പ്രസിദ്ധീകരിച്ച ഗ്രന്ഥം From Wikipedia, the free encyclopedia
കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് പതിനേഴാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ലത്തീൻ ഭാഷയിൽ പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ഹോർത്തൂസ് മലബാറിക്കൂസ് ('മലബാറിന്റെ ഉദ്യാനം' എന്നർഥം). കൊച്ചിയിലെ ഡച്ച് ഗവർണറായിരുന്ന ഹെൻട്രിക് ആഡ്രിയൻ വാൻ റീഡ് ആണ് ഹോർത്തൂസ് തയ്യാറാക്കിയത്. 1678 മുതൽ 1703 വരെ നെതർലാൻഡിലെ ആംസ്റ്റർഡാമിൽ നിന്നും 12 വാല്യങ്ങളിലായി പുറത്തിറക്കിയ സസ്യശാസ്ത്രഗ്രന്ഥമാണിത്.[1] കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് രചിക്കപ്പെട്ട ആദ്യത്തെ സമഗ്രഗ്രന്ഥം ഇതാണ്. മലയാള ലിപികൾ ആദ്യമായി ചിത്രമായി അച്ചടിക്കപ്പെട്ടത് ഈ ഗ്രന്ഥത്തിലാണ്.[2]
ഹെൻറി അഡ്രിയാൻ വാൻ റീഡ് ടോ ഡ്രാക്കെൻസ്റ്റീൻ (1636-1691)[3] അഥവാ വാൻ റീഡ് ആണ് ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചത്. ഡച്ച് ഈസ്റ്റിന്ത്യാ കമ്പനിക്ക് കീഴിൽ പ്രവർത്തിച്ച ഒരു സൈനികനായിരുന്നു അദ്ദേഹം. 1656 ൽ 20 വയസ്സുള്ളപ്പോൾ സൈനികനായി ചേർന്ന വാൻ റീഡ്, കുറച്ചു വർഷങ്ങൾ ഒഴിവാക്കിയാൽ ശിഷ്ടകാലം മുഴുവൻ കമ്പനിയുടെ സേവനത്തിന് ചെലവിട്ടു.[4] ഡച്ചു ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കീഴിൽ ഗവർണറായി കൊച്ചിയിൽ ജോലിചെയ്തിരുന്ന കാലത്താണ് ഹോർത്തൂസ് മലബാറിക്കൂസ് അദ്ദേഹം തയ്യാറാക്കിയത് (1673-1677). പ്രസിദ്ധ സസ്യശാസ്ത്രജ്ഞനായ കാൾ ലിന്നേയസിനെ വളരെയധികം സ്വാധിനിച്ച പുസ്തകങ്ങളിലൊന്നാണിത്. പ്രസിദ്ധ സസ്യശാസ്ത്രജ്ഞനും കാലിക്കറ്റ് സർവകലാശാലയിലെ സസ്യശാസ്ത്രവിഭാഗത്തിലെ എമിരൈറ്റ്‌സ് പ്രൊഫസറുമായ ഡോ.കെ.എസ്. മണിലാൽ ആണ് ഹോർത്തൂസ് മലബാറിക്കൂസിനെ ആധുനിക സസ്യശാസ്ത്രപ്രകാരം സമഗ്രമായി വിശദീകരിക്കുന്ന ഇംഗ്ലീഷ് പതിപ്പും (2003), മലയാളം പതിപ്പും (2008) തയ്യാറാക്കിയത്. കേരള സർവകലാശാലയാണ് ഇംഗ്ലീഷ്, മലയാളം പതിപ്പുകളുടെ പ്രസാധകർ.[5]
ഹോർത്തൂസ് മലബാറിക്കൂസ് ലത്തീൻ പദമാണ്. ഹോർത്തൂസ് എന്ന വാക്കിന് ലത്തീനിൽ അർത്ഥം പൂന്തോട്ടം അഥവാ ഉദ്യാനം എന്നും മലബാറിക്കൂസ് എന്നതിന് മലബാറിന്റെ എന്നുമാണ്. മലബാറിന്റെ ഉദ്യാനം എന്നാണ് ഗ്രന്ഥനാമത്തിന് അർത്ഥം.
വാൻ റീഡ് തന്റെ സ്വന്തം ചെലവിൽ, നൂറുകണക്കിനു വിദേശീയരും അത്രതന്നെ ഇന്ത്യാക്കാരും ചേർന്ന് നടത്തിയ അസദൃശമായ ബൃഹത്ത് സംരംഭമായിരുന്നു അത്. 12 വാല്യങ്ങളിലായി മലബാറിലെ സസ്യജാലങ്ങളെ തരംതിരിക്കുകയും, ചിത്രങ്ങൾ സഹിതം രേഖപ്പെടുത്തുകയും ആണ് ചെയ്തത്. വളരെ ശ്രദ്ധയോടെ രചിച്ചിരിക്കുന്ന ഈ ഗ്രന്ഥത്തിൽ സസ്യങ്ങളുടെ ലത്തീൻ, അറബിക്, കൊങ്കണി, തമിഴ്, മലയാളം പേരുകളും രേഖപ്പെടുത്തിയിട്ടുണ്ട്. [6]
ഇട്ടി അച്ചുതൻ എന്ന പ്രസിദ്ധനായ തീയർ വൈദ്യന്റെ താളിയോല ഗ്രന്ഥങ്ങൾ രചനയിൽ ഏറെ സഹായകമായി.[7] ഈ സാഹസത്തിൽ വാൻ റീഡിനെ സഹായിക്കാൻ നിരവധി വൈദ്യന്മാരും സസ്യശാസ്ത്ര, വൈദ്യശാസ്ത്ര മേഖലകളിലെ അദ്ധ്യാപകരും, സസ്യപഠിതാക്കളും (ഉദാ: ആർനോൾഡ് സെയിൻ, തിയൊഡോർ ജാൻസ്സൻ ഒഫ് അമെലൊവീൻ, പാൾ ഹെർമാൻ, യൊവാൻ മുന്നിക്സ്, യൊവാൻ കൊമ്മെലിനുസ്) എഴുത്തുകാരും, ശിൽപികളും ഉണ്ടായിരുന്നു.[8]
ലത്തീൻ ഭാഷയിൽ രചിച്ച്, 200 താളുകൾ ഉള്ള 12 വാല്യങ്ങളായി ആംസ്റ്റർഡാമിൽ നിന്നും ഹോർത്തൂസ് മലബാറിക്കൂസ് പ്രസിദ്ധീകരിച്ചു. 742 അദ്ധ്യായങ്ങളുണ്ട്. അടയാളപ്പെടുത്തിയ 794 ചിത്രങ്ങൾ ഇതിലുൾപ്പെടുത്തിയിട്ടുണ്ട്. തദ്ദേശിയ പണ്ഡിതരായ രംഗ ഭട്ട്, വിനായക ഭട്ട്, അപ്പു ഭട്ട് എന്നീ ഗൗഡ സാരസ്വതബ്രാഹ്മണരും, ചേർത്തലയിലെ കടക്കരപ്പള്ളിയിൽ നിന്നുള്ള കൊല്ലാട്ട് ഇട്ടി അച്യുതൻ എന്ന വൈദ്യനും വാൻ റീഡീനു മാർഗനിർദ്ദേശികളായിരുന്നു.[9] പണ്ഡിതനായ മത്തേയൂസ് എന്ന ഇറ്റാലിയൻ കർമ്മലീത്താ സന്യാസിയും അദ്ദേഹത്തെ സഹായിച്ചു. ബഹുഭാഷാപ്രവീണനായിരുന്ന അദ്ദേഹം തർജ്ജമയിൽ വലിയ പങ്കു വഹിച്ചു. ഇതിനുള്ള കൃതജ്ഞത സമർപ്പണമായി ചാത്യാത്, വരാപ്പുഴ എന്നി സ്ഥലങ്ങളിൽ രണ്ടു ദേവാലയങ്ങൾ നിർമ്മിക്കാൻ ഡച്ച് അധികാരികൾ മത്തേയൂസ് പാതിരിക്കു അനുമതി നൽകി.
ഇട്ടിഅച്ചുതൻ വൈദ്യരാണ് മിക്ക ഔഷധ ചെടികളുടെയും മലയാളം പേരുകളും ഔഷധമൂല്യങ്ങളും പറഞ്ഞുകൊടുത്തത്. ഇവരെ കൂടാതെ വേറേയും അനേകം നാട്ടുവൈദ്യന്മാരും പ്രകൃതിശാസ്ത്രതൽപരരും റീഡിനെ സഹായിച്ചിട്ടുണ്ട്.
ഏഷ്യയിലെ ഒരു പ്രത്യേക ജില്ലയിലേയോ സംസ്ഥാനത്തേയോ സസ്യസമ്പത്തിനെക്കുറിച്ചുള്ള ആദ്യത്തെ ഗ്രന്ഥമാണ് ഇത്. എന്നാൽ ഹൊർത്തൂസിന്റെ രചനക്കുമുൻപുതന്നെ ഇന്ത്യയിലെ സസ്യങ്ങളെക്കുറിച്ച് രണ്ടു ഗ്രന്ഥങ്ങൾ നിലവിലുണ്ടായിരുന്നു. ഗാർസിയ ഡ ഓർട്ട എഴുതിയ കൊളോക്കിയോ ഡോസ് സിംപ്ലസ് ഉ ഡ്രോഗാസ് ഇകുസാസ് മെഡിസിനാസ് ദ ഇന്ത്യ (1563) ഉം ക്രിസ്റ്റോബൽ ഡകോസ്ത എഴുതിയ ട്രക്കാഡോ ഡിലാസ് ഡ്രേഗാസ് യെ മെഡിസിനാസ് ദി ലാസ് ഇന്ത്യാസ് ഓരിയന്റാലിസ് (1578) എന്നിവയാണവ.
ഹോർത്തൂസ് മലബാറിക്കൂസിലാണ് ആദ്യമായി മലയാളലിപി അച്ചടിച്ചു കാണുന്നത്[10][11]. എന്നാൽ ഹോർത്തൂസിലെ താളുകൾ ഓരോ അക്ഷരത്തിനും പ്രത്യേകമായുള്ള അച്ചുകൾ ഉപയോഗിച്ചല്ല, പകരം ബ്ലോക്കുകളായി വാർത്തെടുത്താണു് അച്ചടിച്ചത്.
ലാറ്റിനിലുള്ള ഹോർത്തൂസ് മലബാറിക്കസ് മൂന്നു നൂറ്റാണ്ടിനു ശേഷം കാലിക്കറ്റ് സർവകലാശാലയിലെ ബോട്ടണി വിഭാഗം മേധാവിയും ഗവേഷകനുമായിരുന്ന കെ.എസ്. മണിലാൽ ഇംഗ്ലീഷിലേക്കും തുടർന്ന് മലയാളത്തിലേക്കും പരിഭാഷ ചെയ്തു. ഇത് കേരള സർവകലാശാല ആണ് പ്രസിദ്ധീകരിച്ചത്.[12]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.