സസ്തനികളുടെ നെഞ്ചിനോട് ചേർന്ന് കാണുന്ന വീർത്ത അവയവം From Wikipedia, the free encyclopedia
സ്തനം എന്നത് സസ്തനികളുടെ നെഞ്ചിനോട് ചേർന്ന് കാണുന്ന വീർത്ത അവയവം ആണ്. ബഹുവചനം സ്തനങ്ങൾ. ഇംഗ്ലീഷ് : Breasts. സസ്തനി എന്ന പേരിന്റെ അർത്ഥം തന്നെ സ്തനങ്ങളോട് കൂടിയത് എന്നാണ്. മലയാളത്തിൽ മുല എന്നും പര്യായമുണ്ട്. ഗ്രാമീണഭാഷയിൽ അമ്മിഞ്ഞ എന്നു വിവക്ഷിക്കുന്നതും മുലകളെയാണ്.
ഈ ലേഖനം സ്ത്രീകളുടെ സ്തനത്തെ കുറിച്ച് മാത്രമാണ് പ്രതിപാദിക്കുന്നത്. മറ്റു വിവരങ്ങൾക്ക് സസ്തനി എന്ന താൾ കാണുക.
സസ്തനികൾ അവരുടെ കുഞ്ഞുങ്ങളെ പ്രസവിക്കുകയാണ് ചെയ്യുക. ഈ കുഞ്ഞുങ്ങൾക്ക് ആദ്യകാലങ്ങളിൽ വളരാനാവശ്യമായ പോഷകങ്ങൾ ലഭിക്കുന്നത് മുലയൂട്ടുന്നതിലൂടെയാണ്. മനുഷ്യ സ്ത്രീക്ക് ഒരു ജോഡി സ്തനമാണ് ഉണ്ടാവുക. മറ്റു മൃഗങ്ങൾക്ക് കൂടുതൽ എണ്ണം ഉണ്ടാവാറുണ്ട്. ആൺ വർഗ്ഗങ്ങൾക്കും സ്തനങ്ങൾ ഉണ്ടാവും. എന്നാൽ ഇത് പുർണ്ണ വളർച്ച പ്രാപിക്കാത്തെ അവസ്ഥയിലായിരുക്കും. ഗൈനക്കോമേസ്റ്റിയ എന്ന അവസ്ഥയിൽ ആണിന് സ്തനവളർച്ച ഉണ്ടാകാറുണ്ട്. മനുഷ്യനിൽ ട്രാൻസ്ജെൻഡറുകൾക്കും സ്തനങ്ങൾ ഉണ്ട്. സ്തനങ്ങളിൽ പാലുല്പാദിപ്പിക്കാനുള്ള ഗ്രന്ഥികൾ ആണ് മാംസപേശികൾക്കൊപ്പം അധികമായി ഉണ്ടാവുക. ലിംഗഭേദം കൂടാതെ മിക്കവർക്കും ലൈംഗിക ഉത്തേജനം നൽകുന്നതിലെ അവിഭാജ്യ ഘടകവുമാണ് ഇവ. സ്തനാർബുദം സ്ത്രീകളിൽ മാത്രമല്ല പുരുഷന്മാരിലും കണ്ടു വരുന്നു. വിദേശ രാജ്യങ്ങളിൽ സ്തനങ്ങളുടെ രൂപഭംഗി വർദ്ധിപ്പിക്കാനുള്ള ഇംപ്ലാന്റ് ചികിത്സക്ക് വൻ പ്രചാരം ലഭിച്ചിട്ടുണ്ട്. [2]
സസ്തനികളായ ജീവികൾക്ക് കുഞ്ഞുങ്ങൾക്ക് പാലൂട്ടുക എന്ന ജോലിയാണ് സ്തനങ്ങൾ നിർവ്വഹിക്കുന്നത്. മുലയുള്ളതും എന്നാൽ മുട്ടയിടുന്നതുമായ രണ്ടു ജീവികളാണ് ഭൂമിയിൽ ഇന്നുള്ളത്, എക്കിഡ്നയും പ്ലാറ്റിപ്പസും.[3] ഇവയ്ക്ക് പൂർണ്ണ വളർച്ചയെത്താത്ത സ്തനങ്ങൾ ആണ് ഉള്ളത്. ഒരു ചെറിയ കോശങ്ങളുടെ മടക്കാണിത്. ഇതിൽ നിന്ന് ഊറി വരുന്ന ദ്രാവകം ആണ് കുഞ്ഞുങ്ങൾ കുടിക്കുന്നത്. ഇതായിരിക്കണം മുട്ടകളിൽ നിന്ന് മുലകൾ ഉള്ള സസ്തനികളിലേക്കുള്ള പരിണാമത്തിന്റെ ഘട്ടം. ക്രമേണ ഈ അവയവം പൂർണ്ണ രൂപം പ്രാപിച്ചു.
സ്തനങ്ങൾക്ക് മുലയൂട്ടുക മാത്രമല്ല കർത്തവ്യം. മറിച്ച് ലൈംഗിക കേളികളിലും ഇണയെ ആകർഷിക്കുന്നതിലും അതിന് സ്വാധീനമുണ്ട്. പുരുഷന്മാർ സ്വാഭാവികമായും വലിയ സ്തനങ്ങളുള്ള സ്ത്രീകളെ തിരഞ്ഞെടുത്തിരുന്ന പുരാതനകാലത്ത് നിലനിൽപിനും പിൻതലമുറകളെ സൃഷ്ടിക്കുവാനും വലിപ്പമുള്ള ഈ അവയവങ്ങൾ സ്ത്രീകളുടെ ആവശ്യമായിരുന്നു. സ്ത്രീകളുടെ മുലകളിൽ മുലപ്പാൽ ഗ്രന്ഥികളേക്കാൾ അധികം കൊഴുപ്പ് അടിഞ്ഞുകൂടുന്നതും ആകാരം വരുന്നതും ഇതിനു കാരണമായി ശാസ്ത്രജ്ഞന്മാർ ചൂണ്ടിക്കാണിക്കുന്നു. മറ്റു മൃഗങ്ങളുടേതു പോലെ ആവശ്യം കഴിഞ്ഞാൽ ചുരുങ്ങുന്ന തരമല്ല സ്ത്രീകളുടെ സ്തനങ്ങൾ എന്നത് മേൽ പറഞ്ഞതിനു ഉപോല്ഫലകമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പരന്ന നെഞ്ചുള്ള പെണ്ണുങ്ങൾക്ക് എതിർലിംഗാനുരാഗികളായ ആണുങ്ങളെ ആകർഷിക്കാനുള്ള കഴിവില്ലെന്നാണ് ആദ്യകാലത്തെ ചില പഠനങ്ങളും തെളിയിക്കുന്നത്. എന്നാൽ ചെറിയ സ്തനങ്ങളിൽ സംവേദനം നൽകുന്ന നാഡീ ഞരമ്പുകൾ അല്പ സ്ഥലത്തായി കേന്ദ്രീകരിച്ചിരിക്കുന്നത് മുഖേന അവർക്ക് കൂടുതലായി ലൈംഗികസുഖം ലഭിച്ചേക്കാമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
പരിണാമത്തിനു മുൻപ് ആണുങ്ങൾ വേട്ടയാടിയിരുന്നതും അത് കൂടുതൽ ആണുങ്ങൾക്ക് മാത്രം ഭക്ഷണം ലഭിക്കൻ ഇടയാക്കിയിരുന്നുമിരിക്കാം. ഇവർ വേട്ടകഴിഞ്ഞ് തിരിച്ചെത്തിയശേഷം സ്ത്രീകൾക്ക് ഭക്ഷണം വിതരണം നടത്തിയിരിക്കാം. ഇതിൽ തന്നെ ലൈംഗിക ബന്ധത്തിലേർപ്പെട്ടിരുന്ന സ്ത്രീകൾക്ക് കൂടുതൽ ഭക്ഷണം സമ്മാനവുമായും ലഭിച്ചിരിക്കാം. ഇത് ആണിനെ ആകർഷിക്കാനുള്ള പെണ്ണിന്റെ കഴിവിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. അതിനാൽ തന്നെ സ്ത്രീയുടെ ബുദ്ധി മണ്ഡലത്തിൽ വലിയ സ്തനത്തോടുള്ള ആഭിമുഖ്യം കൂടിയിരിക്കണം. സ്ത്രീക്ക് മാത്രമല്ല, പുരുഷന്മാരുടേയും ട്രാൻസ്ജെൻഡറുകളുടേയും സ്തനങ്ങൾക്കും ലൈംഗികാസ്വാദനത്തിൽ സുപ്രധാന പങ്കുണ്ട്. സ്തനങ്ങളിൽ സ്പർശിക്കുന്നതും ലാളിക്കുന്നതും ഇവർക്കും ലൈംഗിക ഉത്തേജനം നൽകാറുണ്ട്. അതിനാൽ പുരുഷ സ്തനങ്ങളുടെ ഏകവും പ്രഥമവുമായ ധർമ്മം ഇത് മാത്രമാണെന്നും പറയാം.
മറ്റൊരു സിദ്ധാന്തപ്രകാരം സ്തനങ്ങൾ വികസിച്ചത് കുഞ്ഞുങ്ങൾ പാലുകുടിക്കുന്ന സമയത്ത് അവരുടെ മൂക്ക് അടഞ്ഞ് ശ്വാസം മുട്ടാതിരിക്കാനായിട്ടാണ് എന്നാണ്. കുഞ്ഞുങ്ങൾക്ക് മറ്റു ജന്തുക്കളുടേതു പോലെ നീണ്ട താടിയെല്ലില്ലാത്തതാണ് ഈ ശ്വാസം മുട്ടൽ ഉണ്ടാവാനുള്ള കാരണം, സ്തനങ്ങൾക്ക് വേണ്ട വലിപ്പം ഇല്ലെങ്കിൽ കുട്ടികളുടെ മൂക്ക് അമ്മയുടെ ശരീരത്തിൽ അമർന്ന് ശ്വാസം മുട്ടൽ ഉണ്ടാകാം. [4]
സ്തനങ്ങൾ സസ്തനികളുടെ നെഞ്ചോട് ചേർന്നാണ് കാണുന്നത്, മനുഷ്യനിൽ അത് വാരിയെല്ലുകളുടെ മുകൾ ഭാഗത്തായി അതായത് നെഞ്ചിലെ പെക്ടൊറാലിസ് എന്ന മാംസപേശിയോട് ചേർന്നാണ് ഇവ കാണപ്പെടുന്നത്. സ്തനങ്ങളെ ത്വക്ക് ആവരണം ചെയ്തിരിക്കും. മധ്യത്തിലായി മുലക്കണ്ണും അതിനു ചുറ്റുമായി ചെറിയ വ്യാസമുള്ള വൃത്താകൃതിയിൽ ഏരിയോളയും കാണുന്നു. ഇത് ഇളം ചുവപ്പു മുതൽ കടും കാപ്പി നിറം വരെ വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്നു. സ്തനങ്ങളിലുള്ള ഗ്രന്ഥികൾ മുലപ്പാൽ ഉണ്ടാക്കുന്നു. [5] ഈ ഗ്രന്ഥികൾ ഉമിനീർ ഗ്രന്ഥികളുടേയോ വിയർപ്പു ഗ്രന്ഥികളുടേയോ രൂപവ്യത്യാസം വന്നവയാണ്. ഇവയെ മാമ്മറി ഗ്രന്ഥികൾ എന്ന് വിളിക്കുന്നു. ഇവ സ്തനങ്ങളിൽ പല ഭാഗത്തായി ചിതറിക്കിടക്കുന്നു. അതിലെ വലിയ ഗ്രന്ഥികൾ മാത്രമേ പാൽ ഉല്പാദിക്കൂ. ഇവയിൽ മൂന്നിലൊന്നും മുലക്കണ്ണിനു അടിയിലായിത്തന്നെ കാണാം. ഒരോ സ്തനത്തിനും 15 മുതൽ 20 വരെയുള്ള വിഭാഗങ്ങൾ ഉണ്ട്. ലോബുകളെന്ന് അറിയപ്പെടുന്ന ഇവ ഡെയ്സിപൂക്കളുടെ ദളങ്ങൾ പോലെ ചിട്ടപ്പെടുത്തിയിരിക്കും. ഈ ലോബുകൾക്ക് ലൊബൂൾ എന്ന ചെറിയ ഭാഗങ്ങൾ ഉണ്ട്, ഇത് ചെറിയ പാലുല്പാദിക്കാവുന്ന മുകുളങ്ങളിൽ അവസാനിക്കുന്നു. ഇവയെല്ലാം ചെറിയ കുഴലിളിലൂടെ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു.ഈ കുഴലുകൾ വഴി പാൽ മുലക്കണ്ണിലേക്കൊഴുക്കപ്പെടുന്നു. മറ്റുള്ള ഭാഗങ്ങളിൽ കൊള്ളാജൻ, ഇലാസ്തിൻ എന്നീ കോശങ്ങളും കൊഴുപ്പും കൂപ്പറിന്റെ പേശികളും മറ്റും ചേർന്ന് നിറഞ്ഞിരിക്കും. കൊഴുപ്പിന്റെ അംശം മുലപ്പാൽ ഇല്ലാത്ത സ്ത്രീകളിൽ കൂടിയിരിക്കും. പേശികൾ സ്തനങ്ങൾക്കടിയിലെ വാരിയെല്ലുകളിലാണ് കാണപ്പെടുന്നത്.[6] ഓരോ സ്തനങ്ങൾക്കും ഒരോ സ്തനകൂപങ്ങൾ അഥവാ മുലഞെട്ടുകൾ മാത്രമേ ഉണ്ടാകൂ. അപൂർവ്വമായി ഒന്നിലധികം മുലഞെട്ടുകൾ കാണാറുണ്ട്.[7] (ചിത്രം ശ്രദ്ധിക്കൂ) എന്നാൽ കാലിൽ വരെ സ്തനങ്ങൾ മുളച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്. സ്യൂഡോമാമ്മാ എന്നാണ് ഇതിന്റെ ശാസ്ത്രീയമായ നാമം. [8]
രണ്ടാമത്തെ വാരിയെല്ലു മുതൽ ആറാമത്തെ വാരിയെല്ലുവരെ സ്തനങ്ങൾക്ക് വിസ്താരം ഉണ്ടാകാം. ആണുങ്ങളിൽ പെക്ടോറാലിസ് മേജർ എന്ന പേശി നന്നായി വികാസം പ്രാപിച്ചിരിക്കും, എന്നാൽ പെണ്ണുങ്ങളിൽ ഈ സ്ഥാനത്ത് പേശികളേക്കാൾ മുലകൾക്കാണ് വലിപ്പം ഉണ്ടാകന്നത്. സ്തനങ്ങളുടെ അരിക് മുകളിൽ കക്ഷം വരെ എത്തുന്നു. ഇതിനെ സ്പെൻസിന്റെ വാൽ എന്നാണ് ശാസ്ത്രിയമായി പേരിട്ടിരിക്കുന്നത്. വശങ്ങളിൽ ലാറ്റിസ്സിമസ് ഡോർസി എന്ന പേശികളിൽ നിന്നും ഇവയ്ക്ക് ഉത്ഭവം കാണാം. താഴെ ഏഴാമത്തെയോ എട്ടാമത്തേയോ വാരിയെല്ലിൽ നിന്നും ഇതിന്റെ പേശികൾ മുകളിലേക്ക് തുടങ്ങുന്നു. നടുക്ക് സ്റ്റേർണം എന്ന കശേരുവിൽ അവസാനിക്കുന്നു. കൂപ്പറിന്റെ പേശീതന്തുക്കൾ ആണ് സ്തനങ്ങൾക്ക് അടിസ്ഥാന രൂപം നൽകുന്നത്. തൊലിയും കുറച്ച് ബലം നൽകുന്നുണ്ട്. ഇവ രണ്ടുമാണ് സ്തനങ്ങളുടെ ആകാരം നിർണ്ണയിക്കുന്നത്. എന്നാൽ സ്തനങ്ങളുടെ വലിപ്പം അവയുടെ പാലുല്പാദനത്തിന്റെ കഴിവായി ചിത്രീകരിക്കാനാവില്ല. അത് മുലപ്പാൽ ഗ്രന്ഥികളുടെ എണ്ണത്തേയും വലിപ്പത്തേയും മാത്രം ആശ്രയിച്ചിരിക്കുമ്പോൾ വലിപ്പം പേശികളേയും കൊഴുപ്പിന്റെ അംശത്തേയും മറ്റും ആശ്രയിച്ചിരിക്കുന്നു. വലിപ്പം നിർണ്ണയിക്കുന്ന പ്രധാന ഘടകങ്ങൾ താഴെ പറയുന്നവയാണ്
തൊറാസിക്, ലാറ്റെറൽ തൊറാസിക്, തൊറാകോ അക്രോമിയൽ, പോസ്റ്റീരിയർ ഇന്റർ കോസ്റ്റൽ എന്നീ ഞരമ്പുകളാണ് സ്തനങ്ങൾക്ക് രക്തം നൽകുന്നത്. പ്രധാനമായും രക്തം ഒഴിപ്പിക്കുന്നത് കൈകളിലെ ധമനികളിലേക്കാണ്. അതായത് ആക്സില്ലറി ധമനികളിലേക്ക്. കുറച്ചു രക്തം ഇന്റർകോസ്റ്റൽ ധമനികളിലേക്കും ഒഴുകുന്നു.
നാലാമത്തെ ഇന്റർ കോസ്റ്റൽ നാഡികൾ ആറാമത്തെ ഇന്റർ കോസ്റ്റൽ ഞരമ്പുകൾ വഴിയാണ് സ്പർശനനാഡികൾ സ്തനങ്ങളിലെത്തുന്നത്. മുലക്കണ്ണുകൾ എന്നാൽ ടി 4 എന്ന നാഡിയാണ് നാഡിവ്യവസ്ഥയൊരുക്കുന്നത്. ആണിലും പെണ്ണിലും ലൈംഗിക ഉത്തേജനം ഉണ്ടാകുമ്പോൾ മുലക്കണ്ണുകൾ വിജൃംഭിതമാവാറുണ്ട്.[9]
മനുഷ്യന്റെ സ്തനകോശങ്ങൾ ഭ്രൂണാവസ്ഥയിലെ ആറാമത്തെ ആഴ്ച മുതൽ വളർന്നു തുടങ്ങുന്നു. ഈ കോശങ്ങൾ യഥാർത്ഥത്തിൽ കക്ഷത്തിന്റെയും കാലിന്റെ ഗുഹ്യഭാഗം വരെയെത്തുന്ന മിൽക് റിഡ്ജ് രൂപത്തിലാണ് ഇവ വളരുന്നത്. എന്നാൽ ഒൻപതാം മാസമാവുമ്പോഴേക്കും ഇത് നെഞ്ചിന്റെ ഭാഗത്തേക്ക് ചുരുങ്ങുന്നു. ഇത് രണ്ട് ചെറിയ സ്തനമുകുളങ്ങൾ രൂപപ്പെടുന്നു. ഈ സ്തനമുകുളങ്ങളിൽ നിന്നാണ് കോശങ്ങൾ വീണ്ടും ഉള്ളിലേക്ക് വളരുന്നത്.
പെണ്ണുങ്ങളുടെ സ്തനങ്ങൾ ഒരു ചെറിയ മുകുളത്തിന്റെ വലിപ്പം തന്നെയാണ് ജനിക്കുമ്പോഴും. ആൺകുട്ടികളിൽ നിന്ന് വലിപ്പത്തിൽ കാര്യമായ വ്യത്യാസം ഇവയ്ക്കുണ്ടാവില്ല. പെണ്ണുങ്ങൾക്ക് പത്തു മുതൽ പതിനാലു വയസ്സിനും മുന്നായി ഇവ വികാസം പ്രാപിക്കാറില്ല. പ്രായ പൂർത്തിയാവുന്ന ഈ പ്രായത്തിലാണ് കക്ഷത്തിലെ രോമങ്ങൾ വളരുന്നത്. ഇതോടെ സ്തനങ്ങളും വളർന്നു തുടങ്ങുന്നു. ശരീരത്തില ഹോർമോൺ വ്യതിയാനങ്ങളുടെ സ്വാധീനത്തിൽ സ്തനങ്ങൾ വളരുന്നു. ഇവ ഗ്രോത്ത് ഹോർമ്മോൺ, പ്രൊലാക്ടിൻ, ഈസ്റ്റ്റജൻ, പ്രൊജസ്റ്റീറോൺ എന്നീ അന്തഃസ്രാവീ ഗ്രന്ഥികളാണ്. ആദ്യത്തെ സ്തനവളർച്ച പെണ്ണുങ്ങളിൽ വേദനാജനകമായിരിക്കും. കൊഴുപ്പും നാരുകൾ കലർന്ന കോശങ്ങളുമാണ് ആദ്യം ഇലാസ്തികതയാർജ്ജിക്കുന്നത്. പിന്നീട് പാൽക്കുഴലുകളും മുലപ്പാൽ ഗ്രന്ഥികളും വികസിക്കുന്നു. സ്തനങ്ങളുടെ വലിപ്പം പെൺകുട്ടിക്ക് ആർത്തവം തുടങ്ങുന്നതു വരെ അത് തുടരുന്നു. ഇതേ സമയം എല്ലുകളുടെ വളർച്ചയും ശരീരത്തിന്റെ മൊത്തത്തിലുള്ള വളർച്ചയും ത്വരിതഗതിയിലായിരിക്കും. അങ്ങനെ ഒരു പെണ്ണ് പൂർണ്ണ വളർച്ചയെത്തുന്നതോടെ അവളുടെ സ്തനങ്ങളും വളർച്ച പ്രാപിക്കുന്നു. [10]
സ്തനങ്ങൾ പിന്നീട് വളർച്ച പ്രാപിക്കുന്നത് അതിന്റെ കൊഴുപ്പിന്റെ അംശത്തിൽ മാത്രമാണ്. പേശികൾക്കോ ഗ്രന്ഥികൾക്കോ വ്യത്യാസം സംഭവിക്കുന്നില്ല. ഇതിനുശേഷം സ്തനങ്ങൾ വളരുന്നത് സ്ത്രീ ഗർഭിണിയാവുമ്പോഴാണ്. ഗർഭിണിയായിരിക്കുമ്പോൾ സ്തനങ്ങൾക്ക് പലതരത്തിലുള്ള വ്യതിയാനങ്ങൾ സംഭവിക്കുന്നു. ആദ്യം സ്തനങ്ങൾ, മുലഞെട്ടുകൾ എന്നിവ വേദനയുള്ളതാകുന്നു. പ്രസവത്തിനു മുന്നും പിന്നുമായി അവക്ക് ഇരട്ടിയോളം വലിപ്പം വയ്ക്കാം. ആദ്യത്തെ എട്ടാഴ്ചയിലാണേറ്റവും വേഗത്തിൽ വളർച്ച പ്രാപിക്കുന്നത്. മുലഞെട്ടുകൾക്ക് ചുറ്റുമുള്ള ഏരിയോളയിലെ മോണ്ട്ഗോമെറി ഗ്രന്ഥികൾ ഇരുണ്ട നിറം പ്രാപിക്കുന്നു. ഏരിയോളയുടേ നിറം തന്നെ മാറുന്നു. മുലക്കണ്ണും വലുതാകുന്നു. ഈസ്റ്റ്റജൻ എന്ന അന്തഃഗ്രന്ഥി സ്രാവപ്രവർത്തനം മൂലം സ്തനങ്ങളിലെ രക്തക്കുഴലുകളും വലുതാകുന്നു. പ്രൊജസ്റ്റീറോൺ എന്ന സ്രാവം ഗ്രന്ഥികളെയും സജ്ജമാക്കുന്നു.
പാൽ ഉണ്ടാക്കുന്നതിന് സഹായകമാകുന്നത് പ്രോലാക്ടിൻ, ഓക്സിടോസിൻ എന്നീ സ്രവങ്ങൾ ആണ്. സ്ത്രീയുടെ ശരീരം ഗർഭിണിയായി ഏതാണ്ട് എട്ടാഴ്ചയോടെ പ്രൊലാക്ടിൻ നിർമ്മിച്ചു തുടങ്ങുന്നു. ഇത് സാവധാനം കൂടി വരുകയും പ്രസവത്തോടെ ഉച്ഛസ്ഥായിയിൽ എത്തുകയും ചെയ്യുന്നു. എന്നാൽ ഈസ്റ്റ്റജൻറേയും പ്രൊജസ്റ്റീറോണിൻറേയും ഉയർന്ന അളാവുകൾ പ്രോലാക്ടിൻ സ്രാവത്തെ സ്വീകരിക്കുവാനുള്ള സ്തനഗ്രന്ഥികളുടെ കഴിവിനെ മറക്കുകയും പ്രസവത്തിനു മുന്ന് പാൽ ഉല്പാദനം നടക്കാതിരിക്കാൻ സാഹായിക്കുകയും ചെയ്യുന്നു. പ്രസവത്തോടെ മറ്റു ഹോർമോണുകളുടെ അളവു കുറയുകയും പാൽ ഉത്പാദനം തുടങ്ങുകയും ചെയ്യുന്നു.
പ്രസവം നടന്ന് രണ്ടോ മുന്നോ ദിവസത്തിനുള്ളിൽ സ്തനങ്ങൾ മുലപ്പാലിനു പകരം കുഞ്ഞിനെ പ്രതിരോധ സജ്ജമാക്കുവാനുതകുന്ന ആന്റി ബോഡികളും മറ്റുമടങ്ങിയ കൊളസ്ട്രം എന്ന സ്രവം ആണ് ആദ്യം ഉത്പാദിപ്പിക്കുന്നത്. കുഞ്ഞിന് ആസ്തമ വരാതിരിക്കാനും ഈ കൊളസ്ട്രം സഹായിക്കുന്നു. പാൽ ഉത്പാദിപ്പിക്കുന്നതിനു സഹായിക്കുന്ന മറ്റ് ഹോർമോൺ ഓക്സിടോസിനാണ്. ഇത് മുലപ്പാൽ ശേഖരിക്കുന്ന കുഴലുകളേ ചുരുക്കുകയും പാൽ പുറത്തേക്ക് ചുരത്താൻ സഹായിക്കുകയും ചെയ്യുന്നു. കുഞ്ഞ് മുലഞെട്ടുകളിൽ ചപ്പുന്നതാണ് ഓക്സിട്ടൊസിൻ പുറപ്പെടുവിക്കാനുള്ള പ്രചോദനം നൽകുന്നത്. [11]
സ്തനങ്ങൾ സ്ത്രീത്വത്തിന് അഴകായാണ് എല്ലാ രാജ്യങ്ങളിലും കരുതുന്നത്. അവയുടെ രൂപഭംഗിയിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നത് പാശ്ചാത്യ രാജ്യങ്ങളിൽ അധികമായി കണ്ടു വരുന്നു. പ്ലാസ്റ്റിക് സർജറിലൂടെ ആകാര സൗഷ്ടവം ഉള്ള സ്തനങ്ങൾ സൃഷ്ടിക്കാനും ഇമ്പ്ലാന്റ് എന്നറിയപ്പെടുന്ന സിലിക്കൺ ദ്രവം സ്പോഞ്ച് രൂപത്തിൽ കയറ്റി തൂങ്ങിയ മുലകളെ യവ്വനയുക്തമാക്കാനും നിരവധി പേർ ഇന്ന് കാശു ചിലവിടുന്നുണ്ട്.[12] എന്നാൽ ഇത് ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ അത്ര വ്യാപകമായിട്ടില്ല. സ്തനങ്ങളുടെ ഞെട്ട് ഒഴികെയുള്ള പ്രദർശനം (കടൽത്തീരങ്ങളിലും മറ്റും) അമേരിക്കയിലും മറ്റും സ്വീകര്യമാണെങ്കിൽ അല്പം മാറിടം പ്രദർശിപ്പിക്കുന്നത് ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ സിനിമയിലൊഴികെ അസഭ്യമായി പരിഗണിക്കപ്പെട്ടേക്കാം. അമേരിക്കയിൽ സ്തനങ്ങൾ പ്രദർശിപ്പിച്ച് പ്രതിഷേധം രേഖപ്പെടുത്തുന്ന സ്ട്രീക്കിങ്ങുകാരും ഉണ്ട്.
ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിർമ്മിക്കപ്പെട്ടിരുന്ന ശില്പങ്ങളും ചിത്രങ്ങളും സ്ത്രീകളുടെ സ്തനങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടുള്ളവയാണ്. നഗ്നതയിലും സൗന്ദര്യമുൾക്കൊള്ളുവാനുള്ള കലാകാരന്മാരുടെ രീതിയാണ് അത് കാണിക്കുന്നത്.
കേരള സാഹിത്യത്തിലും സ്തനങ്ങളെക്കുറിച്ചുള്ള നിരവധി പരാമർശങ്ങൾ ഉണ്ടായിട്ടുണ്ട്. രാജാരവിവർമ്മയുടെ ലോകപ്രശസ്തമായ എണ്ണച്ചായ ചിത്രത്തിൽ മുലയൂട്ടുന്ന ഒരു അമ്മയെയാണ് ചിത്രീകരിച്ചിരിക്കുന്നത്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.