From Wikipedia, the free encyclopedia
കൊണ്ടുനടക്കാൻ പറ്റുന്ന ദൂരഭാഷിണിയെയാണ് (ടെലിഫോൺ) മൊബൈൽ ഫോൺ എന്നു പറയുന്നത്. സെല്ലുലാർ ഫോൺ എന്നതിന്റെ ചുരുക്കപ്പേരായി ഇവയെ സെൽ ഫോൺ എന്നും വിളിക്കാറുണ്ട്. ഒരു സെല്ലുലാർ നെറ്റ്വർക്ക് ഉപയോഗിച്ച് രണ്ടു വഴി റേഡിയോ ടെലികമ്യൂണിക്കേഷൻ സാദ്ധ്യമാക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളാണ് ഇവ. കോഡ്ലെസ്സ് ഫോണുകളിൽ നിന്നും വ്യത്യസ്തമായ പ്രവർത്തന രീതിയാണ് മൊബൈൽ ഫോണുകളുടേത്. ലാൻഡ് ലൈനുമായി ബന്ധിപ്പിച്ചിട്ടുള്ള ബേസ് സ്റ്റേഷനിൽ നിന്നു ഒരു നിശ്ചിത ദൂര പരിധിയിൽ നിന്നു കൊണ്ടു മാത്രമേ കോഡ്ലെസ് ഫോണുകൾ പ്രവർത്തിക്കാനാകൂ.
പബ്ലിക് ടെലഫോൺ നെറ്റ്വർക് ഉപയോഗിച്ച് ലോകത്തെമ്പാടുമുള്ള മറ്റു മൊബൈൽ ഫോണുകളിൽ നിന്നും ലാന്റ് ഫോണുകളിൽ നിന്നും ടെലിഫോൺ വിളികൾ സ്വീകരിക്കുന്നതിനും അവയിലേയ്ക്ക് വിളിക്കുന്നതിനുമാണ് പ്രാഥമികമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നത്.. ഒരു മൊബൈൽ നെറ്റ്വർക്ക് ഓപ്പറേറ്ററുടെ കീഴിലുള്ള സെല്ലുലാർ നെറ്റ്വർക്കുമായി ബന്ധിച്ചാണ് ഇതു സാദ്ധ്യമാകുന്നത്. ഇതിന്റെ ഏറ്റവും പ്രധാന സവിശേഷത ഉപയോക്താക്കൾ സഞ്ചരിക്കുകയാണെങ്കിൽ പോലും ഇടമുറിയാതെയുള്ള ഫോൺ കോളൂകൾ ചെയ്യുന്നതിനു സാദ്ധ്യമാകുന്നു എന്നതാണ്. ഹാന്റ്ഓഫ് അല്ലെങ്കിൽ ഫാന്റോവർ എന്നൊരു സാങ്കേതികവിദ്യയിലൂടെയാണിത് സാദ്ധ്യമാകുന്നത്. കൂടാതെ മറ്റ് മൊബൈൽ ഫോണുകളിലേയ്ക്ക് എഴുതിയ സന്ദേശം ( Text message, എസ്.എം.എസ്. ) അയയ്ക്കുന്നതിനും മൊബൈൽ ഫോണുകൾ കൊണ്ട് സാധിക്കും.
ഫോൺ വിളിക്കുക എന്നതിനപ്പുറം ഇന്നത്തെ മൊബൈൽ ഫോണുകൾ മറ്റനവധി സേവനങ്ങളും കൂടി ഉപയോക്താവിനു നൽകുന്നുണ്ട്. ഇമെയിൽ, ഇന്റർനെറ്റ്, കളികൾ, ബ്ലൂടൂത്ത്, ഇൻഫ്രാറെഡ്. ക്യാമറ, എം.എം.എസ്., എം.പി3, ജി.പി.എസ്. എന്നിവ അവയിൽ പെടുന്നു. വളരെ പരിമിതമായ സൗകര്യങ്ങളോടു കൂടി മൊബൈൽ ഫോണുകൾ ഫീച്ചർ ഫോണുകളെന്നും കൂടുതൽ സേവനങ്ങളും സൗകര്യങ്ങളും ഉള്ള മൊബൈൽ ഫോണുകൾ സ്മാർട്ട് ഫോണുകളെന്നും അറിയപ്പെടുന്നു. ആധുനിക മൊബൈൽ ഫോണുകളിൽ ഉള്ള ചില സവിശേഷതകൾ കമ്പ്യൂട്ടറുകൾക്ക് സമാനമായവയാണ്. [1]
1973-ൽ മോട്ടറോളയിലെ ഡോ: മാർട്ടിൻ കൂപ്പറായിരുന്നു കൈയ്യിൽ കൊണ്ടു നടക്കാവുന്ന ആദ്യത്തെ മൊബൈൽ ഫോൺ രൂപ കൽപ്പന ചെയ്തത്[2]. 1973 ഏപ്രിൽ 3-നാണ് കൂപ്പർ ആദ്യമായി ഒരു മൊബൈൽ സംഭാഷണം നടത്തിയത്.[3] അത് "യഥാർഥ സെല്ലുലാർ ഫോണിൽ നിന്നാണ് ഞാൻ സംസാരിക്കുന്നത്" എന്നായിരുന്നു.[3] 2 കിലോഗ്രാം ഭാരമുണ്ടായിരുന്ന ആദ്യ മോഡലിന്റെ വില 3500 ഡോളറായിരുന്നു.[3] വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ മൊബൈൽ ഫോൺ നിർമ്മിച്ചത് മോട്ടറോള തന്നെയായിരുന്നു. ഡൈനാടാക് 8000എക്സ്(DynaTAC 8000x) എന്നു പേരിട്ടിരുന്ന ഈ ഫോൺ 1983-ൽ പുറത്തിറങ്ങി. 1990-ലെ കണക്കുകളനുസരിച്ച് ലോകത്തെമ്പാടും 124 ലക്ഷം മൊബൈൽ ഫോൺ ഉപയോക്താക്കളുണ്ട്[4]. 20 വർഷം കഴിയുന്നതിനു മുൻപ് 2011-ന്റെ അവസാനമാകുമ്പോഴേക്കും ലോകമെമ്പാടും മൊബൈൽ ഫോണുപയോഗിക്കുന്നവരുടെ എണ്ണം 560 കോടിയായി വർദ്ധിച്ചു. 1990-ൽ ഉണ്ടായിരുന്നതിനെ 360 മടങ്ങിലധികം. വികസ്വര രാജ്യങ്ങളിലും വളരെ താഴ്ന്ന ജീവിത നിലവാരം പുലർത്തുന്ന രാജ്യങ്ങളിലും ഇതിന്റെ എണ്ണം വർദ്ധിച്ചിരിക്കുന്നു.[5][6][7][8]
1947-ലാണ് മൊബൈൽ ഫോൺ എന്ന ആശയം ഉടലെടുക്കുന്നത്. അന്ന് അമേരിക്കയിൽ കാറുകളിൽ ആശയവിനിമയത്തിനായി ഒരു തരം മൊബൈൽ ഫോണുകൾ ഉപയോഗിച്ചിരുന്നു. ഒരു നിശ്ചിത പരിധിയിൽ ഒതുങ്ങിനിന്നായിരുന്നു ഇവ പ്രവർത്തിപ്പിച്ചിരുന്നത്. ഈ സംവിധാനം വികസിപ്പിക്കാൻ പോന്ന സാങ്കേതികവിദ്യയൊന്നും അന്നില്ലായിരുന്നു. കൂടാതെ റേഡിയോ, ടെലിവിഷൻ സംപ്രേഷണവുമായി ബന്ധപ്പെട്ട എന്തു പരീക്ഷണവും ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷന്റെ (F .C .C ) അനുമതിയോടെ മാത്രമേ ചെയ്യാൻ കഴിയുമായിരുന്നുള്ളൂ.[9]
അമേരിക്കയിലെ ടെലികമ്മ്യൂണിക്കേഷൻ രംഗത്തെ അതികായരായ ഐ. ടി ആൻഡ് ടി കമ്പനി ഇക്കാലത്തെ പുതിയൊരു നിർദ്ദേശവുമായി F C C -യെ സമീപിച്ചു. റേഡിയോ സ്പെക്ട്രം ആവൃത്തി കൂടുതൽ ഉപയോഗിക്കാൻ അനുവദിക്കുകയാണെങ്കിൽ മൊബൈൽ ഫോൺ സംവിധാനം വിപുലപ്പെടുത്താമെന്നതായിരുന്നു അവരുടെ നിർദ്ദേശം. എന്നാൽ F C C യിലെ ഉദ്യോഗസ്ഥർക്ക് ഈ നൂതന സംവിധാനത്തെകുറിച്ച് അത്രയൊന്നും പിടിയില്ലായിരുന്നു. അതിനാല ഐ ടി ആൻഡ് ടി യുടെ ആവശ്യത്തിനു F C C യിൽ നിന്നും തണുപ്പൻ പ്രതികരണമേ ലഭിച്ചുള്ളൂ. 21 വർഷങ്ങൾക്ക് ശേഷം 1968- ൽ ഐ ടി ആൻഡ് ടിയുടെ നിർദ്ദേശം F C C അംഗീകരിച്ചു. തുടർന്ന് ഐ ടി ആൻഡ് ടിയും ബെല്ൽ ലാബ്സും ചേർന്ന് ഒരു സെല്ലുലാർ സംവിധാനം നിർമ്മിച്ച് F C C ക്ക് നൽകി.
ഇതോടെ മൊബൈൽ ഫോൺ രംഗത്ത് കമ്പനികളും വ്യക്തികളും കൂടുതൽ പരീക്ഷണം നടത്താൻ തുടങ്ങി.ആദ്യത്തെ ഉപയോഗപ്രദമായ മൊബൈൽ ഫോൺ നിർമ്മിക്കാൻ ബെൽ ലാബ്സും മോട്ടോറോള കമ്പനിയും തമ്മിലുള്ള മത്സരത്തിനുതന്നെ ഇത് വഴി വച്ചു. 1 9 7 3 ൽ ഒരു കയ്ക്കുള്ളിൽ ഒതുക്കി ഉപയോഗിക്കാവുന്ന മൊബൈൽ ഫോൺ കണ്ടുപിടിച്ച മോട്ടോറോള കമ്പനിയുടെ സിസ്റ്റെം ഡിവിഷന്റെ ജനറൽ മാനേജറായ ഡോക്ടർ മാർട്ടിൻ കൂപ്പർ ഒരു പുതിയ യുഗത്തിലേക്കുള്ള മാർഗ്ഗമാണ് തുറന്നുവെച്ചത്.
സബ്സ്ക്രൈബർ ഐഡന്റിറ്റി മോഡുൽ (Subscriber identity module) എന്നതിന്റെ ചുരുക്കവാക്കാണ് സിം. ജി എസ് എം ഫോണുകൾ ഉപയോഗിക്കുന്നതിനായി സിം കാർഡുകൾ ആവശ്യമാണ്. ഏകദേശം ഒരു പോസ്റ്റൽ സ്റ്റാമ്പിന്റെ വലിപ്പമുള്ള സിം കാർഡ് പൊതുവേ ബാറ്ററിയുടെ അടിയിൽ ആണ് കാണപ്പെടുന്നത്. ഒന്നിൽ കൂടുതൽ സിം കാർഡുകൾ ഉപയോഗിക്കാവുന്ന മൊബൈൽ ഫോണുകളും ലഭ്യമാണ്. 1991 ൽ ആണ് ആദ്യ സിം കാർഡ് നിർമ്മിക്കപ്പെട്ടത്.പോസ്റ്റൽ സ്റ്റാമ്പിന്റെ വലിപ്പത്തിൽ നിന്നും സിം കാർഡ് പിന്നീട് ചെറുതാകാൻ തുടങ്ങി. മിനി സിം, മൈക്രോ സിം, നാനോ സിം എന്നീ ആകൃതികളിൽ വിവിധഫോണുകൾക്ക് അനുയോജ്യമായ രീതിൽ ഇന്ന് സിം കാർഡുകൾ ലഭ്യമാണ്. ഇതു കൂടാതെ ഏറ്റവും പുതിയ സ്മാർട് ഫോണുകളിൽ 'ഇ-സിം'(ഇലക്ട്രോണിക് സിം) സൗകര്യം ലഭ്യമാണു. ഇന്ത്യയിൽ ഇന്നു ധാരാളം നെറ്റ്വർക്ക് പ്രൊവൈഡ്അർമാരുണ്ട്, ഇവരാണ് സിം നൽകൂന്നത്. ഉദാ: Bsnl, MTNL ,IDEA, AIRTEL, VODAFONE, RELAINCE, TATA DOCOMO, AIRCEL, JIO 4G തുടങ്ങിയവ. ഇതിൽ Bsnl, MTNL സർക്കാരിന്റെതും മറ്റുള്ളവ സ്വകാര്യസ്ഥാപനങ്ങളുമാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.