From Wikipedia, the free encyclopedia
പുരാതന ഗ്രീസിലെ പ്രസിദ്ധരായ മൂന്നു ദുരന്തനാടകകൃത്തുക്കളിൽ രണ്ടാമനായിരുന്നു സോഫക്കിൾസ് (ജനനം ക്രി.മു. 497/6; മരണം - 406/5). [1]നാടകരംഗത്തെ അദ്ദേഹത്തിന്റെ തുടക്കം എസ്കിലസിനു ശേഷവും യൂറിപ്പിഡിസിനു മുൻപും ആയിരുന്നു. പത്താം നൂറ്റാണ്ടിലെ വിജ്ഞാനകോശമായ സൂദായുടെ സാക്ഷ്യമനുസരിച്ച്, സോഫക്കിൾസ് 123 നാടകങ്ങൾ എഴുതി. എങ്കിലും പൂർണ്ണരൂപത്തിൽ നിലവിലുള്ളത് ഏഴു നാടകങ്ങൾ മാത്രമാണ്. "എജാക്സ്", "ആന്റിഗണി", "ട്രാക്കിനിയയിലെ സ്ത്രീകൾ", "ഈഡിപ്പസ് രാജാവ്", "ഇലക്ട്രാ", "ഫിലോക്ടീറ്റസ്" "ഈഡിപ്പസ് കൊളോണസ്" എന്നിവയാണ് ആ ഏഴു നാടകങ്ങൾ.[2] അര നൂറ്റാണ്ടു കാലത്തോളം അദ്ദേഹം, ആഥൻസിൽ ഡയോണീഷ്യയിലേയും ലെനേയായിലേയും ഉത്സവങ്ങളുടെ ഭാഗമായ നാടക മത്സരങ്ങളിൽ ഏറ്റവും സമ്മാനിതനാകുന്ന നാടകകൃത്തായിരുന്നു. മുപ്പതോളം മത്സരങ്ങളിൽ പങ്കെടുത്ത അദ്ദേഹം ഒരു പക്ഷേ 24 വട്ടം ഒന്നാം സ്ഥാനം നേടുകയും ഒരിക്കലും രണ്ടാം സ്ഥാനത്തിനു താഴെയാവാതിരിക്കുകയും ചെയ്തു; ഇതുമായുള്ള താരതമ്യത്തിൽ, ചിലപ്പോഴൊക്കെ സോഫക്കിൾസിനു പിന്നിലായ എസ്കിലസ് ഒന്നാം സ്ഥാനം നേടിയത് 14 വട്ടം മാത്രമാണ്. യൂറിപ്പിഡിസാകട്ടെ 4 വട്ടം മാത്രം ഒന്നാമനായി.[3]
സോഫക്കിൾസിന്റെ രചനകളിൽ ഏറ്റവും പ്രസിദ്ധമായത് ഈഡിപ്പസ് പുരാവൃത്തവുമായി ബന്ധപ്പെട്ട "ഈഡിപ്പസ് രാജാവ്", "ഇലക്ട്രാ", "ആന്റിഗണി" എന്നീ നാടകങ്ങളാണ്. ഇവയെ പൊതുവായി "തീബൻ നാടകങ്ങൾ" എന്നു വിളിക്കാറുണ്ടെങ്കിലും ഇവ ഓരോന്നും വ്യതിരിക്തമായ നാടകചത്വരങ്ങളുടെ ഭാഗമായിരുന്നു. ആ ചത്വരങ്ങളിലെ ഇതരനാടകങ്ങൾ നഷ്ടപ്പെട്ടു. നേരത്തേ പതിവുണ്ടായിരുന്ന രണ്ടു അഭിനേതാക്കൾക്കു പുറമേ മൂന്നാമതൊരഭിനേതാവിനെക്കൂടി നാടകത്തിൽ ഉൾപ്പെടുത്തുക വഴി സോഫക്കിൾസ്, ഗ്രീക്കു നാടകത്തിന്റെ വികാസത്തിൽ നിർണ്ണായകമായ പങ്കുവഹിച്ചു. പല്ലവിക്കാരുടെ(chorus) കലയെന്ന നിലയിൽ നിന്ന് അഭിനേതാക്കളുടെ കല എന്ന അവസ്ഥയിലേക്കുള്ള നാടകത്തിന്റെ വളർച്ചയെ ഈ പരിഷ്കാരം സഹായിച്ചു. നാടകങ്ങളിലെ കഥാപാത്രങ്ങളുടെ വികസനത്തിൽ സോഫക്കിൾസ്, മുൻഗാമിയായ എസ്കിലസിനെ അതിലംഘിച്ചു.[4]
യവന നാടകകൃത്തുക്കളിൽ ആരുടെയും ജീവിതത്തെ പറ്റി വ്യക്തമായ ചരിത്ര രേഖകൾ ഇല്ല. സൊഫോലൊക്ലിസും വ്യത്യസ്തനല്ല. പല പ്രാചീന രേഖകളും, ആഥൻസിലെ ജനങ്ങൾ പരമ്പരയായി പറയുന്ന പഴം കഥകളും കുറെ ഊഹങ്ങളും അനുമാനങ്ങളും ലഭ്യമായിട്ടുള്ളത്. അവയനുസരിച്ച്, ഗ്രീസിലെ അറ്റിക്കായിൽ കൊളോണസ് ഹിപ്പിയസിലെ ഒരു ഗ്രാമീണസമൂഹത്തിലെ അംഗമായ സോഫിലോസ് എന്ന ധനികന്റെ മകനായിരുന്നു സോഫക്കിൾസ്.[1][5] സോഫിലോസ് ഒരു വാൾ നിർമ്മാതാവായിരുന്നു.[൧] ക്രി.മു. 490-ലെ മാരത്തൺ യുദ്ധത്തിനു ഏതാനും വർഷം മുൻപാണ് സോഫക്കിൾസ് ജനിച്ചത്: ജനനവർഷം ക്രി.മു. 497, 496 എന്നൊക്ക ഊഹിക്കപ്പെടുന്നതല്ലാതെ കൃത്യമായി അറിയില്ല.[1][6] നാടകരംഗത്തെ സോഫക്കിൾസിന്റെ ആദ്യവിജയം, ക്രി.മു. 468-ൽ ഡയോണിഷ്യയിലെ നാടകമത്സരത്തിൽ, നാടകരംഗം അടക്കിവാണിരുന്ന എസ്കിലസിനെ പരാജയപ്പെടുത്തിയായിരുന്നു.[1][7] വിധികർത്താക്കളെ നറുക്കിട്ടു തെരഞ്ഞെടുക്കുന്ന പതിവുപേക്ഷിച്ച്, വിജയിയെ തെരഞ്ഞെടുക്കുന്നതിനുള്ള ചുമതല മത്സരം കാണാൻ എത്തിച്ചേർന്നിരുന്ന സൈന്യാധിപന്മാരെ ഏല്പിക്കുകയാണത്ര ആ മത്സരത്തിൽ ഉണ്ടായത്. അതിനാൽ ഈ വിജയം അസാധാരണമായ ചുറ്റുപാടുകളിലാണ് നടന്നതെന്ന് ചരിത്രകാരനായ പ്ലൂട്ടാർക്ക് പറയുന്നു. ഈ പരാജയത്തെ തുടർന്ന് എസ്കിലസ് സിസിലിയിലേയ്ക്കു പൊയ്ക്കളഞ്ഞെന്നും പ്ലൂട്ടാർക്ക് കൂട്ടിച്ചേർക്കുന്നുണ്ട്.[8] സോഫക്കിൾസിന്റെ ആദ്യസൃഷ്ടിയാണ് ആ മത്സരത്തിൽ അരങ്ങേറിയതെന്നു കൂടി പ്ലൂട്ടാർക്ക് പറയുന്നുണ്ടെങ്കിലും അതു ശരിയാണെന്നു തോന്നുന്നില്ല. സോഫക്കിൾസിന്റെ ആദ്യനാടകം ക്രി.മു. 470-ലോ മറ്റോ എഴുതപ്പെട്ടിരിക്കാനാണിട.[5]
നാടകരംഗത്തെന്നപോലെ, ആഥൻസിലെ പൊതുജീവിതത്തിന്റെ ഇതരമേഖലകളിലും സോഫക്കിൾസ് തുടക്കം മുതലേ ശോഭിച്ചു. പേർഷ്യക്കെതിരെ സലാമിസിലെ നാവികയുദ്ധത്തിൽ യവനസഖ്യം നേടിയ വിജയം ഘോഷിക്കാൻ വേണ്ടി നടത്തിയ യുവാക്കളുടെ നഗ്നനൃത്തം നയിക്കാൻ തെരഞ്ഞെടുക്കപ്പെട്ടത് അന്നു 16 വയസ്സുണ്ടായിരുന്ന സുന്ദരനായ സോഫക്കിൾസാണ്. പെരിക്കിൾസിന്റെ കീഴിൽ, സൈന്യത്തിലെ പത്ത് ഉന്നതോദ്യോഗസ്ഥന്മാരിൽ (strategoi) ഒരാളായി സോഫക്കിൾസ് തെരഞ്ഞെടുക്കപ്പെട്ടു. പൊതുജീവിതത്തിന്റെ തുടക്കത്തിൽ പെരിക്കിൾസിന്റെ എതിരാളിയായിരുന്ന സിമ്മന്റെ ആശ്രിതനായിരുന്നിരിക്കാം സോഫക്കിൾസ്. എങ്കിലും, ഇതു പെരിക്കിൾസിന്റെ അപ്രീതിയ്ക്കു കാരണമായതായോ ക്രി.മു. 461-ൽ സിമ്മന്റെ പതനത്തെ തുടർന്നു സോഫക്കിൾസ് കുഴപ്പത്തിലായതായോ തോന്നുന്നില്ല.[1] പെരിക്കിൾസിന്റെ കീഴിൽ ക്രി.മു. 443/2-ൽ ആഥൻസിന്റെ ഖജനാവുസൂക്ഷിപ്പുകാരായ 'ഹെല്ലനോതാമി'-മാരിൽ ഒരാളായി അദ്ദേഹം പ്രവർത്തിച്ചു.[1] ക്രി.മു. 441-ൽ, ആഥൻസിന്റെ മേൽക്കോയ്മയ്ക്കെതിരെ കലാപമുയർത്തിയ സാമോസ് നഗരത്തിനെതിരായുള്ള സൈനികനടപടി നയിച്ചവരിൽ ഒരാളായിരുന്നു സോഫക്കിൾസ് എന്നു "വിറ്റാ സോഫക്കിൾസ്" എന്ന രചനയിൽ കാണുന്നു; 'ആന്റിഗണി' എന്ന നാടകത്തിന്റെ രചനയാണ് സോഫക്കിൾസിനു ഈ സ്ഥാനം കിട്ടാൻ അവസരമുണ്ടാക്കിയതെന്നു പറയപ്പെടുന്നു.[9]
കോമളന്മാരായ കുമാരന്മാരുമായുള്ള ലൈംഗിക ചങ്ങാത്തം പുരാതന ഗ്രീസിൽ ഉപരിവർഗ്ഗത്തിൽ പെട്ട പുരുഷന്മാർക്കിടയിൽ സാധാരണമായിരുന്നു. സോഫോക്കിൾസിനും അത്തരം ബന്ധങ്ങൾ ഉണ്ടായിരുന്നതായി കരുതപ്പെടുന്നു.[10]
2-3 നൂറ്റാണ്ടുകളിലെ വൈയാകരണനും പ്രസംഗകനുമായ അഥിനേയസ് ഈ വിധത്തിൽ പെട്ട രണ്ടു കഥകൾ സോഫക്കിൾസിനെക്കുറിച്ചു പറയുന്നുണ്ട്. കഥയൊന്നിൽ, ഒരു വിരുന്നിൽ അതിഥിയായിരുന്ന സോഫക്കിൾസ് അടുത്തിരുന്ന ചെറുപ്പക്കാരനെ സൂത്രത്തിൽ ചുംബിക്കുന്നു.[11] രണ്ടാമത്തെ കഥയിൽ, ആഥൻസ് നഗരത്തിനു വെളിയിൽ ഒരിടത്ത് താനുമായി ലൈംഗികബന്ധം പുലർത്താൻ സോഫക്കിൾസ് ഒരു യുവാവിനെ സമ്മതിപ്പിക്കുകയും ഒടുവിൽ അവൻ അദ്ദേഹത്തിന്റെ മേൽക്കുപ്പായവുമായി സ്ഥലം വിടുകയും ചെയ്യുന്നു.[12] ഒരു കുമാരന്റെ സൗന്ദര്യം നോക്കി നിന്ന സോഫക്കിൾസിനെ, സൈന്യാധിപന്റെ ഉത്തരവാദിത്തങ്ങളിൽ അവഗണിക്കുന്നതിന് പെരിക്കിൾസ് ശകാരിച്ച കഥ പ്ലൂട്ടാർക്കും പറയുന്നുണ്ട്.[13] സോഫക്കിൾസിന്റെ ലൈംഗികമോഹങ്ങൾ മുന്തിയ പ്രായത്തോളം നിലനിന്നതായി കരുതപ്പെടുന്നു. ഒടുവിൽ ലൈംഗികശേഷി നഷ്ടപ്പെട്ടപ്പോൾ, "കാടനും ഭീകരനുമായ ഒരു മൃഗയജമാനന്റെ പിടിയിൽ നിന്നു രക്ഷപെട്ടതിൽ" താൻ സന്തുഷ്ടനാണെന്നു സോഫക്കിൾസ് പറഞ്ഞതായി പ്ലേറ്റോയുടെ പ്രഖ്യാത ഗ്രന്ഥമായ റിപ്പബ്ലിക്കിന്റെ തുടക്കത്തിൽ പറയുന്നു.[14][൨] സോഫക്കിൾസിന്റെ ലൈംഗികതയെക്കുറിച്ചുള്ള മറ്റു കഥകളൊക്കെ, റിപ്പബ്ലിക്കിലെ പ്രസിദ്ധമായ ഈ ഭാഗത്തെ പിന്തുടർന്നു കെട്ടിച്ചമച്ചതാണോ എന്നു വ്യക്തമല്ല.
ക്രി.വ. 420-ൽ അസ്ക്ലേപ്പിയസ് ദേവന്റെ ആരാധന ആഥൻസിൽ പ്രചരിക്കാൻ തുടങ്ങിയപ്പോൾ, തന്റെ ഭവനത്തിൽ ആ ദേവന്റെ ഒരു മൂർത്തി സ്ഥാപിക്കാൻ സോഫക്കിൾസ് തയ്യാറായി. ഇതിന്റെ പേരിൽ, മരണശേഷം ആഥൻസുകാർ അദ്ദേഹത്തെ 'സ്വീകരിച്ചവൻ' എന്നർത്ഥമുള്ള 'ദെക്സിയോൺ' എന്ന പേരു വിളിച്ചു ബഹുമാനിച്ചു.[15] ക്രി.മു. 413-ൽ, പെലൊപ്പോന്നേഷ്യൻ യുദ്ധത്തിന്റെ ഭാഗമായി ഇറ്റലിയിലെ സിസിലി ആക്രമിക്കാൻ പോയ ആഥസിന്റെ നാവികപ്പടയ്ക്കു നേരിട്ട വൻ പരാജയത്തെ തുടർന്നുള്ള നടപടികൾ തീരുമാനിക്കാൻ ചുമതല കിട്ടിയ സമിതിയിലും അദ്ദേഹം അംഗമായി.[16]
വാർദ്ധക്യത്തിൽ തിയോറിയ എന്ന കൊട്ടാരദാസിയിൽ സോഫക്കിൾസിന് ഒരു സന്താനം പിറന്നതിനെ തുടർന്ന്, പിതാവിന്റെ സ്വത്തുക്കൾ തങ്ങൾക്കു ലഭിക്കയില്ലെന്നു ഭയപ്പെട്ട മറ്റു മക്കൾ, സോഫക്കിൾസിനെ കാര്യപ്രാപ്തി നഷ്ടപ്പെട്ടവനായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടു വ്യവഹാരം നടത്തിയതായി പറയപ്പെടുന്നു. തന്റെ മനോനില ഭദ്രമാണെന്നു ബോദ്ധ്യപ്പെടുത്താൻ, അപ്പോൾ എഴുതിക്കൊണ്ടിരുന്ന "ഈഡിപ്പസ് കൊളോണസ്" എന്ന നാടകത്തിന്റെ ചില ഭാഗങ്ങൾ കോടതിയിൽ വായിച്ചു കേൾപ്പിക്കുകയാണ് സോഫക്കിൾസ് ചെയ്തത്. വായന കേട്ട കോടതി, മക്കളുടെ കേസു തള്ളിക്കളഞ്ഞതിനു പുറമേ, നാടകകൃത്തിനെ സബഹുമാനം വീട്ടിലെത്തിക്കാൻ ഏർപ്പാടു ചെയ്യുകയും ചെയ്തു.[17]
ക്രി.മു. 406/5-ലെ ഹേമന്തത്തിൽ 90-91 വയസ്സുള്ളപ്പോൾ സോഫക്കിൾസ് മരിച്ചു. ദീർഘമായ ജീവിതത്തിൽ അദ്ദേഹം പേർഷ്യാക്കാർക്കെതിരായുള്ള യുദ്ധത്തിലെ ഗ്രീസിന്റെ അഭിമാനകരമായ വിജയത്തിനും പെലോപ്പൊന്നേഷ്യൻ യുദ്ധത്തിലെ വിനാശത്തിനും സാക്ഷ്യം വഹിച്ചു.[1] യൂറിപ്പിഡിസിനു മുൻപ് ജനിച്ച അദ്ദേഹം യൂറിപ്പിഡിസിനെ അതിജീവിച്ചു. യൂറിപ്പിഡിസ് മരിച്ച വർഷം തന്നെ ഏതാനും മാസങ്ങൾക്കു ശേഷമായിരുന്നു സോഫക്കിൾസിന്റെ മരണം. പുരാതന കാലത്തെ പല മഹാന്മാരുടേയും കാര്യത്തിലെന്ന പോലെ സോഫക്കിൾസിന്റെ മരണത്തെക്കുറിച്ചും പിന്നീട് പല കഥകൾ പ്രചരിച്ചു. തന്റെ നാടകമായ 'ആന്റിഗണി'-യിലെ ഒരു ദീർഘവാക്യം ശ്വാസം എടുക്കാതെ ഉച്ചരിക്കാൻ ശ്രമിച്ചപ്പോഴാണ് അദ്ദേഹം മരിച്ചതെന്ന കഥയാണ് ഇതിൽ ഏറ്റവും പ്രസിദ്ധമായത്. ആഥൻസിലെ ആന്തീസ്റ്റീരിയ എന്ന വീഞ്ഞുത്സവത്തിൽ മുന്തിരിപ്പഴം തിന്നപ്പോൾ ശ്വാസം മുട്ടിയാണ് മരണം നടന്നതെന്നാണ് മറ്റൊരു കഥ. ഡയോനിഷ്യൻ നാടക മത്സരത്തിലെ അവസാന വിജയത്തിന്റെ ആഹ്ലാദഹർഷത്തിലായിരുന്നു മരണം എന്നും കഥയുണ്ട്.[18]സോഫക്കിൾസ് മരിച്ച് ഏതാനും മാസം കഴിഞ്ഞ്, ഹാസ്യനാടകകൃത്തായ അരിസ്റ്റോഫനീസ്, തന്റെ കാവ്യദേവത (The Muses) എന്ന കൃതിയിൽ ഇങ്ങനെ എഴുതി: "ദീർഘായുഷ്മാനും, സന്തുഷ്ടനും, പ്രതിഭാശാലിയും, നല്ല അനേകം ദുരന്തനടകങ്ങളുടെ കർത്താവുമായ സോഫക്കിൾസ് അനുഗൃഹീതനാണ്; എന്തെന്നാൽ, അദ്ദേഹം യാതൊരുവിധത്തിലുമുള്ള സഹനമോ ദൗർഭാഗ്യമോ ഇല്ലാതെ ആയുസ്സു പോക്കി."[19] വാർദ്ധ്യക്യത്തിൽ മക്കളുമായി സോഫോക്കിൾസിനുണ്ടായ കലഹത്തെക്കുറിച്ചുള്ള കഥകൾ പരിഗണിക്കുമ്പോൾ, ഇത് പരിഹാസപൂർവം എഴുതിയതാണെന്നേ കരുതാനൊക്കൂ.[20] ലോഫോൺ എന്നു പേരുള്ള സോഫക്കിൾസിന്റെ ഒരു മകനും സോഫക്കിൾസ് എന്നു തന്നെ പേരുള്ള പേരക്കിടാവും അദ്ദേഹത്തെ പിന്തുടർന്ന് നാടകകൃത്തുക്കളായി.[21]
മൂന്നാമതൊരു നടനെക്കൂടി രംഗത്തെത്തിച്ചു കൊണ്ടു നാടകത്തിൽ പല്ലവിസംഘത്തിന്റെ പ്രാധാന്യം കുറച്ചതും കഥാപാത്രങ്ങളുടെ സ്വഭാവവികസനത്തിനും അവർക്കിടയിലുള്ള സംഘർഷത്തിനും സാദ്ധ്യത വർദ്ധിപ്പിച്ചതുമാണ് നാടകരംഗത്ത് സോഫക്കിൾസ് വരുത്തിയ ആദ്യത്തെ പ്രധാന പരിഷ്കാരം.[4] നാടകരംഗം അടക്കിവാണിരുന്ന എസ്കിലസ് സോഫക്കിൾസിന്റെ ചുവടുപിടിച്ച് ഈ പരിഷ്കാരം തന്റെ ഒടുവിലത്തെ നാടകങ്ങളിലും കൊണ്ടുവന്നു.[4] രംഗവേദി ചിത്രങ്ങൾ കൊണ്ടു സജ്ജമാക്കുന്ന "സ്കീനോഗ്രാഫിയ" കല ആദ്യം സ്വീകരിച്ചതും സോഫക്കിൾസ് ആണെന്ന് അരിസ്റ്റോട്ടിൽ പറയുന്നു. ക്രി.മു. 456-ൽ എസ്കിലസിന്റെ മരണത്തെ തുടർന്നാണ് സോഫക്കിൾസ് അഥീനിയൻ നാടകവേദിയുടെ ചോദ്യം ചെയ്യപ്പെടാത്ത മേധാവിയായി അംഗീകരിക്കപ്പെട്ടത്.[1]
ഡയോനീഷ്യയിലെ പതിനെട്ടും ലീനേയായിലെ ആറും ഉൾപ്പെടെ 24 നാടകമത്സരങ്ങളിൽ അദ്ദേഹം ഒന്നാമനായി.[1]നാടകഘടനയിൽ വരുത്തിയ പരിഷ്കാരങ്ങൾക്കു പുറമേ, കഥാപാത്രങ്ങളുടെ വികസനത്തിനു മുൻനാടകകൃത്തുക്കൾ നൽകിയതിനേക്കാൾ പ്രാധാന്യം കല്പിച്ചതും സോഫക്കിൾസാണ്.[4] സോഫക്കിൾസിന്റെ പ്രശസ്തി മൂലം വിദേശഭരണാധികാരികൾ അദ്ദേഹത്തെ അവരുടെ കൊട്ടാരങ്ങളിലേയ്ക്കു ക്ഷണിച്ചു. എന്നാൽ ജീവിതാവസാനം സിസിലിയിൽ കഴിച്ച എസ്കിലസിനേയും, മാസിഡോണിയയിൽ പ്രവാസിയായിരുന്ന യൂറിപ്പിഡിസിനേയും പോലെ അദ്ദേഹം വിദേശവാസത്തിൽ താല്പര്യം കാട്ടിയില്ല.[1] കാവ്യകലയെക്കുറിച്ചുള്ള തന്റെ പ്രഖ്യാത കൃതിയിൽ(Poetics) അരിസ്റ്റോട്ടിൽ സോഫക്കിൾസിന്റെ "ഈഡിപ്പസ് രാജാവ്" എന്ന നാടകത്തെ യവന ദുരന്തനാടകകലയുടെ ഏറ്റവും മികച്ച നേട്ടമായി എടുത്തുകാട്ടുന്നതു തന്നെ പിൽക്കാലത്ത് ഗ്രീസിൽ അദ്ദേഹം എത്രമാത്രം മാനിക്കപ്പെട്ടിരുന്നു എന്നതിനു തെളിവാണ്.[22]
സോഫക്കിൾസിന്റെ നിലവിലുള്ള ഏഴുനാടകങ്ങളിൽ രണ്ടെണ്ണത്തിന്റെ മാത്രമാണ്[23] രചനാകാലത്തെക്കുറിച്ചു എന്തെങ്കിലും അനുമാനം സാധ്യമായുള്ളത്: കി.മു. 409-ൽ രചിച്ച ഫിലോക്ടീറ്റസ്, നാടകകൃത്തിന്റെ മരണശേഷം ക്രി.മു. 401-ൽ പേരക്കിടാവ് അരങ്ങത്തെത്തിച്ച "ഈഡിപ്പസ് കൊളോണസ്" എന്നിവയാണ് ആ നാടകങ്ങൾ. പിന്നെയുള്ള നാടകങ്ങളിൽ 'ഇലക്ട്രാ' ഈ രണ്ടു നാടകങ്ങളുമായി ശൈലീബന്ധം കാട്ടുന്നതിനാൽ അതും നാടകകൃത്തിന്റെ പിൽക്കാലരചനകളിൽ പെടുമെന്നു കരുതാം. കവിയുടെ രചനാജീവിതത്തിന്റെ മദ്ധ്യകാലത്തെ സൃഷ്ടിയായി കരുതപ്പെടുന്ന "ഈഡിപ്പസ് രാജാവു"-മായി സാമ്യം കാട്ടുന്ന "എജാക്സ്", "ആന്റിഗണി", "ട്രക്കിനിയയിലെ സ്ത്രീകൾ" എന്നിവ അദ്ദേഹത്തിന്റെ ആദ്യകാലരചനകളായി കണക്കാക്കപ്പെടുന്നു. സോഫക്കിൾസിന്റെ നാടകങ്ങൾ മിക്കവയിലും വിധിവിശ്വാസവും സോക്രട്ടീസ് പിന്തുടർന്നതരം യുക്തിചിന്തയുടെ തുടക്കവും കാണാം. പിൽക്കാലത്ത് അവ യവനദുരന്തനാടകങ്ങളുടെ മൂലസ്വഭാവമായി.[24][25]
"അന്റിഗണി", "ഈഡിപ്പസ് രാജാവ്", "ഈഡിപ്പസ് കൊളോണസ്" എന്നിങ്ങനെ മൂന്നു നാടകങ്ങൾ ചേർന്നാണ് ഈ പേരിൽ അറിയപ്പെടുന്നത്. ഈഡിപ്പസ് രാജാവിന്റെ ഭരണകാലത്തും അതിനു ശേഷവുമുള്ള തീബ്സിന്റെ ഭാഗധേയങ്ങളാണ് ഈ നാടകങ്ങളുടെ പശ്ചാത്തലം.[26] പലപ്പോഴും അവയെ ഒറ്റ പതിപ്പായി പ്രസിദ്ധീകരിക്കാറുണ്ട്.[27] എന്നാൽ ഡയോണീഷ്യയിലെ വിവിധ മത്സരങ്ങളിലേക്കായി, വ്യത്യസ്ത കാലയിളവുകളിൽ എഴുതിയവയാണ് ഈ നാടകങ്ങൾ. അവ ശരിയായ ഒരു നാടകത്രയമല്ലെന്നു മാത്രമല്ല, ഒരു തുടർക്കഥ പറയുക എന്ന ലക്ഷ്യത്തോടെ എഴുതപ്പെട്ടതുമല്ല. ഒന്നിച്ചു വായിക്കുമ്പോൾ, അവയ്ക്കിടയിൽ ചില വൈരുദ്ധ്യങ്ങൾ കണ്ടെത്താനും കഴിയും.[26] തീബ്സുമായി ബന്ധപ്പെട്ട മറ്റു നാടകങ്ങളും സോഫക്കിൾസ് എഴുതിയിട്ടുണ്ട്. അവയുടെ ശകലങ്ങൾ മാത്രമേ ലഭ്യമായുള്ളു. [28]
ഈ നാടകങ്ങൾ ഓരോന്നും മാതാപിതാക്കളാണെന്ന തിരിച്ചറിവില്ലാതെ, പിതാവിനെ കൊല്ലുകയും മാതാവിനെ വിവാഹം കഴിക്കുകയും ചെയ്ത പുരാണ കഥാപാത്രമായ ഈഡിപ്പസിന്റെ കഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ പാപത്തിനു ശിക്ഷയായി അദ്ദേഹത്തിന്റെ കുടുംബം മൂന്നു തലമുറകൾ ശാപഗ്രസ്തമായിരുന്നു.
സോഫക്കിൾസിന്റെ രചനാജീവിതത്തിലെ 36 വർഷങ്ങൾക്കിടയിലാണ് ഈ മൂന്നു നാടകങ്ങൾ എഴുതപ്പെട്ടത്. കഥാക്രമം അനുസരിച്ചല്ല അവയുടെ രചന നടന്നത്. ആദ്യം "ആന്റിഗണി", പിന്നെ "ഈഡിപ്പസ് രാജാവ്", അവസാനമായി "ഈഡിപ്പസ് കൊളോണസ്" എന്ന ക്രമത്തിലാണ് എഴുത്തു നടന്നത്. ഒന്നിച്ചു അരങ്ങേറാൻ വേണ്ടിയുള്ള ഒരു നാടകത്രയമായി സങ്കല്പിക്കപ്പെട്ടവയുമല്ല ഇവ. വ്യത്യസ്തമായ മൂന്നു നാടകസമുച്ഛയങ്ങളിൽ നിന്നു ലഭ്യമായ നാടകങ്ങളാണ് അവ. അതിനാൽ ഈ നാടകങ്ങൾക്കിടയിൽ ചില വൈരുദ്ധ്യങ്ങൾ പോലുമുണ്ട്: ഉദാഹരണമായി, "ഈഡിപ്പസ് രാജാവ്" എന്ന നാടകം സമാപിക്കുമ്പോൾ, തീബ്സിലെ ചോദ്യം ചെയ്യപ്പെടാത്ത രാജാവാണ് ക്രെയൺ. ഈഡിപ്പസിനെ രാജ്യത്തുനിന്നു ബഹിസ്കരിക്കാനുള്ള തീരുമാനം, അപ്പോളോ ദേവന്റെ ഉപദേശം പിന്തുടർന്ന് അയാൾ സ്വയം എടുത്തതായിരുന്നു. ഈഡിപ്പസിന്റെ പെണ്മക്കൾ ആന്റിഗണിയേയും ഇസ്മീനിനേയും സംരക്ഷിക്കാൻ ചുമതല കിട്ടുന്നതും അയാൾക്കാണ്. എന്നാൽ മറ്റു രണ്ടു നാടകങ്ങളിലെ കഥയനുസരിച്ച്, ഈഡിപ്പസിന്റെ മക്കൾ പോളിനീസസും ഈറ്റിയോക്കിൾസും അധികാരത്തിനു വേണ്ടി പോരടിക്കുന്നു. ഈ വൈരുദ്ധ്യങ്ങളെ സമന്വയിപ്പിക്കാൻ, അവസാനം എഴുതിയ നാടകമായ ഈഡിപ്പസ് കൊളോണസിൽ സോഫക്കിൾസ് ശ്രമിക്കുന്നുണ്ട്: കുടുംബത്തിനു വന്ന കളങ്കം പരിഗണിച്ച് അധികാരം ക്രെയണെ ഏല്പിക്കാൻ സഹോദരന്മാർ ആദ്യം ഒരുക്കമായിരുന്നു എന്ന് ഈഡിപ്പസിന്റെ മകൾ ഇസ്മീൻ ഈ നാടകത്തിൽ പറയുന്നു. എങ്കിലും പിന്നീടു മനസ്സുമാറിയ അവർ അധികാരത്തിനു വേണ്ടി മത്സരിക്കുകയാണത്രെ ഉണ്ടായത്. ഈഡിപ്പസ് കൊളോണസിൽ കൂടുതൽ അധികാരമുള്ളവരായി ചിത്രീകരിക്കപ്പെടുന്നു പോളിനീസസും ഈറ്റിയോക്കിൾസും, തീബ്സിൽ നിന്നുള്ള ഈഡിപ്പസിന്റെ ബഹിഷ്കാരത്തെ പിന്തുണക്കുക എന്ന അപരാധവും ചെയ്യുന്നുണ്ട്. അവർക്കെതിരായുള്ള ഏറ്റവും വലിയ കുറ്റാരോപണം അതാണ്.[26]
മൂന്നു തീബൻ നാടകങ്ങൾക്കു പുറമേ സോഫക്കിൾസിന്റെ നാലു നാടകങ്ങൾ കൂടി ലഭ്യമായുണ്ട്: "എജക്സ്", "ട്രക്കിനിയായിലെ സ്ത്രീകൾ", "ഇലക്ട്രാ", "ഫിലോക്ടീറ്റസ്" എന്നിവയാണ് അവ. ഇവയിൽ അവസാനത്തേത് ഡയോണിഷ്യയിൽ ഒന്നാം സമ്മാനം നേടിയതാണ്.[29]
ട്രോജൻ യുദ്ധത്തിലെ അഭിമാനിയായ വീരന്മാരിൽ ഒരാളായിരുന്നു എജാക്സ്. യവനവീരനായ അക്കിലീസിന്റെ പടച്ചട്ട തനിക്കു നൽകാതെ ഒഡീസിയസിനെ കൊടുത്തതിൽ അയാൾ പരിഭവിച്ചു. അവസാനം ചതിയിലും ആത്മഹത്യയിലുമാണ് അയാളുടെ കഥ അവസാനിക്കുന്നത്. തന്റെ ശത്രുവായിരുന്നിട്ടും അയാൾക്ക് മാന്യമായ സംസ്കാരം നൽകാൻ ഒഡീസിയസ്, യവനസഖ്യത്തിന്റെ നായകന്മാരായിരുന്ന മെനാലിയസിനേയും ആഗമെമ്നനേയും പ്രേരിപ്പിക്കുന്നു.
പ്രസിദ്ധമായ പന്ത്രണ്ടു മഹാകൃത്യങ്ങൾ പൂർത്തിയാക്കിയ ഹെരാക്കിൾസിനെ ഡീയനീര അബദ്ധത്തിൽ കൊന്നതിനെ നാടകീയമായി അവതരിപ്പിക്കുന്ന ട്രക്കിനിയക്കാരികളുടെ പല്ലവിസംഘത്തെയാണ് ട്രക്കിനിയയിലെ സ്ത്രീകൾ എന്ന പേരു സൂചിപ്പിക്കുന്നത്. പ്രേമലേപനമാണെന്നു കരുതിയ വിഷം ഹെരാക്കിൾസിന്റെ വസ്ത്രത്തിൽ പുരട്ടുകയാണ് ഡീയനീര ചെയ്തത്; വിഷം പുരണ്ട വസ്ത്രം ഹെരാക്കിൾസിനു തീവ്രവേദനയുള്ള മരണം വരുത്തി. ഇതറിയുന്ന ഡീയനീര ആത്മഹത്യ ചെയ്യുന്നു.
"ഇലക്ട്രാ"-യിലെ കഥ ഏറെക്കുറെ എസ്കിലസിന്റെ "നൈവേദ്യവാഹകർ" എന്ന നാടകത്തിന്റേതു തന്നെയാണ്. മക്കൾ ഇലക്ട്രായും ഓറെസ്റ്റസും ചേർന്ന്, അവരുടെ പിതാവ് ആഗമെമ്നന്റെ കൊലയ്ക്ക് ഉത്തരവാദികളായ അമ്മ ക്ലൈറ്റംനെസ്ട്രായോടും അവരുടെ കാമുകൻ ഏജിസ്റ്റസ്റ്റിനോടും പകരം വീട്ടുന്നതെങ്ങനെയെന്ന് അതു വിവരിക്കുന്നു.
ട്രോജൻ യുദ്ധത്തിനു പോയ ഗ്രീക്കു സൈന്യം ലെമ്നോസിൽ ഉപേക്ഷിച്ചു പോയ "ഫിലോക്ടീറ്റസ്" എന്ന വില്ലാളിയുടെ കഥയാണ് ആ പേരുള്ള നാടകം. അയളുടെ വില്ലില്ലാതെ യുദ്ധം ജയിക്കുക സാദ്ധ്യമല്ലെന്നറിഞ്ഞ ഗ്രീക്കുകാർ അയാളെ രക്ഷിച്ചു കൊണ്ടുവരാനായി ഒഡീസിയസിനേയും നിയോടോളമസിനേയും അയക്കുന്നു; എന്നാൽ തന്നോടു മുൻപു ചെയ്ത ചതി ഓർത്ത്, അവരോടൊപ്പം പോകാൻ ഫിലോക്ടീറ്റസ് വിസമ്മതിക്കുന്നു. ഹെരാക്കിൾസിന്റെ നാടകീയമായ രംഗപ്രവേശമാണ് ഒടുവിൽ അയാളെ ട്രോയിയിലേക്കു പോകാൻ പ്രേരിപ്പിച്ചത്.
൧ ^ പിതാവ് വാൾ നിർമ്മാതാവായിരുന്നതിനാൽ മിക്കവാറും ആഥൻസുകാരെ പാപ്പരാക്കിയ പേർഷ്യൻ, പെലോപ്പൊനേഷ്യൻ യുദ്ധങ്ങൾ സോഫക്കിൾസിനെ സമ്പന്നനാക്കിയെന്നു വിൽ ഡുറാന്റ് പറയുന്നു.[17]
൨ ^ "I was once present when someone was asking the poet Sophocles about sex, and whether he was still able to make love to a woman; to which he replied, "Don't talk about that; I am glad to have left it behind me and escaped from a fierce and frenzied master." റിപ്പബ്ലിക്കിലെ ചർച്ചയുടെ വേദിയായ വീട്ടിലെ ഗൃഹനാഥൻ പോളിമാർക്കസിന്റെ വൃദ്ധനായ പിതാവ് സെഫാലൻ സോക്രട്ടീസിനോടു നടത്തുന്ന നിരീക്ഷണമായാണ് പ്ലേറ്റോ ഇതവതരിപ്പിച്ചിരിക്കുന്നത്.[14]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.